അധോലോകം: ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബോംബെയെ വിറപ്പിച്ച ഫിറോസ് അബ്ദുള്ള സര്‍ഗുരു അഥവാ ഫിറോസ് കൊങ്കണിയുടെ കഥ അടുത്ത ആഴ്ച രാജന്‍ മാധവന്‍ നായര്‍ അഥവാ ബഡാ രാജന്‍.

അധോലോകത്തിന്റെ ചരിത്രകാരനായ ക്രൈം റിപ്പോര്‍ട്ടര്‍ എസ് ഹുസൈന്‍ സൈദി ഒരു അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 'കോടതിയില്‍ വെച്ച് ഒരിക്കല്‍ പോലീസ് അനുമതിയോടെ ഫിറോസുമായി സംസാരിക്കാന്‍ എനിക്ക് അവസരമുണ്ടായി. എന്റെ ചോദ്യത്തിന് ഫിറോസ് പറഞ്ഞ മറുപടി ഇതായിരുന്നു: ഞാന്‍ ജോലിചെയ്യുന്നു, പണം വാങ്ങുന്നു. എന്റെ തൊഴില്‍ ആണിത്. ഇതൊരു ബിസിനസ്സ് അല്ലേ'. ഞാന്‍ ഞെട്ടിപ്പോയി. 'പക്ഷേ, ഇത് ആടിനെയോ കോഴിയേയോ അല്ലല്ലോ മനുഷ്യനെയല്ലേ.' എന്ന് ഞാന്‍ ചോദിച്ചു. അതിന് ഫിറോസ് നല്‍കിയ മറുപടി വീണ്ടും ഞെട്ടിച്ചു: 'ഒരു പെണ്ണുമായി കിടക്ക പങ്കിടുമ്പോലെയാണ് ഞാനീ കൊലപാതകങ്ങള്‍ ആസ്വദിക്കുന്നത്.'

Add Asianetnews as a Preferred SourcegooglePreferred

പില്‍ക്കാലം നിയമപാലകരെയും എതിരാളികളെയും കിടുകിടാ വിറപ്പിച്ച ബോംബെ അധോലോകത്തെ പലരുടെയും ആദ്യകാല ജീവിതം കല്പിത കഥപോലെയാണ്. പൊലീസ് രേഖകളിലും മാധ്യമ റിപ്പോര്‍ട്ടുകളിലും കേട്ടുകേള്‍വികളിലും മാത്രം ജീവിക്കുന്നതിനാല്‍ ആരുടെ ജീവിതത്തിനുമൊരു വ്യക്തതയുണ്ടാവില്ല, പ്രത്യേകിച്ച് ആദ്യകാല ജീവിതം. എവിടെയും പിടി നല്‍കാതെ ജീവിച്ചുപോരുന്നതിനാല്‍ നല്ല ഫോട്ടോകള്‍ പോലും ലഭ്യമല്ല. മുഖ്യധാരാ ജീവിതത്തിന്റെ സമാന്തര പാളങ്ങളില്‍ നല്ല പങ്കും കഴിഞ്ഞുപോരുന്നതിനാല്‍ കേട്ടുകേള്‍വികള്‍ക്കപ്പുറം ആധികാരിക വിവരങ്ങള്‍ കുറവായിരിക്കും. പിന്നെയുള്ളത് യൂട്യൂബര്‍മാരും ചില മാധ്യമപ്രവര്‍ത്തകരുമൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് എഴുതിപ്പിടിപ്പിക്കുന്ന കഥകളാണ്. ആരും തിരുത്താനില്ലാത്തതിനാല്‍, കാലം കഴിയുമ്പോള്‍ അങ്ങനെ പുറത്തുവന്ന കല്ലുവെച്ച നുണകളാവും പലരുടെയും ആധികാരിക ജീവചരിത്രം.

