
യുദ്ധം തുടങ്ങിവച്ചു. ഒടുവിൽ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ വട്ടംകറങ്ങിയെന്നത് സത്യം. ഇതെങ്ങോട്ടെന്ന് എല്ലാവരും അമ്പരന്നു. ട്രംപ് സർക്കാരിലെ ഉന്നതർ വരെ, റിപബ്ലിക്കൻ അംഗങ്ങൾ വരെ. ചർച്ചകൾ നടക്കുന്നുവെന്ന് പറയുമ്പോഴും അമേരിക്കൻ പ്രസിഡന്‍റ് സൈന്യത്തെ വിന്യസിച്ചു. പക്ഷേ, മറ്റൊരു വസ്തുത ഇപ്പോൾ തെളിയുന്നുണ്ടെന്നാണ് നിരീക്ഷകപക്ഷം. അമേരിക്കയ്ക്കും ഇറാനും മതിയായിട്ടുണ്ട്. ഇനിയുമിത് തുടർന്നാൽ വിനാശമാകുമെന്നും മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കാൻ കഴിയാതെ വരുമെന്നും രണ്ടുകൂട്ടരും മനസിലാക്കുന്ന സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞുവെന്നും. യുദ്ധത്തിന് അവസാനം കുറിക്കാൻ അത്രയും മതിയാകുമെന്നാണ് വിലയിരുത്തൽ.
അപ്പോഴും പക്ഷേ, ചില അപകടങ്ങളുണ്ട്. ഒന്ന് അമേരിക്കൻ പ്രസിഡന്‍റിന്‍റെ സ്ഥിരതയില്ലായ്മയാണ്. ആക്രമണം നിർത്തിവച്ചത് സമയത്തിന് വേണ്ടിയാവാമെന്നൊരു വാദമുണ്ട്. ഖർഗിലേക്ക് സൈന്യമെത്താനുള്ള സമയം, ജപ്പാനിൽ നിന്ന് പുറപ്പട്ടെ MEU (Marine Expeditionary Unit) എത്താനുള്ള സമയം. ഇനി അതൊക്കെ മാറ്റിവച്ച്, ഇറാനുമായി ചർച്ചകൾ നടന്നാൽ തന്നെ, ഇറാന് വേണ്ടി ആരാണ് സംസാരിക്കുകയെന്ന് വ്യക്തമല്ല.
ഇറാനിൽ പല അധികാരകേന്ദ്രങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. പരമോന്നത നേതാവാണോ മന്ത്രിമാരാണോ അതോ IRGC (Islamic Revolutionary Guard Corps) ആണോ തീരുമാനങ്ങളെടുക്കുന്നതെന്ന് വ്യക്തമല്ല. ശക്തരാര് എന്നതാണ് ചോദ്യം. IRGC ആണെങ്കിൽ കുറേക്കൂടി കടുത്ത നിലപാടുകളാവും സ്വീകരിക്കുക, അമേരിക്ക മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും IRGC അംഗീകരിക്കാൻ സാധ്യതയില്ല. പിന്നെ ബാക്കിയാകുന്ന ചോദ്യം ആരാണ് വിജയി എന്നാണ്.
അമേരിക്ക ഉദ്ദേശിച്ചതൊന്നും നടന്നിട്ടില്ല. ഇറാനിൽ ഭരണമാറ്റം ഉണ്ടായിട്ടില്ല. ഉണ്ടാകുമെന്ന സൂചനയുമില്ല. ജനങ്ങളുടെ ആഗ്രഹം എന്തുതന്നെയായാലും ഭരണകൂടം മാറിയിട്ടില്ല. ഇസ്രയേലിന്‍റെ ലക്ഷ്യങ്ങളും എങ്ങുമെത്തിയിട്ടില്ല. ഇറാന്‍റെ ആണവ, മിസൈൽ പദ്ധതികൾ അതുപോലെ നിലനിൽക്കും. എത്രയുണ്ടെന്ന് പോലും അറിയാനായിട്ടില്ല. ഇറാന്‍റെ പ്രോക്സികളും അങ്ങനെ തന്നെയുണ്ട്. പേജർ സ്ഫോടനങ്ങളെയും അതിജീവിച്ച ഹെസ്ബുള്ള ഇപ്പോഴും ലബനണിൽ തുടരുന്നു. ഒന്ന് മാത്രം ഇസ്രയേലിന് അവകാശപ്പെടാം. ലബനീസ് സർക്കാരിനും ഹെസ്ബുള്ളയെ നിരായുധീകരിക്കണമെന്ന് ആഗ്രഹമുണ്ടിപ്പോൾ. പക്ഷേ, അവർക്കത് നടപ്പാക്കാനുള്ള സാമ്പത്തി കശക്തിയുമില്ല, സൈനികശക്തിയുമില്ല.
ഇറാൻ അമേരിക്കയുടെ സഖ്യശക്തികളെ ആക്രമിച്ച് കൊണ്ട് തിരിച്ചടിക്കുന്നെങ്കിലും, ആക്രമണങ്ങളിൽ കാര്യമായ പരിക്കേൽക്കുന്നുണ്ട്. സാംസ്കാരിക കേന്ദ്രങ്ങളെല്ലാം തകർന്നുവെന്ന് ഇറാൻ തന്നെ സമ്മതിക്കയും ചെയ്തു. ഹോർമൂസ് അടച്ച് വിജയം ആഘോഷിക്കുന്നെങ്കിലും ഇറാനും അതിൽ കുഴപ്പങ്ങളുണ്ട്. യുദ്ധം വരുത്തിവച്ച സാമ്പത്തിക ബാധ്യതയും കനത്തതാണ്. അതിൽ നിന്ന് കരകയറാൻ ഒരുപാട് സമയമെടുക്കും.
ഉപരോധങ്ങൾ പൂർണമായി നീക്കാൻ അമേരിക്ക സമ്മതിച്ചാൽ മാത്രമാണ് അത് ഇറാന് വിജയമാവുക. അതുണ്ടാവാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ല. അമേരിക്കൻ പ്രസിഡന്‍റ് വിജയം അവകാശപ്പെട്ടേക്കും. അതുപോലെതന്നെ ടെഹ്റാനും. പക്ഷേ, ഉദ്ദേശിച്ച വിജയം രണ്ടുകൂട്ടർക്കുമുണ്ടാവില്ല എന്നതാണ് യാഥാർത്ഥ്യം. യുദ്ധാവസാനം ആഗ്രഹിക്കുന്നെങ്കിലും അതിനാദ്യം ആര് മുൻകൈയെടുക്കുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ചർച്ചകളിലൂടെ, രണ്ട് കൂട്ടരുടെയും അഭിമാനത്തിന് വലിയ പരിക്കേൽക്കാതെയുള്ള പിൻമാറ്റമാവും ഉണ്ടാവുക.