ഇസ്ലാമിക്സ്റ്റേറ്റ് ആക്രമണം; തോക്കുകൾ നിയന്ത്രിക്കാൻ ഓസ്ട്രേലിയ, ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ തീരുമാനം

Published : Dec 22, 2025, 04:14 PM IST
Bondi Beach shooting

Synopsis

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഐഎസ് അനുകൂലികളായ ഇന്ത്യൻ വംശജനും മകനും നടത്തിയ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ ശക്തമെന്ന് കരുതുന്ന തോക്ക് നിയമങ്ങളിലെ പഴുതുകൾ തുറന്നുകാട്ടിയ ഈ സംഭവം, സാധാരണക്കാരുടെ ധീരതയ്ക്കും സാക്ഷ്യം വഹിച്ചു. 

 

തോക്ക് നിയന്ത്രണ നിയമങ്ങൾ ഏറ്റവും ശക്തം എന്ന കരുതപ്പെടുന്ന രാജ്യത്താണ് 15 പേരെ രണ്ട് കൊലയാളികൾ വെടിവച്ച് വീഴ്ത്തിയത്. അതും 6 തോക്കുകൾ ഉപയോഗിച്ച്. ഒരാൾക്ക് എങ്ങനെ 6 തോക്കുകൾ സ്വന്തമാക്കാനായിയെന്ന ചോദ്യത്തിന് മുന്നിൽ ഓസ്ട്രേലിയൻ അധികൃതർക്ക് ഉത്തരം മുട്ടുന്നു. ക്വീൻസ്‍ലാൻഡിലാണ് ഏറ്റവും കൂടുതൽ രജിസ്റ്റേഡ് തോക്കുകളുള്ളത്. അതിലൊരാൾ നേരത്തെ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ആകർഷണത്തിന്‍റെ പേരിൽ കസ്റ്റഡിയിലുമായതാണ്.

വിദഗ്ധരും തോക്ക് നിയന്ത്രണത്തിന്‍റെ വക്താക്കളും രാഷ്ട്രീയ നേതാക്കളെ, വ്യവസ്ഥിതിയെ പഴി പറയുന്നു. പക്ഷേ, ഷൂട്ടേഴ്സ് അസോസിയേഷന്‍റെ അഭിപ്രായത്തിൽ തോക്കില്ലായിരുന്നുവെങ്കിലും ആക്രമണം നടന്നേനെ. 2016 -ൽ ഫ്രാൻസിലെ നീസിൽ നടന്ന ആക്രമണം അവർ ഓർമ്മിപ്പിക്കുന്നു. ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ച് കയറി കൊല്ലപ്പെട്ടത് 86 -പേരാണ്. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തതും. തോക്ക് നിയന്ത്രണം കൊണ്ട് കാര്യമില്ല, ജനം തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് മുൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ് പറയുന്നു.

ഇസ്ലാമിക്സ്റ്റേറ്റ്

1996 -ൽ 35 പേർ കൊല്ലപ്പെട്ട വെടിവയ്പുമായി ബോണ്ടി ബീച്ചിലെ വെടിവയ്പിന് സാമ്യമുണ്ടെന്ന് പലരും പറയുന്നു. വിനോദ സഞ്ചാരികൾ ധാരാളമെത്തുന്ന സ്ഥലം. 10 വയസുകാരി മുതൽ 87 -കാരൻ വരെ കൊല്ലപ്പെട്ടു. ജൂതവംശജരുടെ ഹനുക്കാ ആഘോഷത്തിനിടെയാണ് ആക്രമണം നടന്നത്. ഇസ്ലാമിക്സ്റ്റേറ്റ് അനുകൂലികളായ അച്ഛനും മകനുമാണ് കടുംകൈ ചെയ്തത്. അച്ഛൻ കൊല്ലപ്പെട്ടു. മകൻ ആശുപത്രിയിലായി. അച്ഛൻ ഇന്ത്യക്കാരനാണ്. ഹൈദരാബാദുകാരൻ. നാടുവിട്ട് പോയതാണ്. മകന് ഓസ്ട്രേലിയൻ പൗരത്വമുണ്ട്.

