
യുക്രെയ്ൻ യുദ്ധത്തോടെ യുദ്ധമുഖത്ത് പുതിയ യുദ്ധ തന്ത്രങ്ങൾ പയറ്റിത്തുടങ്ങിയിരുന്നു. യുക്രെയ്ൻ ഇപ്പോഴും പിടിച്ചുനിൽക്കുന്നത് അവരുടെ സ്വന്തം ഡ്രോണുകൾ കാരണമാണ്. 'Operation Spiders Web' എന്ന് പേരിട്ട ആക്രമണ പരമ്പരയിൽ യുക്രെയ്ൻ ഉപയോഗിച്ചത് ഡ്രോണുകൾ മാത്രമാണ്. തകർന്നത് റഷ്യയുടെ യുദ്ധ വിമാന വ്യൂഹവും. ഇപ്പോൾ ഇറാനും അവസാനത്തെ ആയുധം ഡ്രോണുകളാണ്. പശ്ചിമേഷ്യയിലാകെ പറന്നിറങ്ങി നാശം വിതക്കുകയാണ് ഇറാന്‍റെ ഡ്രോണുകൾ. താരതമ്യേന ചെലവ് കുറഞ്ഞ കമിക്കേസ് ഷഹീദ് ഡ്രോണുകൾ നിർമ്മിക്കാൻ വേണ്ടിവരുന്നത് 40 മുതൽ 50,000 ഡോളർ വരെയാണ്. മൂന്നരമീറ്റർ നീളം, ചിറകളവ് രണ്ടര മീറ്റർ. 50 കി.ഗ്രാം സ്ഫോടകവസ്തുവും കൊണ്ട് പറക്കാം. പറന്ന് തുടങ്ങുംമുമ്പ് പ്രോഗ്രാം ചെയ്ത് വയ്ക്കും. വായുവിൽ വച്ച് നിയന്ത്രിക്കാൻ പറ്റില്ല. 2,500 കിമീ വരെ ദൂരം സഞ്ചരിക്കാനും പറ്റും. ഏതാണ്ട് ടെഹ്റാൻ മുതൽ ഏഥൻസ് വരെയുള്ള ദൂരം.
കനത്തൊരു മൂളലുമായി പറന്നിറങ്ങി ഇടിച്ച് പൊട്ടിത്തെറിക്കുന്ന ഡ്രോണുകൾ ചില്ലറ നാശമല്ല ഉണ്ടാക്കുന്നത്. കുവൈറ്റിൽ 6 അമേരി്ക്കൻ സൈനികർ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിാണ്. എംബസികൾ, ഊർജകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, എല്ലാം ഇതിനകം ഡ്രോണുകളുടെ ലക്ഷ്യമായിക്കഴിഞ്ഞു. ഒമാൻ തുറമുഖത്തും സൈപ്രസിലെ അമേരിക്കൻ സൈനികാസ്ഥാനത്തും ബഹ്റൈനിലെ അമേരിക്കൻ നാവികാസ്ഥാനത്തും ജനവാസമേഖലകളിലും ഡ്രോണുകൾ വീണ് ചിതറി. ദുബായിലെ പാം ജുമൈറയിലെ ഹോട്ടലിൽ വീണ ഡ്രോൺ, അഗ്നിഗോളമായി രൂപം മാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സൌദിയുടെ റസ് തനുറ എണ്ണ റിഫൈനറിയിൽ ഡ്രോൺ വീണതോടെ പ്രവർത്തനം നിർത്തിവച്ചു. ഖത്തറിലെ LNG ടെർമിനലും ഡ്രോൺ വീണതോടെ അടച്ചു. ഇറാന്‍റെ മിസൈൽ വ്യവസായം തകർക്കുകമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഉറപ്പ് പറഞ്ഞിരിക്കുന്നത്. ഡ്രോണുകൾ വിഷയമായിരുന്നില്ല ഇതുവരെ. അമേരിക്കയും ഒടുവിൽ, ഡ്രോണുകൾ നിർമ്മിച്ചുതുടങ്ങി. LUCAS എന്ന് പേര്. ആദ്യമൊക്കെ റഷ്യക്ക് ഡ്രോണുകൾ നൽകിയിരുന്നത് ഇറാനാണ്. ഇപ്പോൾ റഷ്യയും സ്വന്തമായി നിർമ്മിച്ചു തുടങ്ങി.
