ട്രംപിന്‍റെ മാധ്യമവിലക്ക്; എന്താണ് അമേരിക്കയിലെ ടെലിവിഷൻ മീഡിയ പൂൾ?

Published : Sep 24, 2026, 10:33 AM ISTUpdated : Sep 24, 2026, 07:33 PM IST
Trump's media ban

Synopsis

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ വാർത്തകൾ നൽകിയതിന് CNN ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് മറ്റ് പ്രമുഖ ചാനലുകളും സംയുക്തമായി വാർത്താ കവറേജ് നിർത്തിവച്ചിരുന്നു. ഒടുവിൽ നിയമ പോരാട്ടം വിജയം കാണുകയും ഫെഡറൽ കോടതി വിലക്ക് നീക്കുകയും ചെയ്തിരിക്കുകയാണ്.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ മനഃപൂർവം പ്രതികൂല വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് CNN, MS NOW, Politico എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തനങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക പരിപാടികൾ ചിത്രീകരിക്കുന്ന ടെലിവിഷൻ മീഡിയ പൂളിൽ CNN-നെ ഉൾപ്പെടുത്താനും വൈറ്റ് ഹൗസ് വിസമ്മതിച്ചു. പ്രതിഷേധമായി ABC, CBS, NBC, Fox News എന്നീ നാല് പ്രമുഖ ചാനലുകളും സംയുക്തമായി പൂൾ കവറേജ് നിർത്തിവച്ചു. അമേരിക്കൻ പ്രസിഡന്‍റിന്‍റെ വാർത്താ കവറേജിൽ അപൂർവമായ പ്രതിസന്ധിക്കാണ് ഇതോടെ തുടക്കമായത്. ഒടുവിലിതാ കോടതിയിൽ ട്രംപിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്ക് പ്രസ് പാസ് പുനസ്ഥാപിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കോടതി. എന്തായിരുന്നു വിലക്ക്, എന്തൊക്കെയാണ് കോടതി വിധിയിലെ വിവരങ്ങൾ വിശദമായി അറിയാം.

എന്താണ് ടെലിവിഷൻ പൂൾ ?

പ്രസിഡന്‍റിന്‍റെ ഓരോ പരിപാടിയും ചിത്രീകരിക്കാൻ എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും ഒരേസമയം പ്രവേശനം നൽകാനാവില്ല. ഈ പ്രശ്നത്തിന് പരിഹാരമായാണ് പ്രസിഡന്‍റ് ഡ്വൈറ്റ് ഐസൻഹോവറിന്‍റെ കാലത്ത് 'വൈറ്റ് ഹൗസ് പ്രസ് പൂൾ' സംവിധാനം വികസിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ചെറിയൊരു മാധ്യമ സംഘം പ്രസിഡന്‍റിനെ അനുഗമിക്കുകയും ശേഖരിക്കുന്ന വാർത്തകളും ദൃശ്യങ്ങളും മറ്റ് മാധ്യമങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം.

ABC, CBS, CNN, Fox News, NBC എന്നീ അഞ്ച് പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കുകളാണ് ടിവി പൂളിലുള്ളത്. ഓരോ ദിവസവും ഓരോ ചാനൽ എന്ന ക്രമത്തിൽ പ്രസിഡന്‍റിന്‍റെ പരിപാടികൾ ചിത്രീകരിക്കും. ഓവൽ ഓഫീസിലെ കൂടിക്കാഴ്ചകൾ മുതൽ എയർഫോഴ്സ് വണ്ണിലെ യാത്രകളും വിദേശ സന്ദർശനങ്ങളും വരെ ഇതിൽ ഉൾപ്പെടും. ശേഖരിക്കുന്ന ദൃശ്യങ്ങൾ മറ്റ് ചാനലുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലോകമെമ്പാടുമുള്ള വാർത്താ ഏജൻസികൾക്കും കൈമാറും.

ചെലവ് വഹിക്കുന്നതും പങ്കിട്ട്

ഈ സംവിധാനത്തിന്‍റെ മറ്റൊരു പ്രത്യേകത ചെലവുകൾ പങ്കിടുന്നതാണ്. ക്യാമറയും സാങ്കേതിക സംവിധാനങ്ങളും മുതൽ പ്രസിഡന്‍റിനൊപ്പമുള്ള യാത്രയും താമസവും വരെയുള്ള ചെലവുകൾ മാധ്യമ സ്ഥാപനങ്ങളാണ് വഹിക്കുന്നത്. വിദേശയാത്രകളിൽ ഒരു ടെലിവിഷൻ നെറ്റ്‌വർക്കിന് ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം ഡോളറിലധികം ചെലവാകാം. ചെറിയ മാധ്യമ സ്ഥാപനങ്ങൾക്ക് നേരിട്ട് വഹിക്കാനാവാത്ത ഈ ചെലവുകൾക്കുള്ള പരിഹാരം കൂടിയാണ് പൂൾ സംവിധാനം.

