Latest Videos

'ദ്രോണര്‍ പഠിപ്പിച്ചതെല്ലാം പഠിച്ച് ഏകലവ്യന്‍ മിടുക്കനായി, നല്ല ജോലിയും കിട്ടി'

By Kutti KathaFirst Published Apr 11, 2019, 4:37 PM IST
Highlights

ഈ വാവേടെ കാര്യം: സിനി സി കെ. എഴുതുന്നു 

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

ഇന്നലെ രാത്രി നാലര വയസ്സുള്ള മോള്‍ക്ക് മഹാഭാരത കഥ പറഞ്ഞു കൊടുത്തുകൊണ്ടാണ് അവളെ ഞാന്‍ മാമൂട്ടിയതു. അതില്‍ അവള്‍ക്കേറ്റവും ഇഷ്ടമുള്ള ഭാഗം, ദ്രോണര്‍ തന്റെ ശിഷ്യരുടെ കഴിവ് അളക്കാന്‍ മരക്കൊമ്പില്‍ കിളിയെ വെച്ച് കൊണ്ട് എന്താണ് കാണുന്നതെന്ന് ശിഷ്യരോട് ചോദിക്കുന്ന ഭാഗമാണ്. അര്‍ജുനന്‍ പറഞ്ഞ മറുപടി 'ഞാന്‍ കിളിയുടെ കഴുത്തു മാത്രമേ കാണുന്നുള്ളൂ ഗുരോ'  എന്നത് അവള്‍ക്കേറ്റവും ഇഷ്ടമുള്ള വാചകം. അങ്ങിനെ അവള്‍ ഒരു അര്‍ജുനന്‍ ആരാധിക ആവുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല. മഹാഭാരത യുദ്ധം വിവരിക്കുമ്പോള്‍ 'രണ്ടു ടീമും റൂള്‍സ് തെറ്റിച്ചിട്ടുണ്ടല്ലോ' എന്നവള്‍. എന്തൊക്കെയോ പറഞ്ഞു ഞാന്‍ തടിയൂരി. (എനിക്ക് പാണ്ഡവ പക്ഷത്തിനോടാണല്ലോ ചായ്വ്, ഞാന്‍ അവരുടെ രീതികളെ ന്യായീകരിച്ചു!)

ഉറങ്ങാന്‍ കിടന്നപ്പോഴും അവള്‍ക്കു കഥ കേള്‍ക്കണം. അങ്ങനെ, ഏകലവ്യന്റെ കഥ പറയാന്‍ തുടങ്ങി.

പണ്ടൊക്കെ കുട്ടികള്‍ ടീച്ചറുടെ വീട്ടില്‍ താമസിച്ചാണ് പഠിക്കാറുള്ളത്. അതിനെ ഗുരുകുലം എന്നാണു പറയാ ട്ടോ. അപ്പോ കുട്ടികള്‍ എല്ലാം
പഠിക്കും...മാമുണ്ടാക്കാനും, തുണി അലക്കാനും, ക്ലീന്‍ ചെയ്യാനും,എഴുതാനും വായിയ്ക്കാനും ഒക്കെ.

നമ്മുടെ പാണ്ഡവരും കൗരവരും ദ്രോണര്‍ എന്ന ടീച്ചറിന്റെ അടുത്താണല്ലോ പഠിക്കാന്‍ പോയത്. ആ നാട്ടില്‍ ഏകലവ്യന്‍ എന്നൊരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടിക്കും പഠിക്കാന്‍ ഇഷ്ടായിരുന്നൂട്ടോ. ദ്രോണര്‍ ശിഷ്യര്‍ക്ക് പറഞ്ഞു കൊടുത്ത വിദ്യകളൊക്കെ ഗുരുകുലത്തിന്റെപുറത്തിരുന്നു കേട്ട് ഏകലവ്യന്‍ പഠിച്ചു .

എങ്ങിനെ, ഞങ്ങളെ പഠിപ്പിക്കുന്ന 'ഹലോ കിഡ്‌സിന്റെ' പുറത്തു നിന്ന് മറ്റു കുട്ടികള്‍ പഠിക്കുന്ന പോലെയോ ?

