ആക്രമണം തുടരുന്ന ഹൂതികൾ, യുദ്ധം വ്യാപിക്കുന്ന അറേബ്യൻ ഉപദ്വീപ്; അവസാനിപ്പിക്കണമെന്ന് ചൈന

Published : Sep 20, 2026, 04:23 PM IST
Houthis continue attacks

Synopsis

ചെങ്കടലിലെ കപ്പൽപാതകൾക്ക് ഭീഷണിയായ ഹൂതികളെ നിയന്ത്രിക്കാൻ ചൈന ഇറാനോട് രഹസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ആഗോള എണ്ണ വ്യാപാരത്തെ ബാധിച്ചതോടെയാണ് ചൈനയുടെ ഇടപെടൽ. തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുടെ ഈ ആവശ്യം ഇറാൻ അംഗീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

റാൻ യുദ്ധം ചെങ്കടൽതീരത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു. മക്കയിൽ വരെ ഹൂതികളുടെ ഡ്രോൺ എത്തിയെന്നാണ് സൗദി അറേബ്യയുടെ ആരോപണം. ഇല്ലെന്ന് ഹൂതികൾ പറയുന്നെങ്കിലും മുസ്ലിം രാജ്യങ്ങൾ ഒന്നാകെ ഹുതികൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അതൊന്നും പക്ഷേ, ഹൂതികൾക്ക് പ്രശ്നമായിട്ടില്ല. ഇറാൻ പരോക്ഷ പിന്തുണയും നൽകുന്നുണ്ട്. പക്ഷേ, ഹൂതികളെ നിയന്ത്രിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് ചൈന. സഖ്യകക്ഷിയായ ചൈനയെ വെറുപ്പിക്കാൻ ടെഹ്റാൻ തയ്യാറാവുമോയെന്ന് കണ്ടറിയണം. ഹൂതികൾ ഇറാന്‍റെ നിയന്ത്രണത്തിൽ ഒതുങ്ങുമോയെന്നും കണ്ടറിയണം.

ചൈനയുടെ ഇടപെടൽ

ഇറാനിയൻ വ‍ൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വിവരം റിപ്പോ‍ർട്ട് ചെയ്തത്. ചൈന പരസ്യമായി തന്നെ നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു. സുരക്ഷിത കപ്പൽപാതയ്ക്കായും വാദിച്ചിരുന്നു. പക്ഷേ, സ്വകാര്യമായാണ് ടെഹ്റാന് സന്ദേശമയച്ചത്. ചൈനയും ഉപയോഗിക്കുന്ന കപ്പൽപാതകളിലേക്ക് ഹൂതികൾ ആക്രമണം വ്യാപിപ്പിക്കുമോയെന്നാണ് ബീജിംഗിന്‍റെ ആശങ്ക. സന്ദേശം എങ്ങനെ അയച്ചെന്നറിയില്ല. ഇനി, ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൈനയിലെത്തിയപ്പോൾ നേരിട്ട് പറഞ്ഞതാണോയെന്നും വ്യക്തമല്ല. യുദ്ധം അവസാനിച്ചാലേ മേഖലയിൽ സമാധാനം ഉണ്ടാകൂവെന്ന് മറുപടി നൽകിയെന്നും ഇറാൻ വൃത്തങ്ങൾ അറിയിച്ചു. യെമനിലേയ്ക്കും ചെങ്കടലിലേയ്ക്കും യുദ്ധം പരക്കുന്നത് നല്ലതല്ല. രാജ്യങ്ങളുടെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും വലുതെന്നായിരുന്നു ചൈനയുടെ പ്രതികരണം. ഇറാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. പതിറ്റാണ്ടുകളായി ഇറാന്‍റെ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ദിവസം 14 ലക്ഷം ബാരൽ. അത്രപെട്ടെന്ന് ചൈനയെ തട്ടിക്കളയാൻ ഇറാന് പറ്റില്ല. പ്രതികരണം ശുഭസൂചകമല്ലെങ്കിലും അങ്ങനെ ആവശ്യപ്പെടാൻ കഴിയുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ചൈന.

