ഇരുട്ടിൽ തപ്പുന്ന കേരളം: വൈദ്യുതി പ്രതിസന്ധിയും കെ.എസ്.ഇ.ബിയുടെ ട്രേഡിംഗ് താത്പര്യങ്ങളും

Published : Sep 27, 2026, 03:26 PM ISTUpdated : Sep 27, 2026, 03:31 PM IST
Kerala Power Crisis and KSEB's Trading Interests

Synopsis

കേരളത്തിലെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ വ്യതിയാനമല്ല, മറിച്ച് കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയാണ്. സൗരോർജ്ജ സംഭരണത്തിലെ വീഴ്ചകളും, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ അവഗണിച്ചതും, കുറഞ്ഞ നിരക്കിലുള്ള കരാറുകൾ റദ്ദാക്കിയതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

സെപ്റ്റംബർ മാസത്തിലും പവർക്കട്ട്! സതീശൻ സർക്കാരിന്‍റെ സ്ഥാനോഹണവും ഓണക്കാലവും കഴിഞ്ഞപ്പോൾ, ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത് സെപ്റ്റംബറിലെ ലോഡ്ഷെഡ്ഡിംഗ് കണ്ടപ്പോഴാണ്. സൂര്യനസ്തമിച്ചാൽ എഴുന്നൂറ് മുതൽ ആയിരം വരെ മെഗാവാട്ടിന്‍റെ കുറവ്. എന്നാൽ മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ വാഗ്ദാനങ്ങൾ ചൊരിഞ്ഞു; ഒക്ടോബർ ഒന്ന് മുതൽ അടുത്ത കാലവർഷം വരെയുള്ള കാലയളവിനായി പ്രത്യേക പദ്ധതി നടപ്പാക്കും. വിശദമായ വൈദ്യുതി നയം നടപ്പാക്കും. 2030 ആകുമ്പോൾ പതിനായിരം മെഗാവാട്ട് ലഭിക്കാൻ ദീർഘകാല കരാറുകൾ കൊണ്ടുവരും, സ്വകാര്യ നിക്ഷേപകരെ സ്വാഗതം ചെയ്യും, പുറത്തുനിന്നും വൈദ്യുതി വാങ്ങുന്ന നിലവിലെ പതിമൂവായിരം കോടിയുടെ ചെലവ് പതിനാറായിരം കോടിയിലേക്ക് ഉയരാം. മുഖ്യമന്ത്രിയുടെ മനക്കോട്ട പൂവണിയട്ടെ, നാട് പ്രകാശപൂരിതമാകട്ടെ. അന്യസംസ്ഥാനങ്ങൾക്ക് വൈദ്യുതി വിറ്റ കാലം കിനാവുകാണുന്ന കേരളത്തിന് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പ്രതിയെ കിട്ടി —ആഗോളതാപനം, എൽനിനോ, ലാനിന! ഇപ്പറഞ്ഞതൊന്നും ഒരു വെളുപ്പാൻകാലത്ത് ഊബറെടുത്തിങ്ങ് പോന്നതല്ല, കാലങ്ങളായി നമ്മൾ നേരിടുന്ന യാഥാർത്ഥ്യങ്ങളാണ്. എങ്കിൽ എന്താണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പിന്നിലെ യഥാർത്ഥ പ്രതി? എന്താണതിന്‍റെ പരിഹാരമാർഗ്ഗങ്ങൾ? എൽനിനോയും ലാനിനയും എന്തുപിഴച്ചു?