അതെ. ഒരിക്കല്‍ ഏകലവ്യന്‍ ദ്രോണാചാര്യരുടെ അടുത്തുപോയി ഞാനും പഠിക്കാന്‍ വരട്ടെന്നു ചോദിച്ചു. പഠിച്ച വിദ്യകളൊക്കെ പറഞ്ഞു കൊടുക്കുകയും ചെയ്തു.

'ന്തു ചര്യ?'

'ആചാര്യന്‍, ടീച്ചറെ അങ്ങനേം പറയാം'.

എന്നിട്ട്?

ഗുരുദക്ഷിണ ഒന്നും കൊടുക്കാതെ തന്റെ വിദ്യകളൊക്കെ പഠിച്ച ഏകലവ്യനോട് ടീച്ചര്‍ക്ക് ദേഷ്യം വന്നു.

'എന്താ അങ്ങിനെ പറഞ്ഞാല്‍?'

'നമ്മള്‍ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നതിനു മുമ്പേ ഫീസ് അടക്കില്ലേ ..അത് പോലെ'

'ആ ..എന്നിട്ട്'

'ദ്രോണാചാര്യര്‍ ഏകലവ്യനോട് ഗുരുദക്ഷിണ ആയി ചോദിച്ചത് എന്താണ് എന്ന് അറിയോ?'

'എന്താ?'

'തംപ് ഇന്‍ ദി റൈറ്റ് ഹാന്‍ഡ് , വലതു കയ്യിലെ തള്ള വിരല്‍!'

'ഉം ..'

'ഏകലവ്യന്‍ വലതു കയ്യിലെ തള്ള വിരല്‍ മുറിച്ചു കൊടുത്തു. പാവം ഏകലവ്യന്‍, ല്ലേ മുത്തേ?'

'അത് കൊപ്പല്ല അമ്മാ ..അവിടെ പഠിക്കാന്‍ വേണ്ടീട്ടല്ലേ..അത് കൊടുത്താലല്ലേ പഠിക്കാന്‍ പറ്റൂ.'

'എന്നാലും തള്ളവിരല്‍ മുറിച്ചുകൊടുത്തില്ലേ..'

'അതിനു ഡോക്ടറിനെ കാണിച്ചാല്‍ മതി. വേറെ തമ്പ് കിട്ടിയാല്‍ അവിടെ തുന്നി വെക്കാം.ഇല്ലേല്‍ ഡോക്ടര്‍ അവിടെ പ്ലാസ്റ്റര്‍ ഒട്ടിച്ചു കൊടുക്കും. അമ്മ ബാക്കി പറ'.

'തള്ള വിരല്‍ മുറിച്ചു വാങ്ങിയ ശേഷം, ടീച്ചര്‍ പറഞ്ഞു അസ്ത്ര വിദ്യ പഠിക്കാന്‍ തള്ള വിരല്‍ വേണം, അതായത് അമ്പു എയ്യണേല്‍ ആ വിരല്‍ വേണമല്ലോ'

'ആ, നമ്മുടെ ബാഹുബലിയിലെ പോലെ, ല്ലേ'

'അതെ. തള്ള വിരല്‍ ഇല്ലാത്തോണ്ട് അത് പഠിക്കാന്‍ പറ്റില്ലല്ലോ. അതില്ലാത്തോണ്ട് അവിടെ പഠിക്കാന്‍ പറ്റൂല്ലന്ന്'.

'അത് പറ്റൂല്ല , കൈ മുറിച്ചു കൊടുത്തതല്ലേ , അവിടെ പഠിപ്പിക്കണം'.

'ഇല്ല മുത്തേ, പഠിപ്പിച്ചില്ല'.

'എന്ന ബാക്കി കഥ ഞാന്‍ പറയാം.. കൈ മുറിഞ്ഞ ഏലവ്യനെ ടീച്ചര്‍ എല്ലാം പഠിപ്പിച്ചു , ആ കുട്ടി പഠിച്ചു മിടുക്കനായി. നല്ല ജോലിയും കിട്ടി'.

(എല്ലാ കഥകളും ഹാപ്പി എന്‍ഡിങ്ങില്‍ പറഞ്ഞു അവളെ പഠിപ്പിച്ച എനിക്ക് ഇത് തന്നെ വേണം!)

'അമ്മ ഇനി അമ്മിണിക്കുട്ടീടേം നാണി അമ്മൂമ്മേടേം കഥ പറയ്....'

(എനിക്കിന്നും ശിവരാത്രി തന്നെ!) 

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!