മഡഗാസ്കറിലെ ജെൻസി കലാപം; ജനാധിപത്യ ഭരണത്തിൽ നിന്നും സൈനിക ഭരണത്തിലേക്ക്

Published : Oct 25, 2025, 11:14 AM ISTUpdated : Oct 25, 2025, 11:56 AM IST
Gen Z rebellion in Madagascar

Synopsis

മഡഗാസ്കറിൽ വൈദ്യുതിക്കും വെള്ളത്തിനും വേണ്ടി തുടങ്ങിയ ജെൻസീ പ്രക്ഷോഭം പ്രസിഡന്‍റ് രജോലിനക്കെതിരായ ജനകീയ മുന്നേറ്റമായി. സൈന്യത്തിലെ പ്രബല വിഭാഗമായ കാബ്സാറ്റ് ജനങ്ങൾക്കൊപ്പം ചേർന്നതോടെ, പ്രസിഡന്‍റ് രാജ്യം വിടുകയും സൈന്യം ഭരണം ഏറ്റെടുക്കുകയും ചെയ്തു.

 

ലോകത്തെ നാലാമത്തെ വലിയ ദ്വീപ്. വാനില എന്ന സുഗന്ധവ്യഞ്ജനം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം, അതാണ് മഡഗാസ്കർ. തെക്കുകിഴക്കൻ ആഫ്രിക്കൻ തീരത്തോടടുത്ത്. പക്ഷേ, ജനങ്ങൾ ആഫ്രിക്കൻ വംശജരല്ല, ഇന്തോനേഷ്യയിലെ ഗോത്രങ്ങളോടാണ് സാമ്യം. ഫ്രാൻസിന്‍റെ കോളനിയായിരുന്നത് കൊണ്ട് രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ബന്ധം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഫ്രഞ്ച് ബന്ധമുള്ള രാജ്യങ്ങളുമായാണ്. സംസാര ഭാഷ മലഗാസി (Malagasy). ഫ്രഞ്ച് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് 1960 -ൽ. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും രാജ്യത്തിന്‍റെ ശാപമായി ഇപ്പോഴും തുടരുന്നു. 30 മില്യൻ വരുന്ന ജനസംഖ്യയിൽ ഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതിൽ മൂന്നിലൊന്നിനെ വൈദ്യുതിയുള്ളൂ. ജനത്തിന്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് മടുത്തിരുന്നു.

ഇല്ലായ്മകൾ മാത്രം

പ്രക്ഷോഭം തുടങ്ങിയത് വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും പേരിൽ. അതിനെതിരെ പ്രതിഷേധം ആസൂത്രണം ചെയ്ത രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ അറസ്റ്റിലായി. പ്രതിഷേധം അടിച്ചമർത്തുന്നു എന്ന് തോന്നിയാതോടെ 'ജെൻസി' ഇളകി. സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം പടർന്നു. ഒരു മുന്നേറ്റവും പ്രത്യക്ഷപ്പെട്ടു. സമാധാനപരമായി പ്രതിഷേധങ്ങൾ തുടങ്ങി. വളരെ പെട്ടെന്ന് പക്ഷേ, അത് സർക്കാരിനും രജോലിനയുടെ നേതൃത്വത്തിനും എതിരായി. അഴിമതി, ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസം, ദാരിദ്ര്യം, ജീവിത ചെലവ് അങ്ങനെ പലതിലേക്ക് വഴിമാറി. ദേശീയതലത്തിലായി. തലസ്ഥാനമായ ആന്‍റനാനറിവോയിലെ (Antananarivo) മെയ് സ്ക്വയർ (May Square) പലപ്പോഴുമെന്ന പോലെ അതിന്‍റെ കേന്ദ്രബിന്ദുവായി. ജാപ്പനീസ് ആനിമേഷൻ വൺ പീസിന്‍റെ (Japanese anime One Piece) തലയോട്ടിയും എല്ലുകളുമായിരുന്നു ബാനർ.

(ജാപ്പനീസ് ആനിമേഷൻ വൺ പീസിന്‍റെ തലയോട്ടിയും എല്ലുകളുമുള്ള ബാനറുമായി പ്രക്ഷോഭക‍ർ)

ജെൻസീ നേതൃത്വം

നേപ്പാളിലെ പോലെ ജെൻസീ ആണ് നേതൃത്വം നൽകിയത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പ്രക്ഷോഭങ്ങളാണ് തങ്ങൾക്ക് മാതൃകയും പ്രചോദനവുമായതെന്നും അവർ പറഞ്ഞു. ഒറ്റ നേതൃത്വമില്ല. രാജ്യത്തെ 75 ശതമാനം ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളാണ് അവർ ഏറ്റെടുത്തത്. പിന്നെയതിൽ പൌര സംഘടനകളും തൊഴിലാളി യൂണിയനുകളും പങ്കാളികളായി. സമൂഹത്തിന്‍റെ എല്ലാ തലങ്ങളിൽ നിന്നും ജനം പ്രക്ഷോഭത്തിൽ പങ്കുചേർന്നു. പക്ഷേ, അവരെ നേരിട്ടത് പ്രസിഡന്‍റ് രജോലിനയുടെ പട്ടാളമാണ്. 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വഴിത്തിരിവായത് പട്ടാളം, പ്രക്ഷോഭകർക്കൊപ്പം ചേർന്നതാണ്. അതും ഉന്നത സൈനിക സംഘമായ കാബ്സാറ്റ് (CABSAT). (ജാപ്പനീസ് ആനിമേഷൻ വൺ പീസിന്‍റെ തലയോട്ടിയും എല്ലുകളുമുള്ള ബാനറുമായി പ്രക്ഷോഭക‍ർ)