ഇന്ത്യൻ വംശജർ

ഇന്ത്യക്കാരനായ അച്ഛൻ സാജിദ് അക്രം. മകൻ നവീദ് അക്രം. അച്ഛന് 50 വയസ്. മകന് 24. സാജിദിന് ലൈസൻസുണ്ട്. 6 തോക്കുകളുണ്ട്. ആറും കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. ഇന്ത്യക്കാരനായ സജിദ് അക്രം 1998 -ൽ ഓസ്ട്രേലിയയിലെത്തിയത് സ്റ്റ്യൂഡന്‍റ് വിസയിൽ. പിന്നെയത് പാർട്‍നർ വിസയായി. ശേഷം റസിഡന്‍റ് വിസയും. മകൻ നവിദ് അക്രം ഓസ്ട്രേലിയയിലാണ് ജനിച്ചത്. അതിനാൽ പൗരത്വവുമുണ്ട്. സിഡ്നി ആസ്ഥാനമായ ഐഎസ് സെല്ലുമായുള്ള അടുത്ത ബന്ധത്തിന്‍റെ പേരിൽ മുമ്പ് അന്വേഷണ വിധേയനായിട്ടുണ്ട്. ഭീഷണിയൊന്നുമില്ലെന്ന കണ്ടെത്തലിൽ വിട്ടയച്ചു. അച്ഛനും മകനും ഫിലിപ്പീൻസിൽ പോയതിലാണ് പിന്നെ അന്വേഷണം നടന്നത്. നവംബർ 1 മുതൽ 28 വരെ ഇരുവരും ഫിലിപ്പീൻസിലുണ്ടായിരുന്നു. ഇന്ത്യൻ പാസ്പോർട്ടാണ് സാജിദ് ഉപയോഗിച്ചത്. സൈനിക രീതിയിലെ പരിശീലനം അവിടെവച്ച് കിട്ടിയെന്നൊരു റിപ്പോർട്ടുണ്ട്.

ആക്രമണം

ആക്രമണം നടന്നത് ഹനുക്ക് ആഘോഷത്തിനിടെയാണ്. ജൂതവംശജരുടെ ആഘോഷം. ദീപങ്ങളുടെ ആഘോഷം എന്നർത്ഥം. ഗ്രീക്കുകാരുമായി യുദ്ധം ചെയ്ത് മതസ്വാതന്ത്ര്യം നേടിയെടുത്തതിന്‍റെ ഓർമ്മയ്ക്കാണീ ഉത്സവം. നവംബറിലോ ഡിസംബറിലോ ആണ് സാധാരണ. ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലാണ് ഹനുക്കാ ആഘോഷത്തിനായി ജൂതവംശജർ ഒത്തുകൂടിയത്. ആയിരത്തോളം പേരുണ്ടായിരുന്നു. വൈകീട്ട് ആറേ മുക്കാലോടെയാണ് പൊലീസിന് ആക്രമണത്തെക്കുറിച്ച് വിവരം കിട്ടുന്നത്. പിന്നീട് കിട്ടിയ ദൃശ്യങ്ങളിൽ നിന്നാണ് സംഭവിച്ചതെന്തെന്ന് അറിയുന്നത്. കാർപാർക്കിനടുത്തെ ചെറിയ പാലത്തിൽ നിന്ന് വെടിയുതിർക്കുന്ന രണ്ടുപേർ. ജനങ്ങൾ ഓടുന്നതും നിലവിളിക്കുന്നതും പലരും വെടിയേറ്റ് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഒരക്രമിയെ പിടികിട്ടി. അച്ഛൻ വെടിയേറ്റ് മരിച്ചു.

അഹ്മദ് എന്ന ഹീറോ

ആശുപത്രിയിലായത് നിരവധി പേർ. ചോദിച്ചും പറഞ്ഞുമാണ് കുറേപ്പേർ രക്ഷകരായത് പൊലീസടക്കം അറിയുന്നത്. അതിലൊന്നാണ് സിറിയൻ - ഓസ്ട്രേലിയനായ അഹ്‍മദ് അൽ അഹ്‍‍മദ്. കടൽതീരത്തെ പഴക്കടയുടെ ഉടമ. കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് വെടിയൊച്ച കേൾക്കുന്നത്. ഓടിയെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്നവരെയും കൊലയാളികളെയും. അതിലൊരാളിനെ പിടികൂടാൻ ശ്രമിച്ചു അഹ്‍മദ്. തോക്ക് പിടിച്ചു വാങ്ങി അയാൾക്ക് നേരെ ചൂണ്ടി.