തലവേദന ഗൾഫ് രാജ്യങ്ങൾക്കാണ്. ആയിരത്തോളം ഡ്രോൺ യുഎഇയെ ലക്ഷ്യമിട്ടെത്തി. 71 എണ്ണം തടുക്കാനായില്ല. ബാക്കി തടുത്തു. പക്ഷേ, അതിനും ചെലവുണ്ട്. യുദ്ധവിമാങ്ങളിൽ നിന്ന് മിസൈലുകൾ തൊടുത്താണ് ഇപ്പോൾ തടുക്കുന്നത്. വേറെയും വഴികളുണ്ട്. ജിപിഎസ് ജാമിംഗ്, ലേസർ ഇതൊക്കെയാവാം.
ഇറാന്‍റെ സമ്മർദ്ദ തന്ത്രമാവാം ഇത്. പ്രതിരോധ സംവിധാനങ്ങളുടെ ശേഖരം മുഴുവൻ തീർക്കാൻ കാണുന്ന വഴിയുമാവാം. പക്ഷേ, എത്രനാൾ ഇറാനിത് തുടരാനാവുമന്ന് വ്യക്തമല്ല. ഇറാൻ വൻതോതിൽ ഡ്രോണുകൾ നിർമ്മിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ യുദ്ധത്തിനിടെ. പക്ഷേ, അമേരിക്ക, ഇസ്രയേൽ സംയുക്ത ആക്രമണത്തെ അതെല്ലാം അതിജീവിച്ചോ എന്നും വ്യക്തമല്ല.
ഇറാന്‍റെ സഖ്യകക്ഷികളാണ് ചൈനയും റഷ്യയും. എന്തുകൊണ്ട് അവർ ഇറാനെ സഹായിക്കുന്നില്ല എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങളും വൈകാരിക കുറിപ്പുകളും വരുന്നുണ്ട്. പക്ഷേ, അന്താരാഷ്ട്ര നയതന്ത്രത്തിൽ അത്ര എളുപ്പമല്ല തീരുമാനങ്ങൾ. റഷ്യ, എണ്ണയുത്പാദനം കൂട്ടാനുള്ള ഒപെക് തീരുമാനത്തിൽ പങ്കാളിയാണ്. പക്ഷേ, അതേസമയം ഇറാനെ സഹായിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ സൈനിക നീക്കങ്ങൾ ശേഖരിച്ച് ഇറാനെ അറിയിക്കുന്നത് റഷ്യൻ ഇന്‍റലിജൻസാണെന്നാണ് റിപ്പോർട്ട്. പക്ഷേ, ചൈനക്ക് തങ്ങളുടെ സമ്പദ്‍രംഗത്തെ ബാധിക്കുന്നതരത്തിൽ വിതരണ ശൃംഖലകൾ തടസ്സപ്പെടുന്നതിൽ ആശങ്കയുണ്ട്.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ, ഇറാൻ ഡ്രോണുകൾ നൽകി സഹായിക്കുന്നുണ്ടായിരുന്നു. തിരിച്ച് ആണവ പദ്ധതിയിൽ റഷ്യൻ സഹായം. അതുകൊണ്ട്, രഹസ്യാന്വേഷണ വിവരങ്ങൾ നൽകി സഹായിക്കുന്നതിൽ അത്ഭുതമില്ല. അതേസമയം ചൈനയും ഇറാനും തമ്മിൽ തന്ത്രപരമായ പങ്കാളിത്തമുറപ്പാക്കുന്ന കരാറിലൊപ്പിട്ടതാണ്. 2021 -ൽ. 400 ബില്യണിന്‍റെ നിക്ഷേപമാണ് അന്ന് ഉറപ്പുനൽകിയത്. ഇറാന്‍റെ ഉറപ്പ് എണ്ണയും. 400 ബില്യന്‍റെ ഒരു ചെറിയ ഭാഗമേ ഇറാനിലെത്തിയിട്ടുള്ളൂ. പക്ഷേ, തടസമില്ലാതെ എണ്ണ ഒഴുകിക്കൊണ്ടേയിരുന്നു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് പരിശീലനം നൽകിയെന്നും മിസൈൽ ഭാഗങ്ങൾ വിറ്റെന്നും ആരോപണമുണ്ട്.
