മുൻ ഐഡിഎഫ് മേധാവിയായ ഗാഡി ഐസൻകോട്ട് ഇസ്രയേൽ രാഷ്ട്രീയത്തിൽ നെതന്യാഹുവിന് ശക്തനായ എതിരാളിയായി മാറുകയാണ്. ഗാസ യുദ്ധാനന്തര പദ്ധതികളുടെ അഭാവം മൂലം യുദ്ധകാല മന്ത്രിസഭ വിട്ട അദ്ദേഹം, ഒക്ടോബർ 7ലെ വീഴ്ചകളിൽ അന്വേഷണം ആവശ്യപ്പെടുന്നു. സൈനിക നടപടികളെ പിന്തുണയ്ക്കുമ്പോഴും നയതന്ത്ര നീക്കങ്ങൾ അനിവാര്യമാണെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.
നെതന്യാഹുവിന്റെ ശക്തനായ എതിരാളി, അധികാരം പിടിച്ചെടുക്കും എന്നുവരെ പ്രവചിക്കപ്പെട്ടിരുന്നയാളാണ് ഗാഡി ഐസൻകോട്ട്. മൊറോക്കൻ - ജൂത കുടിയേറ്റക്കാരുടെ മകൻ. ഇസ്രയേലിന്റെ ഐഡിഎഫ് (IDF) മേധാവിയായിരുന്ന ഗാഡി ഐസൻകോട്ട് രാഷ്ട്രീയത്തിൽ പുതുമുഖമാണ്. ഗാസ യുദ്ധത്തിൽ ഒരു മകനെയും രണ്ട് അനന്തിരവരെയും നഷ്ടപ്പെട്ടിട്ടുണ്ട് ഐസൻകോട്ടിന്. അതേസമയം നെതന്യാഹുവിനെതിരായ ഐഡിഎഫിന്റെ വിവാദതീരുമാനങ്ങളിൽ പലതുമെടുത്തത് ഐസൻകോട്ടാണ്. നെതന്യാഹുവിന്റെ യുദ്ധകാല മന്ത്രിസഭയിൽ അംഗമായിരുന്നു ആദ്യം. പക്ഷേ, യുദ്ധശേഷമെന്ത് എന്നതിൽ വ്യക്തമായ തീരുമാനങ്ങളില്ലാത്തതിന്റെ പേരിൽ പദവിയുപേക്ഷിച്ചു.
രാഷ്ട്രീയത്തിലേക്ക്
40 വർഷത്തെ സൈനിക സേവനം. IDF മേധാവിയായത് 2015 -ൽ, നെതന്യാഹുവിന് കീഴിൽ. 2016 -ൽ ഇസ്രയേലി സൈനികനായ എലോർ അസരിയ (Elor Azaria) മുറിവേറ്റ പലസ്തീൻകാരനെ വെടിവച്ച് കൊന്നതിൽ അന്വേഷണം പ്രഖ്യാപിച്ചത് ഐസൻകോട്ടാണ്. നെതന്യാഹുവിന്റെ എതിർപ്പ് അവഗണിച്ചുള്ള തീരുമാനം. 2022 -ലാണ് രാഷ്ട്രീയരംഗത്തേക്ക് കാലെടുത്തുവച്ചത്. ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണശേഷം രൂപീകരിച്ച യുദ്ധകാല മന്ത്രിസഭയിൽ അംഗമായി. മുൻ സഹപ്രവർത്തകനായ ബെന്നി ഗാന്റ്സിനൊപ്പം (Benny Gantz). പക്ഷേ, 2024 -ൽ പദവിയുപേക്ഷിച്ചു. അപ്പോഴേക്കും യുദ്ധത്തിൽ 2 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു ഐസൻകോട്ടിന്. യുദ്ധം അവസാനിച്ച ശേഷം എങ്ങനെ മുന്നോട്ട് എന്നതിൽ നെതന്യാഹുവിന് ഒരു പദ്ധതിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ് പദവി വിട്ടത്.

യഷാറിന് എല്ലാം 'നേരെ'
യഷാർ (Yashar) എന്നാണ് ഐസൻകോട്ടിന്റെ പാർട്ടിയുടെ പേര്. 'നേരെ' എന്നർത്ഥം. ഇടതല്ല, വലതുമല്ല എന്ന് വ്യംഗ്യം. പലതിലും നെതന്യാഹുവിന്റെ അതേ നിലപാടുകളാണ് ഐസൻകോട്ടിനും. എന്നാൽ മറ്റ് ചിലതിൽ നേർവിപരീതവുമാണ്.
വാഗ്ദാനങ്ങൾ
ഐസൻകോട്ട് പ്രചാരണ വാഗ്ദാനമാക്കിയത് ഒക്ടോബർ 7 -ലെ ആക്രമണത്തിലേക്ക് നയിച്ച വീഴ്ചകളിൽ അന്വേഷണമാണ്. സുരക്ഷാ വീഴ്ചകളും മുന്നറിയിപ്പുകൾ പലതും നെതന്യാഹു അവഗണിച്ചതുമാണ് ആക്രമണത്തിന് കാരണമെന്ന വാദത്തെ ഐസൻകോട്ട് പിന്തുണക്കുന്നു. നെതന്യാഹു ഒരിക്കലുമത് അംഗീകരിച്ചിട്ടില്ല. എല്ലാവർക്കും സൈനിക സേവനം നിർബന്ധിതമാക്കുന്നതും ഐസൻകോട്ടിന്റെ വാഗ്ദാനമാണ്. തീവ്ര യാഥാസ്ഥിതിക ജൂതരെ അതിൽ നിന്നൊഴിവാക്കിയ നെതന്യാഹുവിന്റെ നടപടി ഐസൻകോട്ട് അംഗീകരിക്കുന്നില്ല.
