റിപ്പബ്ലിക്കൻ പരാജയം എഐ മേഖലയെയും ടെക് കമ്പനികളെയും എങ്ങനെ ബാധിക്കുമെന്നത് പ്രധാന ചർച്ചയാകുന്നു. ഡേറ്റാസെന്ററുകൾക്കെതിരായ പ്രതിഷേധങ്ങളും പുതിയ നിയന്ത്രണങ്ങളും ഈ മേഖലയിലെ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
റിപബ്ലിക്കൻ പരാജയം എഐ മേഖലയെ എങ്ങനെ ബാധിക്കുമെന്നത് ഗൗരവമുള്ള ചോദ്യമാണ്. ട്രംപിന്റെ എഐ അനുകൂല നയം. ചൈനയെ തോൽപ്പിക്കാനുള്ള ധൃതി, കൂണുപോലെ മുളച്ചുപൊന്തിയ ഡേറ്റാസെന്ററുകൾ ഇതൊക്കെയും എല്ലാവരും കണ്ടതാണ്. ഡേറ്റാസെന്ററുകൾക്ക് നേരെയുണ്ടായ എതിർപ്പുകൾ അതിന്റെ മറുവശം. അതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നൊരു പക്ഷമുണ്ട്. ഡമോക്രാറ്റുകളിൽ പലരും എഐ ഡേറ്റാ സെന്ററുകളുടെ വികസനത്തിനെതിരെ പ്രചാരണം നടത്തിയിരുന്നു. എന്തായാലും ഫലം വന്നപ്പോൾ ഓഹരി വിറ്റഴിക്കൽ കൂടിയത് ടെക് കമ്പനികളുടെ കേന്ദ്രമായ നാസ്ഡാക്കിലാണ്. അമേരിക്കയിലെ തകർച്ച ഏഷ്യയിലേക്കും യൂറോപ്പിലേക്കും പടർന്നു. അമേരിക്കയിൽ കുറച്ചൊക്കെ തിരിച്ചുകയറിയെങ്കിലും.
എഐ എന്ന വിപണി
ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയാണ് ജനങ്ങൾക്കും കോർപ്പറേറ്റുകൾക്കും എഐയുടെ പ്രായോഗിക പ്രയോജനങ്ങളിൽ താൽപര്യം ഉണ്ടാകാനുള്ള കാരണമായത്. പിന്നാലെ നിക്ഷേപകരുമുണ്ടായി. ഈ വർഷത്തോടെ 1 ട്രില്യനാകും നിക്ഷേപമെന്നാണ് കണക്കുകൂട്ടൽ. ഈ വർഷം അവസാനത്തോടെ 1 ട്രില്യൻ നിക്ഷേപമെത്തുമെന്നാണ് ഗോൾഡ്മൻ സാക്സ് പുറത്തുവിട്ട കണക്ക്. എഐയിലെ നിക്ഷേപം കൂടിയതോടെ മറ്റ് വ്യവസായങ്ങൾക്ക് ചെലവ് കൂടി. പക്ഷേ, ടെക് കമ്പനികളുടെ ഓഹരി മൂല്യം കുതിച്ചുയർന്നു. എങ്കിലും അതിന് തക്കവണ്ണം ലാഭം തിരിച്ചുകിട്ടുമോയെന്നതിൽ സംശയം തുടങ്ങിയിരുന്നു,

ഉയർന്ന ആശങ്കകൾ
എഐയിലെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ കൂടിയതോടെ നിക്ഷേപകർക്ക് സംശയം ആശങ്കയായി. മനുഷ്യരാശിക്ക് തന്നെ അപകടമായേക്കുമെന്ന ടെക് രംഗത്തെതന്നെ മുന്നറിയിപ്പുകളും അതിനാക്കം കൂട്ടി. വെള്ളവും വൈദ്യുതിയും കൂടുതൽ വേണ്ടുന്നതും ശബ്ദമലിനീകരണവും വലിയതോതിൽ ഭൂമി ഏറ്റെടുക്കുന്നതും ജനങ്ങൾക്ക് വലിയ ആശങ്കതന്നെയാണ്. ഡേറ്റാസെന്ററുകൾ പലതും ജനവാസകേന്ദ്രങ്ങൾക്ക് അടുത്തായപ്പോൾ അവർ പ്രതിഷേധിച്ചു. ഡമോക്രാറ്റുകളും ജനങ്ങൾക്കൊപ്പം നിന്നു. പല സംസ്ഥാനങ്ങളും നിയമങ്ങൾ പാസാക്കി. ഡമോക്രാറ്റുകൾ വിജയിച്ചതോടെ കോൺഗ്രസിൽ ഇനി നിയമത്തിന് നീക്കമുണ്ടാകുമെന്നാണ് നിഗമനം. മസ്ക്, സക്കർബർഗ് ആൾട്ട്മൻ എന്നിവർ കോടികൾ ചെലവിട്ടാണ് എഐ വികസിപ്പിക്കുന്നത്.

(ടെക്സസിലെ നിയുക്ത സെനറ്റർ ജെയിംസ് ടലറിക്കോ)
പെട്ടുപോയവരിൽ മസ്കും
എഐയുടെ തലതൊട്ടപ്പൻ എന്നുവിളിക്കുന്ന നൊബേൽ ജേതാവായ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റൺ (Geoffrey Hinton), മസ്കിനെയും സക്കർബർഗിനെയും ആൾട്ട്മനെയും പേരെടുത്ത് പറഞ്ഞുതന്നെ വിമർശിച്ചുവെന്നാണ് ഓൺലൈൻ റിപ്പോർട്ട്. ടെക്സസിലേക്ക് ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ഓപ്പറേഷൻസ് അധികവും മാറ്റിയ മസ്ക് ഡമോക്രാറ്റ് സ്ഥാനാർത്ഥിയുടെ വിജയത്തോടെതന്നെ വെട്ടിലായിരിക്കയാണ്. ടെക്സസിലെ നിയുക്ത സെനറ്റർ ജെയിംസ് ടലറിക്കോ (James Talarico) തന്റെ നയം വ്യക്തമാക്കുകയും ചെയ്തു. അമേരിക്കയുടെ നേതൃത്വം സംരക്ഷിക്കണം. പക്ഷേ, മറ്റ് പലതിലും ആലോചനകൾ നടക്കണം, വ്യവസായങ്ങൾക്ക് കൃത്യമായ നിയമങ്ങൾ വേണം എന്നാണ് ടലറിക്കോയുടെ പക്ഷം. എന്തായാലും അനിയന്ത്രിതമായ വികസനത്തിന് ചങ്ങല വീഴും. ടെക്സസ് നിയുക്ത ഗവർണറും ഡേറ്റാസെന്ററുകൾക്ക് എതിരാണ്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനകം എഐ ഓഹരികൾ തുരുതുരാ വിറ്റഴിക്കപ്പെട്ടു. പുതിയ നിയന്ത്രണങ്ങളിലെ ആശങ്കകൾ തന്നെയാണ് തൽകാലത്തെ കാരണം. പക്ഷേ, എഐ കുതിപ്പ് തിരിച്ചെത്തുമോ അതോ വെറും കുമിളയായി പൊട്ടിത്തകരുമോ എന്നിപ്പോൾ വ്യക്തമല്ല. സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം കുതിപ്പ് ആവർത്തിക്കില്ലെങ്കിലും കുമിളയായി തകരില്ല എന്നാണ്.














