
ജപ്പാനിൽ ഗ്ലാസ് സീലിംഗ് തകർത്ത് ഒരു വനിത പ്രധാനമന്ത്രിയായിരിക്കുന്നു. പക്ഷേ, അത്രക്ക് ആഘോഷിക്കാനില്ല എന്നാണ് സ്ത്രീപക്ഷം. കാരണം സനേ തകൈച്ചി (Sanae Takaichi) സ്ത്രീ പക്ഷവാദിയല്ല, യാഥാസ്ഥിതികയാണ്. കടുത്ത ദേശീയവാദി, എൽഡിപിയിലെ (Liberal Democratic Part) വലതുപക്ഷം. മാർഗററ്റ് താച്ചറിന്‍റെ കടുത്ത ആരാധിക. അതുകൊണ്ട് നീലനിറമുള്ള വസ്ത്രം ധരിക്കുന്നു. ജപ്പാന്‍റെ ഉരുക്കുവനിത ആകാനാണ് ഇഷ്ടം. പക്ഷേ, താച്ചറിന്‍റെ രാഷ്ട്രീയമല്ല. തകൈച്ചിയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ഒരുപാടുണ്ട് താനും.
ലിബറൽ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ വോട്ടെടുപ്പിൽ ഷിൻജിറോ കൊയിസുമിയെ (Shinjiro Koizumi) തോൽപ്പിച്ച സനേ തകൈച്ചി ജാപ്പനീസ് പാർലമെന്‍റായ ഡയറ്റിൽ (National Diet) കേവല ഭൂരിപക്ഷവും നേടിയാണ് പ്രധാനമന്ത്രിയായത്. സഖ്യസർക്കാരിന് നേരത്തെ തന്നെ ധാരണയായിരുന്നു. സ്ഥാനമൊഴിയുന്ന ഷിഗെരു ഇഷിബയ്ക്ക് (Shigeru Ishiba) പകരമാണ് തകൈച്ചി സ്ഥാനമേൽക്കുക. ഇഷിബയുടെ മിതവാദം ഇതോടെ അവസാനിക്കുകയാണ്. രാജ്യത്ത് ഇനി വലത് രാഷ്ട്രീയത്തിന്‍റെ കാലമാണ്.
മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ (Shinzo abe) വളർത്തിയെടുത്തതാണ് തകൈച്ചിയെ. 2022-ൽ കൊല്ലപ്പെട്ട ആബേയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകലാണ് സനേ തകൈച്ചിയുടെ ദൗത്യം. വലത്തേക്കാണ് ചായ്‍വ്. സ്വവർഗ വിവാഹത്തോട് എതിർപ്പ്. വിവാഹിതരായ സ്ത്രീകൾ സ്വന്തം പേര് നിലനിർത്തുന്നത് എതിർക്കുന്നു. ഭർത്താവിന്‍റെ പേര് സ്വീകരിക്കണമെന്നാണ് വാദം. രാജ കൊട്ടാരത്തിലെ അനന്തരാവകാശിയായി സ്ത്രീകളെ വാഴിക്കുന്നതിനെയും എതിർക്കുന്നു. Work - Life Balance എന്ന ആശയമൊന്നും തകൈച്ചി അംഗീകരിക്കുന്നില്ല. '24 മണിക്കൂറും പണിയെടുക്കൂ' എന്നതാണ് നയം. ഉന്നത വിദ്യാഭ്യാസവും മറ്റ് മാനദണ്ഡങ്ങളും ഉണ്ടെങ്കിലും ജപ്പാനിലെ സ്ത്രീകൾക്ക് സമൂഹത്തിൽ സ്ഥാനം കുറവെന്നാണ് വിമർശനം. ജനപ്രതിനിധികളുടെ കാര്യത്തിൽ ജി 7 രാഷ്ട്രങ്ങളിൽ ഏറ്റവും പിന്നിലാണ് ജപ്പാൻ. വ്യവസായങ്ങളിൽ പോലും നേതൃസ്ഥാനം സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നതാണ് രാജ്യത്തെ പതിവ്. സനേ തകൈച്ചി ഒഴുക്കിനെതിരെ നീന്തില്ലെന്ന് ഉറപ്പാണ്.
