ഗര്‍ഭകാലത്ത് ഒരു ജലദോഷം വന്ന് അഡ്മിറ്റായതാണ്, പിന്നെ സംഭവിച്ചത് സമാനതകളില്ലാത്ത അനുഭവം!

Published : Oct 27, 2025, 02:08 PM IST
Hospital Days A column by Sheeja Rajesh

Synopsis

വായനക്കാരുടെ ആശുപത്രി അനുഭവങ്ങള്‍. വേദനയുടെയും സന്തോഷങ്ങളുടെയും കണ്ണീരിന്റെയും ദിനങ്ങള്‍. Hospital Days: A Column on pain and memories  

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

 

 

2012 ജൂലൈ 24 ആയിരുന്നു കടിഞ്ഞൂല്‍ കണ്മണിയുടെ വരവേല്‍പിനായി എനിക്ക് കിട്ടിയിരുന്ന ഡേറ്റ്. ഗര്‍ഭിണി ആയി കുറച്ചു മാസങ്ങള്‍ ആയപ്പോള്‍ ദുബായില്‍ നിന്നും വീട്ടിലേക്കു വന്നു ഞാന്‍. ഡേറ്റ് ആകാനുള്ള കാത്തിരിപ്പില്‍ ദിവസങ്ങള്‍ മുന്നോട്ടു പോയി.

ജൂണ്‍ അവസാനം വരെ കാര്യങ്ങള്‍ വല്യ കുഴപ്പമില്ലാതെ മുന്നോട്ടു പോയി. നോര്‍മല്‍ ഡെലിവറി ന്ന നടക്കണം എന്നുള്ള ആഗ്രഹവും ഓപ്പറേഷനോടുള്ള പേടിയും കാരണം പറ്റുന്ന പോലെ ഓരോ പണികള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു തറയില്‍ ഇരിക്കുക, എണീക്കുക ഇത്യാദി കാര്യങ്ങള്‍ ചെയ്ത് തരക്കേടില്ലാതെ ആക്റ്റീവ് ആയി നിന്നു. അപ്പോഴാണ് ജൂലൈ ആദ്യം ഒരു ജലദോഷം തുടങ്ങിയത്. കുഞ്ഞു വരുന്നതിനു മുമ്പേയുള്ള റൂം ക്ലീനിങ്. നല്ല പൊടിയുണ്ടായിരുന്നു. ജലദോഷം പിന്നെ ചുമയും ചെറിയ പനിയും ഒക്കെ ആയി മാറി.

ജൂലൈ 10 -ന് അമ്മയുമായി ചെക്കപ്പിന് ചെന്ന എന്നെ, കണ്ടിഷന്‍ മോശം ആണെന്ന് കണ്ട് ഡോക്ടര്‍ അഡ്മിറ്റ് ചെയ്തു. ലേശം ബിപിയും ഉണ്ടായിരുന്നു. പറഞ്ഞ ഡേറ്റിന് പിന്നെയും 14 ദിവസം ഉള്ളത് കൊണ്ട് രണ്ടു ദിവസം കിടന്ന് ചുമയും പനിയും കുറഞ്ഞിട്ടു പോകാമെന്നു ഡോക്ടര്‍ പറഞ്ഞു. അത്രേയുള്ളൂ എന്ന് ഞാനും ആശ്വസിച്ചു.

ഭര്‍ത്താവിനെ വിളിച്ചു വിവരം പറഞ്ഞു. റൂം കിട്ടിയപ്പോള്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ എടുക്കാന്‍.

അമ്മ വീട്ടിലേക്കു പോയി. ഞങ്ങള്‍ക്ക് കിട്ടിയത് ഒരു ഷെയറിങ് റൂം ആയിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ക്ക് എന്തൊക്കെയോ പ്രശ്‌നങ്ങളും ബഹളവും ഒക്കെ ഉണ്ടായിരുന്നു. എനിക്ക് ആകെ ടെന്‍ഷന്‍ ആയി. അമ്മ വരും മുന്‍പ് എനിക്ക് ഇത്രയും കാര്യങ്ങള്‍ മനസ്സിലായി- അവരുടെ കുഞ്ഞ് പൊക്കിള്‍കൊടി ചുറ്റി മരിച്ചു. കുഞ്ഞിനെ പുറത്തെടുത്തു. അവരുടെ ഭര്‍ത്താവും ഗള്‍ഫില്‍ ആണ്.

