Column: സൈലന്റ് വാലിയിലേയ്ക്ക് ഒരു യാത്ര; നഷ്ടപ്രണയസ്മൃതികളില്‍ വയലാറിന്റെ പാട്ടുകള്‍

Published : Oct 27, 2025, 01:59 PM IST
Paattorma a music column by Sharmila C Nair

Synopsis

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം | Paattorma A column on Music love and memory by Sharmila C Nair 

വയലാര്‍ രാമവര്‍മ്മ വിട വാങ്ങിയിട്ട് ഇന്ന് അമ്പതു വര്‍ഷങ്ങള്‍. വയലാര്‍ ഇല്ലാതായിട്ടും ആ പാട്ടുകള്‍ ഇന്നും മലയാളി ജീവിതങ്ങളെ പ്രണയവിരഹങ്ങളിലേക്ക് നാടുകടത്തുന്നു. അത്തരം ഒരോര്‍മ്മയാണിത്. നഷ്ടപ്രണയത്തിന് വയലാര്‍ ഗാനങ്ങളുടെ അടിക്കുറിപ്പ്.

 

 

മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി ചുരം കയറി മുക്കാലി വഴി സൈലന്റ് വാലിയിലേയ്ക്ക് ഒരു യാത്ര. കാടിന്റെ വന്യതയ്‌ക്കൊപ്പം നമ്മെ പൊതിയുന്ന നിശ്ശബ്ദത. സൗഹൃദയാത്രകളുടെ സൗന്ദര്യം ഒരിയ്ക്കലും ഔദ്യോഗിക യാത്രകള്‍ക്ക് ഉണ്ടാവില്ല. അതുകൊണ്ട് തന്നെ സൈലന്റ് വാലിയിലേയ്ക്കുള്ള ആ യാത്ര ഒരു സ്ഥലം കാണലായി പരിണമിച്ചു എന്ന് വേണം പറയാന്‍.

''നമുക്ക് ഒരിയ്ക്കല്‍ സൈലന്റ് വാലിക്ക് പോവണം. എല്ലാം മറന്നൊരു യാത്ര. ട്രക്കിംഗിനും പോവണം.' ഒരു കൂടിക്കാഴ്ചയില്‍ ഞാനത് പറഞ്ഞപ്പോഴാണ് അവള്‍ പഴയൊരു സൈലന്റ് വാലി യാത്രയെ കുറിച്ച് പറഞ്ഞു തുടങ്ങിയത്.

പാലക്കാട് സ്‌കൂളില്‍ ജോലി ചെയ്യുന്ന സമയത്താണ് അവര്‍ നാല് റ്റീച്ചര്‍മാര്‍ ഒരു സൈലന്റ് വാലി യാത്ര പ്ലാന്‍ ചെയ്തത്. കാടിന്റേയും കടലിന്റേയും വന്യസൗന്ദര്യം എന്നും മാടി വിളിച്ചിരുന്നത് കൊണ്ടാവണം രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല അവള്‍ക്ക് . സൈലന്റ് വാലിയില്‍ വച്ചായിരുന്നു അവള്‍ അവനെ വീണ്ടും കാണുന്നത്. കാതുകള്‍ക്കൊപ്പം എന്റെ മനസ്സും അവളുടെ കഥയിലേയ്ക്ക് വഴുതിവീണു.

അവള്‍ ബിഎഡിന് ചേര്‍ന്ന കാലം. അന്നൊക്കെ ബി എഡ് വിദ്യാര്‍ത്ഥികള്‍ക്ക് സാരി നിര്‍ബ്ബന്ധമായിരുന്നു. അവളത് പറയുമ്പോള്‍ അഞ്ചോ ആറോ സാരികള്‍ മാറി മാറി ഉടുത്തിരുന്ന ബി എഡ് കാലം എന്റെ മനസ്സിലും തെളിഞ്ഞു. ഒരിയ്ക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കാലം. ഞാന്‍ ബി എഡിന് പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ രണ്ടാം വിവാഹം. അമ്മയുടെ സ്ഥാനത്ത് മറ്റൊരാള്‍. സ്വന്തം ജീവിതത്തില്‍ അതുള്‍ക്കൊള്ളാന്‍ വല്യ പ്രയാസമാണ്. അവളും അങ്ങനായിരുന്നല്ലോ. ഒരേ തൂവല്‍പക്ഷികള്‍!