ഇറാൻറെ സഖ്യങ്ങൾ

സൗദിയുടെ സുന്നി സ്വാധീനം യെമനിൽ ശക്തമാകുന്നതിനെതിരായി രൂപംകൊണ്ട സംഘമാണ് ഷിയാകളായ ഹൂതികൾ. ഫണ്ടും പരിശീലനവും ഇറാന്‍റെ വക. ഇസ്രയേൽ വിരുദ്ധ, പടിഞ്ഞാറൻ വിരുദ്ധ ചെറുത്തുനിൽപ്പിന്‍റെ, അച്ചുതണ്ടിന്‍റെ ഭാഗവുമാണ്. 'Axis of Evil' എന്ന് ഇറാനെ വിശേഷിപ്പിച്ചത് അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോ‍ർജ് ഡബ്ല്യു ബുഷാണ്. 2002 -ലായിരുന്നു അത്. വാക്കിന് രൂപം നൽകിയത് പ്രസിഡന്‍റിന്‍റെ സ്പീച്ച് റൈറ്റ‍ർ ഡേവിഡ് ഫ്രം ആണ്. ഇറാൻ, വടക്കൻ കൊറിയ, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് ബുഷ് ഉദ്ദേശിച്ചത്. അന്നത് അന്താരാഷ്ട്രാതലത്തിൽ ചർച്ചയായി. എതിർപ്പുകളുയർന്നു. ഈ രാജ്യങ്ങൾ തമ്മിൽ അങ്ങനെയൊരു ബന്ധമില്ലാത്തതാണ് എതിർപ്പിന് ഒരു കാരണം പിന്നെയാ സംഘത്തിൽ വേറെയും രാജ്യങ്ങളെ കൂട്ടിക്കെട്ടി. ലിബിയ അടക്കം. അതിന് പകരമായാണ് 'Axis of Resistance' എന്ന വാക്ക്. ലിബിയൻ പത്രം അച്ചടിച്ചത്. വാക്ക് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ ഏറ്റെടുത്തു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായി പോരാടുന്ന സഖ്യത്തെ അങ്ങനെ വിശേഷിപ്പിച്ച് തുടങ്ങി. പക്ഷേ, അതിലെ സഖ്യങ്ങളും പരസ്പര സഹായവുമെല്ലാം നേരത്തെ തുടങ്ങിയതാണ്.

ഹിസ്ബുള്ള, ഹമാസ്, ഹൂതി

പ്രധാനകക്ഷി ഇറാനിലെ IRGC എന്ന റെവല്യൂഷണറി ഗാർഡ്സ്. 1982 -ൽ ഹെസ്ബുള്ള രൂപമെടുത്തു. ലബനണിലെ ഇസ്രയേൽ അധിനിവേശത്തിനെതിരായി പൊരുതിയ ഇറാൻ അനുകൂല സംഘമാണ് ഹെസ്ബുള്ളയായി മാറിയത്. പിന്നീട് ലബനണീസ് സർക്കാരിനെക്കാളും ശക്തരായി ഹെസ്ബുള്ള മാറി. പിന്നെ ഹമാസ്, സുന്നി വിഭാഗമാണെങ്കിലും ഇസ്രേൽ വിരുദ്ധത ഇറാനെയും ഹമാസിനെയും സഖ്യകക്ഷികളാക്കി. തുടക്കത്തിൽ തന്നെ രണ്ടുകൂട്ട‍ർക്കും പരിശീലനവും ആയുധവും ഫണ്ടും ഇറാൻ നൽകിപ്പോന്നുവെന്നാണ് പടിഞ്ഞാറിന്‍റെ ആരോപണം. പിന്നെ സിറിയ, ഇപ്പോഴത്തെ സിറിയയല്ല. അസദ് ഭരിച്ചിരുന്ന സിറിയ. ഷിയാ വിഭാഗത്തിലെ തന്നെ ന്യൂനപക്ഷമായ അലവൈറ്റ് ആയിരുന്ന അസദ്. സിറിയയായിരുന്നു ഇറാന്‍റെ ലബനണിലേക്കുള്ള, അതുവഴി ഹെസ്ബുള്ളയിലേക്കുള്ള വഴി. പിന്നെ അതിൽ ചേർന്നത് യെമനിലെ ഹൂതികളാണ്. 2014 -ൽ തുടങ്ങിയ ആഭ്യന്തരയുദ്ധത്തിൽ സൗദി പിന്തുണയുള്ള സ‍ർക്കാരിനെ ഹൂതികൾ പുറത്താക്കി. ഷിയാ വിഭാഗത്തിലെ തന്നെ സായ്ദി വിഭാഗമാണ് ഹൂതികൾ. അതുകൊണ്ട് ഇറാനോടാണ് ആഭിമുഖ്യം.

