
ആണവശക്തിയായ പാകിസ്ഥാൻ. എന്തിനും പോന്ന പോരാളികളല്ലാതെ മറ്റൊന്നുമല്ലാത്ത താലിബാൻ. പഴയ അഫ്ഗാൻ സൈനികർ വിട്ടിട്ടുപോയ ആയുധങ്ങളിൽ പകുതിയും എവിടെപ്പോയെന്ന് താലിബാനുമറിയില്ല. അതിൽ കുറെയൊക്കെ ഉണ്ടെങ്കിൽ തന്നെ ഉപയോഗിക്കാനുള്ള പരിശീലനമില്ല, അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടുമില്ല. ഈ രണ്ടുകൂട്ടരും തമ്മിലെ യുദ്ധത്തിൽ പക്ഷേ, പാകിസ്ഥാനാണ് ആദ്യം പിൻവാങ്ങിയതെന്നാണ് ചില റിപ്പോർട്ടുകൾ. ഇരുകൂട്ടരും തമ്മിലെ പോരിനും ശത്രുതയ്ക്കും ഒരുപാട് കാലപ്പഴക്കമുണ്ട്. അതത്ര പെട്ടെന്ന് അവസാനിക്കുകയുമില്ല. യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് ചൈന സംശയിക്കുന്നു എന്നാണ് റിപ്പോർട്ട്. താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഈ സംശയത്തിന് ഒരു കാരണമായിരുന്നിരിക്കണം. സന്ദർശനം പക്ഷേ, പാകിസ്ഥാന്‍റെ ഉറക്കം കെടുത്തിയെന്ന് വ്യക്തമാണ്.
തൽകാലം ശാന്തം. പക്ഷേ, അത്ര സുഖകരമല്ലാത്ത ശാന്തത. അഫ്ഗാൻ - പാക് വെടിനിർത്തലിന് ശേഷം അതായിരുന്നു അവസ്ഥ. തുടങ്ങിയത് 15 -ാം തിയതി. യുദ്ധവിമാനങ്ങൾ വരെയിറക്കി പാകിസ്ഥാൻ. ഇതൊന്നുമില്ലാത്ത താലിബാൻ പക്ഷേ, പേടിച്ചോടിപ്പോയ പാക് സൈനികരുടെ ട്രൗസറുകളും തോക്കുകളും ഉയർത്തിപ്പിടിച്ച് ആഘോഷിച്ചുവെന്നാണ് റിപ്പോർട്ട്. തങ്ങളാണ് മുന്നിട്ട് നിന്നത് എന്നിരുകൂട്ടരും വാദിച്ചു. സത്യം വ്യക്തമല്ല. പാകിസ്ഥാൻ വെടിനിർത്താൻ അഭ്യർത്ഥിച്ചുവെന്ന് അഫ്ഗാനിസ്ഥാനും, അല്ല മറിച്ചാണെന്ന് പാകിസ്ഥാനും വാദിച്ചു. മധ്യസ്ഥനുണ്ടായിരുന്നു എന്നത് ഇരുകൂട്ടരും അംഗീകരിച്ചുമില്ല. ഖത്തറിന്‍റെയും സൗദിയുടേയും പേര് പറഞ്ഞു കേട്ടെങ്കിലും.
1893 -ൽ നിലവിൽ വന്ന ഡ്യൂറണ്ട് ലൈനിന് (Durand Line) ഇരുവശത്തും പണ്ടേ സംഘർഷമാണ്. ബ്രിട്ടിഷ് ഇന്ത്യക്കും അഫ്ഗാനിസ്ഥാനും ഇടയിൽ അന്ന് വരച്ച വരയാണത്. അന്നേ അഫ്ഗാനിസ്ഥാന് അതിനോട് താൽപര്യമുണ്ടായിരുന്നില്ല. ആ മേഖലയിലെ താമസക്കാരായ പഷ്തൂണുകളുടെ എതിർപ്പാണ് ഒരു കാരണം. തങ്ങൾ അതിർത്തിക്കപ്പുറവും ഇപ്പുറവും ആയിപ്പോകുമെന്ന് അവർ വാദിച്ചു. എതിർപ്പുകൾ ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണാധികാരികൾ വകവെച്ചില്ല. അതിർത്തി നിലവിൽ വന്നു. അഫ്ഗാനിലെ ബ്രിട്ടിഷ് പക്ഷക്കാരനായ എമീർ അതംഗീകരിച്ചു. പക്ഷേ, അഫ്ഗാനിസ്ഥാനിൽ പിന്നീട് വന്ന സർക്കാരുകൾ അതൊരിക്കലും അംഗീകരിച്ചില്ല. കൊളോണിയൽ കാലത്തെ ധാരണയെന്ന പേരിൽ തള്ളിക്കളഞ്ഞു.