ബി എഡിന് പഠിക്കുമ്പോഴാണ് അവള്‍ അവനെ പരിചയപ്പെടുന്നത്. ഹിന്ദി ബി എഡിന് ഒരാണ്‍കുട്ടിയേ ഉണ്ടായിരുന്നുള്ളൂ അവരുടെ റ്റീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍. അത് അവനായിരുന്നു. എപ്പോഴും ഒറ്റയ്ക്ക് നടന്നിരുന്ന, വിഷാദം തുളുമ്പുന്ന കണ്ണുകളുള്ള ഒരു താടിക്കാരന്‍ പയ്യന്‍. പലപ്പോഴും അവള്‍ അങ്ങോട്ട് പോയി സംസാരിക്കാറായിരുന്നു പതിവ്. വിരസമായ അവളുടെ ബി എഡ് ദിനങ്ങളിലെ നിറമുള്ളോരോര്‍മ്മ! അതുപോലുമില്ലായിരുന്ന എന്റെ ബി. എഡ് കാലം മനസില്‍ മിന്നി മാഞ്ഞു.

കോളേജില്‍ മിക്കവാറും സെലിബ്രേഷന്‍സ് ഉണ്ടാവും. എല്ലാവരും നിര്‍ബന്ധമായും ഏതെങ്കിലും ഐറ്റത്തില്‍ പങ്കെടുത്തേ പറ്റൂ. അങ്ങനൊരു ദിവസമാണ് മറ്റു മാര്‍ഗ്ഗമില്ലാതെ അവനാ പാട്ട് പാടുന്നത്. പാട്ട് കഴിഞ്ഞപ്പോള്‍ നിര്‍ത്താത്ത കൈയ്യടിയായിരുന്നു. അതോടെ അതുവരെ അവനെ ശ്രദ്ധിക്കാതിരുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി അവന്‍ മാറി. മുമ്പും അവനെ ശ്രദ്ധിച്ചിരുന്ന അവള്‍ക്കന്നേരം വല്ലാത്ത കുശുമ്പ് തോന്നി. അവളുടെ എക്കാലത്തേയും പ്രിയ ഗാനങ്ങളില്‍ ഒന്നായിരുന്നു അത്. ഏതെന്ന് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ മൂളി തുടങ്ങി.

 

സീമന്തിനീ…
സീമന്തിനീ നിന്‍ ചൊടികളിലാരുടെ
പ്രേമമൃദുസ്‌മേരത്തിന്‍ സിന്ദൂരം
ആരുടെ കൈനഖേന്ദു മരീചികളില്‍
കുളിച്ചാകെ തളിര്‍ത്തു നിന്‍ കൗമാരം.

'അതിഥി' എന്ന ചിത്രത്തിലെ വയലാറിന്റെ ഭാവനാ സുന്ദരമായ രചന. സിന്ധു ഭൈരവിയുടെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്ത ദേവരാജന്‍ മാഷിന്റെ രാഗച്ചാര്‍ത്ത്. യേശുദാസിന്റെ വിഷാദാര്‍ദ്രമായ ആലാപനം. അവളെപ്പോലെ എന്റെയും പ്രിയ ഗാനങ്ങളിലൊന്ന്. ഷീലാമ്മയാണ് ഗാനരംഗത്ത്. എന്റെ മനസിലൂടെ ആ ഗാനത്തിന്റെ വരികള്‍ കടന്നുപോവെ അവള്‍ കഥ തുടര്‍ന്നു.