ചൈനീസ് സാങ്കേതിക വിദ്യയാണ് കലാപകാരികളെ പിടികൂടാൻ ഇറാനെ സഹായിച്ചതെന്നും ആരോപിക്കപ്പെടുന്നു. ചൈന പുതിയ സാഹചര്യത്തിൽ ഇറാന് സാമ്പത്തിക സഹായമോ മിസൈൽ ഭാഗങ്ങളോ നൽകിയേക്കും എന്നാണ് അമേരിക്കൻ ഇന്‍റലിജൻസ് വിവരം. പക്ഷേ, സഹായങ്ങല്ലാതെ ചൈനയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവില്ല. സഖ്യങ്ങൾക്ക് ചൈനയെ സംബന്ധിച്ച് വെറും കൈമാറ്റക്കരാറുകളുടെ വിലയേ ഉള്ളൂ. ട്രാൻസാക്ഷണൽ. സംഘർഷങ്ങളിൽ ഇടപെടുന്നതും ചൈനയുടെ നയമല്ല. ഇന്ത്യൻ അതിർത്തിയിലെ കടന്നുകയറ്റങ്ങളൊഴിച്ചുള്ള യുദ്ധമേഖലകളിൽ ചൈനയെ കാണാനുമാവില്ല. ഒരർത്ഥത്തിൽ അമേരിക്കയെ വെല്ലുവിളിക്കാനുള്ള ആയുധം മാത്രമായിരുന്നു ഇറാൻ എന്നുമുണ്ട് വാദം.
ഒരു കടന്നൽക്കൂടാണ് പക്ഷേ, തുറന്നുവിട്ടിരിക്കുന്നത്. പൻഡോറയുടെ പെട്ടി. കടന്നലുകൾ ഇളകി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. പ്രത്യാഘാതം ആദ്യം ഏറ്റത് ഗൾഫ് രാജ്യങ്ങൾക്കാണ്. മറ്റ് രാജ്യങ്ങൾക്കുള്ള ദൂര വ്യാപക പ്രത്യാഘാതങ്ങൾ തുടങ്ങാൻ പോകുന്നേയുള്ളൂ. ഹോർമുസ് കടലിടുക്ക് എന്ന വജ്രായുധത്തിന്‍റെ വില ഇറാന് നല്ലവണ്ണം അറിയാം.
100 മൈൽ നീളം, വീതികുറഞ്ഞ ഭാഗത്തിന് വീതി 31 മൈൽ മാത്രം. ഇറാന്‍റെ സമുദ്രാതിർത്തിയ്ക്കുള്ളിലാണിത്. വീതികുറഞ്ഞ ഭാഗം ഇറാന്‍റെയും ഒമാന്‍റെയും കീഴിലാണ്. രണ്ട് കപ്പൽപാതകൾ. ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാതകൾ മാത്രമുള്ള കടലിടുക്ക് ലോകത്തിന് തന്നെ ജീവനാഡിയാണ്. ദിവസേന കടന്നുപോകുന്നത് 20 മില്യൻ ബാരൽ എണ്ണ, അതായത് ആഗോളതലത്തിലെ എണ്ണയുടെ അഞ്ചിലൊന്ന്.
യുഎഇ, കുവൈറ്റ്, ഖത്തർ, ഇറാഖ്, ഇറാൻ എന്നിവിടങ്ങലിൽ നിന്നുള്ള എണ്ണ ആഗോളവിപണിയിലെത്തുന്നത് ഈ കടലിടുക്ക് വഴിയാണ്. അതിന്‍റെ 84 ശതമാനവും പോകുന്നത് ഏഷ്യയിലേക്കാണ്. ചൈന, ഇന്ത്യ, ജപ്പാൻ, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിലേക്ക്. ഈ വഴിപോകുന്ന പ്രകൃതിവാതകം ആഗോളതലത്തിലെ 20 ശതമാനം. അതുവരുന്നത് ഖത്തറിൽ നിന്നും. അതിന്‍റെ 83 ശതമാനവും ഏഷ്യയിലേക്ക് തന്നെയാണ്. കടലിടുക്ക് അടക്കുമെന്ന് കഴിഞ്ഞ വർഷത്തെ യുദ്ധത്തിനിടെ പോലും ഇറാൻ ഭീഷണി മുഴക്കിയിട്ടില്ല. ഇത്തവണ IRGC കടലിടുക്കിന്‍റെ നിയന്ത്രണം തങ്ങളേറ്റെടുത്തു എന്ന് പ്രഖ്യാപിച്ചു. ചരക്ക് നീക്കം കുറഞ്ഞു. പല കപ്പലുകളും വഴിതിരിഞ്ഞുപോവുകയാണ്. Cape of Good Hope ആണ് മറ്റൊരു പാത. പക്ഷേ, ദൂരക്കൂടുതൽ. അതുകാരണം സമയക്കൂടുതൽ, ചെലവും കൂടുതൽ. അതല്ലാതെ സൗദിക്കും യുഎഇക്കും രണ്ട് പൈപ്പ് ലൈനുകളുണ്ട്. പക്ഷേ, അളവ് തീരെക്കുറവ്. 5 മില്യനും ഒന്നര മില്യനും മാത്രം.