സോളാറിലെ കരുത്ത്, പക്ഷേ ബാറ്ററി സ്റ്റോറേജിന്‍റെ അപര്യാപ്ത

നിലവിൽ കേരളത്തിന്‍റെ ഹൈഡ്രോ - ഇലക്ട്രിക് പവർ പ്ലാന്‍റുകളുടെ മൊത്തം ഇൻസ്റ്റാൾഡ് കപ്പാസിറ്റി 2096.36 മെഗാവാട്ടാണ്. ഈ ജലവൈദ്യുത പദ്ധതികളുടെ ശേഷിയെ രണ്ട് വർഷം മുൻപ് തന്നെ സൗരോർജ്ജം മറികടന്നു. സൗരോർജ്ജത്തിന്‍റെ മൊത്തം ഇൻസ്റ്റാൾഡ് കപ്പാസിറ്റി 2228.765 മെഗാവാട്ടാണ്. നിലവിലെ കണക്കനുസരിച്ച് 2,300 മെഗാവാട്ട് വൈദ്യുതി സോളാറിലൂടെ കിട്ടുന്നു. അത്രയും വൈദ്യുതി ജലവൈദ്യുത പദ്ധതികളിലൂടെ ഉത്പാദിപ്പിക്കാൻ ഇരുപതിനായിരം കോടിക്ക് മേലെ ചെലവ് വരും. അതിൽ ഏതാണ്ട് 1,400 മെഗാവാട്ട് വൈദ്യുതി നയാപ്പൈസ ചെലവില്ലാതെ ബോർഡിലെത്തുന്നുണ്ട്. പക്ഷേ, വൈദ്യുതിക്ക് താരതമ്യേന വിലക്കുറവുള്ള പകൽനേരങ്ങളിലാണെന്ന് മാത്രം.

ഈ ബാങ്കിംഗ് സംവിധാനത്തിലൂടെ സൗരോർജ്ജം നൽകുന്ന ഉപഭോക്താവിന് ആവശ്യമുള്ള വൈദ്യുതി രാത്രിയിൽ ബോർഡ് തിരികെ നൽകുന്നു. ഫലത്തിൽ ബോർഡിന് ഉപഭോക്താവ് അങ്ങോട്ട് നൽകുന്ന വൈദ്യുതിയുടെ വിലയല്ല രാത്രിയിൽ തിരിച്ചുനൽകുന്ന വൈദ്യുതിക്ക് ഈടാക്കുന്നത്. അയൽപ്പക്കത്ത് സോളാർ പാനൽ ഉയരുമ്പോൾ സോളാർ വക്കാത്ത അയൽവാസിയുടെ നെഞ്ചിൽ തീ കത്തുന്നത് അതുകൊണ്ടാണ്. എന്നിട്ടും ആ വൈദ്യുതി ശേഖരിച്ച് രാത്രിയാവശ്യങ്ങളിലേക്ക് വകമാറ്റാനാവുന്ന ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളെപ്പറ്റി ഇലക്ട്രിസിറ്റ് ബോർഡ് പക്ഷേ, ചിന്തിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ 'സൂര്യഘർ' പദ്ധതി വന്നിട്ട് കൊല്ലം രണ്ടേ കഴിഞ്ഞുള്ളൂ. എന്നാൽ, അതിനും നാലാണ്ട് മുമ്പ് 'ഊർജ്ജകേരള മിഷനു'ണ്ടാക്കി സൗരോർജ്ജ കളത്തിലിറങ്ങിയ നാടാണ് കേരളം. ഇതേകാലയളവിൽ 1,52,000 പുരപ്പുറ സോളാർ യൂണിറ്റുകളും 946.9 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന നേരമാണതെന്ന് കൂടി ഓർക്കേണ്ടതുണ്ട്. അപ്പോഴും മറ്റ് സംസ്ഥാനങ്ങൾ എളുപ്പത്തിലുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളിലേക്ക് തിരിഞ്ഞിട്ടും കേരളത്തിന്‍റെ വൈദ്യുതി ബോർഡിന് ഇനിയും ആ ബുദ്ധിയുദിച്ചിട്ടില്ല.

