Asianet News MalayalamAsianet News Malayalam

തൊട്ടാല്‍ ചൊറിയുന്ന ചൊറിയണം, അടുക്കളയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ കഥ!

'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളമാരംഭിക്കുന്നു. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് ചൊറിയണം എന്ന വിഭവം

humour food column by Asha Rajanarayanan
Author
First Published Dec 7, 2022, 6:42 PM IST

അതിലാണ്, ഈയടുത്ത് ഞാനാ ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത്. ചൊറിയണം ഉഗ്രന്‍ വിഭവമാണ്. പോഷകമൂല്യങ്ങളുള്ള ഒന്നാം തരം വിഭവം! ഒരിക്കല്‍ തിന്നാല്‍ പിന്നെയാരും അതിന്റെ ഫാന്‍സാവും. അതറിഞ്ഞതോടെ പിന്നെ തുരുതുരാ ആലോചനകളായിരുന്നു. ആലോചനകള്‍ കൂമ്പാരമാവുന്നതിനിടെ,  ഇഷ്ടമില്ലാത്ത ഗസ്റ്റ് വരുമ്പോള്‍ ഓടിച്ചു വിടാന്‍ ഏതെങ്കിലും ചേച്ചി കണ്ടു പിടിച്ചതാണോ പില്‍ക്കാലത്ത്  ഹിറ്റ് വിഭവം ആയി മാറിയത് ദൈവമേ എന്ന് പോലും ആലോചിച്ചു പോയി.

 

humour food column by Asha Rajanarayanan

Also Read: പ്ലേറ്റും ചാരിനിന്ന ബീഫ് പഴംപൊരിയുടെ പ്രണയം കവര്‍ന്നെടുത്തവിധം!

....................

 

'ചുണയുണ്ടെങ്കില്‍ തൊട്ട് നോക്ക്, വിവരം അറിയും' എന്ന് സദാ വിളംബരം ചെയ്യുന്ന ഒരു ചെടി. കണ്ടാലും കേട്ടാലും പേടി തോന്നും. പക്ഷെ ഭക്ഷണമായി മാറിയാലോ അതീവരുചികരം. വിശപ്പിന്റെ അസുഖം ജന്‍മനാ ഉള്ളവര്‍ക്ക് അതാലോചിച്ചാലേ വായില്‍ വെള്ളമൂറും. 

പറയുന്നത് ചൊിറയണത്തിന്റെ കാര്യമാണ്.  തൂവ, കൊടിത്തൂവ എന്നൊക്കെ പേരുള്ള നാട്ടുചെടി. പല നാടുകളില്‍ പല പേരുകളാണ്. പക്ഷേ, ഏത് നാട്ടിലായാലും തൊട്ടാല്‍ ചൊറിഞ്ഞു ചൊറിഞ്ഞു ചൊറിച്ചില്‍ മാറും. 

പണ്ട് നമ്മുടെ അമ്മമാരും അമ്മുമ്മമാരും ഈ ചൊറിയണത്തിന്റെ ചുറ്റുപാടും നിക്കുന്ന കായും പൂവും ചെടിയും എല്ലാം കറി ഉണ്ടാക്കാനായിട്ട് എടുക്കുമായിരുന്നത്രെ. എല്ലാത്തിനുമുണ്ടത്രെ 100 കൂട്ടം ഗുണങ്ങള്‍. പക്ഷേ, ചൊറിയണം നഹി. അതിനെ തൊടില്ല. അതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല! 

ആളുകളുടെ ഈ തനിക്കൊണം മനസിലാക്കിയിട്ടാണോ ഈ ഇല ചൊറിയുന്ന സ്വഭാവം പഠിച്ചത് എന്ന് ആര്‍ക്കും തോന്നാവുന്നത്ര അവഗണന.  ഇത്രയൊക്കെ അവഗണന സഹിച്ച് ഒരാള്‍ എങ്ങനെ ജീവിക്കും എന്നാര്‍ക്കും തോന്നും, ചൊറിയണത്തിന്റെ കാര്യം ആലോചിച്ചാല്‍. പിന്നെ 'ഏതൊരു ഇവനും ഒരു ദിവസം ഉണ്ട' എന്ന പഴഞ്ചൊല്ലൊക്കെ ഓര്‍ത്താല്‍ അല്‍പ്പം ആശ്വാസം കിട്ടുമെന്ന് മാത്രം. 

