
കംബോഡിയ തായ‍്‍ലൻഡ് സംഘർഷത്തിന് അവസാനമായിട്ടില്ല. ഫ്രഞ്ച് ഭരണകാലം അവസാനിച്ചപ്പോൾ വരച്ച അതിർത്തിയെച്ചൊല്ലി തർക്കം അന്നേയുണ്ട്. 2008 -ൽ , തർക്കപ്രദേശത്തെ ക്ഷേത്രം യുനെസ്കോ പൈതൃക പട്ടികയിൽ ചേർക്കാൻ ശ്രമിച്ചു കംബോഡിയ. അതോടെ സംഘർഷം ഏറ്റുമുട്ടലായി, അത് ഇടക്കൊക്കെ പൊട്ടിത്തെറിക്കും, പിന്നെ ഒന്നടങ്ങും. ഇപ്പോഴത്തേത് തുടങ്ങിയത് മേയിലാണ്. ഒരു കംബോഡിയൻ സൈനികന്‍റെ മരണത്തോടെ.
ജൂലൈയിൽ അതിർത്തിയിൽ നിയന്ത്രണളേർപ്പെടുത്തി രണ്ട് രാജ്യങ്ങളും. സൈനിക വിന്യാസവും കൂട്ടി. പിന്നാലെ തായ്‍ലൻഡ് കംബോഡിയയിൽ ബോംബിട്ടു. ഇപ്പോൾ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു കംബോഡിയ. അമേരിക്കയും ഇടപെട്ടു. പക്ഷേ, തായ്‍ലൻഡ് തയ്യാറല്ല. കംബോഡിയൻ അതിർത്തിയിലെ ചൈനീസ് നിർമ്മിത പാലത്തിന്‍റെ ഒരു ഭാഗം തായ്‍ലൻഡ് തകർത്തു.
ഒരു കസീനോയും. അതോടെ പ്രദേശത്തുണ്ടായിരുന്ന ചൈനീസ് വംശജർ പലായനം ചെയ്തു. തായ്‍ലൻഡ് ഉദ്ദേശിച്ചത് അതുതന്നെയാവണമെന്നാണ് നിഗമനം. കാരണം, കംബോഡിയൻ അതിർത്തിയിലെ കുപ്രസിദ്ധമായ ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങൾ തായ്‍ലൻഡിന് മാത്രമല്ല, ലോകത്തിന് മുഴുവൻ തലവേദനയാണ്. തൊഴിൽ തേടുന്നവരെ വലയിലാക്കി ഇവിടെയെത്തിച്ച് സൈബർ തട്ടിപ്പ് ശൃംഖലകൾക്ക് വേണ്ടി പണിയെടുപ്പിക്കുന്നു. വന്നുപെട്ടാൽ രക്ഷപ്പെടുന്നത് അപൂർവം. ചൈനീസ് വംശജരാണ് ഈ കേന്ദ്രങ്ങൾ നിയന്ത്രിക്കുന്നത്.
ലോകരാജ്യങ്ങൾക്ക് കംബോഡിയയോട് വലിയ സഹതാപമില്ലാത്തതിന്‍റെ ഒരു കാരണവും അതാണ്. കംബോഡിയൻ സർക്കാരിലെ തന്നെ ഉന്നതരാണ് ഈ കേന്ദ്രങ്ങൾക്ക് പിന്നിൽ. അവരിൽ പലർക്കും അമേരിക്കയും ബ്രിട്ടനുമുൾപ്പടെ ഉപരോധമേർപ്പെടുത്തിയിരിക്കയാണ്. എന്തായാലും യുദ്ധം കംബോഡിയൻ സമ്പദ് രംഗത്തെ ബാധിച്ചിരിക്കുന്നു.
തായ്‍ലൻഡിലേക്ക് തൊഴിൽ തേടിപ്പോയവരെല്ലാം തിരിച്ചെത്തി. നാലര ലക്ഷത്തോളം കംബോഡിയക്കാർ അഭയാർത്ഥികളായി. അതിർത്തി കടന്നുള്ള കച്ചവടം നിന്നത് ഇരുകൂട്ടർക്കും തിരിച്ചടിയാണ്. കംബോഡിയയ്ക്കാണ് കൂടുതൽ നഷ്ടം. തായ്‍ലൻഡിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ പോലും വെടിനിർത്തലിനെ പിന്തുണക്കുന്നില്ല. ഇരവാദം കളിക്കേണ്ടെന്നാണ് കംബോഡിയയ്ക്കുള്ള തായ്‍ലൻഡിന്‍റെ മുന്നറിയിപ്പ്. കാര്യങ്ങൾ വഷളാകുകയാണെന്ന് ചുരുക്കം. മെച്ചപ്പെടാനുള്ള സാധ്യതകളും കുറവ്.