ആർക്കെതിരെയാണോ യുദ്ധം ചെയ്യത്, അവരെ തന്നെ കാവൽ ഏൽപ്പിക്കുന്ന 'സമാധാന' ധാരണ

Published : Oct 23, 2025, 09:21 AM IST
 Trump's peace deal in Gaza

Synopsis

യുദ്ധാനന്തരം ഗാസയിലെ സ്ഥിതി അതീവ സങ്കീർണ്ണമായി തുടരുകയാണ്. ബന്ദികളെയും മൃതദേഹങ്ങളെയും കൈമാറുന്നതിലെ തർക്കങ്ങൾ നിലവിലുള്ള സമാധാന ശ്രമങ്ങളെ കാര്യമായി ദുർബലമാക്കുന്നു. ഇതിനിടെയാണ് ക്രമസമാധാന പാലനം വീണ്ടും ഹമാസിനെ ഏൽപ്പിച്ചിരിക്കുന്നത്.

 

യുദ്ധം അവസാനിച്ചെങ്കിലും ഇപ്പോഴും കാര്യങ്ങൾ നൂൽപ്പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. എപ്പോൾ വേണമെങ്കിലും അത് പൊട്ടിവീഴാം. ബന്ദികളുടെ കൈമാറ്റത്തിൽ ഇസ്രയേൽ ഇടഞ്ഞു. ജീവനുള്ള ബന്ദികളുടെ തിരിച്ചുവരവ് ഇസ്രയേലിൽ ആഘോഷമായിരുന്നു. ഗാസയിൽ തടവുകാരുടെ മോചനവും. നഷ്ടങ്ങൾ ഇരുവശത്തുമുണ്ട്. അത്രതന്നെ സന്തോഷവും ആശ്വാസവും.

തിരിച്ചുവന്നവരിൽ ഇസ്രയേലിൽ പരിചിതമായ മുഖങ്ങളുണ്ട്. തട്ടിക്കൊണ്ട് പോയപ്പോൾ ഹമാസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ ലോകം മുഴുവൻ കണ്ട മുഖങ്ങൾ. പക്ഷേ, പലരുമിന്ന് കണ്ടാൽ തിരിച്ചറിയാത്ത രൂപങ്ങളിലാണ്. ഹമാസ് അടച്ചിട്ട തുരങ്കത്തിൽ എല്ലും തോലുമായി, സ്വന്തം ശവക്കുഴി കുഴിക്കുന്നത് കണ്ട എവ്യതാർ ഡേവിഡ്, ഇരട്ടകളായ ബർമൻ സഹോദരങ്ങൾ, സ്ത്രീ സുഹൃത്തിനൊപ്പം ഹമാസ് കൊണ്ടുപോയ അവിനാറ്റൻ ഒർ അങ്ങനെ പലർ. ഹമാസ് തട്ടിക്കൊണ്ടു പോയി കൊന്നു കളഞ്ഞവരുടെ കൂട്ടതിൽ ഇസ്രയേലികൾ അല്ലാത്തവരുമുണ്ട്. നേപ്പാളിയായ ബിപിൻ ജോഷി മരിച്ചുവെന്ന് അറിയുന്നത് മോചനത്തോട് അടുത്താണ്. പലസ്തീനിൽ തിരിച്ചെത്തിയ ഒരച്ഛൻ മണിക്കൂറുകൾക്കകം അറിഞ്ഞത് മക്കളെല്ലാം കൊല്ലപ്പെട്ട വിവരം. ഹമാസിന്‍റെ ബന്ദികളായിരുന്ന ഷിരി ബബാസും മക്കളായ 4 വയസുകാരൻ ഏരിയലും 9 മാസക്കാരൻ ക്ഫീറും ഇസ്രയേലിന്‍റെ നഷ്ടങ്ങളാണ്. അവരുടെ അവശിഷ്ടങ്ങൾ ഇസ്രയേലിന് നേരത്തെ തന്നെ കൈമാറിയിരുന്നു ഹമാസ്.