എന്നാലും, ആ പഴഞ്ചൊല്ലൊക്കെ പഴഞ്ചൊല്ലായിട്ട് തന്നെ കളഞ്ഞുകൊണ്ടിരുന്ന ഞാന്‍ ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ്! വിശപ്പിന്റെ അസുഖമുള്ള ഒരുവള്‍ എന്ന നിലയ്ക്ക് എനിക്ക് ഭക്ഷണത്തിനോട് കുറച്ച് പ്രിയമൊക്കെയുണ്ട് എന്നത് ശരി തന്നെയാണ്. എന്നാലും ചൊറിയണം! അതെങ്ങനെ കഴിക്കും എന്റീശ്വരാ...

അങ്ങനെയാണ് ഈ അസാധാരണ വിഭവത്തിലേക്ക് ഞാനെത്തിയത്. പണ്ടൊക്കെ ഉണ്ടല്ലോ, ഈ പറയുന്ന ഇല ഒരു കിലോമീറ്റര്‍ ദൂരത്ത് കണ്ടാല്‍പ്പോലും കിടന്നു നിലവിളിക്കുന്ന ആളായിരുന്നു. ആ ചെടി തൊടരുത്, തൊട്ട്കഴിഞ്ഞാല്‍ ചൊറിയും,  പിന്നെ കുളിക്കണം- ദൈവമേ എന്തൊക്കെ ആയിരുന്നു  പേടികള്‍! 

തൊട്ടു കഴിഞ്ഞാല്‍ ചൊറിയും, ശരി തന്നെയാണ്. പക്ഷേ ദൂരത്തു നിന്നു  നോക്കി കഴിഞ്ഞാല്‍ കേരളത്തിന്റെ പച്ചപ്പും, ഹരിതാഭവും കൂട്ടാന്‍   ഇവനും സാധിച്ചിട്ടുണ്ട്. അഴകുള്ള ചക്കയില്‍ ചുളയില്ലാന്ന് പറയുന്നതു പോലെ അഴകുള്ള ഇലയില്‍ നിന്ന് തിരിച്ചു കിട്ടുന്നത് ചൊറിച്ചിലാണ്. അത് തൊട്ടറിഞ്ഞ നിമിഷം മുതല്‍ എനിക്ക് പേടിയാണ് ഈയിലകളെ.

മിണ്ടാതെ എവിടെയോ ഇരിക്കുന്ന ഈ ചെറിയുന്ന കുന്ത്രാണ്ടത്തെക്കുറിച്ച് ഞാന്‍ എന്തിനാ ഇത്രയും സംസാരിക്കുന്നത്  എന്ന് നിങ്ങള്‍  ചിന്തിക്കുന്നുണ്ടാവും അല്ലേ? കാര്യമുണ്ട്. ഞാന്‍ ആദ്യം പറഞ്ഞില്ലേ, വിശപ്പിന്റെ അസുഖം മാത്രമല്ല, രസമുള്ള വിഭവങ്ങള്‍ ഗൂഗിളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സെര്‍ച്ച് ചെയ്യുന്ന മറ്റൊരു അനുബന്ധ അസുഖവും എനിക്കുണ്ട്. 

അതിലാണ്, ഈയടുത്ത് ഞാനാ ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത്. ചൊറിയണം ഉഗ്രന്‍ വിഭവമാണ്. പോഷകമൂല്യങ്ങളുള്ള ഒന്നാം തരം വിഭവം! ഒരിക്കല്‍ തിന്നാല്‍ പിന്നെയാരും അതിന്റെ ഫാന്‍സാവും.

അതറിഞ്ഞതോടെ പിന്നെ തുരുതുരാ ആലോചനകളായിരുന്നു. ആലോചനകള്‍ കൂമ്പാരമാവുന്നതിനിടെ,  ഇഷ്ടമില്ലാത്ത ഗസ്റ്റ് വരുമ്പോള്‍ ഓടിച്ചു വിടാന്‍ ഏതെങ്കിലും ചേച്ചി കണ്ടു പിടിച്ചതാണോ പില്‍ക്കാലത്ത്  ഹിറ്റ് വിഭവം ആയി മാറിയത് ദൈവമേ എന്ന് പോലും ആലോചിച്ചു പോയി. അവിടെ നിര്‍ത്തിയില്ല,  തള്ളിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഈ നിക്കണ ഞാന്‍ ഇതിനെക്കുറിച്ച് ഗവേഷണം പോലും ചെയ്തു കളഞ്ഞു! (രഹസ്യമായി ഈ ചെടിയുടെ വീടും പരിസരവും കുടുംബ പാരമ്പര്യവും ഒക്കെ ഒന്ന് അന്വേഷിച്ചതിനാണ് ഈ തള്ള്!) 