ഇടപെട്ട് ഹൂതികൾ

മേഖലയിലെ പ്രധാന ശത്രുവായി ഇറാൻ കാണുന്നത് സൗദി അറേബ്യയെയാണ്. സുന്നി - ഷിയാ ശത്രുതയുടെ ബാക്കി. പിന്നീട് യുദ്ധം അവസാനിപ്പിക്കാൻ സൗദി ശ്രമിച്ചിരുന്നു. ഹൂതി മധ്യസ്ഥരുമായി റിയാദിൽ ചർച്ചയും നടത്തി. പക്ഷേ, ഗാസ യുദ്ധത്തിൽ ഹൂതികളും കക്ഷി ചേ‍ർന്നു. ഇസ്രയേലിന് നേർക്ക് ഡ്രോണുകൾ തൊടുത്തു. പിന്നെയത് ചെങ്കടലിലേക്ക് നീണ്ടു. ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചതോടെ ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് ഹൂതികളും ഇറങ്ങി. ഇപ്പോൾ ചെങ്കടലിലെ ഹൂതി ആധിപത്യം എണ്ണ കയറ്റുമതിയെ അപ്പാടെ തകിടംമറിച്ചിരിക്കയാണ്.

കൈവിട്ട സിറിയ

ബുഷ് പറഞ്ഞ ആക്സിസ് ഓഫ് ഈവിൾ വിളിൽ ഉൾപ്പെട്ട സദ്ദാമിന്‍റെ ഇറാഖ് പക്ഷേ, ഇറാനൊപ്പമായിരുന്നില്ല അന്ന്. പക്ഷേ, സുന്നി വിഭാഗക്കാരനായ സദ്ദാം ഹുസൈന്‍റെ അന്ത്യത്തോടെ ഇറാഖിലെ പല ഷിയാ സായുധ സംഘങ്ങളും പരസ്യമായി തന്നെ ഇറാനെ പിന്തുണക്കാൻ തുടങ്ങി. ഇറാഖിലിപ്പോൾ ഷിയാ സർക്കാരാണ് ഭരിക്കുന്നത്. പക്ഷേ, സിറിയ കൈവിട്ടുപോയി. അസദിന്‍റെ വീഴ്ചയോടെ കലാപം വ്യാപകമായ സിറിയയിൽ അഹമ്മദ് അൽ ഷരാ ആണ് ഭരണം പിടിച്ചെടുത്തത്. അത് സൗദി അറേബ്യയുടെ പിന്തുണയോടെയായിരുന്നുതാനും. ഷരാ മുൻ അൽഖ്വയ്ദ അംഗമാണ്. സുന്നി വിഭാഗക്കാരനും. അമേരിക്കയടക്കം രാജ്യങ്ങൾ ഷരായെ അംഗീകരിക്കുകയും ചെയ്തു. എങ്കിലും ആക്സിസ് ഓഫ് റെസിസ്റ്റൻസിന് വലിയ ക്ഷീണമുണ്ടായില്ല. ക്ഷീണം തട്ടിയത് ഹെസ്ബുള്ളയെ ഛിന്നഭിന്നമാക്കിയ പേജ‍ർ സ്ഫോടനങ്ങളോടെയാണ്. പിന്നാലെ ഹമാസിന്‍റെ നേതാക്കളും കൊല്ലപ്പെട്ടത് ആഘാതം ഇരട്ടിയാക്കി.

