
അമേരിക്കയുടെ ഉറക്കം കെടുത്തുന്നത്, ഇന്ത്യ-ചൈന-റഷ്യ കൂട്ടുകെട്ടാണ്. റഷ്യൻ എണ്ണ വാങ്ങുമെന്ന ഇന്ത്യയുടെ നിലപാടിലെ അനിഷ്ടം ട്രംപ് പ്രകടമാവുകയും ചെയ്തു. യുക്രൈയ്ൻ യുദ്ധം 'മോദിയുടെ യുദ്ധം' എന്ന് ട്രംപ് വൈറ്റ്ഹൌസിലെ വാണിജ്യ കാര്യ ഉപദേഷ്ടാവ് ആരോപിച്ചത് ഈ അനിഷ്ടമാണ് വെളിവാക്കിയത്. ഇന്ത്യ-ചൈന-റഷ്യ കൂട്ടുകെട്ട് അമേരിക്കയ്ക്കുള്ള മറുപടിയാണ്. അമേരിക്കയില്ലാത്ത ഒരു ലോകക്രമം, ഒരു സഖ്യമെന്ന സന്ദേശം. ഇന്ത്യയുടെ ബാലൻസിംഗിനെ കുറിച്ച് വിദഗ്ധർക്ക് പല പക്ഷമാണ്. റഷ്യ-ചൈന സഖ്യം, അമേരിക്ക-ഇസ്രയേൽ-യുഎഇ സഖ്യം, ബ്രിക്സ് എല്ലാം കൂടി ഒരു നൂൽപ്പാലത്തിലല്ലേ പോക്ക് എന്നൊരു വിലയിരുത്തലുണ്ട്. പക്ഷേ, മോദിക്ക് തൽകാലം മറ്റ് സാധ്യതകളില്ല താനും. അമേരിക്കയ്ക്ക് പകരം മറ്റ് വിപണികളും ഇന്ത്യയ്ക്ക് ആവശ്യം. ചൈന സ്ഥിരം സുഹൃത്താവില്ല, സാഹചര്യമാണ് ബീജിംഗിനെ ഇന്ത്യയുടെ അടുത്തെത്തിക്കുന്നത്, പിന്നെ ഷീയുടെ നേതൃമോഹവും.
മോദിയുടെ യുദ്ധം
തന്‍റെ ഉത്തരവുകൾ അനുസരിക്കാത്തവരെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ട്രംപിന്‍റെ പതിവാണ്. ഇത്രയും നാൾ പറഞ്ഞു കൊണ്ടിരുന്നത് യുക്രൈയ്ൻ യുദ്ധം 'സെലൻസ്കിയുടെ യുദ്ധ'മെന്നാണ്. സെലൻസ്കിയോട് ഇപ്പോൾ പഴയ ഇഷ്ടക്കേടില്ല. അപ്പോൾ മറ്റൊരാളെ കണ്ടെത്തി. യുദ്ധത്തിന് കാരണക്കാരനായ റഷ്യൻ പ്രസിഡന്‍റിനോട് പിണക്കമില്ല. ഉപരോധങ്ങളുമില്ല. താക്കീതില്ല. എന്തിന് മുന്നറിയിപ്പ് പോലുമില്ല. ബാക്കിയുള്ളവരോടാണ് ട്രംപ് യുദ്ധം. അമേരിക്ക കടുത്ത നിലപാടെടുത്താൽ ഗാസ യുദ്ധവും യുക്രൈയ്ൻ യുദ്ധവും അവസാനിക്കുമെന്ന് നിരീക്ഷകരിൽ ഒരു വിഭാഗം കരുതുന്നു. പക്ഷേ, ട്രംപിന്‍റെ നെതന്യാഹു - പുടിൻ പ്രീതി കാരണം അങ്ങനെയൊരു നിലപാട് പ്രതീക്ഷിക്കണ്ട.
ഒരുമിച്ച് നൃത്തം ചെയ്യുന്ന
ഡ്രാഗണും ആനയും
അതിനിടെയാണ് മോദിയുടെ ചൈന സന്ദർശനം. അതും 7 വർഷത്തിനിടെ ആദ്യം. തണുത്തുറഞ്ഞ നയതന്ത്രമായിരുന്നു ഇത്രനാൾ. അതിന് ജീവൻ വച്ചിരിക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇതിൽ നിന്ന് അമേരിക്കൻ വിരുദ്ധ ലോക ക്രമം, സഖ്യം ഇതൊക്കെ വായിച്ചെടുക്കണം. രാഷ്ട്രപതിക്ക് ഷീ കത്തയച്ചത് അസാധാരണ സംഭവം. ജൂണിൽ തന്നെ മാറ്റങ്ങൾ തുടങ്ങി. ചൈനീസ് വിദേശകാര്യ മന്ത്രാലയം 'ഡ്രാഗണും ആനയും ഒരുമിച്ച് നൃത്തം ചെയ്യണം' എന്നാഹ്വാനം ചെയ്തു. നേരിട്ടുള്ള വിമാന സർവീസിന് തീരുമാനമായി. ചൈനീസ് വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വീസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു. യൂറിയ ഷിപ്മെന്‍റിനുള്ള നിയന്ത്രണത്തിൽ ചൈന ഇളവ് നൽകി. ഇതിനെല്ലാം കാരണം ട്രംപിന്‍റെ താരിഫ് ഭീഷണി തന്നെയാണ്. ഇന്ത്യ- യുഎസ് ധാരണകളിലെ ആശങ്കയും ഷീ, ഇന്ത്യയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുടെ പണ്ടേയുള്ള റഷ്യൻ ചായ്‍വിലും അമേരിക്കയ്ക്ക് ആശങ്കകളുണ്ട്. യുക്രൈയ്ൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലാണ് റഷ്യയുടെ എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ അന്ത്യശാസനം വന്നത്. അത് ഇന്ത്യ വകവെയ്ക്കുന്നില്ലെന്ന വസ്തുത ട്രംപിന് കനത്ത തിരിച്ചടിയാണ്. തീരുവ ചുമത്തിയെന്ന് വിജയം ആഘോഷിക്കാമെങ്കിലും. വ്യാപാര കരാർ ഭീഷണി മുഴക്കി ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചുവെന്ന അവകാശവാദം അമേരിക്കൻ പ്രസിഡന്‍റ് പിന്നെയും ഉന്നയിച്ചു. അതൊരു അവസാനിക്കാത്ത കഥയാവുകയാണ്. അങ്ങനെയൊരു ധാരണയിലെത്തിയെങ്കിൽ പിന്നെ ഇപ്പോഴത്തെ അധിക തീരുവ എന്തിനെന്ന ചോദ്യം പ്രസിഡന്‍റിനോട് ആരും ഉന്നയിക്കുന്നുമില്ല.