മൃതദേഹ കൈമാറ്റം

ധാരണയനുസരിച്ച് 48 പേരെയാണ് കൈമാറേണ്ടിയിരുന്നത്. ജീവനുള്ള 20 പേർ. 28 മൃതദേഹം. പക്ഷേ, 9 മൃതദേഹങ്ങൾ കൈമാറിയ ഹമാസ് പിന്നെയറിയിച്ചത് അത്രയേ കഴിയൂ, ആധുനിക ഉപകരണങ്ങൾ വേണം തെരച്ചിലിന് എന്നാണ്. 19 മൃതദേഹം ബാക്കി. കൈമാറിയതിൽ ഒന്ന് ഇസ്രയേയായ ബന്ദിയുടേതായിരുന്നില്ല. അതോടെ ഉപരോധം ഇനിയും തുടരുമെന്നും റഫാ തുറക്കില്ലെന്നും ഇസ്രയേൽ അറിയിച്ചു. അപ്പോൾ 2 മൃതദേഹം കൂടി കൈമാറി ഹമാസ്. മൃതദേഹം മറവ് ചെയ്ത സ്ഥലം കണ്ടെത്താൻ എളുപ്പമായിരിക്കില്ലെന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഇടഞ്ഞിരിക്കയാണ് ഇസ്രയേൽ. യുദ്ധം ഇനിയും തുടങ്ങുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെയും ഇസ്രയേലിന്‍റെയും ഭീഷണി. ഇസ്രയേലും മൃതദേഹങ്ങൾ കൈമാറുന്നുണ്ട്. 360 എന്നാണ് ആദ്യഘട്ടത്തിലെ ധാരണ. ഇതുവരെ കൈമാറിയ മൃതദേഹങ്ങളിലെല്ലാം വെടിയുണ്ടയേറ്റ പാടുണ്ടെന്നാണ് ഗാസയിലെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. പീഡനത്തിന്‍റെ തെളിവുകളും വ്യക്തം.

കാവൽ ഹമാസിന് തന്നെ

അതിനിടെ ഹമാസ് പിന്നെയും ഗാസയിൽ റോന്തുചുറ്റിത്തുടങ്ങിയിട്ടുണ്ട്. തോക്കേന്തിയ ഹമാസിനെ തെരുവുകളിൽ കാണാൻ തുടങ്ങിയതോടെ സമാധാനത്തിന്‍റെ ഭാവിയിൽ നാട്ടുകാർക്കും ആശങ്കയായിട്ടുണ്ട്. റോന്തുചുറ്റൽ മാത്രമല്ല, തങ്ങളെ ഒറ്റികൊടുത്തു എന്നാരോപിച്ച് 7 പേരെ വെടിവച്ചുകൊന്നു. അതും ഒരു കുട്ടിയടങ്ങുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി. പിന്നാലെ ദൃശ്യങ്ങളും പുറത്തുവിട്ടു.

ഇതെന്തുകഥ, എന്ന് അമ്പരന്നവർക്ക് അമേരിക്കൻ പ്രസിഡന്‍റിന്‍റെ വിശദീകരണം വന്നു. അത് അതിലും വലിയ അമ്പരപ്പായി. പ്രസിഡന്‍റ് നിരായുധീകരണം ആവശ്യപ്പെട്ടു. സ്വയം ചെയ്തില്ലെങ്കിൽ ചെയ്യിക്കുമെന്നും വ്യക്തമാക്കി. പക്ഷേ, ഹമാസിന്‍റെ ഇപ്പോഴത്തെ സാന്നിധ്യം സമാധാന ധാരണക്ക് വിരുദ്ധമല്ലെന്നാണ് പ്രസിഡന്‍റിന്‍റെ വാക്കുകൾ എന്നാണ് ബിബിസി റിപ്പോർട്ട്. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സമയം വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നു. അത് തങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

20 ലക്ഷം പേർ തിരിച്ചെത്തുന്നത് തകർന്ന കെട്ടിടങ്ങളിലേക്കാണ്. നിയമരാഹിത്യമുണ്ടാവും. അത് നിയന്ത്രിക്കാൻ ആരെങ്കിലും വേണം എന്നതാണ് അതിന്‍റെ ബാക്കി. ചുരുക്കത്തിൽ ആരെ നിയന്ത്രിക്കാനാണോ ഇത്രയും നാൾ യുദ്ധം ചെയ്തത്, അവരെ തന്നെ വീണ്ടും കാവലേൽപ്പിച്ചിരിക്കുന്നുവെന്ന് വേണം കരുതാൻ. സഹായ വിതരണം തുടങ്ങുമ്പോഴും സുരക്ഷം ഉണ്ടാവണം, അതും ഹമാസിന്‍റെ ചുമതലയായിരിക്കുന്നു. പക്ഷേ, അതിന് പരിധികളില്ലേയെന്ന സംശയം വരുന്നത് കണ്ണുകെട്ടി ഒരു കൂട്ടമാളുകളെ വെടിവച്ചു കൊല്ലുമ്പോഴാണ്.