'ആ സംഭവത്തിന് ശേഷം അവന് ധാരാളം ആരാധികമാരുണ്ടായി. പലരും അങ്ങോട്ട് പോയി പരിചയപ്പെട്ടു. പക്ഷേ, അവന്‍ എല്ലാവരില്‍ നിന്നും ഒരകലം പാലിച്ചു. പെട്ടെന്നൊരു ദിവസം അവനെ കാമ്പസില്‍ കാണാതായി. എന്റെ ഒരു നാട്ടുകാരി അവന്റെ ക്ലാസിലുണ്ടായിരുന്നു. അവളോട് ഞാന്‍ തിരക്കി.

'നിനക്കവനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നല്ലേ? അവന് ഫോറസ്റ്റ് ഗാര്‍ഡ് ആയി ജോലി കിട്ടി. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം കോഴ്‌സ് നിര്‍ത്തി അവന്‍ ജോലിക്ക് ചേര്‍ന്നു.' കേട്ടപ്പോള്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. അന്നൊന്നും മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ഒന്നുമില്ലല്ലോ. ലാന്റ് ഫോണ്‍ പോലും വിരളം. ഹിന്ദി ക്ലാസ് റൂമിന് മുന്നിലൂടെ നടക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ പലപ്പോഴും അവനെ തിരഞ്ഞു. പക്ഷേ, പിന്നീടൊരിക്കലും ഒരിടത്തും അവനെ കണ്ടില്ല.' -അവള്‍ പറഞ്ഞുകൊണ്ടിരുന്നു.

'ബി എഡ് കഴിഞ്ഞ് സ്‌കൂളില്‍ ജോലിക്ക് കയറിയ വര്‍ഷം. എനിക്ക് വിവാഹാലോചനകള്‍ തുടങ്ങിയിരുന്നു. വെറുതേ ഓര്‍ത്തു പോയിട്ടുണ്ട്, എന്നെ ഞെട്ടിച്ചുകൊണ്ട് കാണാന്‍ വരുന്ന പയ്യന്‍ അവനായിരുന്നെങ്കില്‍ എന്ന്. ഒരു ഫോറസ്റ്റ് ഗാര്‍ഡിന് മോളെ കെട്ടിച്ചു കൊടുക്കാന്‍ പ്രതാപിയായ എന്റെ അച്ഛന്‍ തയ്യാറാവില്ലെന്ന് അറിയാഞ്ഞിട്ടല്ല, ചില ഭ്രാന്തന്‍ സങ്കല്പങ്ങള്‍ക്ക് പോലും ഒരു മാധുര്യമുണ്ട്. വേഷം കെട്ടല്‍ അധികം നീണ്ടില്ല. രണ്ടാമത്തെ വേഷം കെട്ടലില്‍ ജീവിതം തീറെഴുതപ്പെട്ടു. പിന്നെയും തികച്ചും ഒറ്റയ്ക്കാവുന്ന സന്ദര്‍ഭങ്ങളില്‍ ആ പാട്ടും അവനും ചിലപ്പോഴൊക്കെ ഓര്‍മ്മയില്‍ തെളിഞ്ഞു. ഒരുപക്ഷേ, അതിനു മുമ്പോ ശേഷമോ ഓര്‍ക്കാനൊരു പ്രണയം ഇല്ലാഞ്ഞിട്ടാവണം!'

അവളത് പറയുമ്പോള്‍ എന്റെ മനസ് പാട്ടുകള്‍ നിറഞ്ഞ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് ചിറകടിച്ച് പറന്നു. കുട്ടിക്കാല ഓര്‍മ്മകളില്‍ നിറഞ്ഞ് നിന്നിരുന്ന ഗാനം. അപ്പച്ചിയുടെ മുഖം മനസ്സിലൂടെ മിന്നിമറഞ്ഞു. തൂലിക പ്രണയത്തില്‍ മുക്കി വയലാര്‍ രചിച്ച ആ മനോഹര പ്രണയ ഗാനം ഒന്നുകൂടി കേള്‍ക്കാന്‍ തോന്നി. എനിക്ക് മാത്രമല്ല അവള്‍ക്കും. വയലാറിനല്ലാതെ മറ്റാര്‍ക്കാണ് ഇത്ര ലളിത സുന്ദരമായി എഴുതാന്‍ കഴിയുക.

'വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള
ചഞ്ചല പദങ്ങളോടെ - നീ
മന്ദം മന്ദം നടക്കുമ്പോള്‍ താനേ പാടുമൊരു
മണ്‍ വിപഞ്ചികയീ ഭൂമി

എന്നെയതിന്‍ മാറിലെ ഇഴകളാക്കൂ
എന്നെ നിന്നനുരാഗ പല്ലവിയാക്കൂ
പല്ലവിയാക്കൂ - പല്ലവിയാക്കൂ'

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവള്‍ പാലക്കാട്ടേയ്ക്ക് ട്രാന്‍സ്ഫറായി എത്തുന്നത്. അന്ന് മുതല്‍ പ്ലാന്‍ ചെയ്യുന്നതായിരുന്നു സൈലന്റ് വാലി യാത്ര. ഒപ്പമുള്ള ഒരു റ്റീച്ചറിന്റെ സഹോദരന്‍ ഡി എഫ് ഒ ആയിരുന്നു. അങ്ങനെയാണ് ആ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്. അവള്‍ കഥ പറയാനുള്ള മൂഡിലായി. ഞാന്‍ കേള്‍ക്കാനും.

'നാല് സ്ത്രീകള്‍ മാത്രമായൊരു സൈലന്റ് വാലിയാത്ര. യാത്രയ്ക്കിടയില്‍ എന്തോ എനിക്കാ പാട്ട് കേള്‍ക്കാന്‍ തോന്നി. മൂന്ന് തവണയാണ് ഞാനാ പാട്ട് കേട്ടത്. ഓരോ തവണയും മനസ് വിഷാദാര്‍ദ്രമായി. സൈലന്റ് വാലിയിലെ കട്ടന്‍ചായയുടേയും ഇല അടയുടേയും രുചി പറഞ്ഞ് ഡ്രൈവര്‍ ഞങ്ങളെ കൊതിപ്പിക്കുന്നുണ്ടായിരുന്നു. അവിടെത്തി കഴിഞ്ഞപ്പോള്‍ അതിലൊട്ടും അതിശയോക്തി ഇല്ലെന്ന് മനസിലായി. ഞങ്ങളെ സ്വീകരിച്ച ഫോറസ്റ്റ് ഗാര്‍ഡിനെ കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്നതുപോലെ. അയാള്‍ക്കെന്നെ മനസിലാവുന്നുമില്ലായിരുന്നു. അയാളെ സംബന്ധിച്ച് ഞങ്ങള്‍ ഡി എഫ് ഒ യുടെ ഗസ്റ്റ് ആയിരുന്നു. കുശലമെന്നോണം ഞാനയാളോട് നാടും പേരുമൊക്കെ തിരക്കി.

അവന്റെ അതേ പേര്. അതേ നാട്. പക്ഷേ, രൂപം നന്നായി മാറിയിട്ടുണ്ട്. വിഷാദക്കടലൊളിപ്പിച്ച ആ കണ്ണുകള്‍ക്ക് ഒരു മാറ്റവുമില്ല.

എന്നിട്ടും ചോദിക്കാനൊരു മടി. ഒടുവില്‍ ഞാന്‍ ചോദിച്ചു; ബി. എഡിന് കോഴിക്കോട് പഠിച്ചിട്ടുണ്ടായിരുന്നോ?

അതേന്നയാള്‍ തലകുലുക്കി. എന്നിട്ട് പറഞ്ഞു, 'ഹിന്ദി ആയിരുന്നു. പൂര്‍ത്തിയാക്കിയില്ല. ഈ ജോലി കിട്ടിയപ്പോള്‍ ഇട്ട് പോന്നു'

'എന്നെ ഓര്‍മ്മയുണ്ടോ. ഞാന്‍ അവിടെ ഇംഗ്ലീഷില്‍ ഉണ്ടായിരുന്നു.' ഞാനത് പറയുമ്പോള്‍ അയാള്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി. പക്ഷേ ഓര്‍മ്മ വന്നില്ല.