സൗരോർജ്ജത്തിലൂടെ കാലണ ചെലവില്ലാതെ കൈയ്യിൽവന്ന 2,300 മെഗാവാട്ടിനെ ബാറ്ററി സ്റ്റോറേജില്ലാതെ കൈയ്യൊഴിയുന്ന ബോഡിന്‍റെ സമീപനത്തിന് നെറ്റിപ്പട്ടം ചാർത്തുന്ന മറ്റൊരു കൊടുംവീഴ്ച്ച കൂടിയുണ്ട്. വൈദ്യുതിക്ഷാമം പരിഹരിക്കാൻ കേരളത്തിനാശ്രയിക്കാവുന്ന പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങൾ. വൈദ്യുതി ലഭ്യത കൂടുതലുള്ള പകൽസമയത്ത് റിസർവോയറുകളിൽ ജലം സംഭരിച്ച് ഉത്പാദനം കൂട്ടുന്ന പരിപാടിയെക്കുറിച്ച് ബോർഡിലെ എൻജിനീയർമാർ തന്നെ ഗൗരവതരമായി ചിന്തിച്ചിട്ട് കൊല്ലം എട്ട് കഴിഞ്ഞു. കേരളത്തിൽ ഏതാണ്ട് പത്തോളം ജലവൈദ്യുത പദ്ധതികളിലൂടെ ഇതേ മാർഗ്ഗത്തിൽ അയ്യായിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് പഠന റിപ്പോർട്ടിൽ എഴുതിവച്ചത് ബോർഡിന്‍റെ എൻജിനീയർമാർ തന്നെയാണ്. താരതമ്യേന ദീർഘകാല പോംവഴിയായി കരുതാവുന്ന, വലിയ പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കാത്ത മാർഗ്ഗമാണിത്.

ഉമ്മൻചാണ്ടി സർക്കാറിന്‍റെ കരാർ

2014 -ലെ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് കുറഞ്ഞ പണത്തിന് 2016 മുതൽ 2041 വരെ ഇരുപത്തിയഞ്ച് വർഷത്തേക്കായി വൈദ്യുതി കിട്ടാനുണ്ടാക്കിയ ദീർഘകാല കരാറും നിലച്ചു. സ്വകാര്യ താപനിലയങ്ങളിൽ നിന്ന് യൂണിറ്റിന് 4.65 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതിയായിരുന്നു ലക്ഷ്യം. കുറഞ്ഞ ചെലവിൽ ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ചരിത്രപരമായ നീക്കമെന്നായിരുന്നു യു.ഡി.എഫിന്‍റെ പ്രചാരണം. അവിടെയും വൈദ്യുതി ഉത്പാദനത്തിലെ സ്വയംപര്യാപ്തതയായിരുന്നില്ല സർക്കാർ ലക്ഷ്യം. ബോർഡിനെ ട്രേഡിംഗ് കമ്പനിയാക്കുന്ന തിരക്കഥ തന്നെയാണ് നടന്നതെങ്കിലും എട്ട് വർഷത്തേക്ക് ആ നിരക്കിൽ വൈദ്യുതി വാങ്ങി.

കരാർ റദ്ദാക്കി റഗുലേറ്ററി കമ്മീഷൻ

പിണറായി സർക്കാരിന്‍റെ വരവോടെ കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ പാലിക്കാത്തതും ടെൻഡർ നടപടികളിലെ സാങ്കേതികപ്പിഴവും ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മീഷൻ കരാർ നിർത്തലാക്കി. ഒൻപതോളം മാറ്റങ്ങൾ വരുത്തിയെന്ന് ബി. അശോക് പറഞ്ഞ കരാറിൽ അഴിമതിയും നടപടിക്രമങ്ങളിലെ വീഴ്ചയുമാണ് ഇടതുപക്ഷം ആരോപിച്ചത്. ഫലത്തിൽ ഉള്ള സാധ്യതയും അതോടെ തീർന്നുകിട്ടി. കരാർ റദ്ദാക്കിയപ്പോൾ 800 കോടിയുടെ ലാഭം മോഹിച്ചെങ്കിലും 4.29 പൈസയ്ക്ക് കിട്ടിയ 465 മെഗാവാട്ട് ത്രിശങ്കുവിലായതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നും എട്ട് മുതൽ പതിനാല് വരെ രൂപ കൊടുത്ത് കേരളം വൈദ്യുതി വാങ്ങി. പമ്പ്ഡ് സ്റ്റോറേജിന്‍റെയും ബാറ്ററി സ്റ്റോറേജിന്‍റെയും സാധ്യതകളെ ഇന്നോളം കണ്ടില്ലെന്ന് നടിച്ച കെ.എസ്.ഇ.ബിക്ക് എന്നും കമ്പം ആ ട്രേഡിംഗ് തന്നെയായിരുന്നു.