അങ്ങനെയുള്ള അനേകം കഥാപാത്രങ്ങളില്‍ ഒരാളാണ് ഫിറോസ് അബ്ദുള്ള സര്‍ഗുരു എന്ന ഫിറോസ് കൊങ്കണി. ബോംബെ അധോലോകം കണ്ട ഏറ്റവും കണിശക്കാരായ ഷാര്‍പ്പ് ഷൂട്ടര്‍മാരില്‍ ഒരാള്‍. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ. എ കെ 47, കലഷ്‌നിക്കോവ് തോക്കുകള്‍ ഉപയോഗിച്ച അധോലോകത്തെ ആദ്യകാല ക്രിമിനലുകളില്‍ ഒരാള്‍. അധോലോകത്തെ പാണന്‍മാര്‍ പാടിനടക്കുന്നത് പ്രകാരം ഫിറോസിന്റെ ജീവിതകഥയുടെ ആദ്യ ഏട് രണ്ടു വിധത്തിലാണ്.

ഒന്ന് കടപ്പുറത്ത് ദാരിദ്യത്തില്‍ കഴിഞ്ഞുപോന്ന ഒരു പയ്യന്റെതാണ്. ആ കഥയുടെ പശ്ചാത്തലം , രത്‌നഗിരിയിലെ കൊങ്കണ്‍ കടല്‍ത്തീരമാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാലം അതിജീവിക്കാന്‍ കടപ്പുറത്തു ഒറ്റയ്ക്ക് വന്നിരിക്കാറുള്ള ഒരു കൗമാരക്കാരനാണ് ആ കഥയിലെ ഫിറോസ്. നിത്യവും നോക്കി നിന്ന, കടല്‍ത്തിരകളുടെ തീരാത്ത വാശി കണ്ടുകണ്ട് ബലപ്പെട്ട മനസ്സുമായാണ് അവന്‍ കുറ്റകൃത്യങ്ങളിലേക്ക് പിച്ചവെച്ചത് എന്നാണ് ആ കഥ.

രണ്ടാമത്തെ കഥയുടെ പശ്ചാത്തലം മാട്ടുംഗയ്ക്കടുത്ത ആന്റോപ്ഹില്ലാണ്. ആ കഥയില്‍, ഫിറോസ് മാതാപിതാക്കളോടൊപ്പം ആന്റോപ്ഹില്ലിലാണ് വളര്‍ന്നത്. ഇതിന്റെ അടിസ്ഥാനം പൊലീസ് റിപ്പോര്‍ട്ടുകളാണ്. ഫിറോസ് ബോംബെയിലേക്ക് വന്ന ശേഷമുള്ള അറിവ് മാത്രമേ സത്യത്തില്‍ പോലീസുകാര്‍ക്കുണ്ടായിരുന്നുള്ളൂ എന്നര്‍ത്ഥം.

ഇപ്പറഞ്ഞ രണ്ട് കഥകളുടെയും വാസ്തവം എന്തായാലും, ഫിറോസ് കൊങ്കണി ബോംബെയുടെ ഉടലിലെ ഒരു കല്ലിച്ച യാഥാര്‍ത്ഥ്യമായിരുന്നു. അധോേലാകത്തേക്ക് വന്നതിനുശേഷമുള്ള അയാളുടെ ജീവിതം, പൊലീസ് രേഖകളിലും ബോംബെക്കാരുടെ ഓര്‍മ്മകളിലും കഥയും സത്യവുമായി കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ട്.

പ്രണയം ഒരാളെ കൊലയാളിയാക്കുന്നു

അധോലോകത്തേക്കുള്ള ഫിറോസിന്റെ എന്‍ട്രിയെക്കുറിച്ചുമുണ്ട് ഒരു കഥ. അതൊരു പ്രണയകഥയാണ്. അതില്‍, അവന് പതിനേഴു വയസ്സുള്ളപ്പോഴുണ്ടായ ഒരു പ്രണയമുണ്ട്. ബോംബെ സെന്‍ട്രലിലെ ഒരു കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു കഥാപാത്രം. അതൊരു ഭ്രാന്തന്‍ പ്രണയമായിരുന്നു. അങ്ങനെയിരിക്കെ അവനറിഞ്ഞു, മറ്റൊരു ചെറുപ്പക്കാരന്‍ അവളുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്ന്. അത് വാക്കുതര്‍ക്കത്തിലേക്കും പകയിലേക്കും വഴിവെച്ചു. ഒടുക്കം ഫിറോസ് അവനെ കൊന്ന് ചെറുപ്രായത്തില്‍ തന്നെ ജയിലിനകത്തായി.

