ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, സെലൻസ്കി യുദ്ധം അവസാനിപ്പിക്കാൻ 20 ഇന സമാധാന പദ്ധതി മുന്നോട്ടുവച്ചു. ഡോൺബാസിനെ സൈനിക വിമുക്ത മേഖലയാക്കുക, യുഎസിൻറെയും യൂറോപ്പിന്‍റെയും സുരക്ഷാ ഉറപ്പ് തുടങ്ങിയ നിർദ്ദേശങ്ങളോട് പക്ഷേ. റഷ്യ പ്രതികരിച്ചിട്ടില്ല.
ക്രിസ്മസ് ലോകം മുഴുവൻ ആഘോഷിച്ചു. തന്‍റെ ആദ്യ ക്രിസ്മസ് സന്ദേശത്തിൽ, ലിയോ മാർപാപ്പ എല്ലാ യുദ്ധങ്ങളും അവസാനിക്കട്ടെയെന്ന പ്രത്യാശ പങ്കുവച്ചു. യുക്രൈയ്നിലും ഗാസയിലും ബെത്‍ലഹേമിലും ഉൾപ്പടെ. പഴയ ആചാരങ്ങളൊക്കെ പൊടിതട്ടിയെടുത്തായിരുന്നു യുക്രൈയ്ന്‍റെ ആഘോഷം. റഷ്യയെന്ന ഗോലിയാത്തിനോട് പൊരുതിനിൽക്കുന്നവരുടെ ഉൾക്കരുത്തും, അടുത്ത ക്രിസ്മസ് എങ്ങനെയെന്നുള്ള ആശങ്കയുടെ നിഴലും വീണെന്ന് തോന്നിച്ച ആഘോഷം.
രണ്ടുവർഷത്തിന് ശേഷം ബെത്‍ലഹേമിലും ക്രിസ്മസെത്തി. വിനോദ സഞ്ചാരികളും എത്തി. മേഞ്ചർ സ്ക്വയർ (Manger Square) നിറങ്ങളിൽ കുളിച്ചു. യുദധം കാരണം രണ്ടുവർഷം ക്രിസ്മസ് ആഘോഷിക്കാതെ കടന്നുപോയിരുന്നു. ഇത്തവണ ആശ്വാസത്തിന്‍റെയും സന്തോഷത്തിന്‍റെയും ക്രിസ്മസായി. പക്ഷേ, ഗാസയിലെ ക്രിസ്മസിന് അനിശ്ചിതത്വത്തിന്‍റെ നിഴൽ വീണിരുന്നു. സിറിയയിലെ ക്രൈസ്തവരും ക്രിസ്മസ് ആഘോഷിച്ചു. ജനസംഖ്യയുടെ 10 ശതമാനമായിരുന്ന ക്രൈസ്തവർ ഇന്ന് ആയിരങ്ങളിൽ ഒതുങ്ങുന്നു. ആശങ്കകളിൽ മുങ്ങിപ്പൊങ്ങിയാണ് ജീവിതവും.
അമേരിക്കയിൽ കാലാവസ്ഥാ തകിടം മറിഞ്ഞിരിക്കയാണ്, കനത്ത മഞ്ഞും കൊടുങ്കാറ്റും. ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലിഫോർണിയയിലെ മഴ ദൃശ്യങ്ങളും സുഖകരമല്ല. ക്രിസ്മസ് കാലത്തും ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ റഷ്യ തയ്യാറായില്ല. പക്ഷേ, ട്രംപിന് ക്രിസ്മസ് ആശംസ നേർന്നു റഷ്യൻ പ്രസിഡന്‍റ്. ക്രിസ്മസ് കഴിഞ്ഞതും യുക്രൈയ്നിലെ കീവ് മുഴുവൻ റെഡ് അലർട്ടായി. സ്ഫോടനങ്ങൾ തുടങ്ങി, മിസൈലുകളും ഡ്രോണുകളും പെരുമഴയായി പെയ്തിറങ്ങി. സെലൻസ്കി ട്രംപ് കൂടിക്കാഴ്ചക്ക് മുന്നോടിയായുള്ള റഷ്യയുടെ മുന്നറിയിപ്പാണ്.

സെലൻസ്കിയുടെ 20 ഇന പദ്ധതി
വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയാണ് യുക്രൈയ്ൻ. ചിലയിടങ്ങളിൽ നിന്നുള്ള പിൻമാറ്റമുൾപ്പടെ. പകരം സൈനിക വിമുക്തമേഖല നിലവിൽ വരട്ടെ എന്നാണ് നിർദ്ദേശം. ഇനി പന്ത് റഷ്യൻ പ്രസിഡന്‍റിന്‍റെ കോർട്ടിലാണ്. സമാധാനമാണ് താൽപര്യമെങ്കിൽ ക്രെംലിന് ഈ നിർദ്ദേശം സ്വീകരിക്കാം. അതാണ് കണ്ടറിയേണ്ട കാര്യം.
