
യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവെച്ച പുതിയ വ്യാപാരകരാർ ഒരു നിർണായക സാമ്പത്തിക മുന്നേറ്റമായി ആഘോഷിക്കപ്പെടുന്നു. അത് ശരിയാണ്. എന്നാൽ അതിലുപരി, കൂടുതൽ ദൂരവ്യാപകമായ ഒരു രാഷ്ട്രീയ – തന്ത്രപരമായ അർത്ഥവും ഈ കരാറിനുണ്ട്. വാഷിംഗ്ടണിലേക്കുള്ള ഇന്ത്യയുടെ വ്യക്തമായ സന്ദേശമാണിത്. ഇന്ത്യ ഇനി ആശ്രിതത്വത്തിന്‍റെ അടിസ്ഥാനത്തിൽ ചർച്ച നടത്തുന്ന രാജ്യമല്ല എന്ന സന്ദേശം.
പതിറ്റാണ്ടുകളായി ഇന്ത്യയുടെ വ്യാപാര നിലപാട് അസമത്വത്തിന്‍റെ പശ്ചാത്തലത്തിലാണ് രൂപപ്പെട്ടിരുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഒറ്റരാജ്യ കയറ്റുമതി വിപണിയും ഏറ്റവും ശക്തമായ മാർക്കറ്റും പലപ്പോഴും ഏറ്റവും കഠിനമായ ചർച്ചകൾക്കും പങ്കാളിയായ രാജ്യമാണ് അമേരിക്ക. വിസ, തീരുവ, അല്ലെങ്കിൽ വ്യാപാര നിബന്ധനകൾ തുടങ്ങിയവയിൽ വാഷിംഗ്ടൺ കടുപ്പം കാണിച്ചപ്പോൾ ഇന്ത്യയ്ക്ക് മറ്റൊരു നീക്കത്തിനുള്ള ഇടം ഇതുവരെ പരിമിതമായിരുന്നു. എന്നാൽ, യൂറോപ്യൻ യൂണിയനുമായുള്ള ഈ കരാർ അത്തരം അസമവാക്യങ്ങളെ മാറ്റിമറിക്കുന്നു.
ഇത് ഒരു ഉപരിതല കരാർ അല്ല. ഏകദേശം രണ്ട് ബില്യൺ ആളുകളെ ഉൾക്കൊള്ളുന്ന രണ്ട് വിപണികളെ ബന്ധിപ്പിക്കുന്ന വിശാലമായ സാമ്പത്തിക ഘടനയാണ്. കാലക്രമേണ ഭൂരിഭാഗം ഉൽപ്പന്നങ്ങളിലെയും തീരുവകൾ പൂജ്യത്തിലേക്ക് താഴും. വസ്ത്രങ്ങൾ, ഔഷധ ഉൽപ്പന്നങ്ങൾ, എഞ്ചിനീയറിംഗ് സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ കയറ്റുമതികൾക്ക് 27 രാജ്യങ്ങളുള്ള യൂറോപ്യൻ ബ്ലോക്കിലേക്ക് മുൻഗണനാ പ്രവേശനം ലഭിക്കും. അതിന് പകരമായി യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ, വൈൻ, മദ്യം, സേവനമേഖലയുടെ വലിയ ഭാഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംവേദനക്ഷമ മേഖലകൾ ഇന്ത്യയും തുറക്കുന്നു. ഡിജിറ്റൽ വ്യാപാര ചട്ടങ്ങൾ, തർക്കപരിഹാര സംവിധാനങ്ങൾ, വിതരണ ശൃംഖല സംരക്ഷണ വ്യവസ്ഥകൾ തുടറങ്ങിയവയിൽ അനിശ്ചിതത്വം നിറഞ്ഞ ലോകത്ത് ആവശ്യമായ പ്രവചനക്ഷമത ഈ കരാർ നൽകുന്നു.