ലോകമഹായുദ്ധത്തിലെ ദുരന്തത്തിന് ശേഷം ജപ്പാന് ഒരു പ്രഖ്യാപിത നയമുണ്ടായി, സമാധാനത്തിന്‍റെ വഴി. യുദ്ധത്തതിനുളള അവകാശം നിഷേധിച്ച് കൊണ്ട് ഭരണഘടനയിൽ ആര്‍ട്ടിക്കിൾ 9 (Article 9) ഉൾപ്പെടുത്തി. കര, നാവിക, വ്യോമ സേനകൾ വേണ്ടെന്നുവച്ചു. പക്ഷേ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അതിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയിരുന്നു. ഷിൻസോ ആബേ അതിന്‍റെ വക്താവായി. പലതും അതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സാമ്പത്തിക രംഗത്തെ തളർച്ച, വടക്കൻ കൊറിയയുടെ ആണവ പദ്ധതി, തർക്കപ്രദേശങ്ങളിലെ ചൈനീസ് ആധിപത്യം ഇതൊക്കെ നയംമാറ്റത്തിന് വഴിവച്ചുവെന്ന് കരുതണം. ജപ്പാന്‍റെ സൈനികനയം ആബേ തിരുത്തി. ആര്‍ട്ടിക്കിൾ 9 -ന്‍റെ വ്യാഖ്യാനം തിരുത്തി.
പ്രതിരോധത്തിന് സൈന്യത്തിന് അവകാശം നൽകി. സഖ്യകക്ഷികൾക്ക് വേണ്ടി കടൽ കടന്ന് യുദ്ധം ചെയ്യാമെന്നും തിരുത്തി. അമേരിക്കയുമായി കൂടുതൽ അടുത്തു. വിദേശനയത്തിലും മാറ്റങ്ങൾ വന്നു. യുദ്ധ വീരന്മാരെ ആദരിക്കുന്ന വിവാദ ആരാധനാലയമായ യാസുകുനി ഷ്രയ്ൻ (Yasukuni Shrine) സന്ദർശിച്ചു. സനേ തകൈച്ചിയും ആ വഴിക്കാണ്. യാസുകുനി പലവട്ടം സന്ദർശിച്ചിട്ടുണ്ട്. ജപ്പാന്‍റെ യുദ്ധകുറ്റകൃത്യങ്ങൾക്ക് ഇരയായ ചൈനയും കൊറിയയും അത് പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ചൈനാ വിരുദ്ധയാണ് സനേ. ചൈനയെ നേരിടാൻ പാകത്തിൽ ജാപ്പനീസ് സൈന്യത്തെ സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തായ്‍വാനുമായി പ്രത്യേക സൈനിക സഖ്യം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റത്തിനും എതിര്. വിദേശ വിനോദ സഞ്ചാരികളുടെ 'മര്യാദകെട്ട പെരുമാറ്റം' നിയന്ത്രിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്.
ജാപ്പനീസ് പാർലമെന്‍റിലേക്ക് ജൂലൈയിൽ നടന്ന തെരഞ്ഞെുടുപ്പിൽ ഭരണകക്ഷിക്ക് ഉപരിസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. അതിന് മുൻപേ തന്നെ അധോസഭയിലും. പക്ഷേ, ഉപരിസഭയിൽ ജാപ്പനീസ് ഫസ്റ്റ് എന്നത് പ്രചാരണ വാക്യമാക്കിയ സാൻസിറ്റോ (Sanseito) എന്ന വലതുപക്ഷ പാർട്ടി 15 സീറ്റ് നേടി. സ്ഥിരതയുള്ള ജനാധിപത്യ സംവിധാനം, പ്രവചനങ്ങൾ തെറ്റിക്കാത്ത തെരഞ്ഞെടുപ്പ് ഫലം. അതാണ് ജപ്പാനിലെ പതിവ്. പക്ഷേ, ഇത്തവണ എല്ലാം തെറ്റി. എൽപിഡി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായി അത്.