അമേരിക്ക മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ പലതും യ്ക്രൈയ്ന് സ്വീകാര്യമായിരുന്നില്ല. അതിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടാണ് യുക്രൈയ്ൻ പ്രസിഡന്‍റ് സെലൻസ്കി പുതിയ പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്. ഫ്ലോറിഡയിൽ നടന്ന ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികളും മാറ്റങ്ങൾ അംഗീകരിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള അടിസ്ഥാന രേഖയെന്നാണ് സെലൻസ്കി പുതിയ പദ്ധതിയെ വിശേഷിപ്പിച്ചത്.
യൂറോപ്പും യുഎസും ഒപ്പം വേണം
എന്ത് ധാരണയുണ്ടായാലും അതിൽ അമേരിക്കയും യൂറോപ്പും പങ്കാളികളാവണമെന്നത് പ്രധാന വ്യവസ്ഥ. സെലൻസ്കി സുരക്ഷാ ഉറപ്പുകൾ ആവശ്യപ്പെടുന്നു. സുരക്ഷാ ഉറപ്പുകൾ നേറ്റോയുടെ അടിസ്ഥാന തത്വത്തിന്‍റെ മാതൃകയിലാവണം. അതായത്, ആർട്ടിക്കിൾ 5 -ന്‍റെ മാതൃകയിൽ. ഇനിയൊരു റഷ്യൻ ആക്രമണം ഉണ്ടായാൽ അമേരിക്കയും നേറ്റൊയും യൂറോപ്പും സൈനികമായി തന്നെ ഇടപെടണമെന്ന് ചുരുക്കം. പക്ഷേ, യുക്രൈയ്ൻ റഷ്യയെ ആക്രമിക്കുകയോ റഷ്യൻ പ്രദേശത്തേക്ക് വെടിയുതിർക്കുകയോ ചെയ്താൽ സുരക്ഷാ ഉറപ്പ് പിൻവലിക്കപ്പെടും.
ഡോൺബാസ് പ്രത്യേക സാമ്പത്തിക മേഖല
മറ്റൊരു തർക്കം ഡോൺബാസിനെ ചൊല്ലിയായിരുന്നു. കിഴക്കൻ മേഖലമായ ഡോൺബാസിൽ റഷ്യ കണ്ണ് നട്ടിട്ട് കാലം കുറേയായി. ഡോണട്സ്ക് മുഴുവനായി വിട്ടുകൊടുത്താലേ യുദ്ധം അവസാനിക്കൂ എന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്ലദീമീർ പുടിന്‍റെ നിലപാട്. പൂർണമായല്ലെങ്കിലും അവിടെ ചില പ്രദേശങ്ങൾ റഷ്യയുടെ അധീനതയിലാണ്. അത് വിട്ടുകൊടുക്കില്ലെന്നാണ് റഷ്യയുടെ നിലപാട്. വിട്ടുവീഴ്ചക്ക് യുക്രൈയ്നും തയ്യാറായിരുന്നില്ല. ഡോൺബാസ് പ്രത്യേക സാമ്പത്തിക മേഖലയോ സൈനിക വിമുക്ത മേഖലയോ ആയിക്കോട്ടെ എന്നാണ് യുക്രൈയ്ന്‍റെ ഇപ്പോഴത്തെ നിർദ്ദേശം. സൈന്യം പിൻമാറിയാലും യുക്രൈയ്ന്‍ പൊലീസ് തുടരും. റഷ്യൻ പൊലീസിനെ അനുവദിക്കില്ല. യുക്രൈയ്ന്‍റെ കോട്ടമതിൽ, ഫോർട്രസ് ബെൽറ്റ് (fortress belt) എന്നറിയപ്പെടുന്ന നഗരങ്ങളും അതിലുൾപ്പെടും. ഡോണട്സ്കിലെ ക്രാമറ്റോർസ്ക്, സ്ലൊവിയാൻസ്ക് എന്നിവയുൾപ്പടെ അത്രകണ്ട് സുരക്ഷിതമാണ്. യുക്രൈയ്ന്‍റെ ഹൃദയഭാഗത്തേക്കുള്ള വാതിലായാണ് ഈ നഗരങ്ങൾ കണക്കാക്കപ്പെടുന്നത്. യുക്രൈയ്ന്‍റെ ഭാഗത്തുനിന്നുള്ള വലിയൊരു വിട്ടുവീഴ്ചയാണത്. ഏറെക്കാലത്തെ തർക്ക വിഷയവും. ഈ ഫോർട്രസ് ബെൽറ്റിന്‍റെ 40 കിമീ കിഴക്കാണിപ്പോൾ റഷ്യൻ സൈന്യം.