അതുകൊണ്ടുതന്നെ ഡ്യൂറണ്ട് ലൈനിനിലെ സംഘർഷം ഒരിക്കലും അവസാനിച്ചില്ല. പഷ്തൂണുകളുടെ അതൃപ്തി ഇടക്കിടെ പൊട്ടിത്തെറിച്ചു. അത് മാത്രമായിരുന്നില്ല. സാമ്രാജ്യങ്ങൾ തമ്മിലെ നിഴൽയുദ്ധത്തിലും ഡ്യൂറണ്ട് ലൈൻ കഥാപാത്രമായി. പോരാത്തതിന് നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും പാകിസ്ഥാന് തലവേദനയായി. അതിന്‍റെ പിന്നിൽ പാക് താലിബാൻ, അതായത് തെഹ്രീക്-ഇ-താലിബാൻ (Tehrik-e-Taliban) ആണെന്നാണ് പാകിസ്ഥാന്‍റെ വാദം. അഫ്ഗാനിസ്ഥാനാണ് ടിടിപി നേതാക്കളുടെ ആസ്ഥാനം. അഫ്ഗാൻ - പാകിസ്ഥാൻ അതിർത്തിയിലെ ഗോത്രമേഖലയിലുള്ളവരാണ് ടിടിപി അംഗങ്ങൾ.
അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ അധികാരത്തിൽ വന്നതോടെ നുഴഞ്ഞു കയറ്റങ്ങളും ആക്രമണങ്ങളും അവസാനിക്കുമെന്ന് വിചാരിച്ചു പാകിസ്ഥാൻ. പക്ഷേ, അതുമുണ്ടായില്ല. അതിർത്തി മേഖലയിൽ സ്വയംഭരണം പുനസ്ഥാപിക്കുന്നതുവരെ പോരാടുമെന്നാണ് ടിടിപിയുടെ നിലപാട്. ടിടിപിയുമായി താലിബാൻ കൊമ്പുകോർക്കില്ല. അവർ ഒരർത്ഥത്തിൽ സഖ്യകക്ഷികളാണ്. ടിടിപിയുമായി സംഘർഷമുണ്ടായാൽ അത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറേസന് (Islamic State of Khorasan) വളമാകുമെന്ന് താലിബാൻ കരുതുന്നു. പാക് - അഫ്ഗാൻ അതിർത്തിയിൽ ഐഎസിനെ പോറ്റിവളർത്തുന്നത് പാക് സൈന്യമാണെന്നാണ് താലിബാന്‍റെ ആരോപണം.
സൈനിക ശക്തി കൂടുതൽ പാകിസ്ഥാനാണെങ്കിലും വൻശക്തിയായ അമേരിക്കയെപ്പോലും പിന്നോട്ടടിച്ച ശക്തി എന്ന ആത്മവിശ്വാസം താലിബാന്‍റെ ആത്മവിശ്വാസം കൂട്ടുന്നു. താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലായിരുന്നപ്പോഴാണ് പാകിസ്ഥാനുമായി യുദ്ധം രൂക്ഷമായത്. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുന്നതിലെ അനിഷ്ടം പാകിസ്ഥാനുണ്ട്. താലിബാനും ചില തുറുപ്പു ചീട്ടുകളുണ്ടെന്നാണ് ഒരു പക്ഷം. പാകിസ്ഥാനിലെ തന്നെ ഇസ്ലാമിക രാഷ്ട്രീയ സംഘങ്ങൾക്ക് താലിബാനോട് താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, ഒരു യുദ്ധത്തിൽ അവർക്ക് താൽപര്യവുമില്ല. പ്രശ്നത്തിന് പല തലങ്ങളുണ്ടെന്ന് ചുരുക്കം. തൽകാലം അവസാനിച്ചെങ്കിലും പൊട്ടിത്തെറികൾ ഇനിയും പ്രതീക്ഷിക്കണം. ഒരു യുദ്ധം രണ്ടുകൂട്ടർക്കും താങ്ങാവുന്നതല്ലെങ്കിൽ പോലും. കാരണം അത് യുദ്ധമാണ്.