ട്രംപിന്‍റെ യുദ്ധക്കൊതി; നിലയ്ക്കുന്ന സഹായം, ജീവൻ നിലനിർത്താൻ പാടുപെട്ടുന്ന ലക്ഷക്കണക്കിന് മനുഷ്യർ

Published : Mar 27, 2026, 05:42 PM IST
Kenya Drought

Synopsis

വടക്കൻ കെനിയയിൽ അതിരൂക്ഷമായ വരൾച്ച കാരണം ജനങ്ങൾ ജിഞ്ചർബ്രഡ് മരത്തിന്റെ കായ കഴിച്ച് ജീവൻ നിലനിർത്തുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം വെട്ടിക്കുറച്ചപ്പോൾ, യുദ്ധങ്ങൾക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നത് വലിയൊരു വിരോധാഭാസമായി മാറുന്നു. ഈ പ്രതിസന്ധി കെനിയയെ മാത്രമല്ല, സൊമാലിയയെയും എത്യോപ്യയെയും സാരമായി ബാധിച്ചിട്ടുണ്ട്.

 

ടക്കൻ കെനിയയിൽ വരൾച്ച നാശം വിതച്ചത് നാല് വർഷം മുമ്പ്. ഇപ്പോൾ രാജ്യത്തെ വീണ്ടും മഴ ചതിച്ചു. അമേരിക്ക സഹായം വെട്ടിക്കുറച്ചതോടെ സന്നദ്ധ സംഘടനകളും യുഎന്നും ബുദ്ധിമുട്ടിലാണ്. ജിഞ്ചർബ്രഡ് മരം എന്നറിയപ്പെടുന്ന മരത്തിന്‍റെ കായ് ഇടിച്ച് ചതച്ചെടുക്കുന്നതാണ് വലിയൊരു വിഭാഗത്തിന്‍റെ ആകെ ഒരു നേരമുള്ള ഭക്ഷണം. മനുഷ്യന് മാത്രമല്ല, വളർത്ത് മൃഗങ്ങൾക്കും അതുതന്നെ. ജീവിച്ചിരിക്കുന്നവയ്ക്ക്. കൂടുതലും ചത്തൊടുങ്ങി.

ജിഞ്ചർബ്രഡ് കായ

ജിഞ്ചർബ്രഡ് മരത്തിന്‍റെ കായ, അല്ലെങ്കിൽ പഴം. ജിഞ്ചർബ്രഡിന്‍റെ രുചിയെന്നാണ് വയ്പ്. പക്ഷേ, കുറച്ചേ കഴിക്കാവു. ഇല്ലെങ്കിൽ ദഹിക്കില്ല. എച്ചകൻ എന്ന 76 -കാരിക്ക് പശുക്കളുണ്ടായിരുന്നു. പക്ഷേ, അവയെ മേയ്ക്കാൻ കൊണ്ടുപോയപ്പോൾ കൊള്ളക്കാർ പിടിച്ചു കൊണ്ടുപോയി. അതോടെ 13 അംഗങ്ങളുള്ള കുടുംബത്തിന്‍റെ ആശ്രയം മാസം തോറും യുഎൻ ഭക്ഷ്യപദ്ധതി കൊടുക്കുന്ന 43 കിലോ അരിയും 3 ലിറ്റർ എണ്ണയുമായി. പിന്നെ ജിഞ്ചർബ്രഡ് കായയും. അതത്ര എളുപ്പമല്ല കിട്ടാൻ. മൂന്നോ നാലോ മണിക്കൂർ തെരഞ്ഞ് നടന്നാലാണ് കായയുള്ള മരം കണ്ടുകിട്ടുക. നല്ലകാലത്ത് ഇടനേരത്തെ ഭക്ഷണമാണിത്. പഞ്ഞ കാലത്ത് പ്രധാനഭക്ഷണവും.

നിലയ്ക്കുന്ന സഹായം

മാനുഷിക സഹായം ആദ്യം വെട്ടിക്കുറച്ചത് അമേരിക്കയാണ്. പിന്നാലെ മറ്റ് രാജ്യങ്ങളും വെട്ടിക്കുറച്ചു. ഇപ്പോൾ കിട്ടുന്നത് കഷ്ടിയാണ്. കാലാവസ്ഥാ വ്യതിയാനമാണ് വരൾച്ചയുടെ കാരണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. നാല് മഴക്കാലങ്ങൾ മഴയില്ലാതെ കടന്നുപോയി. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായത് കടുത്ത വരൾച്ചയും. ചില ഭാഗങ്ങളിൽ അതേസമയം കനത്ത മഴയും ഫ്ലാഷ് ഫ്ലഡുകളും നാശം വിതയ്ക്കുന്നു. അധികൃതർക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് വിശദീകരണം. റെഡ്ക്രോസും യുഎന്നും ഉണ്ട്. പക്ഷേ, അവ‍ർക്ക് കിട്ടുന്നതിന്‍റെ പത്തിരട്ടിയാണ് ആവശ്യക്കാർ. കെനിയ മാത്രമല്ല, സൊമാലിയയും എത്യോപ്യയും ഇതേ അവസ്ഥയിലാണ്.

യുദ്ധ ചെലവ്

ഇറാൻ യുദ്ധത്തിന് അമേരിക്കയ്ക്ക് ഒരു ദിവസം ചെലവാകുന്നത് 1 ബില്യൻ ഡോളറോളമായിരുന്നു ആദ്യദിവസങ്ങളിൽ. പിന്നെയത് കൂടിക്കൂടി വന്നു. ആറ് ദിവസത്തെ യുദ്ധത്തിന് ചെലവായത് 12 ബില്യൻ ഡോളർ. അതിൽ മെഡിക്കൽ ചെലവുകളോ സൈനിക വിമാനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളോ കൂട്ടിയിട്ടുമില്ല. ഏറ്റവും പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ആദ്യദിവസങ്ങളിൽ ഉപയോഗിച്ചത്. ദീർഘദൂര മിസൈലുകളും മിസൈൽ ഇന്‍റർസെപ്റ്ററുകളും റഡാർ സംവിധാനവും ഒക്കെ പുറത്തെടുത്തു. അതോടെ ശേഖരം കുറഞ്ഞു. അതിന്‍റെ നഷ്ടം കൂട്ടിയിട്ടില്ല. 12 ബില്യൻ ഡോളർ കൊണ്ട് ഒന്നര മില്യൻ പൊതുതാമസ സ്ഥലങ്ങൾ നിർമ്മിക്കാം. അല്ലെങ്കിൽ 36 ലക്ഷം കുഞ്ഞുങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പിക്കാം. അതുമല്ലെങ്കിൽ 7 ലക്ഷത്തോളം മുൻസൈനികർക്ക് ചികിത്സ നൽകാം. പക്ഷേ, അമേരിക്കൻ പ്രസിഡന്‍റിന്‍റെ വാദത്തിൽ അതൊരു ചെറിയ കാര്യമാണ്.

 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട ഹോർമൂസ്; എണ്ണയ്ക്ക് മാത്രമല്ല, ലോകം ഭക്ഷണത്തിനും നിലവിളിക്കുന്നു
എന്തുകൊണ്ടാണ് ഇക്കാലത്തും ഡോ. എംകെ മുനീര്‍ ജപ്തി ഭീഷണിയിലായത്?