കോളേജില്‍ അയാള്‍ പാടിയത് ഓര്‍മ്മിപ്പിച്ചപ്പോള്‍, ഉവ്വോ എന്ന നിസ്സംഗത. അതൊന്നും അയാളുടെ ഓര്‍മ്മയിലേയില്ല.

'കംഫര്‍ട്ട് സോണില്‍ നില്‍ക്കുമ്പോഴാണ് ഇതൊക്കെ ഓര്‍ക്കാന്‍ കഴിയുന്നത്. ഞങ്ങള്‍ക്കൊന്നും അതിനുള്ള സമയവും സാവകാശവുമില്ല' അവന്റെ വാക്കുകളില്‍ വല്ലാത്ത നിരാശ നിഴലിച്ചിരുന്നു. ഞാന്‍ കോണ്‍ടാക്ട് നമ്പര്‍ ചോദിച്ചെങ്കിലും അത് തരാന്‍ അവന്‍ കൂട്ടാക്കിയില്ല. ''വേണ്ട റ്റീച്ചറേ, ഗ്രൂപ്പിലൊന്നും എനിയ്ക്ക് താല്‍പര്യമില്ല. പ്രാരബ്ധങ്ങള്‍ക്കിടയില്‍ സമയമില്ല എന്നതാണ് സത്യം.'

ആ റ്റീച്ചര്‍ വിളി എന്നെ തെല്ലൊന്നുമല്ല നോവിച്ചത്. ഈ റ്റീച്ചര്‍ വിളിയെങ്കിലും ഒന്നൊഴിവാക്കി കൂടേയെന്ന് ചോദിച്ചപ്പോള്‍ അവന്‍ നിസ്സംഗമായി ചിരിച്ചു. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന വര്‍ഷമേഘങ്ങളെപ്പോലെ ഒരു വിഷാദക്കടല്‍ ഒളിപ്പിച്ച ആ കണ്ണുകള്‍ക്കും വിഷാദം നിറഞ്ഞ ചിരിക്കും ഒരു മാറ്റവുമില്ല. പഠിക്കുന്ന കാലത്ത് വല്ലപ്പോഴുമൊക്കെ ഇടനാഴിയില്‍ കണ്ടുമുട്ടുമ്പോഴും ഇങ്ങനായിരുന്നല്ലോ അവന്‍ ചിരിച്ചിരുന്നതെന്ന് ഞാന്‍ ഓര്‍ത്തു.

അവള്‍ പറഞ്ഞു പറഞ്ഞ് മൗനിയായി. എന്തുകൊണ്ടോ, ആ കണ്ണുകളില്‍ നോക്കിയിരിക്കുമ്പോള്‍ എനിക്ക് വയലാറിന്റെ മറ്റൊരു ഗാനം ഓര്‍മ്മയില്‍ തെളിഞ്ഞു.

 

 

''നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും
അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...'

'രാജഹംസം' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ രചിച്ച വരികള്‍ക്ക് ദേവരാജന്‍ മാഷിന്റെ ഈണം. ഗാനഗന്ധര്‍വ്വന്റെ ആലാപനം. എന്റെ മനസ് ആ ഗാനത്തില്‍ കൊളുത്തി കിടക്കുമ്പോഴും അവള്‍ തുടര്‍ന്നു.

''അവന്‍ ഓര്‍മ്മയില്ല എന്ന് നടിച്ചതല്ലേ എന്നാണ് അന്നെന്റെ മനസ്സ് മന്ത്രിച്ചത്. വാര്‍ദ്ധക്യം തോന്നിച്ച അവന്റെ മുഖം മടക്കയാത്രയില്‍ എന്നെ വല്ലാണ്ട് അസ്വസ്ഥയാക്കിയിരുന്നു. നിര്‍ബ്ബന്ധിച്ചിരുന്നെങ്കില്‍ കോണ്‍ടാക്ട് നമ്പര്‍ തരുമായിരുന്നില്ലേ എന്ന് തോന്നി. നിര്‍ബന്ധിക്കാന്‍ എനിക്ക് തോന്നിയതുമില്ല. അവന്‍ പറഞ്ഞതാണല്ലോ ശരി. കംഫര്‍ട്ട് സോണിലല്ലെങ്കില്‍ ലോലവികാരങ്ങളും ചിന്തകളുമൊന്നുമുണ്ടാവില്ല.

