വിദേശത്ത് ഉയർന്ന ശമ്പളം ലഭിക്കുന്നത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന് ജർമനിയിലെ ഒരു ഇന്ത്യൻ പ്രവാസി വ്യക്തമാക്കുന്നു. ഉയർന്ന നികുതിയും ജീവിതച്ചെലവും കാരണം ശമ്പളത്തിന്റെ വലിയൊരു ഭാഗം നഷ്ടമാകും. അതിനാൽ വിദേശ ജോലി തിരഞ്ഞെടുക്കുമ്പോൾ പർച്ചേസിങ് പവർ പാരിറ്റി കൂടി പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുകയെന്നത് പല ഇന്ത്യക്കാരുടെയും സ്വപ്നമാണ്. എന്നാൽ, ശമ്പളം ഇന്ത്യൻ രൂപയിലേക്ക് മാറ്റിനോക്കുന്നത് കൊണ്ട് മാത്രം യഥാർഥ സാമ്പത്തിക നേട്ടം മനസ്സിലാക്കാനാകില്ലെന്ന്, ആറ് വർഷമായി ജർമനിയിൽ ജീവിക്കുന്ന ഇന്ത്യൻ പ്രവാസി തനൂജ് പറയുന്നു. ജർമനിയിലെ 70,000 യൂറോ വാർഷിക ശമ്പളം ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഇന്ന് ഏകദേശം 77 ലക്ഷം രൂപയോളമാകും. എന്നാൽ, യഥാർഥത്തിൽ ലഭിക്കുന്ന തുകയും നിങ്ങളുടെ ബാങ്കിൽ അവസാനിക്കുന്ന സേവിങ്സും നോക്കുമ്പോൾ വളരെ തുച്ഛമായിരിക്കുമെന്നും തനൂജ് പറയുന്നു.

നികുതി 40 ശതമാനം

ജർമനിയിൽ ശമ്പളത്തിന്‍റെ ഏകദേശം 40 ശതമാനം വരെ നികുതിയായി പോകാമെന്നാണ് തനൂജ് പറയുന്നത്. ഇതിനുപുറമെ പ്രധാന നഗരങ്ങളിലെ വീടുകളുടെ വാടക പ്രതിമാസം 1,500 യൂറോയ്ക്ക് (ഏതാണ്ട് 1,65,000 രൂപ) മുകളിലെത്താം. വൈദ്യുതി, ഇന്‍റർനെറ്റ്, ഇൻഷുറൻസ് തുടങ്ങിയ ചെലവുകളും വളരെ ഉയർന്നതാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നതും കീശ കാലിയാക്കുമെന്നും അദ്ദേഹം പറയുന്നു.

Scroll to load tweet…

പരിഗണിക്കേണ്ടത് പർച്ചേസിങ് പവർ പാരിറ്റി

ശമ്പളം നേരിട്ട് രൂപയിലേക്ക് മാറ്റുന്നതിന് പകരം പർച്ചേസിങ് പവർ പാരിറ്റിയാണ് (PPP) പരിഗണിക്കണമെന്നും തനൂജ് ചൂണ്ടിക്കാട്ടുന്നു. തനൂജിന്‍റെ കണക്കനുസരിച്ച് 70,000 യൂറോ ജർമനിയിലെ ജീവിതച്ചെലവ് പരിഗണിച്ചാൽ ഇന്ത്യയിലെ ഏകദേശം 32–35 ലക്ഷം രൂപയുടെ ശമ്പളത്തിന് സമാനമായ സാമ്പത്തിക ശേഷിയായി അനുഭവപ്പെടാമെന്നാണ് വിലയിരുത്തൽ.

സമ്മിശ്ര പ്രതികരണം

തനൂജിന്‍റെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നികുതി, വാടക, ഇൻഷുറൻസ്, ദൈനംദിന ചെലവുകൾ എന്നിവ ശമ്പളത്തിന്‍റെ യഥാർഥ മൂല്യം മാറ്റുമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, വിദേശത്തേക്ക് പോകാനുള്ള തീരുമാനം പണം മാത്രം അടിസ്ഥാനമാക്കിയല്ലെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടി. വിദേശജോലി പരിഗണിക്കുന്നത് എന്ത് കാരണം കൊണ്ടായാലും ശമ്പളത്തോടൊപ്പം നികുതി, വാടക, ജീവിതച്ചെലവ്, സേവിങ്സ് എന്നിവ കൂടി കണക്കാക്കി വേണം വിദേശ ജോലി തെരഞ്ഞെടുക്കാനെന്ന് തനൂജിന്‍റെ മുന്നറിയിപ്പ്.