
ഹംഗറിയിൽ വിക്ടർ ഓർബന്റെ കാലം അവസാനിച്ചു. ഓർബന്‍റെ മുൻ അനുയായി പീറ്റർ മജ്യാർ നേടിയത് അട്ടിമറി ജയമാണ്. തോൽവി സമ്മതിച്ചു ഓർബൻ. റഷ്യക്ക് തിരിച്ചടിയാണ് ഓർബന്‍റെ തോൽവി. യൂറോപ്യൻ യൂണിയന് വലിയ നേട്ടമുണ്ടാവില്ല താനും. ചെറിയ ചില സംഘർഷങ്ങൾ ഒഴിവാക്കാമെന്ന് മാത്രം. യുറോപ്യൻ യൂണിയനിലെ അംഗമായിട്ടും നയങ്ങളോ നിയമങ്ങളോ അനുസരിക്കാൻ വിസ്സമ്മതിച്ചിരുന്നു ഓർബൻ. യുക്രെയ്ൻ യുദ്ധത്തെയും പുടിനേയും പിന്തുണച്ചു. ട്രംപിനെയും. അഭയാർത്ഥികൾക്ക് മുന്നിൽ അതിർത്തിയടച്ച ആദ്യത്തെ രാജ്യമായിരുന്നു ഹംഗറി. അതുകൊണ്ടൊക്കെ തന്നെ ജയത്തിന് പിന്നാലെ മജ്യാറിനെ കാണാൻ യൂറോപ്യൻ യൂണിയൻ സംഘമെത്തി. പക്ഷേ, അത്ര സുഗമമാവില്ല കാര്യങ്ങൾ എന്നാണ് മുന്നറിയിപ്പ്.
(വിക്ടർ ഓർബൻ)
'ബ്രസൽസ് പിടിച്ചെടുക്കൂ' എന്നായിരുന്നു ഓർബന്‍റെ ആഹ്വാനം. അത്രക്കായിരുന്നു ശത്രുത, റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ വാക്കുകൾ ഏറ്റുപറയുകയായിരുന്നു ഓർബൻ. നേറ്റോയുമായും യൂറോപ്യൻ യൂണിയനുമായും കൊമ്പുകോർക്കുന്നത് പതിവുമായിരുന്നു. അതെല്ലാം ഇനി മാറും. പക്ഷേ, തീർത്തും ലിബറൽ അല്ല മജ്യാറും. റഷ്യയോട് ശത്രുത ഇല്ല എന്നാണ് നിലപാട്. ഇറക്കുമതികൾ തടയില്ലെന്നും. കുടിയേറ്റനയത്തിലെ മാറ്റങ്ങളും മജ്യാർ എതിർത്തിരുന്നു. യൂറോപ്പുമായും നേറ്റോയുമായും സൗഹൃദം എന്നുപറയുമ്പോൾ, തടഞ്ഞുവച്ചിരിക്കുന്ന 18 ബില്യന്‍റെ യുയു ഫണ്ട് ഒരു ലക്ഷ്യമാണ്.
യുക്രെയ്നിലും മജ്യാറിന്‍റെ നയം ഓർബന്‍റെതിന് കടക വിരുദ്ധമല്ല. റഷ്യയെ പിന്തുണക്കില്ല, പക്ഷേ, നിഷ്പക്ഷതയാണ് നിലപാട്. ഓർബൻ, റഷ്യൻ വിരുദ്ധ നടപടികളെല്ലാം എതിർത്തിരുന്നു. യുക്രെയ്നോട് ശത്രുതയും പ്രഖ്യാപിച്ചു. യുയു യോഗങ്ങളിലെ വിവരങ്ങളെല്ലാം റഷ്യക്ക് ചോർത്തുന്നുവെന്ന ആരോപണവും നേരിട്ടിരുന്നു ഓർബൻ. അതെല്ലാം അവസാനിക്കുമായിരിക്കും. പക്ഷേ, അപ്പോഴും ബ്രസൽസിന് ഉറച്ചൊരു സഖ്യകക്ഷിയെ മജ്യാറിൽ പ്രതീക്ഷിക്കാൻ പറ്റില്ല.
(പീറ്റർ മജ്യാർ)
ഓർബന്റെ പാർട്ടി അംഗവും മന്ത്രിയുമായിരുന്ന ജൂഡിറ്റ് വർഗയായിരുന്നു മജ്യാറിന്‍റെ ഭാര്യ. പക്ഷേ, ലൈംഗിക പീഡനാരോപണത്തിൽ പെട്ടയാളെ സംരക്ഷിച്ചതിന്‍റെ പേരിൽ രാജിവയ്ക്കേണ്ടി വന്നു. അതോടെയാണ് മജ്യാർ ഓർബന്‍റെ കളം വിട്ടത്. പക്ഷേ, അതിനകം വിവാഹ ബന്ധവും അവസാനിച്ചിരുന്നു. ഭാര്യയും പക്ഷേ, മജ്യാറിന്‍റെ നീക്കത്തിൽ അമ്പരന്നു. അവസരവാദി, ചതിയൻ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു അന്ന്. മയക്കുമരുന്നുൾപ്പടെയുള്ള ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒന്നും നിലനിന്നില്ല. അഴിമതി അവസാനിപ്പിക്കും എന്നാണ് മജ്യാറിന്‍റെ വാക്ക്. അത് പാലിച്ചാൽ ജനങ്ങൾക്ക് ആശ്വാസമാവും. തൽകാലം അത്രയേ പറയാൻ പറ്റൂ.