വ്യാപിക്കുന്ന യുദ്ധം

ഗാസ യുദ്ധത്തിൽ ഇറാൻ നേരിട്ടിടപെട്ടില്ലെങ്കിലും ഇറാന്‍റെ പ്രോക്സികളെന്ന് പടിഞ്ഞാറൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഹമാസിനെയും ഹെസ്ബുള്ളയെയും ഇറാൻ പിന്തുണച്ചിരുന്നു. ഇപ്പോൾ ഹൂതികളാണ് ഇറാന്‍റെ പ്രധാന സഖ്യകക്ഷി. അതോടെ മേഖലയാകെ ബാധിച്ചിരിക്കയാണ് യുദ്ധം. ഇപ്പോൾ തീരും നാളെ തീരും എന്നൊക്കെ അമേരിക്കൻ പ്രസിഡന്‍റ് പറയുന്നെങ്കിലും എങ്ങനെയെന്ന് മാത്രം വ്യക്തല്ല. എണ്ണ പ്രതിസന്ധി രൂക്ഷം. വില കുതിച്ചുകയറുന്നു. ബാബ് അൽ മന്ദബ് കൂടി ഹൂതികൾ ഉപരോധിച്ചതോടെ കാര്യങ്ങൾ ഗുരുതരമായിരിക്കയാണ്.

ഇറാൻ ചൈനയെ അനുസരിക്കുമോ?

ചൈനയുടെ എണ്ണ ഇറക്കുമതിക്ക് വലിയ പരിക്ക് പറ്റിയിരുന്നില്ല ഇത്രയും നാൾ. പക്ഷേ, കപ്പൽപാതകളുടെ രണ്ടറ്റവും ഉപരോധിക്കപ്പെട്ടതോടെ പ്രശ്നമായി. അതാണിപ്പോൾ ഇടപെടാൻ കാരണം. ഇറാനുമായുളള വ്യാപാരം മാത്രമല്ല, ജിസിസിയുമായുളള്ള ചൈനയുടെ വ്യാപാരം വർഷം 300 ബില്യനാണ്. പക്ഷേ, അപ്പോഴും ഇറാൻ ചൈനയെ അനുസരിക്കുമോയെന്ന് വ്യക്തമല്ല. പരിപൂർണമായി അവഗണിക്കാൻ കഴിയില്ല. ഇറാന് വേണ്ടുന്ന നയതന്ത്ര പിന്തുണയും സാമ്പത്തിക പിന്തുണയും നൽകാൻ ഇപ്പോൾ കെൽപ്പുള്ള രാജ്യം ചൈന മാത്രമാണ്. റഷ്യക്ക് യുക്രെയ്ൻ യുദ്ധം കാര്യമായ പരിക്കേൽപ്പിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്ന സഹായം കിട്ടിയെന്നുവരില്ല. നയതന്ത്രതലത്തിലെ മാത്രം പ്രതീക്ഷിച്ചാൽ മതി. അപ്പോഴും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, തിരിച്ചടിക്കുമെന്ന വ്യവസ്ഥയൊന്നും ബീജിംഗ് മുന്നോട്ട് വച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കാര്യങ്ങൾ വ്യക്തമാകാൻ സമയമെടുക്കും.

PREV
Read more Articles on
click me!

Recommended Stories

77 ലക്ഷം ശമ്പളം, വിദേശ ജോലിക്ക് പോകാനൊരുങ്ങുന്നവരാണോ? ഈ കണക്ക് അറിഞ്ഞാൽ തീരുമാനം മാറിയേക്കാം! കുറിപ്പ് വൈറൽ
യുദ്ധ മുഖത്ത് മുന്നേറുന്ന ഹൂതികൾ, ലക്ഷ്യം സൗദി അറേബ്യ? തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ, പക്ഷേ...