അമ്മ വന്നു. ഞാന്‍ ടെന്‍ഷനില്‍ ആണെന്ന് അമ്മയ്ക്കു മനസ്സിലായി. അമ്മയും കാര്യങ്ങള്‍ അറിഞ്ഞിരുന്നു. 'ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കേണ്ട. ആശുപത്രി അങ്ങനെ ഒക്കെ അല്ലെ. കിടക്കുന്നവര്‍ക്ക് പല വിഷമങ്ങള്‍ കാണും. അതൊന്നും ശ്രദ്ധിച്ചു മനസ്സ് വേവലാതി പിടിപ്പിക്കണ്ട' എന്നൊക്കെ പറഞ്ഞു അമ്മ ധൈര്യം പകര്‍ന്നു.

ഉച്ച കഴിഞ്ഞപ്പോള്‍ മുറിയില്‍ ആകെ ബഹളമായി. കുഞ്ഞിനെ ആശുപത്രിക്കാരുടെ അനാസ്ഥ കാരണം നഷ്ടപ്പെട്ടതാണെന്നും ഇതിനു അവര്‍ മറുപടി പറയണം എന്നും പറഞ്ഞ് ആ ചേച്ചിയുടെ വീട്ടുകാര്‍ വലിയ വഴക്കായി. ചേച്ചിയുടെ രണ്ടാമത്തെ വിവാഹം ആണ്. മൂത്തത് ഒരു മകനുണ്ട്. ചേച്ചിയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹം. ആ വീട്ടുകാര്‍ ഒരു വശത്ത് ഒച്ചയിടുന്നു. ഗള്‍ഫില്‍ നിന്നു ആ ചേട്ടന്‍ വിളിച്ചു വഴക്കും പുകിലും. ഡോക്‌ടേഴ്‌സും സ്റ്റാഫുമൊക്കെ വന്ന് മറുപടി പറയുന്നു. എല്ലാം കണ്ട് എന്റെ ബിപി വച്ചടി വച്ചടി കയറി.

ഇതിനിടയില്‍ റൂം ഒന്ന് മാറാന്‍ അഡ്മിനിസ്‌ട്രേഷനില്‍ ബന്ധപ്പെട്ടു. നടന്നില്ല. പക്ഷേ, അവര്‍ക്ക് വൈകുന്നേരം വേറെ റൂം കിട്ടി. അവര്‍ മാറിപ്പോയി. ഇനി ഒഴിവു വരുന്ന റൂം എനിക്ക് തരാമെന്നു അഡ്മിനിസ്‌ട്രേഷനില്‍ നിന്നും അറിയിച്ചു.

കൂടുതല്‍ മനസ്സിലാവണമെങ്കില്‍, എന്റെ ആശുപത്രി പേടിയുടെ കാരണങ്ങള്‍ അറിയണം. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം വാല്‍വ് ട്രാന്‍സ്പ്ലന്റേഷന്‍ സര്‍ജറിക്ക് പോയ എന്റെ അമ്മ അനസ്‌തേഷ്യയില്‍ വന്ന പിഴവ് കാരണം കോമ സ്റ്റേജില്‍ ആകുകയും മരണപ്പെടുകയും ചെയ്തിരുന്നു. ആ ഷോക്ക് ഇന്നും എന്റെ ഉള്ളില്‍ ഉണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയത് കൊണ്ടാകാം അതില്‍ പിന്നെ എനിക്ക് സര്‍ജിക്കല്‍ പ്രൊസീജേഴ്‌സ്, അനേസ്‌തേഷ്യ എന്നൊക്കെ കേട്ടാല്‍ തന്നെ പേടിയാണ്.

ഗര്‍ഭിണി ആയപ്പോള്‍ മുതല്‍ സിസേറിയന്‍ ആകുമോ എന്ന പേടി ഉണ്ട്. ആയാല്‍ അനസ്‌തേഷ്യ തരും. അങ്ങനെ വന്നാല്‍ എനിക്കോ കുഞ്ഞിനോ വല്ലോം പറ്റുമോ. ഞാന്‍ എന്റെ അമ്മയെ പോലെ വീണ്ടും ഉണര്‍ന്നില്ലെങ്കിലോ എന്നൊക്കെ ഭയക്കും. ഹസ്ബന്റിനോട് ചെറുതായി സൂചിപ്പിച്ചാല്‍ തന്നെ പുള്ളി വഴക്ക് പറയും. 'നിനക്ക് വേറെ പണി ഒന്നുമില്ലേ, കുത്തിയിരുന്ന് ചിന്തിച്ചു കൂട്ടിക്കോ' എന്നൊക്കെ.

