ഗാസയിൽ സമാധാനം, അപ്പോഴും ബാക്കിയാകുന്ന ആശങ്കകൾ

Published : Oct 14, 2025, 06:06 PM IST
Peace in Gaza

Synopsis

രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാറിലെത്തി. ഡോണൾഡ് ട്രംപിന്റെ 20 ഇന പദ്ധതി പ്രകാരമുള്ള കരാർ ബന്ദികളുടെ മോചനം, സൈന്യത്തിന്റെ പിൻമാറ്റം, ഗാസയുടെ പുനർനിർമ്മാണം എന്നിവ ലക്ഷ്യമിടുന്നു.  

 

യുദ്ധം തുടങ്ങി രണ്ട് വർഷത്തിനും രണ്ട് ദിവസത്തിനും ശേഷം സമാധാനം. ആഘോഷങ്ങൾ പലസ്തീനിലും ഇസ്രയേലിലും ഒരുപോലെ. തകർന്നുപൊടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലായിരുന്നു ഗാസയിലെ ആഘോഷം. അവരുടെ ആശ്വാസത്തിന് അതിരുകളില്ല. ഭക്ഷണം, മരുന്ന് ഇത് രണ്ടും ആവശ്യത്തിന് കിട്ടിത്തുടങ്ങുമെന്നത് തന്നെ വലിയൊരു ആശ്വാസം. എല്ലും തോലുമായ കുഞ്ഞുങ്ങൾക്ക് ഇനി മനുഷ്യരൂപം തിരികെക്കിട്ടുമെന്ന ആശ്വാസം അമ്മമാർക്ക്. വെടിയൊച്ച ഭയക്കാതെ സമാധാനമായി കിടന്നുറങ്ങാമെന്നത് എല്ലാവരുടെയും ആശ്വാസം. പക്ഷേ, ഭക്ഷണ വിതരണം തുടങ്ങുമ്പോൾ സുരക്ഷ ആര് നൽകുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ഐഡിഎഫ് പിൻമാറിയ സാഹചര്യത്തിൽ പ്രത്യേകിച്ച്.

വീടില്ലാത്തവർ, അനാഥർ

കൽക്കൂമ്പാരങ്ങളുടെ ചാര നിറം മാത്രമേയുള്ള ഗാസയിൽ. മറ്റൊരു നിറങ്ങളുമില്ല. എങ്കിലും വടക്കൻ ഗാസയിലേക്ക് ജനമൊഴുകി, വീണ്ടും. സെപ്തംബറിൽ ഇതുപോലെ ഒരൊഴുക്ക് ഉണ്ടായി. പക്ഷേ, അത് തിരിച്ചുമൊഴുകി അപ്പോൾ തന്നെ. ഒഴിഞ്ഞുപോകാൻ ഇസ്രയേലി സൈന്യം ഉത്തരവിട്ടതോടെ. ഇത്തവണ അങ്ങനെയൊരു തിരിച്ചുപോക്ക് വേണ്ടിവരില്ലെന്നാണ് പ്രതീക്ഷ. പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ടിട്ടില്ല ഗാസക്കാർക്ക്, തിരിച്ചുവരുന്നത് തവിടുപൊടിയായി കിടക്കുന്ന വീടുകളിലേക്കാണെങ്കിലും. സ്വന്തമായിരുന്നതെല്ലാം പോയി. ചിലർ ഒറ്റയ്ക്കായി, കുഞ്ഞുങ്ങൾ അനാഥരും. അതിലൊക്കെ ഇനിയെന്ത് എന്നുള്ളത് തീരുമാനമായിട്ടില്ല.

ഗാസയുടെ പുനർനിർമ്മാണത്തിൽ മനുഷ്യരുടെ നഷ്ടം കണക്ക് കൂട്ടിയിട്ടില്ല. ആ കണക്കെടുക്കാൻ യുഎന്നോ സന്നദ്ധ സംഘടനകളോ വേണം. സമാധാന പദ്ധതി പൂ‍ർണമായും നടപ്പാവുമെന്ന് പ്രതീക്ഷിക്കാം, കാഴ്ചകൾ ഇനി കാണേണ്ടിവരാതിരിക്കാനെങ്കിലും. പക്ഷേ, യുക്രൈയ്നിലെ യുദ്ധം അവസാനിച്ചിട്ടില്ല, സുഡാനിലെ കലാപത്തിനും അന്ത്യമായിട്ടില്ല. അവിടത്തെയും കാഴ്ചകൾ ഇതൊക്കെത്തന്നെയാണ്. തൽകാലം ഗാസയിലും ഇസ്രയേലിലും ആശ്വാസമാണ്.