മറ്റ് ഗോത്ര സംഘങ്ങൾ

ഹമാസിന്‍റെ മന്ത്രാലയവും സജീവമാണ്. ക്രിമിനൽ സംഘങ്ങൾ കീഴടങ്ങിയാൽ മാപ്പ് നൽകുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിലുമുണ്ട് മറ്റ് ചില കാണാപ്പുറങ്ങൾ. ഹമാസിനെ ക്കൂടാതെ വേറെ ചില ഗോത്ര സംഘങ്ങളുണ്ട് ഗാസയിൽ. ഡോഗ്മുഷ് (Doghmush clan) അതിലൊന്ന്. ഇസ്രയേൽ - ഗാസ അതിർത്തി വഴിയുള്ള കള്ളക്കടത്തിന്‍റെ കുത്തക അവർക്കായിരുന്നു. അതുകൊണ്ട് തന്നെ ഹമാസുമായി പണ്ടേ സ്വരച്ചേർച്ചയില്ല. ഏറ്റുമുട്ടലുകളും പതിവ്. ഇപ്പോൾ നടന്ന ഏറ്റുമുട്ടലിൽ 12 ഹമാസ് അംഗങ്ങളും 30 ലേറെ ഡോഗ്മുഷ് അംഗങ്ങളും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.

അതുപോലെ വേറെയുമുണ്ട് സായുധ സംഘങ്ങൾ. അതിൽ ചിലതിനെ ഹമാസിന്‍റെ എതിരാളികളായി ഇസ്രയേൽ തന്നെ പോറ്റിവളർത്തിയതാണ്. അവരുമിപ്പോൾ ശക്തരാണ്. അവരെ ഒതുക്കി നിർത്തേണ്ടതും ഇപ്പോൾ ഇസ്രയേലിന്‍റെ കൂടി ആവശ്യമാണ്.നിയമരാഹിത്യത്തിന്‍റെ മറവിൽ അക്രമം തടയാൻ. അതും ഹമാസിനെ ഏൽപ്പിച്ചിരിക്കുന്നുവെന്നാണ് ട്രംപിന്‍റെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്. അതിൽ ചില സംഘങ്ങൾ ഇസ്രയേലി സൈന്യമായ ഐഡിഎഫ് സാന്നിധ്യമുള്ളയിടത്താണ് സ്ഥാനമുറപ്പിച്ചിരിക്കുന്നതെന്ന് ബിബിസി അന്വേഷണത്തിൽ സ്ഥിരീകരിച്ചു. റഫായിലും ബെയ്റ്റ് ഹനൂനിലും. അതും ഈ രഹസ്യധാരണയുടെ ഭാഗമാണോയെന്ന് ഇപ്പോൾ വ്യക്തമല്ല.

ഗാസയുടെ പുനർനിർമ്മാണം

ഇനി. ഗാസയുടെ പുനർനിർമ്മാണമാണ്. പലായനം ചെയ്തവരിൽ തിരിച്ചു വന്നവർ കണ്ടത് തകർന്ന കെട്ടിടങ്ങൾ മാത്രമാണ്. അത്രേ ഉണ്ടാവുകയൊള്ളൂ എന്നറിയാമായിരുന്നു താനും. 70 ബില്യന്‍റെ നാശനഷ്ടം എന്നാണ് യുഎന്നിന്‍റെ കണക്ക്. ഏതാണ്ട് 92 ശതമാനവും തകർന്നയിടങ്ങളുണ്ട്. പുനർനിർമ്മാണത്തേക്കാൾ വലിയ പ്രശ്നം ഈ കൽക്കൂമ്പാരങ്ങളാണ്. ഇതെല്ലാം എങ്ങനെ നീക്കും? അതിന്‍റെ ചെലവ്, സമയം എല്ലാം ചോദ്യചിഹ്നമാണ് നാട്ടുകാർക്ക്. ആഹാരം തന്നെ ശരിയായി കിട്ടിത്തുടങ്ങിയിട്ടില്ല, വെള്ളവും വൈദ്യുതിയും അപൂർവം. അതിനെല്ലാം പുറമേയാണ് വൃത്തിയാക്കൽ. പുനർനിർമ്മാണത്തിന് സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട് യൂറോപ്യൻ, അറബ്, രാജ്യങ്ങളും കാനഡയും അമേരിക്കയും. 70 ബില്യൻ നൽകാമെന്നാണ് ഉറപ്പ്.