എന്തായാലും എന്റെ ഉള്ളിലെ പേടി വളര്‍ന്നു. ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതും എന്നെ മാനസികമായി തളര്‍ത്തി. എങ്കിലും ഞാന്‍ ഒന്നും പ്രകടിപ്പിച്ചില്ല. ഈ സമയത്താണ് ഞാനന്ന് ആശുപത്രിയിലായത്.

റൂം മാറി പോകുമ്പോള്‍ ആശുപത്രിക്കാരുടെ പിഴവ് കാരണം തന്നെയാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത് എന്ന് ആ ചേച്ചി എന്നോട് തറപ്പിച്ചു പറഞ്ഞിട്ട് പോയി. എനിക്കതു വല്ലാത്ത ഭീതിയായി.

കിടക്കാന്‍ നേരം വയറിനുള്ളില്‍ എന്തോ അസ്വസ്ഥത പോലെ. കുഞ്ഞിന്റെ അനക്കം ഒന്നും അറിയുന്നില്ല. അമ്മ കിടന്നു. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ എണീറ്റു മുറിയില്‍ നടക്കാന്‍ നോക്കി.

ഇത് കണ്ട അമ്മ ചാടി എണീറ്റു. 'എന്താ വയ്യായോ' എന്ന് ചോദിച്ചു. 'എന്തോ ഒരു വല്ലായ്മ അമ്മേ' എന്ന് ഞാന്‍ പറഞ്ഞു.

'ഒന്നുമില്ല. നീ പകലത്തെ കാര്യങ്ങള്‍ കണ്ട് ടെന്‍ഷന്‍ ആയതാ. ഡേറ്റ് ആയിട്ടൊന്നുമില്ലല്ലോ. പേടിക്കണ്ട. ഞാന്‍ പോയി സിസ്റ്ററിനെ വിളിക്കാം' എന്നും പറഞ്ഞു അമ്മ നഴ്‌സിംഗ് റൂമിലേക്ക് പോയി. സിസ്റ്റര്‍ വന്നു. ബിപി നോക്കി. കൂടുതല്‍ ആയിരുന്നതുകൊണ്ട് അപ്പോള്‍ തന്നെ ഡോക്ടറജനെ ഫോണ്‍ ചെയ്തു. ഡോക്ടര്‍ കുഞ്ഞിന്റെ മൂവ്‌മെന്റ്‌സ് നോക്കാന്‍ ലേബര്‍ റൂമിലേക്ക് കൊണ്ട് പോവാന്‍ പറഞ്ഞു. അങ്ങോട്ട് കയറ്റി കഴിഞ്ഞപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ വന്നു നോക്കി. കുഞ്ഞിന്റെ അനക്കം ഇല്ല. കാര്യം അത്ര പന്തി അല്ലെന്നു കണ്ടപ്പോള്‍, പനിവന്ന് കിടക്കാന്‍ പോയ എന്നെ എമര്‍ജന്‍സി സിസേറിയന് റെഡി ആക്കാന്‍ പറഞ്ഞു.

'കുഴപ്പം വല്ലോം ഉണ്ടോ... വേറെ ഹോസ്പിറ്റലില്‍ കൊണ്ട് പോകണോ' എന്നൊക്കെ അമ്മ അവരോട് ചോദിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കും ടെന്‍ഷന്‍ ഉണ്ടെന്നു എനിക്ക് മനസ്സിലായി.