(ഇസ്രയേൽ അക്രമണത്തിന് ശേഷം ഗാസ)

മരണക്കണക്ക്

രണ്ട് വർഷം മുമ്പുള്ള ഒക്ടോബർ ഏഴിന് ഹമാസ് കൊന്നുതള്ളിയത് 1,200 പേരെ. ബന്ദികളായത് 251 പേർ. പകരം ഇസ്രയേൽ ഇതുവരെ കൊന്നുതള്ളിയത് 67,100 ജീവനുകൾ. തകർന്നു തരിപ്പണമായ ഗാസയിൽ ഹമാസ് ഒഴികെയുള്ളവരിൽ ഭൂരിഭാഗവും അഭയാർത്ഥികളായി. ധാരണയായിരിക്കുന്നത് ട്രംപിന്‍റെ 20 പോയിന്‍റ് പദ്ധതിക്കാണ്. ബന്ദികളെ മോചിപ്പിക്കും, ഇസ്രയേൽ സൈന്യം പിൻമാറും, അതാണ് രൂപരേഖ. പക്ഷേ, ഹമാസ് ആവശ്യപ്പെട്ട മാർവൻ ബർഗൗതിയെ മോചിപ്പിക്കില്ല ഇസ്രയേൽ. ബർഗൗതിയെ പലസ്തീൻകാർ കാണുന്നത് അവരുടെ നെൽസൺ മണ്ടേലയായാണ്. കൊലപാതകത്തിനാണ് ശിക്ഷിക്കപ്പെട്ടതെങ്കിലും. ഒക്ടോബർ ഏഴിന്‍റെ ആക്രമണം ആസൂത്രണം ചെയ്ത യഹ്യ സിൻവർ ഇതുപോലൊരു തടവുകാരുടെ കൈമാറ്റത്തിൽ ഇസ്രയേൽ മോചിപ്പിച്ചതാണ്. അതുപോലെ വേറെയും ചിലർക്ക് മോചനമില്ല. കാരണം പറയേണ്ടതില്ല. എന്തായാലും

ധാരണയിൽ ഒപ്പിടുന്നതിന് സാക്ഷിയാകാൻ താനെത്തുമെന്നറിയിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഇസ്രയേലി പാർലമെന്‍റ് സ്പീക്ക‍ർ ക്ഷണിക്കയും ചെയ്തു. അഭിസംബോധനയ്ക്കായി. 2008 -ന് ശേഷം ആദ്യമായിട്ടാണ് അമേരിക്കൻ പ്രസിഡന്‍റ് ഇസ്രയേലി സെനറ്റിനെ അഭിസംബോധന ചെയ്തത്.

ആദ്യഘട്ടം

ഇസ്രയേലി മന്ത്രിസഭ അംഗീകരിക്കുന്നതുവരെ നെഞ്ചിടിപ്പ് കുറഞ്ഞില്ല ലോകത്തിന്. മന്ത്രിസഭയിലെ തീവ്രവലതിന്‍റെ നിലപാടിലായിരുന്നു സംശയം. പക്ഷേ, കുഴപ്പങ്ങളുണ്ടായില്ല. ഹമാസിനെ നിരായുധീകരിച്ച്, പിരിച്ചുവിട്ടില്ലെങ്കിൽ സർക്കാരിനെതിരെ വോട്ട് ചെയ്ത് അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് സുരക്ഷാ മന്ത്രി ബെൻ ഗ്വീർ.

ഡോണൾഡ് ട്രംപും ഹമാസ് മധ്യസ്ഥൻ ഖലീൽ അൽ ഹയ്യയുമാണ് യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ചത്. പിന്നീടാണ് ഇസ്രയേലിന്‍റെ ക്യാബിനറ്റ് വോട്ടിംഗ് നടന്നതും. അമേരിക്ക സുരക്ഷാ ഉറപ്പുകൾ നൽകിയെന്നറിയിച്ചു ഇസ്രയേൽ. വെടിനിർത്തൽ നിരീക്ഷിക്കാനും ഗാസയുടെ സ്ഥിരതയ്ക്കുമായി സംയുക്ത ദൗത്യസംഘമുണ്ടാവും. അമേരിക്ക 200 സൈനികർക്ക് പുറമേ ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ എന്നീ രാജ്യങ്ങളുടെ സൈനികരും അതിൽ പങ്കുചേരും. പക്ഷേ, അമേരിക്കൻ സൈനികർ ഗാസയിൽ കാലുകുത്തില്ല. ഇസ്രയേലിലാവും ആസ്ഥാനം.