കടലാസിലൊതുങ്ങിയ പത്ത് പദ്ധതികൾ

2018 -ലെ റിപ്പോർട്ടനുസരിച്ച് പമ്പ്ഡ് സ്റ്റോറേജിനുള്ള പത്ത് പദ്ധതികളാണ് ലക്ഷ്യമിട്ടത്. അതിലൂടെ അയ്യായിരം മെഗാവാട്ട് വൈദ്യുതിയും ലക്ഷ്യമിട്ടു:

  • മൂഴിയാർ - 375 മെഗാവാട്ട്
  • ശെങ്കുളം - കല്ലാർകുട്ടി - 200 മെഗാവാട്ട്
  • പൊൻമുടി - കല്ലാർകുട്ടി - 250 മെഗാവാട്ട്
  • കല്ലാർകുട്ടി - ലോവർപെരിയാർ - 200 മെഗാവാട്ട്
  • ഷോളയാർ - ഇടമലയാർ - 900 മെഗാവാട്ട്
  • പെരിങ്ങൽക്കുത്ത് - ഇടമലയാർ - 350 മെഗാവാട്ട്
  • ഷോളയാർ - പറമ്പിക്കുളം - 300 മെഗാവാട്ട്
  • കക്കയം - പെരുവണ്ണാമൂഴി - 900 മെഗാവാട്ട്
  • ശിരുവാണി - കാരാപ്പുഴ - 800 മെഗാവാട്ട്
  • ശിരുവാണി - മലമ്പുഴ - 800 മെഗാവാട്ട്

അങ്ങനെ മൊത്തം 5075 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ എട്ട് കൊല്ലം മുമ്പേ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ ചുരുട്ടിമൂലക്കെറിഞ്ഞിട്ടാണ് കെ.എസ്.ഇ.ബി തങ്ങൾക്ക് ശീലമുള്ള ട്രേഡിംഗിനിറങ്ങുന്നതെന്ന് കൂടി കൂട്ടിവായ്ക്കേണ്ടതുണ്ട്. ഈ അയ്യായിരം മെഗാവാട്ട് വൈദ്യുതി കൊണ്ട് കേരളത്തിന്‍റെ മൊത്തം വൈദ്യുതാവശ്യങ്ങൾക്ക് പരിഹാരം കാണാമെന്നും നമ്മൾ തിരിച്ചറിയണം. സൗരോർജ്ജത്തിലൂടെയും പമ്പ് സ്റ്റോറേജിലൂടെയും വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തരാകാനുള്ള പഠന റിപ്പോർട്ടുകൾക്ക് കെ.എസ്.ഇ.ബിക്ക് ഒരു പഞ്ഞവുമില്ല.

ട്രേഡിംഗ് മാഫിയയും ജനങ്ങളുടെ തലയിലെ സർച്ചാർജും

പുതിയ പദ്ധതികൾക്ക് പണമില്ലെന്ന് കെ.എസ്.ഇ.ബിക്ക് പറയാം. വൈദ്യുതി വാങ്ങൽ റവന്യൂ ചെലവായതുകൊണ്ട് ഇന്ധന സർച്ചാർജായി കൺസ്യൂമറുടെ തലയ്ക്കടിക്കാൻ റഗുലേറ്ററി കമ്മീഷന്‍റെ അനുവാദവും കിട്ടും. ഇവിടെയാണ് ബോർഡിന്‍റെ ഉപഭോക്താവിന് നേരെയുള്ള കുതികാൽവെട്ട്. 'ബിൽഡ് ഓൺ ഓപ്പറേറ്റ്' (Build-Own-Operate) മാതൃകയിലോ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്‍റെ (PPP) പി.പി.പി മാതൃകയിലോ സ്വകാര്യ നിക്ഷേപകരെക്കൊണ്ട് സ്റ്റോറേജ് പ്ലാന്‍റ് ഉണ്ടാക്കിക്കൂടാ. അങ്ങനെ ചെയ്താൽ ട്രേഡ് യൂണിയനുകൾ സ്വകാര്യവത്കരണമെന്ന ന്യായമുയർത്തും.