വെളിയില്‍ അമ്മ മാത്രം. കാലത്ത് 11.30. കിളി പോയി ഞാന്‍ അകത്ത്. എന്തായാലും ധൈര്യം കൈവിടില്ല എന്ന് ഉറപ്പിച്ചു. സിസ്റ്ററിനോട് ഒരു കാര്യം ഞാന്‍ പറഞ്ഞു. ഭര്‍ത്താവിനെ വിളിക്കണം, വിവരം പറയണം. സിസ്റ്റര്‍ ഫോണ്‍ നല്‍കി. ഒന്നും പേടിക്കണ്ടാന്ന് പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. പിന്നെ അദ്ദേഹം വീട്ടിലേക്കു വിളിച്ച് അച്ഛനെയും സഹോദരിയെയും ചിറ്റപ്പനെയും ഒക്കെ വിവരം അറിയിച്ചു. എന്നെ സര്‍ജറിക്ക് തിയേറ്ററിലേക്ക് കൊണ്ടുപോകാന്‍ ഇറക്കുമ്പോള്‍ പുറത്തു അമ്മയുടെ കൂടെ അവര്‍ മൂന്നു പേരും ഉണ്ടായിരുന്നു.

അകത്ത് ധൈര്യം സംഭരിച്ച് ഞാന്‍ കണ്ണ് പോലും അടയ്ക്കാതെ കിടന്നു. അനസ്‌തേഷ്യ തന്നു. ഒടുവില്‍ 1.54 ന് അവന്‍ വന്നു, എന്റെ ജീവിതത്തിലേക്ക്. ഞങ്ങളുടെ മകന്‍. 'ഷീജ കണ്‍ഗ്രാജുലേഷന്‍സ്, ബേബി ബോയ്' എന്ന് പറഞ്ഞപ്പോള്‍ വിക്ടറി സൈന്‍ കാണിക്കണം എന്നൊക്കെ ഉണ്ടായിരുന്നെങ്കിലും കൈ ഉള്‍പ്പെടെ മരവിച്ച ഒരു അവസ്ഥയായിരുന്നു.

സര്‍ജറി കഴിഞ്ഞു. നേരം വെളുത്തു. ഒന്നുറങ്ങാന്‍ പോലും ശ്രമിക്കാതെ ഞാന്‍ അപ്പോളും ടെന്‍ഷനിലാണ്. കാരണം എനിക്ക് കുഞ്ഞിനെ തരുന്നില്ല. കുഞ്ഞ് NICUയില്‍ ആണ്. ഹൃദയമിടിപ്പ് നിരക്ക് അല്‍പ്പം കൂടുതല്‍ എന്നാണ് പറഞ്ഞിരുന്നത്. രാവിലെ 10 മണി ആയിട്ടും കുഞ്ഞിനെ പാല്‍ കൊടുക്കാന്‍ തരാതെ ആയപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, എന്തോ കുഴപ്പം ഉണ്ടെന്ന്. എന്റെ ചുറ്റും നില്‍ക്കുന്നവര്‍ പരസ്പരം പറയുന്നതൊക്കെ എന്നെയും കുഞ്ഞിനെയും കുറിച്ചാണെന്നും തലേന്ന് റൂമില്‍ ഉണ്ടായിരുന്ന ചേച്ചിക്ക് സംഭവിച്ചത് പോലെ എന്തോ സംഭവിച്ചിട്ടുണ്ടെന്നും എന്നോട് കള്ളം പറയുകയാണെന്നും ഞാനാലോചിച്ചു.

ചോദിക്കാനുള്ള ധൈര്യം പോലും ഇല്ലാതെ ഞാന്‍ തളര്‍ന്നു കിടന്നു. തല പൊട്ടി പോകുന്ന പോലെ. കുറച്ചു നേരം കഴിഞ്ഞു ഡോക്ടര്‍ റൌണ്ട്‌സ് വന്നു. എന്നെ നോക്കി ചിരിച്ചു. 'എല്ലാം ചെക്ക് ചെയ്തു. കുഴപ്പം ഒന്നുമില്ല. കുറച്ചു കഴിഞ്ഞ് റൂമിലേക്ക് മാറ്റാം' എന്ന് നഴ്‌സുമാരോട് പറഞ്ഞു. 'ഉറങ്ങിക്കോളൂ' എന്ന് പറഞ്ഞു ഡോക്ടര്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവരുടെ സാരിയില്‍ പിടിച്ചു. എനിക്ക് കുഞ്ഞിനെ തരുന്നില്ലെന്നും കുഴപ്പം വല്ലോം ഉണ്ടൊന്നും ചോദിച്ച് ഞാന്‍ കരഞ്ഞു. ഡോക്ടര്‍ എന്നെ സമാധാനിപ്പിച്ചു. 'എനിക്ക് തല പൊട്ടുവാണ്' എന്ന് ഞാന്‍ പറഞ്ഞു.