ജയിലില്‍ പുതുതായെത്തുന്ന കുറ്റവാളികളെ നിരീക്ഷിച്ചു പഠിക്കുന്ന പഴയ തടവുകാരുണ്ട്. അവരില്‍ പലരും അധോലോകനായകരോ അവരുടെ വലംകൈകളായ ഭായിമാരോ ദാദാക്കളോ ആകും. നവാഗതരായ തടവുകാരെ തങ്ങളുടെ സംഘത്തിലേക്ക് ചേര്‍ക്കാന്‍ നോട്ടമിട്ടിരിക്കുന്നവര്‍. ആരാണീ പുതിയ തടവുകാരന്‍, എന്ത് കാരണത്താലാണ് അകത്തായത്, തനിച്ചു നടത്തിയ കുറ്റകൃത്യമാണോ എന്നിങ്ങനെ പലതും അവര്‍ അന്വേഷിച്ചറിയും. അങ്ങനെ തങ്ങള്‍ക്കാവശ്യമുള്ളവരെ ജയിലില്‍വെച്ചു കണ്ടെത്തും. പ്രലോഭനങ്ങള്‍ നല്‍കി വശത്താക്കും. ജയിലിനകത്തു വെച്ചുതന്നെ കുറ്റവാളിയാവാനുള്ള പരിശീലനം നല്‍കും. ആ അര്‍ത്ഥത്തില്‍, ജയില്‍ ഒരു റിക്രൂട്ടിങ് കേന്ദ്രം കൂടിയായിരുന്നു.

ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നവരെ ഇന്നും നമ്മുടെ സമൂഹം നേരിടുന്നത് അവജ്ഞയോ അധിക്ഷേപമോ ഒറ്റപ്പെടലോ കൊണ്ടായിരിക്കും. അങ്ങനെ പെട്ടുപോവുന്നവരുടെ അഭയകേന്ദ്രമാണ് അധോലോകം. അത്തരക്കാര്‍ക്കായി സദാ തുറന്നിട്ട വാതിലുകള്‍. നമുക്ക് പറ്റിയ പയ്യന്‍ എന്ന് ജയിലില്‍ വെച്ച് നേടുന്ന വിശേഷണം അതിന് ആക്കം കൂട്ടും.

ഡി കമ്പനിയിലേക്ക്

ജയിലില്‍നിന്നിറങ്ങിയ ഫിറോസ് മുഹമ്മദലി റോഡിനടുത്ത പൈന്തോണിയിലാണ് താമസം തുടങ്ങിയത്. ദാവൂദിന്റെ സഹോദരന്‍ ഷബീറിനെ പത്താന്‍ ഗ്രൂപ്പ് വകവരുത്തിയ കാലമാണത്. വലിയ ആഘാതമായിരുന്നു ദാവൂദിനത്. അതുവരെ അധോലോകത്ത് നിലനിന്ന സൗഹൃദത്തിന്റെ അലിഖിത നിയമം കാറ്റില്‍ പറത്തിയ പത്താന്‍ ഗ്രൂപ്പിനോട് അന്നു തുടങ്ങി ദാവൂദിന്റെ പക. ഇതിന് പകരംവീട്ടാതെ താന്‍ അടങ്ങില്ലെന്നു ദാവൂദ് പ്രതിജ്ഞയെടുത്തു. ആ സമയത്താണ് ഫിറോസ് ഡി കമ്പനിയില്‍ എത്തുന്നത്. അക്കാലത്ത് ദാവൂദുമായി ഏറെ അടുപ്പമുണ്ടായിരുന്ന ചോട്ടാ രാജനെപ്പോലും അമ്പരപ്പിച്ചു കൊണ്ടായിരുന്നു ഡി കമ്പനിയിലേക്കുള്ള ഫിറോസിന്റെ പ്രവേശനം.