 

 

അതോടെ അക്രമി പിന്നോട്ടോടി. മറ്റേ അക്രമിയുടെ അടുത്തേക്ക്. പക്ഷേ, അതിനുമുമ്പ് അഹ്‍മദിന്‍റെ ശരീരത്തിൽ വെടിയുണ്ടകൾ തുളഞ്ഞുകയറി. ഒരു കൈ ചിലപ്പോൾ മുറിച്ചു മാറ്റേണ്ടിയും വന്നേക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സിറിയൻ അഭയാർത്ഥികളുടെ മകനായ 43 -കാരൻ. മൂന്നും രണ്ടും വയസുള്ള രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനുമാണ്. അവരെക്കുറിച്ച് പോലും ചിന്തിക്കാതെയാണ് അഹ്‍മദ് കൊലയാളിയുടെ നേരെ പാഞ്ഞത്. അഹ്‍മദിനെ ആക്രമിക്കുന്ന കൊലയാളിയുടെ നേർക്ക് തുരുതുരാ ചുടുകട്ടകൾ എറിയുന്ന മറ്റൊരാളുമുണ്ട് ദൃശ്യങ്ങളിൽ.

മറ്റ് ഹീറോകൾ

വെയ്ൻ എന്നൊരാൾ തന്‍റെ രണ്ട് കൂട്ടികളെയും കൊണ്ടാണ് ആഘോഷത്തിന് വന്നത്. ജെസിക്കാ എന്നയമ്മ തന്‍റെ മൂന്ന് വയസുകാരനെയും കൊണ്ടും. ഗർഭിണിയുമായിരുന്നു ജസീക്ക. രണ്ട് പേരുടെയും കുട്ടികളെ ഇതിനിടെയിൽ കാണാതെയായി. വെടിയൊച്ച തുടങ്ങിയപ്പോൾ വെയ്നൊപ്പം മൂത്ത മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇളയ മകൾ കളിച്ച് കളിച്ച് ദൂരെ പോയിരുന്നു. മൂത്ത കുട്ടിക്ക് വെടിയേൽക്കാതെ കവചമായി വെയ്ൻ. ഇളയകുഞ്ഞിനെ തെരഞ്ഞ് പോകാനാകാതെ. അതേസമയം തന്‍റെ മൂന്ന് വയസുകാരനെ തെരഞ്ഞു നടക്കുകയായിരുന്നു ജസീക്ക. കണ്ടില്ല. പക്ഷേ, പേടിച്ചരണ്ട് നിലവിളിക്കുന്ന മറ്റൊരു മൂന്ന് വയസുകാരിയെ കണ്ടു. ആ കുഞ്ഞിനെ ചേർത്തുപിടിച്ച് അവൾ സ്വന്തം ശരീരം കൊണ്ട് മറച്ചു. വെയ്നിന്‍റെ മകളായിരുന്നു അത്. പിന്നീട് ജസീക്കയുടെ മകനെയും കിട്ടി. ജസീക്ക സൂപ്പർ ഹീറോ എന്നുപറയുന്നു വെയ്ൻ. ജീവിതകാലം അവരോട് കടപ്പെട്ടിരിക്കുമെന്നും.

പക്ഷേ, കൊലയാളികളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ബോറിസ്, സോഫിയ ദമ്പതികൾക്ക് ജീവൻ നഷ്ടമായി. ഒരാളിന്‍റെ തോക്ക് പിടിച്ച് വാങ്ങിയെങ്കിലും അയാൾ കാറിൽ നിന്ന് മറ്റൊരു തോക്കെടുത്ത് അവരെ കൊന്നുകളഞ്ഞു. വേറെയുമുണ്ട് രക്ഷകർ. 14 വയസുകാരൻ ഛായ. രണ്ടു ചെറിയ കുഞ്ഞുങ്ങളെ മറഞ്ഞുനിൽക്കുന്നതിനിടെ സ്വന്തം കാലിൽ വെടിയേറ്റു. 22 -കാരനായ പൊലീസുകാരൻ ജാക്ക് ഹിബ്ബർട്ടിന് തലയിലും തോളിലും വെടിയേറ്റു. പഴയനിലയിലാവില്ല ഇനി, ജീവൻ തിരിച്ചുകിട്ടി എന്നുമാത്രം. ലൈഫ്ഗാർഡ് ജാക്സണും സഹപ്രവർത്തകരും മരണം ഭയന്ന് കടലിൽ ചാടിയവരെ കരയ്ക്കെത്തിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകി.