'ഷീജ എന്താ ഉറങ്ങാത്തത്. അനേസ്‌തേഷ്യ തന്നതല്ലേ. റെസ്റ്റ് എടുത്തില്ലെങ്കില്‍ പ്രശ്‌നമാവും. പിന്നെ തലവേദന മാറില്ല, ഉറങ്ങണം..' എന്നൊക്കെ ഡോക്ടര്‍ സ്‌നേഹത്തോടെ പറഞ്ഞു.

'കുഞ്ഞിന് ഒരു കുഴപ്പവുമില്ല. കാര്യങ്ങള്‍ അവര്‍ പറഞ്ഞതല്ലേ.NICU-ല്‍ നിന്നു കുഞ്ഞിനെ അങ്ങനെ എപ്പോഴും എടുക്കാന്‍ പാടില്ല' എന്നും പറഞ്ഞു. എന്റെ കരച്ചില്‍ കണ്ടിട്ടാകും, സാരമില്ല, ഒരു വട്ടം കാണിക്കാം എന്ന് ഡോക്ടര്‍ സമ്മതിച്ചു.

നഴ്‌സിനോട് പറഞ്ഞപ്പോള്‍, 'എപ്പോഴും കുഞ്ഞിനെ അങ്ങനെ എടുക്കാന്‍ പറ്റില്ലല്ലോ' അവര്‍ ഡോക്ടറോട് പറഞ്ഞു. 'ശരിയാണ്, പക്ഷെ അമ്മയ്ക്ക് സമാധാനം ആകട്ടെ, എന്റെ മുന്നില്‍ വച്ചൊന്നു കാണിച്ചു കൊടുക്ക്' എന്ന് ഡോക്ടര്‍ മറുപടി പറഞ്ഞു. അങ്ങനെ അവനെ മുറിയില്‍ കൊണ്ട് വന്നു.

'ഇനി സമാധാനമായി ഉറങ്ങിക്കോ. കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റാം' എന്ന് പറഞ്ഞ് ഡോക്ടര്‍ പോയി. പിന്നെ അമ്മ വന്ന് കുഞ്ഞ് NICU-യില്‍ ഉണ്ട്. കുഴപ്പമൊന്നും ഇല്ല, നീ സമാധാനമായി കിടന്നോ എന്ന് പറഞ്ഞു. ഉച്ചയോടെ എന്നെ റൂമിലേക്ക് മാറ്റി, എങ്കിലും മോനെ വൈകുന്നേരം ആണ് കയ്യില്‍ കിട്ടിയത്.

അവനെ ഡോക്ടറുടെ മുന്നില്‍ വച്ചു കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും സമാധാനം ആയി കിടക്കാന്‍ തുടങ്ങിയത്. അത്രയും മണിക്കൂറുകള്‍ ഞാന്‍ അനുഭവിച്ചതെന്ത് എന്ന് കൃത്യം വാക്കുകളില്‍ വിവരിക്കാന്‍ എനിക്ക് കഴിയില്ല. ഇപ്പോഴും വിഷമവും സന്തോഷവും എല്ലാം കൂടി കലര്‍ന്ന വല്ലാത്തൊരു അനുഭവം ആണ് അതോര്‍ക്കുന്നത്.

അന്ന് ഒരുപാട് സപ്പോര്‍ട്ട് ചെയ്ത ഡോ. സില്‍വി ജോസിനെ ഒരിക്കലും മറക്കാന്‍ പറ്റില്ല. പിന്നെ അമ്മ. ഭര്‍ത്താവിന്റെ അമ്മയാണ് അതെന്ന് സ്റ്റാഫ് ഒക്കെ മനസ്സിലാക്കിയത് പിന്നീടാണ്. സ്വന്തം അമ്മ ചെയ്യുന്ന പോലെ ആണല്ലോ നോക്കുന്നത് എന്ന് ഒരു സിസ്റ്റര്‍ എന്നോട് പറഞ്ഞു. അത്രയ്ക്ക് കരുതലായിരുന്നു അമ്മയ്ക്ക്.

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്