സൈനിക ഭരണം

സൈനിക മേധാവി മൈക്കൽ രൺഡ്രീയനിരിനയും (Colonel Michael Randrianirina) സൈന്യവും ജനത്തിനൊപ്പം ചേർന്ന് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടു. സൈനിക ഭരണത്തിന് തയ്യാറാണോ എന്ന് രൺഡ്രീയനിരിന ചോദിച്ചു. തയ്യാറാണ് എന്നായിരുന്നു ഉത്തരമെന്നാണ് റിപ്പോർട്ടുകൾ. പാരാമിലിട്ടറി കാബ്സാറ്റിനൊപ്പം ചേർന്നു. പൊലീസിലെ ചില വിഭാഗങ്ങളും. ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിന് ശേഷം കഥ പെട്ടെന്നാണ് മാറിയത്. ദേശീയ റേഡിയോയിലും ടെലിവിഷനിലുമായി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

പക്ഷേ, മണിക്കൂറുകൾ താമസിച്ചാണ് അതുണ്ടായത്. അതും രഹസ്യസ്ഥലത്ത് നിന്ന്. ഞായറാഴ്ച, രജോലിന നാടുവിട്ടിരുന്നു. അതും ഫ്രാൻസ് അയച്ച് കൊടുത്ത വിമാനത്തിൽ. ഭരണഘടനയെ മാനിക്കണമെന്ന് രജോലിന ആവശ്യപ്പെട്ടു. പാർലമെന്‍റ് പിരിച്ചുവിടാൻ ശ്രമിച്ചു. പക്ഷേ, പാർലമെന്‍റ് ചേർന്ന് രജോലിനയെ ഇംപീച്ച് ചെയ്തു. അതോടെ കാബ്സാറ്റ് ഒരു പ്രഖ്യാപനം നടത്തി. ഇനി തങ്ങളുടെ ആസ്ഥാനത്ത് നിന്നായിരിക്കും ഉത്തരവുകൾ ഇറങ്ങുക. മറ്റാരുടെയും ഉത്തരവുകൾ ആരും അനുസരിക്കേണ്ടതില്ലെന്ന്. ജനറൽ ഡെമോസ്തീൻ പികുലസിനെ (General Demosthene Pikulas) ചീഫ് ഓഫ് സ്റ്റാഫ് ആയും പ്രഖ്യാപിച്ചു. സൈന്യത്തിന്‍റെ ചുമതലയുള്ള മന്ത്രി അതംഗീകരിച്ചു.

കാബ്സാറ്റ്

ഭീമമായ അധികാരമുള്ള കാബ്സാറ്റാണ് സൈന്യത്തിന്‍റെ ലോജിസ്റ്റിസ്ക്സ്, പേഴ്സണൽ മാനേജ്മെന്‍റ്, അഡ്മിനിസ്ട്രേഷന്‍ എല്ലാം മേൽനോട്ടം വഹിക്കുന്നത്. അതുകൊണ്ട് സൈന്യത്തിന്‍റെ നിയന്ത്രണം തന്നെ ഏതാണ്ട് അവരുടെ കൈയിലാണെന്ന് പറയാം. അതാദ്യം ഉപയോഗിച്ചത് രജോലിന തന്നെയാണ്. 2009 -ൽ അന്നത്തെ പ്രസിഡന്‍റ് മാർക്ക് റാവലോമനാനയെ തള്ളി കാബ്സാറ്റ് രജോലിനക്കൊപ്പം ചേർന്നു. രജോലിന പ്രസിഡന്‍റായത് അങ്ങനെയാണ്. തന്‍റെ വിശ്വസ്തരെ സേനയിൽ തിരുകിക്കയറ്റി രജോലിന കാബ്സാറ്റിന് തടയിടാൻ ശ്രമിച്ചിരുന്നു. പക്ഷേ, ഫലിച്ചില്ല. കാബ്സാറ്റിന്‍റെ സ്വാതന്ത്ര്യവും അധികാരവും അത്രക്കാണ്.

കേണൽ മൈക്കൽ രൺഡ്രീയനിരിനയാണ് കാബ്സാറ്റിന്‍റെ മേധാവി. ജനങ്ങളെ അടിച്ചമർത്താൻ വിസമ്മതിക്കൂവെന്ന് സൈനികർക്ക് നിർദ്ദേശം നൽകിയത് രൺഡ്രീയനിരിന ആണ്. രണ്ട് വർഷത്തികം തെരഞ്ഞെടുപ്പ് എന്നാണ് വാക്ക്. പക്ഷേ, പലതവണ സൈനിക ഇടപെടലുകൾ നടന്നിട്ടുള്ള രാജ്യത്ത് അതൊരു തുടർക്കഥയാവുന്നുവെന്നതിൽ ആശങ്കകളുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്