ജയിലില്‍ നിന്നു നേടിയ 'സ്വഭാവ സര്‍ട്ടിഫിക്കറ്റ്' ഫിറോസിന് കാര്യങ്ങള്‍ എളുപ്പമാക്കി. അതിന് കാരണം ജയിലില്‍ കാണിച്ച ചങ്കുറപ്പ് തന്നെ. ഡി- കമ്പനിയില്‍ നിന്നും ലഭിച്ച പരിശീലനത്തോടെ അവന്‍ മികച്ച ഷൂട്ടറായി മാറി. വെടിവെപ്പില്‍ അവനുള്ള സൂക്ഷ്മത അപാരമായിരുന്നു. ഉന്നം പിഴക്കാത്ത വെടിവെപ്പുകാരോട് ദാവൂദിന് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു.

ഷൂട്ടിംഗ് വൈദഗ്ധ്യം മാത്രമല്ല, ഫിറോസിന്റെ മട്ടും ഭാവവും അധോലോകത്തിന് ചേരുന്നതായിരുന്നു. കൊല നടന്നുകഴിഞ്ഞാല്‍ ഏത് ആള്‍ക്കൂട്ടത്തിനു നടുവിലും പതറാതെ നില്‍ക്കുന്ന രീതി, കൂസലില്ലായ്മ, സ്വയം വലുപ്പം നടിക്കുന്ന മുഖഭാവം. പിന്നെ മുഖത്തെ ഒടുക്കത്തെ ശാന്തതയും.

ട്രാഫിക് ജങ്ഷനിലെ കൊലപാതകം

ആയിടയ്ക്കാണ് തന്റെ എതിരാളിയെ വിചാരണക്കോടതിയിലേക്ക് കൊണ്ടുപോകും വഴി കൊല്ലാനുള്ള ജോലി ദാവൂദ് ഫിറോസിനെ ഏല്‍പ്പിക്കുന്നത്. കൃത്യം എങ്ങനെ നടത്തണമെന്നൊന്നും ഫിറോസ് അന്വേഷിച്ചില്ല. ഏത് ജയിലില്‍ നിന്നിറങ്ങി ഏത് കോടതിയിലേക്ക് കൊണ്ടുപോകുന്നു എന്ന് മാത്രം തിരക്കി. വിചാരണയ്ക്കായി പ്രതിയുമായി പോലീസ് വാഹനം കോടതിയിലേക്ക് പോകുന്ന വഴിയും അതിനിടയിലെ ട്രാഫിക് സിഗ്‌നലും നിരീക്ഷിച്ചു.

ട്രാഫിക് സിഗ്‌നലില്‍ വണ്ടി നിന്നാല്‍ കൃത്യം നടത്താന്‍ സെക്കന്‍ഡിന്റെ സമയമേ ഉണ്ടാവൂ. ആയുധധാരികളായ പോലീസിന്റെ കണ്ണുവെട്ടിച്ചുവേണം കൊലനടത്താന്‍. ഫിറോസ് തക്കം പാര്‍ത്തുനിന്നു.

ആ ദിവസം പോലീസ് വാഹനം കടന്നുപോകുന്ന വഴിയിലെ ട്രാഫിക് ഐലന്റില്‍, ഒരു ഇലക്ട്രീഷ്യന്റെ വേഷത്തില്‍ കയ്യില്‍ ടൂള്‍ബോക്‌സുമായി അവന്‍ നിന്നു. ശത്രുവിനെയും വഹിച്ചുള്ള പോലീസ് വാഹനം കാത്തുള്ള നില്‍പ്പ്. കണക്കുകൂട്ടല്‍ പിഴച്ചില്ല. സിഗ്‌നല്‍ ചുകപ്പായി. പോലീസ് വാഹനം വന്നുനിന്നത് ഫിറോസിന്റെ തൊട്ടുമുന്നില്‍. കൊല്ലുന്നതിലല്ല, സമയക്കുറവിലായിരുന്നു അവന്റെ ശ്രദ്ധ.