സൈന്യങ്ങൾ പിൻമാറണം
യുക്രൈയ്ന്‍റെ സൈന്യം പിൻമാറുമ്പോൾ റഷ്യൻ സൈന്യവും പിൻമാറണമെന്നത് അടിവരയിട്ട് പറയുന്നുണ്ട് യുക്രൈയ്ൻ പ്രസിഡന്‍റ്. അതൊക്കെ നടപ്പായാൽ, ഇപ്പോഴത്തെ യുദ്ധമുന്നണി സാമ്പത്തിക മേഖലയുടെ അതിർത്തിയാവും. അന്താരാഷ്ട്ര നിരീക്ഷണമുള്ള മേഖല. നുഴഞ്ഞു കയറ്റമുണ്ടാവില്ലെന്ന് ഉറപ്പിക്കേണ്ടത് അവരുടെ ചുമതലയാവും. മറ്റൊരു വ്യവസ്ഥ, യുക്രൈയ്ന്‍റെ പരമാധികാരം അംഗീകരിക്കണമെന്നതാണ്. രാജ്യത്തിന്‍റെ സമ്പദ്‍രംഗം വീണ്ടെടുക്കാൻ വികസന പാക്കേജ് വേണം. പ്രകൃതി വാതക മേഖലയിലുൾപ്പടെയുള്ള നിക്ഷേപമടക്കം. 800 ബില്യൻ വേണ്ടിവരുമെന്നാണ് സെലൻസ്കിയുടെ കണക്ക്.
ആണവപ്ലാൻറ്
റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോർഷ്യയിലെ ആണവോർജ പ്ലാന്‍റിന്‍റെ പ്രവർത്തനത്തിന് നിർദ്ദേശമുണ്ടാവണം. അമേരിക്കൻ - യുക്രൈയ്ൻ സംയുക്ത നിയന്ത്രണത്തിലാവാം. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനം യുക്രൈയ്ന്. ബാക്കി അമേരിക്കയ്ക്ക് തീരുമാനിക്കാം. യുക്രൈയ്ന്‍റെ മറ്റ് ചില പ്രദേശങ്ങളിൽ നിന്ന് റഷ്യ പിൻമാറണം. ഡിനിപ്രോപെട്രോവ്സ്ക്, സുമി, ഖാർകീവ് തുടങ്ങിയവയിൽ നിന്ന്. നിയമപരമായ ബാധ്യതയുള്ള ധാരണ. അതും അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഉറപ്പിലും നിരീക്ഷണത്തിലും.
ജനാധികാരം
ധാരണ അംഗീകരിച്ചാൽ പൂർണ തോതിലെ വെടിനിർത്തൽ. ഇതിന്‍റെയെല്ലാം അവസാനം, യുക്രൈയ്നിൽ അഭിപ്രായ വോട്ടെടുപ്പ്. ജനം തീരുമാനിക്കട്ടെ ഇത് വേണോ വേണ്ടയോയെന്ന്. അതിന് 60 ദിവസത്തെ വെടിനിർത്തൽ ആവശ്യം. ഇതൊക്കെയാണ് സെലൻസ്കി മുന്നോട്ടുവച്ച പദ്ധതിയിലെ നിർദ്ദേശങ്ങൾ.
സമാധാനമുണ്ടായാൽ തെരഞ്ഞെടുപ്പ്
ധാരണയുണ്ടായാൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തെ തന്നെ പല കോണുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു സെലൻസ്കിക്ക് മേൽ. സെലൻസ്കി നിയമസാധുതയില്ലാത്ത നേതാവാണെന്നത് പുടിന്‍റെ പതിവ് ആരോപണമാണ്. 2024 -ൽ ഭരണകാലാവധി കഴിഞ്ഞിരുന്നു സെലൻസ്കിക്ക്. പക്ഷേ, യുദ്ധം തുടങ്ങിയതോടെ സൈനിക നിയമം നിലവിൽ വന്നു. അങ്ങനെയുള്ളപ്പോൾ തെരഞ്ഞെടുപ്പ് നടത്താൻ പറ്റില്ല. അതാണ് വസ്തുത. സമാധാനമുണ്ടായിൽ തെരെഞ്ഞെടുപ്പ് നടത്താം എന്നുതന്നെയാണ് സെലൻസ്കിയുടെ നിലപാട്. റഷ്യയുടെ ഏറ്റവും വലിയ ആവശ്യം യുക്രൈയ്ൻ നേറ്റൊ അംഗത്വത്തിന് ശ്രമിക്കരുതെന്നതാണ്. സെലൻസ്കിയുടെ പദ്ധതിയിൽ അതിനെക്കുറിച്ച് പറയുന്നില്ല. പക്ഷേ, യുറോപ്യൻ യൂണിയൻ അംഗത്യത്തെക്കുറിച്ച് പറയുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ അംഗത്വം. ഇപ്പോൾ യുക്രൈയ്ൻ സ്ഥാനാർത്ഥി മാത്രമാണ്. പക്ഷേ, പരിഗണനാ പട്ടികയിൽ വേറെ പല രാജ്യങ്ങളും യുക്രൈയ്നേക്കാൾ മുന്നിലുണ്ട്.

