കുറ്റവാളി സംഘങ്ങളെ താലോലിച്ച് മദൂറോ; വെനിസ്വേല മറ്റൊരു അഫ്ഗാനാകുമോ? പക്ഷേ, ട്രംപിന് കാര്യങ്ങൾ അത്ര എളുപ്പമല്ല

Published : Dec 02, 2025, 12:42 PM IST
Donald Trump preparing to strike Venezuela

Synopsis

വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് സൈനിക നീക്കം ശക്തമാക്കുകയാണ്. എന്നാൽ, സൈന്യത്തെയും സായുധ സംഘങ്ങളെയും ഉപയോഗിച്ച് ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുത്ത മദൂറോയെ താഴെയിറക്കുക അമേരിക്കയ്ക്ക് എളുപ്പമാകില്ല. 

 

വെനിസ്വേലക്കടുത്ത് കരീബീയൻ കടലിൽ യുദ്ധക്കപ്പലുകൾ, മദൂറോയുടെ തലയ്ക്ക് 50 മില്യന്‍റെ മദൂറോ നേതൃത്വം നൽകുന്നെന്ന് പറയപ്പെടുന്ന സംഘടന വിദേശ ഭീകര സംഘടനയെന്ന പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒരധിനിവേശത്തിന്‍റെ വക്കിലാണെന്ന് സംശയത്തിന് ന്യായമുണ്ട്. പക്ഷേ, അതുണ്ടാവില്ലെന്നാണ് ഒരുപക്ഷം. ഉണ്ടായാൽ അത് അമേരിക്കയെ സംബന്ധിച്ച് മറ്റൊരു അഫ്ഗാനിസ്ഥാനാകും. തലയൂരാൻ പറ്റാത്ത മറ്റൊരു രാജ്യം.

ട്രംപിന്‍റെ ആദ്യഭരണകാലത്തേ തുടങ്ങിയതാണ് മദൂറോ വിരോധം. അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്നു കടത്തുമാണ് ട്രംപിന്‍റെ വിരോധത്തിന് കാരണം. സൈനിക വിന്യാസം കൊണ്ട് മദൂറോയെ സ്ഥാനമൊഴിയാൻ നിർബന്ധിതനാക്കാം എന്നാവണം അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതീക്ഷ. പക്ഷേ, അതൊരിക്കലും നടക്കില്ലെന്ന് നിരീക്ഷക‍രും പറയുന്നു. അത്രയ്ക്കും ശക്തമായ ഭരണവ്യവസ്ഥയാണ് മദൂറോ കെട്ടിപ്പടുത്തിരിക്കുന്നത്.

മദൂറോയുടെ ഭരണം

മദൂറോയുടെ വെനിസ്വേലയിൽ ജനാധിപത്യം വെറും വാക്കിൽ മാത്രമെന്നാണ് പൊതുപക്ഷം. തുടക്കത്തിൽ ഉണ്ടായിരുന്നു. ഷാവേസിന്‍റെ അനന്തരാവകാശിയായി ഭരണമേൽക്കുമ്പോൾ ഏകാധിപതിയായിരുന്നില്ല മദൂറോ. പക്ഷേ, എണ്ണവില ഇടിഞ്ഞ് ഭരണപ്രതിസന്ധി തുടങ്ങിയതോടെ മദൂറോയുടെ ഭരണരീതിയും മാറി. രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് വെനിസ്വേലക്കാർ രാജ്യംവിട്ട് പലായനം ചെയ്തു. പക്ഷേ, മദൂറോയെ താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളൊന്നും വിജയിച്ചില്ല. ജനപ്രീതിയില്ല, തകർന്ന സമ്പദ്‍രംഗം, സാമ്പത്തിക ഉപരോധം.

എന്നിട്ടും മദൂറോ കൂടുതൽ കൂടുതൽ പിടിമുറുക്കി. അതിന് കാരണം, തന്ത്രപരമായ നീക്കങ്ങൾ തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. നേതാക്കളെ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കി, അല്ലെങ്കിൽ തടവിലാക്കി. സാധാരണക്കാരെ ചങ്ങലക്കിട്ട പോലെ നിയന്ത്രിച്ചു നി‍ർത്തി. അതേസമയം ഒരു വിഭാഗത്തിന് സർവസ്വാതന്ത്ര്യവും നൽകി. അവർക്ക് എന്തഴിമതിയും കാണിക്കാമെന്നായി, സർക്കാർ ഉദ്യോഗസ്ഥരും ഉന്നത സൈനികോദ്യോഗസ്ഥരുമാണ് രാജ്യത്തെ വ്യവസായങ്ങൾ നിയന്ത്രിക്കുന്നത്, അനധികൃത എണ്ണക്കച്ചവടവും ധാതുക്കളുടെ വിൽപ്പനയും മയക്കുമരുന്ന് കച്ചവടം ഉൾപ്പടെ നടത്തി അവർ സമ്പന്നരാകുന്നു. അതിന്‍റെ വിലയാണ് മദുറോയോടുള്ള വിശ്വസ്തത.