പോലീസുകാരുടെ നടുവില്‍ ഇരിക്കുന്ന ശത്രുവിനെ ഫിറോസ് ഒരുനോക്കു കണ്ടു. ചുവപ്പ് സിഗ്‌നല്‍ പച്ചയാവും മുമ്പേ ഫിറോസ് ടൂള്‍ ബോക്‌സ് തുറന്ന് തോക്കുമായി റോഡ് മുറിച്ചു കടക്കുന്ന ഭാവത്തില്‍ വാഹനത്തിനടുത്തേക്ക് ചെന്നു. പോലീസ് വാഹനത്തിന്റെ കണ്ണാടി ജനലിനോട് ചേര്‍ന്ന് തോക്കിന്‍കുഴല്‍ കടത്താന്‍ മാത്രംപോന്ന ഒരു വിടവുണ്ടായിരുന്നു. ആ വിടവിലൂടെ നിസ്സംഗതയോടെ തോക്കുറപ്പിച്ച് പോലീസ് വലയത്തിന് നടുവിലിരിക്കുന്ന ശത്രുവിലേക്ക് നിറയൊഴിച്ചു!

എതിരാളിയുടെ ഇരുകണ്ണുകള്‍ക്കു നടുവിലായി നെറ്റിയില്‍ ബുള്ളറ്റ് ചെന്നുതറച്ചു. എന്ത് സംഭവിച്ചു എന്ന് പോലീസുകാര്‍ മനസ്സിലാക്കും മുമ്പേ, ഫിറോസ് ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.

ഷാര്‍പ്പ് ഷൂട്ടര്‍ ഫിറോസ്

ദാവൂദിന് പോലും അവിശ്വസനീയമായി തോന്നി, ആ കൊലയും അതിനായി ഫിറോസ് എടുത്ത തയ്യാറെടുപ്പും. അധോലോകത്തെ പേരു കേട്ട മായാ ഡോളസ്, വിക്കി മല്‍ഹോത്ര, ഡേവിഡ് പരദേശി, ദിലീപ് ബുവ എന്നീ ഷൂട്ടര്‍മാര്‍ക്ക് പോലും സാധിക്കാത്ത സൂക്ഷ്മത. അതോടെ ഫിറോസ് ദാവൂദിന്റെ അണിയിലെ ഏറ്റവും വിലപിടിപ്പുള്ള ഷാര്‍പ്പ് ഷൂട്ടറായി മാറി. പരസഹായമില്ലാതെ തനിയെ ഷൂട്ട് ചെയ്യാന്‍ കെല്‍പ്പുള്ള യുവാവ് എന്ന പേരുകിട്ടി ഫിറോസിന്.

അന്നുമുതല്‍ ബോംബെ അധോലോകത്ത് ഫിറോസ് എന്ന പേര് പേടിയുടെ പര്യായമായി. പോലീസിനും എതിരാളികള്‍ക്കും നേരെ മിന്നായം പോലെ വന്ന് വെടിവെപ്പ് നടത്തി കടന്നുപോകുന്ന ഫിറോസ് ഭയം വിതച്ചു. പോലീസിന്റെയും എതിരാളികളുടെയും നോട്ടപ്പുള്ളിയായി അയാള്‍. ദാവൂദിന് വേണ്ടി തുടര്‍ച്ചയായി അവന്‍ തോക്കെടുത്തു കൊണ്ടിരുന്നു. കൊലനടത്തിക്കൊണ്ടിരുന്നു.

അധോലോകത്തിന്റെ ചരിത്രകാരനായ ക്രൈം റിപ്പോര്‍ട്ടര്‍ എസ് ഹുസൈന്‍ സൈദി ഒരു അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 'കോടതിയില്‍ വെച്ച് ഒരിക്കല്‍ പോലീസ് അനുമതിയോടെ ഫിറോസുമായി സംസാരിക്കാന്‍ എനിക്ക് അവസരമുണ്ടായി. എന്റെ ചോദ്യത്തിന് ഫിറോസ് പറഞ്ഞ മറുപടി ഇതായിരുന്നു: ഞാന്‍ ജോലിചെയ്യുന്നു, പണം വാങ്ങുന്നു. എന്റെ തൊഴില്‍ ആണിത്. ഇതൊരു ബിസിനസ്സ് അല്ലേ'. ഞാന്‍ ഞെട്ടിപ്പോയി. 'പക്ഷേ, ഇത് ആടിനെയോ കോഴിയേയോ അല്ലല്ലോ മനുഷ്യനെയല്ലേ.' എന്ന് ഞാന്‍ ചോദിച്ചു. അതിന് ഫിറോസ് നല്‍കിയ മറുപടി വീണ്ടും ഞെട്ടിച്ചു: 'ഒരു പെണ്ണുമായി കിടക്ക പങ്കിടുമ്പോലെയാണ് ഞാനീ കൊലപാതകങ്ങള്‍ ആസ്വദിക്കുന്നത്.'