വാണിജ്യ നേട്ടം വലുത്. എന്നാൽ തന്ത്രപരമായ നേട്ടം അതിനേക്കാൾ വിപ്ലവാത്മകമാണ്. ഒരു തലമുറയ്ക്ക് ശേഷം ആദ്യമായി, ഇന്ത്യയ്ക്ക് വിശ്വാസ്യതയോടെ തന്‍റെ പങ്കാളികളോട് പറയാൻ കഴിയും. 'ഞങ്ങൾക്ക് ഇപ്പോൾ മറ്റ് വഴികളുണ്ട്' എന്ന്. ഇന്ത്യയെ സംബന്ധിച്ച് യൂറോപ്പ് ഇനി ഒരു വിപണി മാത്രമല്ല. അത് രണ്ടാമത്തെ ആങ്കറാണ്. അതൊന്നുതന്നെ ഭാവിയിലെ എല്ലാ ചർച്ചകളുടെയും പ്രത്യേകിച്ച്, അമേരിക്കയോടുള്ള, ഇന്ത്യയുടെ മനോഭാവത്തെ തന്നെ മാറ്റിമറിക്കുന്നു.
വാഷിംഗ്ടണിൽ ഇന്ത്യ പലപ്പോഴും പ്രതിരോധ നിലപാടിലായിരുന്നു — തീരുവ ഭീഷണികൾ, വിസ നിയന്ത്രണങ്ങൾ, മാറുന്ന വ്യാപാര സിദ്ധാന്തങ്ങൾ തുടങ്ങിയ എല്ലാ കാര്യത്തിലും ഇന്ത്യൻ പ്രതികരണത്തിൽ ഈ പ്രതിരോധ നിലപാട് വ്യക്തമായിരുന്നു. എന്നാൽ, യൂറോപ്പുമായുള്ള വ്യാപാരം ഘടനാപരമായി തുറന്നതോടെ, ന്യൂ ദില്ലിക്ക് കൈവരുന്നത് ശക്തമായ സമ്മർദ ശക്തിയാണ്. അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം നിബന്ധനകളിൽ അകപ്പെട്ടാൽ, ഇന്ത്യക്ക് അധിക ശേഷിയും പുതിയ നിക്ഷേപങ്ങളും കയറ്റുമതി വളർച്ചയും യൂറോപ്യൻ പാതയിലേക്ക് വഴി തിരിക്കാൻ കഴിയും. സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം, കസ്റ്റംസ് സൗകര്യങ്ങൾ എന്നിവയിൽ യൂറോപ്പ് നൽകിയ ഇളവുകൾ ചൂണ്ടിക്കാട്ടി ഇന്ത്യക്ക്, 'അമേരിക്ക മേശപ്പുറത്ത് വയ്ക്കുന്നത് എന്താണ്?' എന്ന് ചോദിക്കാം.
(ന്യൂ ദില്ലിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌ൻ എന്നിവർ കാരാർ ഒപ്പിടൽ വേളയിൽ)
ഇത് അമേരിക്കയെ വിട്ടുമാറുന്നതിനെക്കുറിച്ചല്ല. ഇന്ത്യയുടെ ഏറ്റവും വലിയ ഒറ്റരാജ്യ കയറ്റുമതി വിപണിയായി അമേരിക്ക ഇപ്പോഴും തുടരുന്നു, ഇന്ത്യയുടെ വ്യാപാര പരിസ്ഥിതിയുടെ കേന്ദ്ര തൂണാണ് അത്. ഐടി സേവനങ്ങൾ, നിർമ്മാണ കയറ്റുമതികൾ, പ്രവാസികളുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യാപാരം — എന്നിവയിലെല്ലാം ഇപ്പോഴും അമേരിക്കൻ ആവശ്യകതയാണ് ഇന്ത്യൻ വിപണിയെ മുന്നോട്ട് നയിക്കുന്നത്. അമേരിക്കയുടെ പങ്കാളിത്തമില്ലാതെ ഇന്ത്യക്ക് നൂതന ടെക്നോളജി രംഗത്ത് - സെമി കണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, പ്രതിരോധം, ബഹിരാകാശം, ആരോഗ്യം - തുടങ്ങിയ മേഖലകളിൽ ഒറ്റക്ക് മുന്നേറ്റം നടത്താനാകില്ല. അതുപോലെ, ഇന്ത്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്, ഇപ്പോഴും അമേരിക്ക തന്നെയാണ്.