(ഇസ്രയേൽ അക്രമണത്തിന് ശേഷം ഗാസ)

വെടിനിർത്തൽ അംഗീകരിച്ചാലുടൻ അത് നിലവിൽ വരുമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരുന്നു വോട്ടെടുപ്പിന് മുമ്പുതന്നെ. പക്ഷേ, 24 മണിക്കൂറിനകം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇസ്രയേലി സൈന്യത്തിന്‍റെ ആദ്യഘട്ട പിൻമാറ്റം ഭാഗികമാണ്. 53 ശതമാനം ഗാസ പ്രദേശം അവരുടെ നിയന്ത്രണത്തിൽ തന്നെയാകും. പിന്നീടുള്ള രണ്ട് ഘട്ടങ്ങളിൽ പൂർണ പിൻമാറ്റം. പിൻമാറ്റം തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. അതോടെ 72 മണിക്കൂറിന്‍റെ കൗണ്ട്ഡൗൺ തുടങ്ങി. അത് തീരുംമുമ്പ് ഹമാസ് ജീവനുള്ള ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ധാരണ. അത് 20 പേർ. ശേഷിക്കുന്ന 28 മൃതദേഹങ്ങൾ പിന്നീട്. അതെപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ല.

250 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കണമെന്നും ധാരണയിലുണ്ട്. തടഞ്ഞുവച്ച 1,700 ഗാസക്കാരെയും. ഹമാസ് കൈമാറിയ പട്ടികയിലുള്ളവരാണ് എല്ലാം. പക്ഷേ, ഹമാസിന്‍റെ ഏറെക്കാലമായുള്ള ആവശ്യം ഫത്താ നേതാവ് മാർവൻ ബർഗൗട്ടിയുടെ മോചനം സാധ്യമാവില്ല. ഓരോ ബന്ദിയുടെയും മൃതദേഹത്തിന് പകരമായി 15 ഗാസക്കാരുടെ മൃതദേഹം ഇസ്രയേലും കൈമാറും. ഗാസയിലേക്കുള്ള സഹായവുമായി ഓരോ ദിവസവും 400 ലോറികൾ കടത്തിവിടും എന്നാണ് ഇസ്രയേലിന്‍റെ അറിയിപ്പ്.

രണ്ടാംഘട്ടം

അതാണ് ആദ്യഘട്ടം. അത് പൂർത്തിയായാൽ, അടുത്ത ഘട്ടങ്ങൾക്കുമേലുള്ള ചർച്ചകൾ തുടങ്ങും. അവിടെയാണ് കല്ലുകടി പ്രതീക്ഷിക്കുന്നത്. ഗാസയുടെ നിരായുധീകരണമാണ് അതിലൊന്ന്. എല്ലാ തരത്തിലുമുള്ള സൈനിക, ആക്രമണ ശൃംഖലകൾ തകർക്കും. പലസ്തീൻ ടെക്നോക്രാറ്റ്സിന്‍റെ കമ്മിറ്റി, ഗാസ ഭരിക്കും. ബോർഡ് ഓഫ് പീസിന്‍റെ നിരീക്ഷണത്തിൽ. അതിന്‍റെ മേധാവി ഡോണൾ‍ഡ് ട്രംപായിരിക്കും. ബ്രിട്ടന്‍റെ മുൻ പ്രധാനമന്ത്രിടോണി ബ്ലെയറും അംഗമായിരിക്കും. ഗാസയുടെ ഭരണം പതുക്കെ പലസ്തീൻ അഥോറിറ്റിക്ക് കൈമാറും. അഥോറിറ്റിയുടെ പരിഷ്കരണത്തിന് ശേഷം ഭരണത്തിൽ ഹമാസിന് പങ്കുണ്ടാവില്ല. ഹമാസ് അംഗങ്ങൾക്ക് മാപ്പ് നൽകും. അവിടെ തന്നെ ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ... അല്ലെങ്കിൽ സുരക്ഷിത പാത ഒരുക്കും. ഗാസ വിടാൻ ആരെയും നിർബന്ധിക്കില്ല, പോയവർക്ക് തിരിച്ചുവരാം. പിന്നെയാണ് ഗാസയുടെ പുനർനിർമ്മാണം. ട്രംപിന്‍റെ സാമ്പത്തിക വികസന പദ്ധതി എന്ന പേരിൽ വിദഗ്ധർ അതിനുള്ള രൂപരേഖ തയ്യാറാക്കും.