കാഴ്ചയ്ക്ക് ശാന്തനായി തോന്നുമെങ്കിലും കത്തിമുനയുടെ മൂര്‍ച്ചയുളള ഒരാളായിരുന്നു അധോലോകത്തിന്റെ കഥകളിലെ ഫിറോസ്. അയാള്‍ മൃഗങ്ങളുടെ രക്തവും മാസവും പച്ചയ്ക്ക് കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു എന്നാ കഥകളില്‍ കേള്‍ക്കാം. ലോക്കപ്പില്‍ കിടക്കുന്ന അയാളെക്കുറിച്ച് മറ്റൊരു കഥയുണ്ട്. ലോക്കപ്പില്‍ വെച്ച് പോലീസുകാരെ ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ മര്‍ദ്ദിച്ചു. തല്ലു കിട്ടുമ്പോള്‍ പേശികള്‍ക്ക് ബലം കൊടുക്കാതെ കിടന്ന അയാള്‍ ഇടയ്ക്കിടെ സമയം ചോദിച്ചു. എന്തിനാണ് സമയം അറിയുന്നതെന്ന് ചോദിച്ചപ്പോള്‍, നാലുമണിയുടെ ചായ കുടിക്കാറായോ എന്നറിയാനാണ് എന്നായിരുന്നത്രെ മറുപടി.

അകാലത്തു ബോംബയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആയിരുന്ന രാജേഷ് മരിയ, തന്റെ സര്‍വീസ് സ്റ്റോറിയായ 'Let me say it now' എന്ന പുസ്തകത്തില്‍ ഫിറോസ് നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മരിയ പറയുന്നു: ആരെയും കൂസാത്ത പ്രകൃതമാണ് ഫിറോസിന്. ജീവന്‍ കൈവെള്ളയില്‍ വെച്ചു നടക്കുന്നവനാണവന്‍. ഒരാളെ കൊല്ലാന്‍ കിട്ടിയാല്‍, ആ അവസരം മടികൂടാതെ, പരമാവധി ക്രൂരമായിത്തന്നെ നിര്‍വ്വഹിക്കും. തനിക്കു അധോലോകത്തെ രഹസ്യങ്ങള്‍ ചോര്‍ത്തി തരുന്ന രണ്ട് 'ഖബരികളെ' വധിക്കാന്‍ ഫിറോസ് കാണിച്ച ധൈര്യത്തെക്കുറിച്ചും മരിയ പറയുന്നുണ്ട്.

ആയിടയ്ക്കാണ്, 1994 ഓഗസ്റ്റ് 25-ന് ആ കൊലപാതകം നടക്കുന്നത്. ബിജെപി സിറ്റി യൂണിറ്റ് പ്രസിഡന്റ് രാംദാസ് നായക് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നേരത്ത് തുരുതുരാ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു സിമന്റ് അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് നായക് കൊല്ലപ്പെട്ടത്. കലാഷ്‌നിക്കോവ് തോക്ക് ഉപയോഗിച്ചായിരുന്നു വെടിവെപ്പ്. അധോലോകത്തിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു കലാഷ്‌നിക്കോവ് ഉപയോഗിക്കപ്പെട്ടത്.

പോലീസിന്റെ ഇടപെടല്‍ നടന്നിട്ടില്ലായിരുന്നെങ്കില്‍ അതൊരു വര്‍ഗ്ഗീയ ലഹളയിലേക്ക് വഴിമാറിയേനെ. 1993 -ലെ ബോംബ് സ്‌ഫോടന പരമ്പരയുടെ മുറിവുണങ്ങിയിട്ടുപോലുമില്ലായിരുന്നു അപ്പോള്‍.

ഡി-കമ്പനി നേതാവ് ഛോട്ടാ ഷക്കീലാണ് നായക്കിനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതെന്ന് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. അന്ന് ദുബായിലായിരുന്ന ഷക്കീല്‍, ഫിറോസ് കൊങ്കണിക്കാണ് നായക്കിനെ വധിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയത്.