കുറ്റവാളി സംഘങ്ങൾ

അമേരിക്ക ആക്രമിച്ചാൽ വെനിസ്വേലയുടെ സൈന്യം മാത്രമാവില്ല എതിർക്കുന്നതെന്നാണ് മുന്നറിയിപ്പ്. സാധാരണ പൗരൻമാരുടെ സായുധ സംഘടനകളുണ്ട് രാജ്യത്ത്, കളക്റ്റിവോസ് (Colectivos). എന്നറിയപ്പെടുന്ന ശൃംഖലകൾ. സർക്കാർ വിരുദ്ധരെ അടിച്ചമർത്തുകയാണ് അവരുടെ ജോലി. പകരം കിട്ടുന്നത് ജനങ്ങളെ കൊള്ളയടുക്കാനുള്ള സ്വാതന്ത്ര്യമാണ്. പോരാത്തതിന് കൊളംബിയൻ ഫാർക് ഗറില്ലകളുമുണ്ട് (Colombia Farc guerrilla -Marxist-Leninist guerrilla group). അനധികൃത ഖനനവും മയക്കുമരുന്ന് കടത്തും ഇവരുടെ സ്വാതന്ത്ര്യമാണ്.

പടിഞ്ഞാറും പ്രതിപക്ഷവും

ഇതൊക്കെയാണ് മദൂറോയുടെ വെനിസ്വേല എന്നാണ് പടിഞ്ഞാറിന്‍റെ ആരോപണം. പക്ഷേ, ഒരു പിടിച്ചടക്കൽ അസാധ്യമാക്കുന്ന വ്യവസ്ഥിതിയാണ് രാജ്യത്തെന്ന് വ്യക്തം. തെരഞ്ഞെടുപ്പിലെ തിരിച്ചടി പോലും മറികടക്കാനായത് അതുകൊണ്ടാണ്. നൊബേൽ സമാധാന സമ്മാന ജേതാവായ മരിയ കൊറിന മച്ചാഡോയാണ് പ്രതിപക്ഷത്തിന്‍റെ മുഖം. അമേരിക്കയുടെ സൈനിക ഇടപെടൽ സർക്കാർ വിരുദ്ധരുടെ പ്രതീക്ഷയാണ്. പക്ഷേ, അമേരിക്കക്കാർ അതിനെ തീരെ പിന്തുണക്കുന്നില്ല. 70 ശതമാനവും സൈനിക നടപടിക്ക് എതിരാണ്. മദൂറോയും വെനിസ്വേലയും അവരുടെ വിഷയമേയല്ല. 13 ശതമാനം മാത്രമാണ് വെനിസ്വേല അമേരിക്കക്ക് ഭീഷണിയാണെന്ന് കരുതുന്നത്. ഇനി മദൂറോ പുറത്തായാൽ തന്നെ, പുതിയ സർക്കാരിന് എളുപ്പമായിരിക്കില്ല ഭരണം. മദൂറോയുടെ വിശ്വസ്തരാണ് എല്ലാ സ്ഥാപനങ്ങളിലും. അവർക്കുള്ളതാകട്ടെ പരിധികളില്ലാത്ത സ്വാതന്ത്ര്യവും. മദൂറോ അല്ലാതെ മറ്റൊരു ഭരണാധികാരിയെ അവർ പിന്തുണക്കില്ല.

വെനിസ്വേലൻ ചെറുത്ത് നിൽപ്പ്

ട്രംപിന്‍റെ ഭീഷണികളെ ചെറുക്കാനുള്ള തയ്യാറെടുപ്പുകൾ വെനിസ്വേലയിലും നടക്കുന്നുണ്ട്, ദേശീയ പാതകളിൽ കോൺക്രീറ്റ് ബ്ലോക്കുകൾ, റഷ്യൻ വ്യോമപ്രതിരോധ സംവിധാനം, സൈനിക പരിശീലനം. പൗരൻമാരോട് വോളണ്ടിയറാകാനുള്ള മദൂറോയുടെ ആഹ്വാനം, അങ്ങനെ പലത്.

 

 

അതിനിടെ ട്രംപിനെ അനുനയിപ്പിക്കാനെന്ന മട്ടിൽ 'നോ വാർ, നോ വാർ, ഒൺലി പീസ് എന്നൊക്കെ മദൂറോ ഇംഗ്ലീഷിലും സ്പാനിഷിലുമായി പറയുന്ന വീഡിയോയും പുറത്തുവന്നു. ഔദ്യോഗിക ടെലിവിഷനിലായിരുന്നു മദൂറോയുടെ പരിശ്രമം. താൻ പറയുന്നത് ടാർസന്‍റെ ടാർസാനിയ ഭാഷയാണ്. അമേരിക്കൻ മാധ്യമങ്ങളുടെ കവറേജ് കാരണം താൻ ടെയിലർ സ്വിഫ്റ്റിനെക്കാൾ പ്രശസ്തനായി ഇങ്ങനെ പോയി അഭിസംബോധന.

വെനിസ്വേലയുടെ എണ്ണയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് കൊളംബിയ ആരോപിക്കുന്നു. എന്തായാലും സൈനിക വിന്യാസം കൊണ്ടൊന്നും മദൂറോയെ പുറത്താക്കാൻ പറ്റില്ലെന്ന് തന്നെയാണ് വിലയിരുത്തൽ. അമേരിക്കയുടെ അടുത്ത നീക്കം നിർണായകമാണ്. ചർച്ചകളെന്നൊരു സാധ്യത ട്രംപ് സർക്കാർ സ്വീകരിക്കുമോയെന്ന് കണ്ടറിയണം. ചർച്ചയുണ്ടായാൽ തന്നെ അതിലെന്ത് നിലപാടെടുക്കും എന്നതും കണ്ടറിയണം.

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്