 

 

സാധാരണക്കാരും ആരോഗ്യപ്രവർത്തകരും കണ്ണിമ ചിമ്മാതെ ജോലിചെയ്തു. പരിക്കേറ്റവരുടെ ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടു. സംസ്ഥാന മന്ത്രിയും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും അവർക്കെല്ലാം നന്ദി പറഞ്ഞു. എക്സിൽ ചിത്രം പങ്കുവച്ച് കൊണ്ട് ആന്‍റണി ആൽബനീസ് അഹ്‍മദിന് പ്രത്യേക നന്ദി പറഞ്ഞു. അഹ്‍മദിന്‍റെ ചികിത്സക്കായി ദിവസങ്ങൾക്കകം ഏതാണ്ട് 14 ലക്ഷം ഓസ്ട്രേലിയൻ ഡോളർ ഫണ്ടായിക്കഴിഞ്ഞിരുന്നു. വംശീയ ആക്രമണമെന്ന് വ്യക്തമായതോടെ വംശവെറി നിറഞ്ഞ പരാമർശങ്ങളും പ്രസംഗങ്ങളും രാജ്യത്ത് വ്യാപകമായി. അതവസാനിപ്പിക്കാൻ പുതിയ നിയമങ്ങളെന്ന് പ്രഖ്യാപിച്ചിരിക്കയാണ് പ്രധാനമന്ത്രി ആൽബനീസ്.

തോക്കുകൾ തിരികെ വാങ്ങണം

തോക്കുകൾ തിരികെ വാങ്ങാനുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. ഏതാണ്ട് 40 ലക്ഷം തോക്കുകളുണ്ടിപ്പോൾ ജനങ്ങളുടെ കൈയിൽ 1996 -ലെ പോർട്ട് ആർതർ ആക്രമണ സമയത്തേക്കാൾ വളരെ കൂടുതൽ. തിരികെ വാങ്ങാനുള്ള പദ്ധതിയനുസരിച്ച്, അധികമുള്ളതും ഇപ്പോൾ നിരോധിക്കപ്പെട്ടതും അനധികൃതമായി കൈവശം വച്ചിരിക്കുന്നവയും തിരികെ വാങ്ങും. എന്നിട്ട് നശിപ്പിച്ചു കളയാനാണ് പദ്ധതി. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന തോക്കുകൾക്ക് പരിധി കൊണ്ടുവരും. ലൈസൻസിംഗും കർശനമാക്കും. ഓസ്ട്രേലിയൻ പൗരത്വം ഉള്ളവർക്ക് മാത്രമേ ഇനി ലൈസൻസ് നൽകൂ. രജിസ്റ്റർ സൂക്ഷിക്കും. റെഗുലേറ്ററി അഥോറിറ്റിക്ക് ക്രിമിനൽ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറും.

ഇതിനിടെ ഒരു സംഘം പിടിയിലായി. തീവ്ര ഇസ്ലാമിക ആശയങ്ങളുടെ പേരിൽ. അവർക്കും കൊലയാളികൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയില്ല, അതുകൊണ്ട് വിട്ടയക്കാനാണ് തീരുമാനിച്ചത്. പക്ഷേ, നിരീക്ഷണം തുടരും.