വിലക്കയറ്റവും നാണ്യപ്പെരുപ്പവും വേതനത്തിലെ അസംതൃപ്തിയും ജനങ്ങളെ മടുപ്പിച്ച് തുടങ്ങിയിരുന്നു. കൂടിവരുന്ന കുടിയേറ്റം മറ്റൊരു കാരണമായി. ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നതിനാൽ കുടിയേറ്റക്കാർ വേണമെന്ന് വാദിക്കുന്നവരുണ്ട്. ജോലി ചെയ്യാനും പ്രായമായവരെ ശുശ്രൂഷിക്കാനും നികുതി കൊടുക്കാനും. പക്ഷേ, വലിയൊരു വിഭാഗത്തിന് അതിനോട് താൽപര്യമില്ല. വിദേശികളുടെ വരവ് സ്വാഗതം ചെയ്യുന്ന സർക്കാർ നയം അവരെതിർത്തു. യെന്നിന്‍റെ മൂല്യം ഇടിഞ്ഞതോടെയാണ് വിനോദ സഞ്ചാരം സർക്കാർ സ്വാഗതം ചെയ്തത്. പക്ഷേ, വിനോദ സഞ്ചാരികളുടെ മോശം പെരുമാറ്റവും സെൽഫി ഭ്രാന്തും അങ്ങേയറ്റത്തെ മര്യാദയും ഒതുങ്ങിയ ജീവിതശൈലിയുള്ള ജാപ്പനീസ് സാധാരണക്കാർക്ക് വെറുപ്പായി. ഇതെല്ലാം എതിർത്ത സാൻസിറ്റോയെ അവർ അംഗീകരിച്ചു.
കഴിഞ്ഞ വർഷം ടോക്കിയോയിലെ ക്ഷേത്ര മതിൽ വരച്ച് വൃത്തികേടാക്കിയതിന് ഒരു അമേരിക്കൻ സഞ്ചാരി അറസ്റ്റിലായിരുന്നു. അതേ പോലെ, ഫ്യൂജി മലനിരയുടെ ഫോട്ടോയെടുക്കാൻ തിക്കിത്തിരക്കി ഗതാഗത കുരുക്കുണ്ടാക്കിയ സഞ്ചാരികളെ നിയന്ത്രിക്കാൻ ഒരു ചെറുപട്ടണത്തിലെ അധികൃതർ മലനിരയുടെ കാഴ്ച മറച്ച് സ്ക്രീൻ സ്ഥാപിച്ചു. ചപ്പുചവറ് വലിച്ചെറിയുന്ന സഞ്ചാരികളുടെ സ്വഭാവവും നാട്ടുകാർക്ക് വെറുപ്പായി. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട സാൻസിറ്റോയ്ക്ക് ആരാധകർ കൂടി.
ഇതിനിടെ ചില നുണപ്രചാരണങ്ങളും ഉണ്ടായെന്ന് റിപ്പോർട്ടുണ്ട്. അതെല്ലാം നാട്ടുകാരേറ്റെടുത്തെന്നും. എന്തായാലും ഇതെല്ലാം സഹായിച്ചത് സാൻസിറ്റോയെയാണ്. സാൻസിറ്റോ സ്ഥാപിച്ചത് ട്രംപിന്‍റെ ആരാധകനായ സോഹി കമിയ (Sohei Kamiya) ആണ്. കൊവിഡ് കാലത്ത് വാക്സിനേഷനെ എതിർത്തുള്ള യൂട്യൂബ് വീഡിയോകളിലൂടെയാണ് സോഹി കമിയ പ്രശസ്തമായത്. പിന്നെ കുടിയേറ്റ വിരുദ്ധതയായി, നികുതി വെട്ടിക്കുറക്കലായി, ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയായി... അങ്ങനെയങ്ങനെ പാർലമെന്‍റിൽ ഒരു സീറ്റ് കിട്ടി. പിന്നെയത് 15 സീറ്റായി. അവർക്കൊപ്പം കൂടിയ യാഥാസ്ഥിതികരെ ആകർഷിക്കുകയാണ് സനേ തകൈച്ചിയുടെയും എൽപിഡിയുടെ ലക്ഷ്യം.