പുതിയ യൂറോപ്യൻ യൂണിയൻ കരാർ, ഇന്ത്യയ്ക്ക് ഏറെക്കാലമായി ഇല്ലാതിരുന്ന ഒരു സംരക്ഷണം നൽകുന്നു. കുറഞ്ഞത് അമേരിക്കയുടെ ഒറ്റവിപണി എന്ന ഭീഷണിയെ മാറികടക്കാൻ. അമേരിക്കൻ വ്യാപാര നയത്തിലെ അനിശ്ചിതത്വങ്ങൾക്കെതിരായ ഒരു പ്രതിരോധം കൂടിയായി ഈ കരാർ മാറുന്നു. ഇന്ത്യ, ഒരു ഒറ്റ വളർച്ചാപാതയുമായി മാത്രം ബന്ധിതമല്ലെന്ന് ആഗോള നിക്ഷേപകർക്ക് ശക്തമായ സന്ദേശം നൽകാൻ ഈ കരാറിലൂടെ സാധിക്കുന്നു. വാഷിംഗ്ടണുമായി ആശങ്കയോടെയല്ല, മറിച്ച് സമതുലിതാവസ്ഥയിലാകും ചർച്ചകൾ എന്നതായിരിക്കും ഇനി ന്യൂ ദില്ലിയുടെ ചർച്ചാ നിലപാട്.
ഇത് ഉയർന്നുവരുന്ന ഒരു ശക്തിയുടെ പോർട്ട്ഫോളിയോ തന്ത്രമായി കാണാം. യൂറോപ്പ് രണ്ടാമത്തെ ആങ്കറാകുന്നു. അമേരിക്ക ഏറ്റവും വലിയ പങ്കാളിയായി തുടരുന്നു. ഒന്നിനെ സ്വന്തമാക്കിയത് കൊണ്ട് ഇന്ത്യ മറ്റൊന്ന് വിറ്റഴിക്കുകയല്ല. മറിച്ച് ഒരൊറ്റ പരാജയ ബിന്ദുവിലേക്കുള്ള ആശ്രയം ഇനി ഇന്ത്യയ്ക്കില്ലെന്ന ശക്തമായ സൂചന നൽകുകയാണ്.
ഈ കരാറിന്‍റെ യഥാർത്ഥ മികവ് ഘടനാപരമാണ്. ഇന്ത്യ ദ്വിമുഖ വ്യാപാര തന്ത്രം നിർമ്മിക്കുകയാണ്. വാഷിംഗ്ടൺ കടുപ്പിച്ചാൽ യൂറോപ്പ് സ്വീകരിക്കും. യൂറോപ്പ് നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ, യുഎസ് പ്രതിബലമായി പ്രവർത്തിക്കും. അതായത് ഇരുവശവും ഒരു പോലെ ബലം നൽകുമെന്ന്. ചൈനയ്ക്ക് പകരം വിശ്വസനീയമായ മാർഗങ്ങൾ തേടുന്ന ലോകത്ത്, ഇന്ത്യ ഒരു നിർണായക വിതരണക്കാരനായി ഉയരുന്നുവരുന്നു.
അതിനാലാണ് ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാർ തീരുവകളെയും ക്വോട്ടകളെയും മാത്രമല്ല സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് നിലപാടിനെക്കുറിച്ചാണ്. വിപണി പ്രവേശനത്തിനായി അപേക്ഷിക്കുന്ന കാലം കഴിഞ്ഞെന്ന് ഇന്ത്യ ലോകത്തോട് വിളിച്ച് പറയുന്നു.
വാഷിംഗ്ടണിൽ ഇന്ത്യയുടെ ആ സന്ദേശം വ്യക്തമായി കേൾക്കും.