ഇസ്രയേലിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആകാശത്തൊരു കത്തിയാക്രമണം, ഉൾപ്പെട്ടത് നാല് രാജ്യങ്ങൾ; അഴിയുമോ ചുരുൾ?

Published : Oct 05, 2026, 03:58 PM IST
flydubai pilot attacked

Synopsis

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ചു. യാത്രക്കാരുടെയും റിസർവ് പൈലറ്റുമാരുടെയും സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി അന്വേഷണം ആരംഭിച്ചു.

ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവീലേക്ക് പുറപ്പട്ടെ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ സംഭവങ്ങൾ ഞെട്ടിച്ചിരിക്കയാണ് എല്ലാവരേയും. പൈലറ്റിന് ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന് ഭീഷണിയില്ല. സഹപൈലറ്റിന്, ഇറാൻ ബന്ധമുണ്ടെന്ന് പറയാറായിട്ടില്ലെന്നാണ് ഇസ്രയേലി പ്രധാനമന്ത്രി ആദ്യം അറിയിച്ചത്. പിന്നീട് പറഞ്ഞത് തീവ്ര ഇസ്ലാമികവാദക്കാരൻ എന്നാണ്. ഇറാൻ ബന്ധം ഉണ്ടെന്ന് പരിശോധിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ഇറാൻ മറ്റൊരു കഥയാണ് പറഞ്ഞത്. ഇസ്രയേലി പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്‍റും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണ് വിമാനത്തിലെ സംഭവങ്ങളെന്ന് ഇറാൻ ആരോപിച്ചു.

ഏതാനും മിനുട്ടുകൾ മാത്രം...

ഫ്ലൈറ്റ് നമ്പർ FZ 1073, പൈലറ്റ് ഇന്ത്യക്കാരനായ സ്മിത് മച്ചാർ. കോ പൈലറ്റ് ഒമാൻകാരൻ. ജീവനക്കാരുൾപ്പടെ 174 യാത്രക്കാർ. പ്രാദേശികസമയം രാവിലെ 6.05 പുറപ്പെട്ടു. പക്ഷേ, രണ്ടുമണിക്കൂറിനകം വിമാനം കുത്തനെ താഴേക്ക് വീഴാൻ തുടങ്ങി. വടക്കോട്ട് തിരി‍ഞ്ഞുവെന്നും ഫ്ലൈറ്റ് റെക്കോർഡ് ഡേറ്റ രേഖപ്പെടുത്തി. രണ്ടുമിനിറ്റിനകം 17,400 അടി താഴേക്ക് വിമാനം വീണു. ഡിസ്ട്രസ് കോൾ 8.31 -ന്. ആദ്യം എമർജൻസി കോഡ് സിഗ്നൽ വന്നു. പിന്നാലെ ഹൈജാക്കിംഗ് കോഡും പ്രത്യക്ഷപ്പെട്ടു. വിമാനത്തിനുള്ളിൽ ആകെ നിലവിളി. കുട്ടികളുടെ കരച്ചിൽ. അതിനിടെ രണ്ട് യാത്രക്കാർ കോക്പിറ്റിനടുത്തെത്തി. കോക്പിറ്റിന്‍റെ വാതിൽ പെട്ടെന്ന് തുറന്നു. അകത്തുകയറാൻ കുറച്ച് പ്രയാസപ്പെട്ടു.

കാരണം, കുത്തേറ്റ പൈലറ്റ് വാതിലിനടുത്തേക്ക് മറിഞ്ഞ് വീണിട്ടാണ് വാതിൽ തുറന്നത്. അതോടെ ബോധം കെടുകയും ചെയ്തു. അകത്ത് കയറിയപ്പോൾ കാണുന്നത് കുത്തേറ്റ് താഴെ വീണുകിടക്കുന്ന പൈലറ്റിനെ. സഹപൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണങ്ങൾ തക‍ർക്കാൻ ശ്രമിക്കുന്നു. മുറിവേറ്റയാളെ ആദ്യം പുറത്തേക്ക് മാറ്റി. പിന്നെ രണ്ടുപേരും കൂടി അക്രമിയെ കീഴ്പ്പെടുത്തി പുറത്തേക്ക് വലിച്ചിട്ടു. ബഹളം കേട്ട് മറ്റുള്ളവരും ഓടിയെത്തി. രണ്ട് റിസർവ് പൈലറ്റുമാ‍ർ പാസഞ്ചർ ക്യാബിനിലുണ്ടായിരുന്നു. അവർ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇതെല്ലാം മിനിറ്റുകൾക്കകം നടന്നതുകൊണ്ട് യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടു. യാത്രക്കാരനായ ഡെന്‍റിസ്റ്റാണ് മുറിവേറ്റ പൈലറ്റിന് ഫസ്റ്റ് എയ്ഡ് നൽകിയത്. 9.54 -ന്. റിസർവ് പൈലറ്റുമാരുണ്ടാകുക സാധാരണ സംഭവമല്ല. ജോർദാൻ വ്യോമപരിധിയിൽ കടന്ന വിമാനം പിന്നെ സൗദിയിലേക്ക് തിരിച്ചുവിട്ടു. സൗദിയിലെ തബൂക്ക് വിമാനത്താവളത്തിലിറക്കി. എല്ലാം രക്ഷയായിയെന്ന് ചുരുക്കം.