(ഇസ്രയേൽ അക്രമണത്തിന് ശേഷം ഗാസ)

ഇപ്പോഴും ശേഷിക്കുന്ന സംശയങ്ങൾ പലതാണ്. ഹമാസിന്‍റെ നിരായുധീകരണമാണ് ഇസ്രയേലിന്‍റെ ആവശ്യം. കനത്ത ആയുധങ്ങൾ ഉപേക്ഷിക്കാം . പക്ഷേ, നിരായുധീകരണം പറ്റില്ലെന്നാണ് ഹമാസിന്‍റെ നിലപാട്. അധികാരത്തിൽ പങ്കുവേണമെന്നും ഹമാസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതും ഇസ്രയേൽ അംഗീകരിക്കില്ല. ഇസ്രയേലിന്‍റെ പൂർണപിൻമാറ്റമാണ് ഹമാസിന്‍റെ ആവശ്യം. പൂർണ സൈനിക പിൻമാറ്റം എത്രത്തോളമെന്ന് ഇസ്രയേലും കൃത്യമായി പറഞ്ഞിട്ടില്ല. സമയപരിധിയും പറഞ്ഞിട്ടില്ല. ഇതുരണ്ടും അടുത്ത ഘട്ടത്തിലെ ചർച്ചകളിലാവും വരിക.

ഹമാസിന്‍റെ പ്രധാന സംരക്ഷകരായിരുന്ന ഇറാൻ സമാധാന പദ്ധതി അംഗീകരിച്ചു, മൗനമായി. ഹമാസിന് സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള അധികാരമുണ്ടെന്ന് കഴിഞ്ഞയാഴ്ച തന്നെ ഇറാൻ വിദേശ കാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഒപ്പം, ഇസ്രയേലിനെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പും നൽകി.

ഇസ്രയേലിന് മേലുള്ള സമ്മർദ്ദം

ഏതാണ്ടിത് പോലെ തന്നെ ഒരു പദ്ധതി അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോ ബൈഡനും മുന്നോട്ടുവച്ചിരുന്നു. പക്ഷേ, അന്ന് ഇസ്രയേൽ അതംഗീകരിച്ചില്ല. ട്രംപിന് വേണ്ടി കാത്തിരിക്കയാണ് നെതന്യാഹുവെന്ന് അന്നേ നിരീക്ഷണങ്ങളുമുണ്ടായി. പക്ഷേ, ബൈഡൻ ഇസ്രയേലിനെ സമ്മർദ്ദപ്പെടുത്തിയില്ല. നെതന്യാഹുവിനും ഉറപ്പായിരുന്നു. ബൈഡനെ അനുസരിക്കേണ്ട ബാധ്യതയുണ്ടെന്ന് നെതന്യാഹുവിനും തോന്നിയിട്ടില്ല.

പലതരത്തിലെ സമ്മർദ്ദങ്ങളാണ് ഇസ്രയേലിന് മേലുണ്ടായിരുന്നത്. ഖത്തറിനെ ആക്രമിച്ചത് ഒരു ബൂമറാങ്ങായി. അമേരിക്കയെ അവസാനിമിഷം മാത്രം അറിയിച്ചത് ട്രംപിനെ ചൊടിപ്പിച്ചു. ലക്ഷ്യവും നടന്നില്ല. അൽ ഹയ്യയെ ഉന്നമിട്ടെങ്കിലും മകനാണ് മരിച്ചത്. വൈറ്റ് ഹൗസിലെത്തിയ നെതന്യാഹുവിനെ കൊണ്ട് ട്രംപ്, ഖത്തറി പ്രധാനമന്ത്രിയെ വിളിപ്പിച്ച് മാപ്പ് പറയിച്ചു. ഖത്തറുമായും സൗദിയുമായുമുള്ള ബന്ധം തകർക്കാൻ അമേരിക്കയ്ക്ക് പറ്റില്ല. അതാണ് കാരണം. അറബ് മുസ്ലിം രാജ്യങ്ങൾ അതോടെ ഇസ്രയേലിനെതിരായിരുന്നു. പോരാത്തതിന് യൂറോപ്പിലെ പലരാജ്യങ്ങളും പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് തുടങ്ങിയിരുന്നു. ഇതെല്ലാം കൂടിയാണ് ഇസ്രയേലിനെ ചർച്ചകൾക്കെത്തിച്ചത്.

പക്ഷേ, ബന്ദികൾ തിരിച്ചെത്തിയാൽ ഇസ്രയേൽ വാക്കുമാറ്റി. വീണ്ടും യുദ്ധം തുടങ്ങുമോയെന്ന സംശയം ശക്തമാണ്. നെതന്യാഹു മന്ത്രിസഭയിലെ തീവ്രവലതിന്‍റെ താൽപര്യം അതാണ്. അമേരിക്കയുടെ സമ്മർദ്ദം ശക്തമായി തന്നെ തുടർന്നാലെ അത് നടക്കാതിരിക്കൂ. അതിന് ഗൾഫ് രാജ്യങ്ങളുടെ പിന്തുണയുമുണ്ട്. സംയുക്ത ദൗത്യസംഘത്തിന്‍റെ ഉദ്ദേശം തന്നെ അതാണെന്ന് അനുമാനിക്കണം.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്