ആദ്യം കരുതി തട്ടിപ്പ് ആണെന്ന്, പിന്നീട് ഓരോരുത്തരും തിരുത്തിപ്പറഞ്ഞു, നൂറിലധികം ഭിന്നശേഷിക്കാരുടെ വിവാഹ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ നിർവൃതിയിലാണ് ഈ വടകരക്കാരൻ

Published : Oct 20, 2025, 12:57 AM IST
hamsa with minnu

Synopsis

നിരവധി ഭിന്നശേഷിക്കാരായവരുടെ വിവാഹ സ്വപ്നങ്ങൾ ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം എന്ന യുട്യൂബ് ചാനലിലൂടെ നിറവേറ്റിയിട്ടുണ്ട്. വടകരക്കാരനായ ഹംസയുടെ ആശയമാണ് ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം, 

പലതരം ബ്രോക്കർമാരെയും മാട്രിമോണി സൈറ്റുകളെയും കണ്ടുമടുത്ത കേരളത്തിന് മുന്നിൽ ഈ ബ്രോക്കറും ഇദ്ദേഹത്തിന്റെ മാട്രിമോണി സൈറ്റും അൽപ്പം വ്യത്യസ്തമാണ്. ഭിന്നശേഷിക്കാരായ നിരവധി പേരുടെ വിവാഹ സ്വപ്നങ്ങൾക്കാണ് വടകരക്കാരനായ ഹംസ ചിറക് നൽകിയത്. ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം എന്ന യുട്യൂബ് ചാനലിലൂടെ ആരംഭിച്ച തന്റെ യാത്ര ഇന്ന് ബ്രോക്കർ ബ്രോ എന്ന മാട്രിമോണിയൽ സൈറ്റ് വരെ വന്നെത്തിയിരിക്കുകയാണ്. ഹംസയോടൊപ്പം പൂർണ പിന്തുണയുമായി ഭാര്യ മിന്നു എന്ന റിസ്വാനയും ഉണ്ട്.

ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം

എന്റെ ഭാര്യ കാഴ്ചാപരിമിതിയുള്ള ആളാണ്. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ഭിന്നശേഷിക്കാരിയായ ഒരാളായിരിക്കണം തന്റെ ജീവിതപങ്കാളിയായി എത്തേണ്ടത് എന്നുള്ളത്. ഒരുപാട് അന്വേഷിച്ചാണ് എനിക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞത്. എന്നെപ്പോലെ ചിന്തിക്കുന്നവർ ഒരുപാട് ഉണ്ടാകും. അവർക്ക് അവരുടെ പങ്കാളിയെ കണ്ടെത്തുന്നതിന് ഒരുപാട് അന്വേഷിച്ച് നടക്കേണ്ടി വരരുത് എന്ന് കരുതിയാണ് ഇങ്ങനെയൊരു പ്ലാറ്റ്ഫോം ആരംഭിച്ചത്. ഒരിക്കൽ ഞാൻ ഒരു ഭിന്നശേഷി സം​ഗമത്തിന് പോയിരുന്നു. ഞാൻ ഒരു ഭിന്നശേഷിക്കാരിയെ വിവാഹം ചെയ്തതുകൊണ്ടു തന്നെ അന്ന് വേദിയിൽ കയറി സംസാരിക്കാൻ പറഞ്ഞു. അന്ന് അവളുടെ കൈ പിടിച്ചാണ് ഞാൻ സംസാരിച്ചത്. അത് പെട്ടെന്ന് വൈറലായി. അന്ന് ആ വേദിയിൽ വിവാഹം കഴിയാത്ത ഒരുപാട് കുട്ടികളുടെ രക്ഷിതാക്കൾ ഉണ്ടായിരുന്നു. അവരൊക്കെ എന്നോട് വന്ന് സംസാരിച്ചു. തങ്ങളുടെ മക്കൾക്കും വിവാഹം ആകുന്നില്ല. പറ്റുന്ന ആരെയെങ്കിലും കണ്ടെത്തി തരാമോ എന്ന് അന്വേഷിച്ചു. അങ്ങനെയാണ് ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം എന്ന ആശയത്തിലേക്കെത്തിയത്. ആദ്യമേ മനസ്സിൽ ഇങ്ങനെ ഒരു ആശയം ഉണ്ടായിരുന്നതാണ്. എന്നാൽ, അങ്ങനെ ഒരു പ്ലാറ്റ്ഫോം ആരംഭിച്ചാൽ ആൾക്കാർ സ്വീകരിക്കുമോ? ഇതിന് പിന്നിൽ തട്ടിപ്പാണെന്ന് ആരെങ്കിലും കരുതുമോ തുടങ്ങി നിരവധി ആശങ്കകൾ മനസ്സിലുണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കാൻ വൈകിയത് എന്ന് തന്നെ പറയാം.