ഒമാൻ പൈലറ്റ് ഏങ്ങനെ വന്നു?

ആക്രമിച്ച സഹ പൈലറ്റ് യുഎഇയിൽ ജനിച്ച ഹമാം അൽഹിമിമി എന്ന ഒമാനി പൗരനാണ്. അച്ഛൻ ഒമാൻ സ്വദേശി. അമ്മ സിറിയൻ. കൂടുതൽ കാലം സിറിയയിൽ. അവിടെവച്ചാണ് തീവ്ര ഇസ്ലാമിക ആശയങ്ങളിലേക്ക് ആകൃഷ്ടനായത്. ആദ്യം ഒമാനി എയറിൽ ജോലി ചെയ്തു. പുറത്തായത് തീവ്രവാദ ബന്ധം കണ്ടെത്തിയതോടെയാണ്. പിന്നെ ഫ്‌ളൈദുബായിൽ ജോലി കിട്ടി. അതുമാത്രമല്ല ഇസ്രായേലിലേക്കുള്ള ഫ്ലൈറ്റിൽ തന്നെ സഹപൈലറ്റുമായി. വിമാനം ഇസ്രായേലിൽ ഇടിച്ചിറക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സോഷ്യൽ മീഡിയ പ്രൊഫൈലിൽ അൽഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ ചിത്രങ്ങളടക്കമുണ്ടായിരുന്നു. ഇപ്പോൾ എല്ലാം നീക്കം ചെയ്യപ്പെട്ടെങ്കിലും.

സൗദി അറേബ്യയിൽ ചോദ്യം ചെയ്യൽ നടക്കുകയാണെന്നാണ് റിപ്പോർട്ട്. പക്ഷേ, ഒമാൻകാരനായ പൈലറ്റെങ്ങനെ ഇസ്രയേലിലേക്കുള്ള വിമാനത്തിന്‍റെ പൈലറ്റായിയെന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. കാരണം, ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യക്കാരെ മാത്രമേ ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ നിയോഗിക്കാറുള്ളൂ. ഒമാൻ അതിൽപ്പെടുന്നില്ല. അനൗദ്യോഗികമായ സഹകരണമേയുള്ളൂ. പലസ്തീൻ വിഷയത്തിൽ കടുത്ത എതിർപ്പുമാണ്.

ഭീകരാക്രമണമെന്ന് ഇസ്രയേൽ

പിന്നെ ഇയാളെങ്ങനെ കടന്നുകൂടി എന്നത് ദുരൂഹമാണ് തൽകാലം. ഇയാൾ ഫ്ലൈദുബായ് ജീവനക്കാരനായത് കഷ്ടിച്ച് 8 മാസം മുമ്പുമാത്രമാണ് താനും. എപ്പോഴും പ്രാർത്ഥിക്കുമായിരുന്ന, സ്ത്രീകൾക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചിരുന്നയാളാണെന്ന് സഹപ്രവർത്തകർ പറയുന്നു. വിമാനത്തിൽ കത്തിയും കൊണ്ട് കയറിയതെങ്ങനെയെന്നതും ദുരൂഹം.

ഏറ്റവും കർശനമായ സുരക്ഷാ നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഇസ്രയേൽ. ഇത് ഭീകരാക്രമണമായി കണക്കാക്കുന്നുവെന്നാണ് ഇസ്രയേലിന്‍റെ നിലപാട്. ആക്രമണം നടത്തിയ പൈലറ്റ് ഒറ്റയ്ക്കാണോ അതോ ഏതെങ്കിലും സംഘടിത നീക്കത്തിന്‍റെ ഭാഗമാണോയെന്നതും അന്വേഷണവിധേയമാണ്. വിമാനം തകർക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന് വ്യക്തമായിക്കഴിഞ്ഞു. പക്ഷേ, കാരണം തീരെയും വ്യക്തമല്ല. നിഗമനങ്ങളിൽ നിന്നും അത്തരം പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് ഫ്ലൈദുബായിയുടെ അഭ്യർത്ഥന.