പൊലീസ് ഫിറോസിനായി തിരച്ചില്‍ തുടങ്ങി. പൊലീസ് അടുത്തെത്തുമ്പോഴക്കും ഫിറോസ് രക്ഷപ്പെട്ടുകൊണ്ടിരുന്നു. അതിനു തൊട്ടു മുമ്പ്, പൊലീസിന് വിവരം നല്‍കിയ ആളുകളെ ഫിറോസ് വധിച്ചു. മൂന്ന് ഇന്‍ഫോര്‍മര്‍മാരെയാണ് അവന്‍ കൊലപ്പെടുത്തിയത്.

ഇതോടെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് മരിയ കോപാകുലനായി. ഫിറോസിനെ പിടികൂടാതെ അടങ്ങില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. വിവരമറിഞ്ഞ ഫിറോസ് മരിയയെ വിളിച്ചു. മരിയയെ വധിക്കും, ഒപ്പം, ഒറ്റുകൊടുക്കുന്നവരെയും-അതായിരുന്നു ഭീഷണി. എന്നിട്ടും പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തു.

ബംഗലൂരില്‍ വെച്ചായിരുന്നു അത്. ഫിറോസും കൂട്ടുകാരും ബാംഗ്ലൂരില്‍ ഒരു ഫിലിം ഷോ കാണാന്‍ പോകുന്ന രഹസ്യവിവരം മരിയയ്ക്ക് കിട്ടി. വൈകിട്ട് ആറിനും ഒന്‍പതിനുമിടയിലാണ് പ്രോഗ്രാം. മരിയയോടൊപ്പം സതീഷ് സാഹ്നി, എംഎം സിംഗ് എന്നീ ഉദ്യോഗസ്ഥരും ബോംബെ പോലീസിലെ മിടുക്കാരായ പോലീസുകാരും ബാഗ്‌ളൂരിലേക്ക് പറന്നു.

അവിടെ എത്തിയപ്പോള്‍ മറ്റൊരു വിവരം കിട്ടി. ഫിറോസും കൂട്ടുകാരും പ്രോഗ്രാം കാന്‍സല്‍ ചെയ്തു, അവരിപ്പോള്‍ ബാംഗ്‌ളൂര്‍ നഗരത്തിലെ ഒരു നാലാംകിട ഹോട്ടലില്‍ തങ്ങുകയാണ്.

മരിയ ഹോട്ടല്‍ മാനേജരെ രഹസ്യമായി കാണുകയും ബാംഗ്ലൂര്‍ പോലീസിന്റെ സഹായത്തോടെ ഹോട്ടല്‍ വളയുകയും ചെയ്തു.

അന്നുരാത്രി അത്താഴം ഓര്‍ഡര്‍ ചെയ്ത ഫിറോസിന് ഭക്ഷണവുമായി ചെന്നത് വേഷം മാറിവന്ന പോലീസുകാര്‍! കതകു തുറന്ന ഫിറോസിന് ചിന്തിക്കാന്‍ ഒരവസരം പോലും നല്‍കാതെ അവര്‍ അവനെ പിടികൂടി.

ഫിറോസിനെയും കൊണ്ടുള്ള വിമാനം ബോംബെയിലേക്ക് തിരിക്കാന്‍ ഒരു മണിക്കൂര്‍ സമയമുണ്ട്. മരിയ ഫിറോസിനെ വണ്ടിയില്‍ ഇരുത്തി ചോദ്യം ചെയ്തു.

'എത്ര പേരെ കൊന്നു?'

മരിയ ചോദിച്ചു.

'21 പേരെ...' ഫിറോസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

ഓരോ കൊലപാതകത്തെക്കുറിച്ചും അത് ചെയ്ത രീതിയും അവന്‍ അക്കമിട്ടു നിരത്തി. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ ഫിറോസിനെ താമസിയാതെ താനെ ജയിലിലേക്ക് മാറ്റി.

