അതിര്‍ത്തി ഗ്രാമങ്ങളും സാധാരണ നിലയിലേക്ക്; ഭീകരരെ വേട്ടയാടി സൈന്യം

Published : May 14, 2025, 02:19 PM IST
അതിര്‍ത്തി ഗ്രാമങ്ങളും സാധാരണ നിലയിലേക്ക്; ഭീകരരെ വേട്ടയാടി സൈന്യം

Synopsis

അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും സംഘര്‍ഷം ഒഴിഞ്ഞു. പാതി ജോലി നി‍ർത്തിയ പാടങ്ങളിലേക്ക് ഗ്രാമീണ‍ർ ഇറങ്ങിത്തുടങ്ങി. വീണ്ടുമൊരു കർഷക കാലത്തിലേക്ക്.     


ന്ത്യ - പാക് സംഘർഷം കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിളവെടുപ്പ് പൂർത്തിയാക്കി വീണ്ടും വിത്ത് വിതയ്ക്കാൻ വയലുകൾ തയ്യാറാക്കുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്. എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസമായി താഴ്വര സാധാരണ നിലയിലേക്ക് മാറിയതോടെ വീണ്ടും കൃഷിപ്പണികൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
 
ഹിമാലയത്തിന്‍റെ താഴ്വരയിൽ മനോഹരമായ ഗ്രാമങ്ങളാണ് കാശ്മീരിലുള്ളത്. ആരെയും ആകർഷിക്കുന്ന പ്രകൃതി ഭംഗി. ഉയർന്ന മലകൾക്ക് താഴെ ചെറിയ ഗ്രാമങ്ങൾ, വിശാലമായ പാടങ്ങൾ. നീലം താഴ് വരയില കേരൻ നിയന്ത്രണ രേഖയിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ വിഭജിച്ച് പോയ ഭൂപ്രദേശമാണിത്. സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്ന്. മലനിരകൾക്ക് താഴെ വിശാലമായ പാടശേഖരങ്ങളിൽ നെല്ല് കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് കേരനിലെ കച്ചാമയിലെ ഗ്രാമീണർ. നെൽ വിത്ത് പാകി തുടങ്ങി കൃഷിയിലേക്ക് കടക്കുന്നതിനിടെയായിരുന്നു പഹൽഗാം ആക്രമണം. അതോടെ സഞ്ചാരികൾ എത്തുന്നത് കുറഞ്ഞു. പതിയെ ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷം വർദ്ധിച്ചു. ഒപ്പം ഗ്രാമീണരും ആശങ്കയിലായി. 

 

ഷെല്ലാക്രമണവും വെടിവെപ്പും നേരിട്ട് ഈ നാടിനെ ബാധിച്ചില്ലെങ്കിലും മറ്റു പ്രദേശങ്ങളിൽ സംഘർഷം വ്യാപകമായതോടെ ഭയപ്പാടിലായി ഗ്രാമീണര്‍. .തടികൊണ്ടുള്ള വീടുകളാണ് ഗ്രാമത്തിലേറെയും ഷെൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബങ്കറുകള്‍ പോലുമില്ല. രാത്രികാലങ്ങളിൽ കഴിഞ്ഞു കൂടിയത് പേടിയോടെയാണെന്ന് ഗ്രാമീണര്‍ പറയുന്നു.  സ്ഥിതിശാന്തമായതോടെ വീണ്ടും പാടങ്ങളിൽ നെൽകൃഷി തുടങ്ങി കഴിഞ്ഞു. ഇനിയങ്ങോട്ട് വേഗത്തിൽ പണികൾ പുരോഗമിക്കും. മഞ്ഞുക്കാലത്തിന് മുൻപുള്ള വിളവെടുപ്പിനിടയിൽ വീണ്ടും സ്ഥിതി സങ്കീർണമാകരുത് എന്നാണ് ഇപ്പോൾ ഇവരുടെ ഏക പ്രാർത്ഥന.,

(ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍ അനന്തുവും റിപ്പോര്‍ട്ട‍ ധനേഷ് രവീന്ദ്രനും കേരൻ സെക്ടറിലെ ഗ്രാമീണർക്കൊപ്പം )

ജനജീവിതം സാധാരണ നിലയില്‍ 

ഇതിനിടെ നഗര, ഗ്രാമങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായി. ജനങ്ങളുടെ മുഖത്ത് ആശങ്കയുണ്ടെങ്കിലും പതിവ് പോലെ ഓഫീസുകളും സ്കൂളുകളും തുറന്ന് തുടങ്ങി. സംഘര്‍ഷ പ്രദേശമായിരുന്ന ഉറി മേഖല ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും. അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ ബങ്കറുകൾ നി‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തൂരുമാനിച്ചു. ജമ്മു, കുപ്‍വാര, ബാരാമുള്ള ഉൾപ്പെടെയുള്ള പ്രദേശങ്ങളിലായി 2000 -ത്തോളം ബങ്കറുകളുടെ പണി ഉടന്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. 

 

ഭീകരരെ വേട്ടയാടി സൈന്യം

ഇതിനിടെ തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ ഇന്നലെ നടന്ന ഏറ്റമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു.  കഴിഞ്ഞ ഒന്നര വര്‍ഷമായി താഴ്വാര കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങൾ നടത്തുകയായിരുന്നു ഇവര്‍. ലഷ്ക‍ർ തോയിബയുടെ ചീഫ് ഓപ്പറേറ്റിംഗ് കമാന്‍ഡ‍ർ ഷീഹിദ് കൂട്ടെ ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്. ഇവര്‍ നിരവധി ഭീകരവാദ കേസുകളിലെ പ്രതികളാണ് പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ പോലീസ് പ്രദ‍ർശിപ്പിച്ചു. മൂന്ന് തോക്കുകളും ഗ്രനേയ്ഡും വെടിയുണ്ടകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഒപ്പം ഇവ‍ർ വയർലന്‍സ് സംവിധാനം ഉപയോഗിച്ചിരുന്നു. ഇത് ഏത് രാജ്യത്ത് നിർമ്മിച്ചതാണെന്നുള്ള പരിശോധന നടക്കുന്നു. 

തെക്കന്‍ കശ്മീരില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി സൈന്യം പരിശോധനയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധന ഇന്നും തുടരുന്നു. ഇന്നലെ കൊല്ലപ്പെട്ട ഭീകരര്‍ക്ക് പഹല്‍ഗാം ആക്രമണവുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസും സൈന്യവും അന്വേഷിക്കുന്നു. ഇതിനിടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും പൊട്ടാതെ കിടക്കുന്ന പാക് ഷെല്ലുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നു. ഷെല്ലുകൾ നീക്കം ചെയ്ത ശേഷം മാത്രമേ പ്രദേശവാസികളെ അവരവരുടെ ഗ്രാമങ്ങളിലേക്ക് പോകാന്‍ അനുവദിക്കൂ. ഇതിനകം ആറോളം ഗ്രാമങ്ങളില്‍ നിന്നും പാക് ആയുധങ്ങൾ നിര്‍വീര്യമാക്കിക്കഴിഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുമ്പോഴും ജനങ്ങളുടെ മുഖത്ത് ഇനിയൊരു സംഘര്‍ഷമുണ്ടാകുമോയെന്ന ഭയം നിലനില്‍ക്കുന്നു. 

 


 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്