പഠിച്ചിട്ട് പറയാമെന്ന് റഷ്യ
മറുപടി അറിയിക്കാമെന്നാണ് ക്രെംലിൻ അറിയിച്ചിരിക്കുന്നത്. ഡോണട്സ്കിലെ നിർദ്ദേശങ്ങളിൽ പുടിന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറപ്പില്ല. യുക്രൈയ്ൻ സൈന്യം പിൻമാറിയില്ലെങ്കിൽ കിഴക്കൻ യുക്രൈയ്ൻ മുഴുവൻ റഷ്യ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് റഷ്യ. അപ്പോഴും സെലൻസ്കിയുടെ പ്രതീക്ഷ അമേരിക്കയുടെ ഇടപെടലിലാണ്. ട്രംപിനോട് പറ്റില്ലെന്ന് പറയാൻ ക്രെംലിന് കഴിയില്ലെന്ന പ്രതീക്ഷ. പദ്ധതി പഠിച്ച്, പതുക്കെ പറയാമെന്നാണ് ക്രെംലിന്‍റെ അറിയിപ്പ്.
യുദ്ധം കാത്ത് യൂറോപ്പ്
യൂറോപ്പ് ഒരു യുദ്ധം പ്രതീക്ഷിച്ച് തുടങ്ങിയിരിക്കുന്നു. റഷ്യ അതിന് തയ്യാറെടുക്കുന്നുവെന്നാണ് വിലയിരുത്തൽ. അടുത്ത 5 വർഷത്തിനകം യുദ്ധം എന്നാണിപ്പോഴത്തെ നിരീക്ഷണം. പ്രതിരോധച്ചെലവ് കൂട്ടുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. തങ്ങളായിട്ട് യുദ്ധം തുടങ്ങില്ല. പക്ഷേ, യൂറോപ്പ് അതിനൊരുങ്ങിയാൽ ഇപ്പോഴേ തയ്യാറെന്ന് റഷ്യൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു. ഇത്രനാളും ബജറ്റിന്‍റെ ഭൂരിഭാഗവും ക്ഷേമപദ്ധതികൾക്ക് മാറ്റിവച്ചിരുന്നു യൂറോപ്പ്. സൈനിക കാര്യങ്ങൾക്ക് അമേരിക്ക സഹായിക്കുമെന്ന ധാരണയിൽ. അതായിരുന്നു ട്രംപ് അധികാരമേൽക്കുന്നതുവരെയുള്ള സ്ഥിതി.
പക്ഷേ, അമേരിക്കയെ പ്രതീക്ഷിക്കേണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചു. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശവും കൂടിയായതോടെ യൂറോപ്പ് വെട്ടിലായി. എല്ലാ രാജ്യങ്ങളും പ്രതിരോധച്ചെലവ് കൂട്ടി. ഹൈബ്രിഡ് യുദ്ധമുറകൾ നേരത്തെ പയറ്റിത്തുടങ്ങിയിരുന്നു റഷ്യ. പോളണ്ടിന്‍റെ അതിർത്തി കടന്നെത്തിയ ഡ്രോണുകൾ അതിന്‍റെ ഭാഗമാണെന്ന് യൂറോപ്പ് കരുതുന്നു. വ്യോമാതിർത്തി കടന്ന് പല വിമാനത്താവളങ്ങളിലും ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത, തെറ്റായ വാർത്ത, അങ്ങനെ പല ക്യാംപെയ്നുകളും പ്രത്യക്ഷപ്പെടുന്നു. ഹാക്കിംഗ് വേറൊരു വഴിക്ക്. യൂറോപ്യൻ രാജ്യങ്ങൾ സൈനിക സേവനം നിർബന്ധമാക്കിയതും ഇതിന്‍റെ ബാക്കിയാണ്. യുദ്ധം തന്നെ ഒരു വ്യവസായമാണെന്ന വിലയിരുത്തലുമുണ്ട് മറുപക്ഷത്ത്.