അതിസാഹസികം ആ രക്ഷപ്പെടല്‍

1998 മെയ് മാസത്തില്‍, പോലീസ് കസ്റ്റഡിയിലായിരുന്ന ഫിറോസിനെ വൈദ്യപരിശോധനയ്ക്കായി ജെ.ജെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അയാള്‍ സാഹസികമായി രക്ഷപ്പെട്ടു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ ഫിറോസ് ബാത്ത്‌റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. അയാളുടെ കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരായിരുന്നു. അവരില്‍ ഒരാളുടെ കൈയില്‍ മാത്രമായിരുന്നു തോക്ക് ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്ന മട്ടില്‍ അയാള്‍ അകത്തേക്ക് പോയി. രണ്ട് പൊലീസുകാരും ഫിറോസും അവിടെ നിന്നു. ഫിറോസ് ടോയ്‌ലറ്റില്‍ പോവണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സമ്മതിച്ചു. ടോയ്‌ലറ്റിന് അവര്‍ കാവല്‍ നിന്നു. ആ സമയത്ത്, ബൈക്കിലെത്തിയ രണ്ട് തോക്കുധാരികള്‍ ആശുപത്രി പരിസരത്തേക്ക് ഇരച്ചുകയറുകയും ആ കോണ്‍സ്റ്റബിള്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ടോയ്ലറ്റില്‍ നിന്ന് പുറത്തിറങ്ങിയ ഫിറോസ് ആ മോട്ടോര്‍ സൈക്കിളില്‍ കയറി രക്ഷപ്പെട്ടു.

സംഭവത്തില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. കൂടെയുള്ള പൊലീസുകാരന്‍ ഒത്തു കളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ചോട്ടാ ഷക്കീലിന്റെ ഓപ്പറേഷനായിരുന്നു അതെന്നും ഫിറോസിന്റെ പിതാവാണ് അതിനുള്ള മേല്‍നോട്ടമെന്നും കണ്ടെത്തി. ഫിറോസിന്റെ പിതാവും സഹോദരങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടു. ഒപ്പം, തോക്കുമായി നിര്‍ണായക വേളയില്‍ അകത്തേക്ക് പോയ പൊലീസുകാരനും അറസ്റ്റിലായി.

കറാച്ചിയിലെ അന്ത്യം

ഒളിവില്‍ കഴിയുന്ന ഫിറോസിനെ തന്റെ അനുയായിയാക്കാന്‍ ചോട്ടാ രാജന്‍ പല തവണ ശ്രമിച്ചു. പക്ഷേ, അയാള്‍ വഴങ്ങിയില്ല. വിവരമറിഞ്ഞതോടെ ചോട്ടാ ഷക്കീലും ദാവൂദും ഫിറോസിനെ കറാച്ചിയിലേക്ക് വിളിപ്പിച്ചു.

താമസിയാതെ നേപ്പാള്‍-ബാങ്കോക്ക് വഴി ഫിറോസ് പാക്കിസ്താനിലേക്ക് കടന്നു. അതിനിടെ ദാവൂദിന്റെ വലം കൈയായിരുന്ന ഷക്കീലുമായി ഫിറോസ് ശീതസമരത്തിലായിരുന്നു. ഡി- കമ്പനിയിലെ ഒന്നാമന്‍ താനാണെന്നും ചോട്ടാ ഷക്കീല്‍ കൊല നടത്താന്‍ ആജ്ഞാപിക്കുന്ന വെറുമൊരു മണ്ടനാണെന്നും ഫിറോസ് പറഞ്ഞതായാണ് കഥ.

2001-ലായിരുന്നു അത്. കറാച്ചിയിലെത്തി ഏറെ വൈകാതെ ആ വാര്‍ത്ത വന്നു. കറാച്ചിയിലെ ഹോട്ടല്‍മുറിയില്‍ ഫിറോസിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഷക്കീലുമായുള്ള തര്‍ക്കമാണ് ഫിറോസിന്റെ കൊലയില്‍ കലാശിച്ചതെന്നാണ് കഥ. പൊലീസ് തിരയുന്നതിനാല്‍ ദാവൂദ് ഫിറോസിനെ തീര്‍ത്തതാണെന്നും പറയുന്നുണ്ട്. കഥ ഏതായാലും, ഫിറോസ് ബോംബെ അധോലോകത്തില്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങള്‍ക്ക് കണക്കില്ല എന്നത് വാസ്തവമാണ്.

…………………………

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)