മടിയില്ല, ബ്രോക്കർക്കാശ് നൽകാൻ

പകരം അധിക വൈദ്യുതിക്കായി സ്വകാര്യ താപനിലയങ്ങൾക്കും ട്രേഡിംഗ് ബ്രോക്കേഴ്സിനുവേണ്ടി പ്രതിവർഷം 2500 മുതൽ 3000 കോടി വരെ ചെലവിടുന്നതിൽ ബോർഡിന് ഒരു പ്രശ്നവുമില്ല. ഉത്പാദന സംഭരണശേഷി കൂട്ടാനും പ്രസരണ നഷ്ടം കുറയ്ക്കാനും മെനക്കെടാതെ വൻകിട കോർപ്പറേറ്റുകളുടെ കാരുണ്യത്തിൽ നിന്നുപിഴക്കാൻ ഇതേ ബോർഡിന് ഒരുളുപ്പുമില്ല. ഒരു വർഷം പവർ എക്സ്ചേഞ്ചുകളിലേക്ക് ഒഴുക്കുന്ന പണം മതി, അൻപത് മുതൽ എൺപത് വർഷം വരെ ആയുസ്സുള്ള അഞ്ഞൂറ് മെഗാവാട്ടിന്‍റെ കൂറ്റൻ പമ്പ്ഡ് സ്റ്റോറേജോ കേന്ദ്ര സബ്സിഡിയോടെ 250 മെഗാവാട്ടിന്‍റെ ബാറ്ററി സ്റ്റോറേജോ സ്വന്തമായി നിർമ്മിച്ചെടുക്കാൻ. എന്നിട്ടും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും കേരളം പുതുക്കിപ്പണിയാനിറങ്ങിയിരിക്കുന്ന ഇടതു-വലതുപക്ഷങ്ങളും അതിന് തുനിയുന്നില്ല.

ബദൽ ഊർജ്ജ മാർഗ്ഗങ്ങൾക്കും പഞ്ഞമില്ല, പക്ഷേ...

അപ്പോൾ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നം നടപ്പാക്കാനുള്ള വഴികളുടെ കുറവല്ല, ആ വഴി തിരിഞ്ഞാൽ ചിലർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ കണക്കനുസരിച്ച് തന്നെ പമ്പ്ഡ് സ്റ്റോറേജ് വഴി 5000 മെഗാവാട്ടും, ജി. മധുസൂദനന്‍റെ റിപ്പോർട്ടനുസരിച്ച് 42000 മെഗാവാട്ടിന്‍റെ സൗരോർജ്ജ സാധ്യതയുമുണ്ട്. എന്നിട്ടും വൈദ്യുതി ബോർഡിന്‍റെ തലയ്ക്ക് വെളിച്ചം കയറിയിട്ടില്ല. പക്ഷെ, ഒരു മനുഷ്യായുസ്സത്രയും പ്രകൃതിയെ അലട്ടാത്ത ബദൽ ഊർജ്ജ മാർഗ്ഗങ്ങളെപ്പറ്റി മലയാളിയെ ബോധവത്കരിച്ച സാക്ഷാൽ ആർ.വി.ജി. മേനോന് ഇന്നൊരു ചാരിതാർത്ഥ്യമുണ്ട്. താൻ ജീവനോടിരിക്കുന്ന കാലത്തുതന്നെ അതിലൂടെ സംഭവിക്കുന്ന ഊർജ്ജവിപ്ലവത്തിന്‍റെ ചാരിതാർത്ഥ്യം!

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്‍റെ മാധ്യമവിലക്ക്; എന്താണ് അമേരിക്കയിലെ ടെലിവിഷൻ മീഡിയ പൂൾ?
ഡിസ്ലെക്സിയ ബാധിച്ച കുട്ടിയിൽ നിന്നും ലോകത്തെ എണ്ണം പറഞ്ഞ സൈബർ സെക്യൂരിറ്റി വിദഗ്ധനിലേക്ക്; അനുഭവം പങ്കുവച്ച് രാഹുൽ ശശി