നമ്മുടെ ചൊറിയണത്തിന്റെ ഇലയില്‍ തൊടാതെ, തണ്ടില്‍ പിടിച്ചു വേരോടെ വലിച്ചെടുത്തു നന്നായി കുളിപ്പിക്കണം. വൃത്തിയുടെ കാര്യത്തില്‍ ഇവന്‍ മുന്നില്‍ ആണ്. തണ്ടോടു കൂടി വെള്ളത്തില്‍ മുക്കി നന്നായി ഒരു കല്ലില്‍ അടിച്ചു വേണം കുളിപ്പിക്കാന്‍. (അലക്കു കല്ലില്‍ തുണി അലക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന).

നന്നായി കഴുകി കളഞ്ഞാല്‍ ഇവനെ പോലെ നല്ല മനസ്സുള്ള  ഇല വേറെ ഈ ലോകത്തു ഉണ്ടാവില്ല. ചൊറിച്ചില്‍ സ്വഭാവം മാറ്റി ആള് സ്മൂത്താവും. പിന്നെ കുറച്ചു ചെറിയ ഉള്ളിയും, കാന്താരി മുളകും തേങ്ങയും, ജീരകവും, മഞ്ഞള്‍ പൊടിയും ചതച്ച്, ചെറുതായി അരിഞ്ഞു വച്ചിട്ടുള്ള ചൊറിയണത്തിന്റെ ഒപ്പം ചേര്‍ത്ത് കൈ കൊണ്ട് നന്നായി തിരുമ്മി പിടിപ്പിക്കണം.

ഒരു ചീന ചട്ടി വച്ചു ചൂടാക്കി, അതിലേക്ക് നല്ല മണം ഗുണം എല്ലാം കിട്ടുന്നതിനായിട്ട് പച്ച വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, കടുക് പൊട്ടിച്ച്, ചുവന്ന മുളക് പൊട്ടിച്ച്, കറിവേപ്പില ചേര്‍ത്ത് വറുത്ത് അതിലേക്ക് ചേരുവകള്‍ ചേര്‍ത്ത്, റെഡി ആക്കി വച്ചിട്ടുള്ള ചൊറിയണം ചേര്‍ക്കണം. പിന്നെ ചട്ടുകം കൊണ്ട് എല്ലാവരെയും ഒന്ന് പരിചയപ്പെടുത്തണം. അതുകഴിഞ്ഞ് ഒരു പാത്രം വച്ച് അടച്ച് ചെറിയ തീയില്‍ വേവിക്കണം. നമ്മള്‍ അവിടെ എത്തി നോക്കാന്‍ പാടില്ല, അതാണ് അടച്ചു വെച്ചു വേവിക്കുന്നത്.

ഇനി അടപ്പ് തുറക്കല്‍.  ചെറിയ ഉള്ളിയും മറ്റു ചേരുവകളും എല്ലാം നന്നായി വെന്ത്, മുഖമൊക്കെ ചുവന്നു തുടുത്ത്, പച്ചപ്പും ഹരിതാഭയും വിട്ടു കളിക്കാത്ത നമ്മുടെ ചൊറിയണം നല്ല പച്ച നിറത്തില്‍ സൂപ്പര്‍ തോരന്‍ ആയി മാറി കഴിഞ്ഞു. ഒരു സ്പൂണ്‍ എടുത്തു കഴിച്ചാല്‍,  എന്റെ സാറേ ഇത്ര കാലം എന്തേ ഇത് അറിയാതെ പോയി എന്നാരും പറഞ്ഞു പോവും. 

ഇതു വായിച്ച് ചൊറിയണം തേടി പറമ്പില്‍ പോകുന്നതൊക്കെ കൊള്ളാം, ചൊറിയാതെ നോക്കണം. ചൊറിയണം ആള് സൂപ്പറാണെങ്കിലും മനസ്സ് ഒരു പഴഞ്ചനാണേ. സെല്‍ഫി എന്നെങ്ങാന്‍ പറഞ്ഞ് അടുത്ത് പോയിരുന്ന് ഫോട്ടോ എടുത്താല്‍ ആള് തനി സ്വഭാവം പുറത്തെടുക്കും മറക്കണ്ട! 


 

Follow Us:
Download App:
  • android
  • ios