പല വഴി അന്വേഷണങ്ങൾ

ഇറാനിയൻ ബന്ധത്തിലേക്കാണ് ആദ്യത്തെ സംശയം. പക്ഷേ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറയാറായിട്ടില്ലെന്നറിയിച്ചു. എല്ലാം അന്വേഷണ വിധേയമാണ്. മൂന്ന് രാജ്യങ്ങൾ ഉൾപ്പെട്ടത് കൊണ്ട് നയതന്ത്രതലത്തിൽ വലിയൊരു നൂലാമാലയുമാണ്. വിമാനം ഇറങ്ങിയത് സൗദിയിലായത് കൊണ്ട് സൗദി അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുഎഇയിൽ നിന്ന് പുറപ്പെട്ടതായത് കൊണ്ട് എമിറേറ്റ്സും സഹകരിക്കും. വിമാനം ഇസ്രയേലിലേക്കായിരുന്നു. യാത്രക്കാരും ഇസ്രയേലികൾ. അതുകൊണ്ട് സഹകരണത്തിനാണ് ഇസ്രയേലിന്‍റെ താൽപര്യം. ഇതിനുമുമ്പും ഇസ്രയേലിലേക്കുള്ള വിമാനം സൗദിയിലിറങ്ങിയിട്ടുണ്ട്. അത് പക്ഷേ, അടിയന്തര ചികിത്സവേണ്ടിയിരുന്ന ആൾക്കുവേണ്ടിയാണ്.

തെരഞ്ഞെടുപ്പ് അടുത്ത് ഇസ്രയേൽ

ഇസ്രയേലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. 2023 ഒക്ടോബർ 7 -ന്‍റെ ഹമാസ് ആക്രമണത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്. ഒക്ടോബർ 27 -നാണ് വോട്ടെടുപ്പ്. സുരക്ഷ തന്നെയാണ് പ്രധാന വിഷയം.ഇറാൻ യുദ്ധത്തിന്‍റെ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇനി ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ സുരക്ഷാ പരിശോധനകൾ കൂടുമെന്ന് വ്യക്തമാണ്. പൈലറ്റുമാരുൾപ്പടെയുള്ള ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കണമെന്ന് ഇസ്രയേലിൽ ആവശ്യമുയരുന്നുണ്ട്. ഇതിനെല്ലാം പശ്ചാത്തലമാകുന്ന മറ്റൊന്നുകൂടിയുണ്ട്. ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു ‌ഇക്കഴിഞ്ഞ ആഴ്ചയാണ് യുഎഇ സന്ദർശിച്ചത്. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പതിവില്ലാത്തതാണ് അത്തരം സന്ദർശനങ്ങളും കൂടിക്കാഴ്ചയും. ഏബ്രഹാം അക്കോർഡ്സിൽ ഒപ്പിട്ടശേഷം ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിച്ചതാണ്. സൈനിക, സുരക്ഷാ, സാമ്പത്തിക സഹകരണവുമുണ്ട്. എങ്കിൽകൂടി ഇത്തരം സന്ദർശനം അപൂർവമാണ്.

ഉത്തരം കിട്ടാൻ സമയമെടുക്കും

യുഎഇ സംഭവത്തോട് പ്രതികരിച്ചിരുന്നില്ല. സൗദിയുടെ അന്വേഷണങ്ങൾ ഏതുവഴിക്കെന്നതും വ്യക്തമല്ല. ഇറാൻ സംഘർഷത്തിൽ മധ്യസ്ഥരാജ്യമാണ് ഒമാൻ. ഇസ്രയേലുമായി സൗഹൃദമില്ലെങ്കിലും, ഔദ്യോഗികമായി ശത്രുപക്ഷത്തല്ല. പക്ഷേ, നയതന്ത്ര ബന്ധമില്ലാത്തത് കൊണ്ട് വിലക്കുകളുണ്ട് ചിലകാര്യങ്ങളിൽ. സുരക്ഷ കാരണങ്ങളാൽ. രണ്ടു രാജ്യമെന്ന പരിഹാരമുണ്ടായാൽ മാത്രം ഇസ്രയേലുമായി നയതന്ത്രബന്ധമെന്നതാണ് ഒമാന്‍റെ നിലപാട്. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലും പടിഞ്ഞാറുമായുള്ള ബന്ധങ്ങളിലും ഒമാൻ പലപ്പോഴും മധ്യസ്ഥവേഷമണിയാറുണ്ട് താനും. തങ്ങളുടെ വ്യോമപരിധി ഉപയോഗിക്കാൻ ഇസ്രയേലിന് അനുവാദവും നൽകിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ വിവരങ്ങൾ അറിയാൻ സമയമെടുത്തേക്കും. മൂന്ന് രാജ്യങ്ങളും നാലാമതൊരു രാജ്യത്തെ പൗരനും ഉൾപ്പെട്ട കേസായതുകൊണ്ട് പ്രത്യേകിച്ചും.

PREV
Read more Articles on
click me!

Recommended Stories

കൂടിക്കാഴ്ചയും നയതന്ത്രവും; ചുവട് പിഴയ്ക്കാതെ ഷീ, അടവ് ഉറയ്ക്കാതെ ട്രംപ്!
ട്രംപിന്‍റെ 'വെല്ലുവിളി', നെതന്യാഹുവിന് 'കൂക്കിവിളി'; സംഘർഷ ഭരിതമായ യുഎൻ പൊതുസഭ