കൈ കോർക്കുന്ന ചിലത്
നെതന്യാഹുവും ഐസൻകോട്ടും ഒരേ തട്ടിൽ നിൽക്കുന്ന വേറെയും ചിലതുണ്ട്. രാജ്യസുരക്ഷ അതിലൊന്ന്. ഗാസയിലെയും ലെബനണിലെയും ഇറാനിലെയും സൈനിക നടപടി ഐസൻകോട്ട് അംഗീകരിച്ചു. ഐഡിഎഫ് മേധാവിയെന്ന നിലയിൽ, സിവിലിയൻ ഇൻഫ്രാസ്ട്രക്ച്ചർ ആക്രമിക്കാമെന്ന നിലപാടെടുത്തു. സായുധ ആക്രമണങ്ങൾ തടയാനുള്ള വഴിയെന്ന നിലയിലായിരുന്നു ആ നിലപാട്. നേരിട്ടുള്ള യുദ്ധത്തിനുപകരം രഹസ്യ ഓപ്പറേഷനുകളെയും പിന്തുണച്ചു. ഇറാന് ആണവായുധശേഷി പാടില്ലെന്നും ഇറാന്റെ പ്രോക്സികളെ തകർക്കണമെന്നുമാണ് നിലപാട്.. അധികാരമേറ്റാൽ ഹമാസിന്റെ ഭരണം 18 മാസത്തിനകം അവസാനിപ്പിക്കുമെന്നാണ് വാക്ക്. ഒന്നുകിൽ സൈനിക നടപടി വഴി. അല്ലെങ്കിൽ ട്രംപിന്റെ സമാധാനപദ്ധതി വഴി.

എതിർക്കുന്നവ
വെസ്റ്റ് ബാങ്കിലെ ഇസ്രയേലി അനധികൃത കയ്യേറ്റം ഇപ്പോഴും എതിർക്കുന്നു. കയ്യേറ്റക്കാരുടെ അക്രമം അവസാനിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. പക്ഷേ, ഒക്ടോബർ ഏഴിന് ശേഷം രണ്ടുരാജ്യമെന്ന പരിഹാരം ഐസൻകോട്ട് തള്ളിക്കളഞ്ഞു. പക്ഷേ, ഇപ്പോഴത്തെ യുദ്ധത്തിന് നയമോ തന്ത്രമോ ഇല്ലെന്നും സൈനിക നേട്ടങ്ങൾക്ക് നയതന്ത്രനീക്കങ്ങൾ കൂടി വേണമെന്നുമുള്ള അഭിപ്രായക്കാരനാണ്. ഗാസ യുദ്ധം നീണ്ടുപോയതിലും ബന്ദികളുടെ മോചനത്തിലും നെതന്യാഹുവിനെ എതിർത്തു. ഈ വിയോജിപ്പുകളാണ് മന്ത്രിസഭ വിടാൻ ഇടയാക്കിയതും. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ശക്തനായ സ്ഥാനാർത്ഥിയായിരുന്നു ഐസൻകോട്ട്.
തുടരുന്ന അവ്യക്തത
പ്രതിപക്ഷത്തെ ഇടതുപാർട്ടിയായ ഡമോക്രാറ്റ്സിന്റെ (Democrats) നേതാവ് യൈർ ഗോളൻ (Yair Golan), ഐക്യത്തിന് ആഹ്വാനം ചെയ്തിരിക്കയാണ്. പക്ഷേ, ലീബർമാനും ബെന്നറ്റും അറബ് സഖ്യത്തിന് തയ്യാറല്ല. പിന്നെ വരുന്നത് അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടാണ്. നെതന്യാഹുവിനായിരുന്നു തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പിന്തുണ. മറ്റാരും ശരിയാകില്ലെന്ന് മുന്നറിയിപ്പുമുണ്ടായി. പക്ഷേ, ഇറാൻ സംഘർഷത്തിനിടെയുണ്ടായ അഭിപ്രായ ഭിന്നതകൾ കടുത്തതുമായിരുന്നു. നെതന്യാഹുവും കടുത്ത യാഥാസ്ഥിതികരുമില്ലാത്തൊരു സർക്കാരുണ്ടായാൽ അമേരിക്കയുടെ പശ്ചിമേഷ്യൻ നയം മാറിയേക്കും. തീവ്ര നിലപാടുകൾ ഉപേക്ഷിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. പക്ഷേ, അതൊക്കെ നിഗമനങ്ങൾ മാത്രമാണ് തൽകാലം. നെതന്യാഹുവിന്റെ നീക്കങ്ങൾ വ്യക്തമാകാൻ സമയമെടുക്കും.