കുത്തഴിഞ്ഞ നിയമങ്ങൾ

1996 -ൽ തന്നെ തോക്കുനിയമങ്ങൾ കർശനമാക്കിയിരുന്നു സർക്കാർ. പക്ഷേ, പിന്നീടതിൽ ഇളവുകൾ വന്നു. ഇന്‍റർനെറ്റ് കാലഘട്ടത്തിന് അനുസരിച്ച് നിയമങ്ങൾ പരിഷ്കരിച്ചുമില്ല. ബോണ്ടി ബീച്ചിലെ കൊലയാളികൾക്ക് ഇതൊക്കെയാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. സജിദ് അക്രമിന് ലൈസൻസ് കിട്ടിയത് 2023 -ലാണ്. 6 തോക്കുകൾ സ്വന്തമാക്കി. നഗരപ്രാന്തങ്ങളിൽ താമസിക്കുന്നൊരാളിന് അത്രയും തോക്കുകളെന്തിനെന്ന സംശയം പ്രകടിപ്പിച്ചത് പ്രധാനമന്ത്രി തന്നെയാണ്. കൂട്ടക്കൊല നടന്ന സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസ്, ഒരാൾക്ക് ഒന്നിൽ കൂടുതൽ തോക്കുകൾ സ്വന്തമാക്കാനുള്ള പരിധി എടുത്തുകളഞ്ഞിരുന്നു. ആ വഴി തന്നെ പല സംസ്ഥാനങ്ങളും പിന്തുടർന്നു.

ക്ലബ്ബുകൾ പേരിന് മാത്രം

എണ്ണത്തിൽ കൂടുതൽ തോക്കുകൾക്ക്, പരിശോധന കൂടുതൽ കർശനമാക്കേണ്ടതല്ലേ എന്നാണ് തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നവരുടെ ചോദ്യം. ഓസ്ട്രേലിയയിലെ ഹണ്ടിംഗ് ക്ലബുകളിലെ അംഗങ്ങൾക്ക് തോക്ക് ലൈസൻസ് കിട്ടാൻ എളുപ്പമാണ്. അങ്ങനെ പറഞ്ഞാണ് പലരും ലൈസൻസ് സ്വന്തമാക്കുന്നത്. പക്ഷേ, ക്ലബുകളിൽ പോകാറില്ല. ക്ലബ്ലുകൾ കൃത്യമായി പരിശീലനം നടത്തണമെന്നും രേഖകൾ സർക്കാരിന് സമർപ്പിക്കണം എന്നൊക്കെയാണ് നിയമം. പക്ഷേ, ന്യൂ സൗത്ത് വെയ്ൽസിലെ 220 ഓളം ക്ലബുകളിൽ പകുതിയോളം എണ്ണത്തിന് കെട്ടിടം തന്നെയില്ലെന്നാണ് റോയിട്ടേഴ്സ് അന്വേഷണത്തിൽ കണ്ടെത്തിയത്. പല ക്ലബുകളും പരിശീലസ്ഥലം പങ്കുവയ്ക്കാറുണ്ടെന്നും അതുകൊണ്ട് സ്വന്തമായി കെട്ടിടം വേണ്ടെന്നുമാണ് സ്പോർട്ടിംഗ് ഷൂട്ടേഴ്‌സ് അസോസിയേഷൻ സിഇഒ ടോം കെനിയോൺ റോയിട്ടേഴ്സിനോട് പറഞ്ഞത്.

സജിദ് അക്രം അംഗമാണെന്ന രേഖകളിലുള്ള ക്ലബ് സത്യത്തിൽ ഒരു കമ്മ്യൂണിറ്റി സെന്‍ററാണ്. യോഗങ്ങൾക്കും മറ്റും വാടകയ്ക്കെടുക്കുന്ന സെന്‍റർ. ലൈസൻസിന് അപേക്ഷിക്കുന്നവർ തങ്ങളുടെ ക്രിമിനൽ പശ്ചാത്തലവും മാനസികാരോഗ്യ പ്രശ്നങ്ങളും സമർപ്പിക്കണമെന്നും നിയമമുണ്ട്. പക്ഷേ, അതിൽ പരിശോധന നടക്കാറില്ല എന്നാണ് റിപ്പോർട്ട്.

എന്തായാലും ബോണ്ടി ബീച്ച് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നിയമങ്ങൾ പരിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. വിനോദത്തിനായുള്ള തോക്ക് വാങ്ങൽ നിർത്തലാക്കിയാൽ തന്നെ തോക്കുകളുടെ എണ്ണം കുറയുമെന്നാണ് വിദഗ്ധ പക്ഷം. ലൈസൻസിംഗും പരിശോധനയും കർശനമാക്കുക മറ്റൊരു വഴിയാണ്. എല്ലാം നടപ്പാക്കുക അത്ര എളുപ്പമല്ലെങ്കിലും.

 

PREV
Read more Articles on
click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
വയസ് 16 ആണോ? സോഷ്യൽ മീഡിയ വേണ്ടെന്ന നിയമവുമായി ഓസ്ട്രേലിയ