ഞാന്‍ കംഫര്‍ട്ട് സോണിലാണെന്ന അവന്റെ ധാരണ ഓര്‍ത്തപ്പോള്‍ ചിരി വന്നു. എന്തിനും ഏതിനും അനുവാദം വേണ്ട സ്വര്‍ണ്ണക്കൂട്ടിലെ പക്ഷി. ആകാശത്ത് പാറി നടക്കുന്ന പട്ടം. ചരട് ഉടമസ്ഥന്റെ കൈയ്യിലും. പട്ടം സ്വതന്ത്രയാണെന്ന് കാണുന്ന പക്ഷികളൊക്കെ കരുതും. പക്ഷികളെപ്പോലെ യഥേഷ്ടം പറന്നു നടക്കാന്‍ കൊതിക്കുന്ന പട്ടത്തിന്റെ മനസ് ഉടമസ്ഥന്‍ പോലുമറിയുന്നില്ല.'

അവളതു പറയുമ്പോള്‍

''ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍..'' എന്ന് പാടിയ കവിയെ ഞാന്‍ മനസാല്‍ നമിച്ചു.

ഒരുപക്ഷേ അവള്‍ അവനെയാണ് വിവാഹം കഴിച്ചിരുന്നതെങ്കിലും സ്വാതന്ത്ര്യമൊക്കെ ഇങ്ങനെയൊക്കെ തന്നാവുമായിരിന്നില്ലേ എന്നോര്‍ത്തപ്പോള്‍ ചിരിവന്നു.

അവളുടെ മൂഡോഫ് മാറ്റാനെന്നോണം ഞാന്‍ പറഞ്ഞു; ''കാമുകിയുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന കാമുകന്റെ ദുഃഖവും അമര്‍ഷവും ഒക്കെ ആസ്വാദകരിലേക്ക് പകര്‍ത്തുന്ന അതുല്യ ഭാവന. എത്ര കേട്ടാലും മതിവരില്ല, അല്ലേ?''

എന്റെ വാക്കുകള്‍ അവളെ ആ മൂഡില്‍നിന്നും മാറ്റി. ചരണത്തിലെ വരികളെ കുറിച്ചവള്‍ വാചാലയായി.

''നിന്‍ നിഴല്‍ കൊഴിഞ്ഞൊരീയേകാന്ത വീഥിയിലെ
നിര്‍മ്മാല്യത്തുളസി പോലെ
എന്റെ ഈ നെടുവീര്‍പ്പുകള്‍ തന്‍ കാറ്റും കൊണ്ടു ഞാന്‍
എന്റെ ദുഃഖങ്ങളെയുറക്കും
നിന്റെ നൂറു പൊയ്മുഖങ്ങള്‍ വലിച്ചെറിയും
നിന്നില്‍ ഞാന്‍ നിലയ്ക്കാത്ത വേദനയാകും'

അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു കാരണവുമില്ലാതെ മനസ് അസ്വസ്ഥമായി. പഠിക്കുന്ന കാലത്ത് ഇടനാഴിയില്‍ കണ്ടുമുട്ടിയിരുന്ന ഒരു മുഖം അവള്‍ മറക്കാത്തത് എന്തുകൊണ്ടായിരിക്കും? മനുഷ്യ മനസ്സിന്റെ അദൃശ്യമായ അടരുകള്‍ ആര്‍ക്കും മനസ്സിലാക്കാനാവില്ലല്ലോ.

മനസില്‍ ഒരവ്യക്ത മുഖം തെളിയുന്നു. ഏതോ ഉള്‍പ്രേരണയാലെന്നപോലെ ഞാനാ ഗാനം വീണ്ടും വീണ്ടും കേള്‍ക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്