ടെലിവിഷൻ പൂൾ മാത്രമല്ല, പത്രങ്ങൾ, വാർത്താ ഏജൻസികൾ, റേഡിയോ, ഫോട്ടോഗ്രാഫർമാർ എന്നിവർക്കും പ്രത്യേക പൂൾ സംവിധാനങ്ങളുണ്ട്. ടിവി പൂൾ പ്രവർത്തനം നിർത്തിയാലും മറ്റ് മാധ്യമ വിഭാഗങ്ങളുടെ റിപ്പോർട്ടിങ് തുടരാനാകും.

ആദ്യം നിയന്ത്രണം ഏറ്റെടുത്തു

പതിറ്റാണ്ടുകളായി മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര സംഘടനയായ വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് അസോസിയേഷനായിരുന്നു ഭൂരിഭാഗം പൂൾ പ്രതിനിധികളെയും നിശ്ചയിച്ചിരുന്നത്. എന്നാൽ 2025 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം ഈ തിരഞ്ഞെടുപ്പിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ടിവി പൂളിന്‍റെ റൊട്ടേഷൻ അപ്പോഴും അഞ്ച് നെറ്റ്‌വർക്കുകളുടെ നിയന്ത്രണത്തിൽ തുടർന്നു.

പക്ഷേ. ഒറ്റക്കെട്ടായി നിന്ന് മാധ്യമങ്ങൾ

ഇപ്പോൾ CNN -നെ അതിന്‍റെ നിശ്ചിത ചുമതലയിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ തർക്കത്തിന് കാരണം. എന്നാൽ, ഭരണകൂടത്തിന്‍റെ വാർത്താവിതരണത്തിൽ പൊതുജനങ്ങൾക്ക് സ്വതന്ത്രവും കൃത്യവുമായ വിവരങ്ങൾ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് അഞ്ച് നെറ്റ്‌വർക്കുകളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങൾക്കെതിരായ റിപ്പോർട്ടിങ്ങിന്‍റെ പേരിൽ ഒരു മാധ്യമ സ്ഥാപനത്തെയും ഭരണകൂടം ഒഴിവാക്കരുതെന്നാണ് അവരുടെ നിലപാട്.

CNN, MS NOW, Politico എന്നീ സ്ഥാപനങ്ങൾ പ്രവേശനവിലക്കിനെതിരെ ഫെഡറൽ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാധ്യമ പ്രവേശനത്തിന്‍റെ നിയന്ത്രണവും ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമ സ്വാതന്ത്ര്യവും സംബന്ധിച്ച നിയമപോരാട്ടമായി ഇതോടെ വിഷയം മാറിയിരിക്കുന്നു.

ഒടുവിൽ CNN വിലക്ക് മാറ്റി കോടതി

CNN, MS NOW, Politico എന്നീ മാധ്യമസ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിയിരിക്കുകയാണ് ഫെഡറൽ കോടതി. ഈ വിലക്ക് ഭരണഘടനാവിരുദ്ധമാകാൻ സാധ്യതയുണ്ടെന്ന് ഫെഡറൽ ജഡ്ജി ടിമത്തി കെല്ലി വ്യക്തമാക്കി. മുൻകൂർ അറിയിപ്പോ വിശദീകരണം നൽകാനുള്ള അവസരമോ ഇല്ലാതെ പ്രസ് പാസുകൾ റദ്ദാക്കിയത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ട്രംപ് തന്നെ നിയമിച്ച ജഡ്ജിയാണ് 14 ദിവസത്തേക്ക് വിലക്ക് തടഞ്ഞതും മൂന്ന് സ്ഥാപനങ്ങളുടെയും പ്രസ് പാസുകൾ ഉടൻ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടതും. ദേശീയസുരക്ഷയുടെ പേരിലാണ് വിലക്കെന്ന ഭരണകൂടത്തിന്റെ വാദവും കോടതി തൽക്കാലം തള്ളി.

PREV
Read more Articles on
click me!

Recommended Stories

ഡിസ്ലെക്സിയ ബാധിച്ച കുട്ടിയിൽ നിന്നും ലോകത്തെ എണ്ണം പറഞ്ഞ സൈബർ സെക്യൂരിറ്റി വിദഗ്ധനിലേക്ക്; അനുഭവം പങ്കുവച്ച് രാഹുൽ ശശി
ഡയാനയുടെ മരണത്തിൽ ചാൾസിന് അസാധാരണ സന്തോഷം; സഹോദരൻറെ പുസ്തകം വിവാദത്തിൽ