പിന്നീടുള്ള ചിന്ത എന്റെ ഉദ്ദേശം ഒരു തട്ടിപ്പല്ല എന്നുള്ളത് ആൾക്കാരെ ബോധ്യപ്പെടുത്തുക എന്നുള്ളതായിരുന്നു. അതിനായി ഞാനും ഭാര്യയും ആദ്യം ഒരു യുട്യൂബ് ചാനൽ ഉണ്ടാക്കി. അതിലൂടെ ഞങ്ങളെ ലോകത്തിന് പരിചയപ്പെടുത്തി. ഞങ്ങളുടെ ജീവിതം ആൾക്കാരിലേക്ക് എത്തിച്ചു. `ഹംസ വിത്ത് മിന്നു' എന്നായിരുന്നു ചാനലിന്റെ പേര്. ഞങ്ങളുടെ ഫാമിലി വ്ലോ​ഗുകൾ ആളുകൾ ഏറ്റെടുത്തു. തുടർന്നും ഒരുപാട് വീഡിയോകൾ ചെയ്തു. അങ്ങനെയാണ് ഒരു വേദിയിലേക്ക് ക്ഷണം കിട്ടിയതും ഞങ്ങളുടെ കഥ അവിടെ പറയാൻ ഇടയായതും. അതിനുശേഷം ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം എന്ന ആശയം ഒരു യുട്യൂബ് ചാനലായി പിറന്നു. യുട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ തന്നെ സുമയ്യ എന്നൊരു പെൺകുട്ടി എന്നെ കോൺടാക്ട് ചെയ്തു. ആവളുടെ വിവാഹമാണ് ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം വഴി ആദ്യം നടന്നത്.

തന്നെ തേടിയെത്തുന്നവർ

ഞങ്ങളുടെ ഫാമിലി വ്ലോ​ഗുകൾ കണ്ടാണ് ആൾക്കാർ എന്നെ വിളിക്കുന്നത്. അപ്പോൾ അവിടെ ചെന്ന് വീഡിയോകൾ എടുക്കുകയാണ് പതിവ്. എന്നെ അവരുടെ കുടുംബത്തിലെ ഒരാളായാണ് കാണുന്നത്. അതുകൊണ്ടുതന്നെ വീ‍ഡിയോക്ക് മുന്നിലേക്ക് വരാനോ മുഖം കാണിക്കാനോ ആരും മടി കാണിക്കാറില്ല. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 135 പേരുടെ വിവാഹം ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം വഴി നടന്നിട്ടുണ്ട്. ജീവിത പങ്കാളിയെ കണ്ടെത്തി കഴിഞ്ഞാലും അവർക്കാവശ്യമായ എല്ലാവിധ സഹായങ്ങളും തന്നാൽ കഴിയും വിധം ഹംസ ചെയ്യാറുണ്ട്. മേക്കപ്പ്, വസ്ത്രം എന്നിവയൊക്കെ കൊളാബിലൂടെ ചെയ്തുകൊടുക്കും.

ആദ്യം ലഭിച്ചത് നെ​ഗറ്റീവ് ഫീഡ്ബാക്കുകൾ

ആദ്യമൊക്കെ ലഭിച്ചത് നെ​ഗറ്റീവ് ഫീഡ്ബാക്കുകൾ ആയിരുന്നു. ഭിന്നശേഷിക്കാരായവരെ ഞാൻ മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലായിരുന്നു പലരും പറഞ്ഞത്. പിന്നീട് പലരെയും ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയപ്പോൾ നെ​ഗറ്റീവ് പറഞ്ഞവരൊക്കെ തിരുത്തിപ്പറയുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൊക്കെയും നിരവധി പേർ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് ഇതുവരെ എത്തിയതെന്നും ഹംസ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്