അവശിഷ്ടങ്ങൾ

60 മില്യൻ ടൺ അവശിഷ്ടം എന്നൊരു കണക്ക് ബിബിസി മുന്നോട്ടുവയ്ക്കുന്നു. അതിൽ കല്ലുകളും കോൺക്രീറ്റുമുണ്ട്. ലോഹക്കമ്പികളും. പൊട്ടാത്ത ബോംബുകളും മൃതദേഹാവശിഷ്ടങ്ങളുമുണ്ടാകും കൂട്ടത്തിൽ. ആദ്യം നീക്കുക പ്ലാസ്റ്റികും സ്റ്റീലുമാണ്. പിന്നെ കോൺക്രീറ്റ്. അത് പൊടിച്ച് വീണ്ടും ഉപയോഗിക്കാം. പുതിയ കെട്ടിടങ്ങൾക്ക് അടിസ്ഥാനമാക്കാമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.

2014 -ലും 2021 -ലും നടന്ന പോലെ ഒരു പുനർനിർമ്മാണത്തിന് പതിറ്റാണ്ടുകളെടുക്കും എന്നാണ് നിഗമനം. അതുകൊണ്ട് ക്യാമ്പുകൾ തന്നെ പുതുക്കി തൽകാലത്തേക്ക് താമസിക്കുക. പുനർനിർമ്മാണം പതുക്കെ എന്ന രീതിയാവും നല്ലതെന്ന് അഭിപ്രായമുണ്ട്. എത്രത്തോളം നടക്കുമെന്ന് ഉറപ്പില്ലെങ്കിലും.

വെള്ളവും വെളിച്ചവും

പിന്നെ വേണ്ടത് വെള്ളവും വെളിച്ചവുമാണ്. ആറ് മലിനജല ശുദ്ധീകരണ സംവിധാനങ്ങളും ഇസ്രയേൽ തകർത്തിരുന്നു. ചിലതൊക്കെ യുഎന്‍റെ നേതൃത്വത്തിൽ വീണ്ടെടുക്കാൻ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി വരുന്നത് ഇസ്രയേലിൽ നിന്നാണ്. യുദ്ധത്തിന് മുമ്പേ തന്നെ അതൊരു വഴിയ്ക്കുമാണ്. സ്വന്തമായി വൈദ്യുത പ്ലാന്‍റുണ്ട്. അതിന് ഡീസൽ വേണം. പിന്നെ അങ്ങുമിങ്ങും സോളാർ പാനലുകളും. യുദ്ധത്തിൽ പലതും തകരാറിലായി. നേരിട്ടുള്ള വൈദ്യുതി വിതരണ ലൈൻ ഇടക്കിടെ നിർത്തിവയ്ക്കുമായിരുന്നു ഇസ്രയേൽ. തത്കാലം അത് പ്രവർത്തിക്കുന്നുണ്ട്.

അടിസ്ഥാന വികസനം

കൃഷി, ഗാസയുടെ പ്രധാന വരുമാന മാർഗമായിരുന്നു. അതേതാണ്ട് പൂർണമായും നശിച്ചു. ഒലിവ് തോട്ടങ്ങളും സിട്രസ് തോട്ടങ്ങളുമായിരുന്നു കൂടുതലും. ഏറ്റവും വലിയ തോട്ടത്തിന്‍റെ നടുവിലിപ്പോൾ റോഡാണ്. അതും സൈനിക വാഹനങ്ങൾക്കായുള്ള റോഡ്. സ്കൂളുകൾ തകർന്ന നിലയിലാണ്. ഇനി തുടങ്ങാൻ സമയമെടുക്കും. പക്ഷേ, യുദ്ധദുരന്തം കണ്ട് മനസ് മരവിച്ച കുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സ്കൂളുകൾ അത്യാവശ്യം. യൂണിവേഴ്സിറ്റികളും വീണ്ടെടുക്കണം. ഇനിയാണ് എല്ലാം. അപ്പോഴും ഈ കണക്കുകളിലൊന്നും അനാഥരായ മനുഷ്യരില്ല. കുഞ്ഞുങ്ങളുമില്ല. എന്തായാലും, ഇസ്രയേൽ സഹായവുമായെത്തുന്ന ട്രക്കുകൾ കയറ്റിവിട്ടു തുടങ്ങി. ഹമാസ്, ധാരണയിലെ വ്യവസ്ഥകൾ പാലിക്കുമെന്നാണ് ഇതുവെരയുള്ള പ്രതീക്ഷ. അപ്പോഴും രണ്ടാഘട്ട ചർച്ചകൾ ഒരു കടമ്പ തന്നെയാണ്.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്