പ്രിയപ്പെട്ട സിസ്റ്റര്‍, നിങ്ങളാണ് മാലാഖ!

By Nee EvideyaanuFirst Published Apr 6, 2019, 5:33 PM IST
Highlights

നീ എവിടെയാണ്: ബോധാബോധങ്ങള്‍ക്കിടയില്‍ ഊയലാടുന്ന നേരത്ത് സാന്ത്വനമായ തലോടലിനെക്കുറിച്ച് സലീന കെ

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.



അതൊരു ഫെബ്രുവരി മാസമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 25. ആറുമാസം ഗര്‍ഭിണിയായ ഞാന്‍ ഒരു വീഴ്ചയില്‍ അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ട് അന്നേക്ക് പതിനഞ്ചാമത്തെ ദിവസം. ഒടുവില്‍ ഇന്‍ഫക്ഷന്‍ കയറി പനിയും വിറയും കൂട്ടുവന്നപ്പോള്‍ അന്നാണ് ഡോക്ടറെന്നെ ലേബര്‍റൂമിലേക്ക് മാറ്റുന്നത്.

പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പ്രത്യേക വികാരമാണ് ഓരോ ലേബര്‍റൂമും. ജനനം എന്ന പുണ്യം നടക്കുന്നത് കൊണ്ട് തന്നെ ഭൂമിയിലെ ഏറ്റവും പാവനമായ ഇടം. വേദനയുടെ ഞരക്കങ്ങളും ആര്‍ത്തനാദങ്ങളും കടന്ന് കുഞ്ഞുകരച്ചിലിന്റെ ആഹ്‌ളാദം നിറയുന്നിടം. അവിടെ വാതിലിനടുത്തുള്ള ഒരു കട്ടിലില്‍ ആയിരുന്നു ഞാന്‍. അടുത്ത് ഘടിപ്പിച്ചൊരു ഉപകരണത്തില്‍ കൂടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉച്ചത്തില്‍ ടപ് ടപ് എന്ന് മുഴങ്ങുന്നു. ആ കുഞ്ഞ് ഹൃദയമിടിപ്പ് ഏത് നിമിഷവും നിലച്ചേക്കാമെന്ന ഭീതി കൊണ്ടാവണം ഞാന്‍ വീണ്ടും വീണ്ടും പനിച്ച് കത്തി. ഇടയ്‌ക്കെപ്പോഴോ ഭയന്നത് തന്നെ സംഭവിച്ചു. എല്ലാം ശാന്തമായി.

എങ്കിലും പ്രസവവേദനയുടെ പാരമ്യതയിലും ദൈവം എനിക്കായൊരു അത്ഭുതം കരുതിവെച്ചിട്ടുണ്ടെന്നും എന്റെ നോവുകള്‍ക്ക് മേല്‍ ഒരു കുഞ്ഞ് കരച്ചില്‍ സന്തോഷപ്പൂക്കളായി വിരിയുമെന്നും കൊതിച്ചെങ്കിലും തീര്‍ത്തും നശ്ശബ്ദനായി തന്നെ എന്റെ കുഞ്ഞ് പിറന്നുവീണു. ചേതനയറ്റൊരു കുഞ്ഞിന് വേണ്ടി ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാവാം ഡോക്ടര്‍മാര്‍ എന്റെയടുത്ത് വന്നതേയില്ല. എന്റെ നോട്ടമെത്തും മുമ്പേ കുഞ്ഞിനെ മാറ്റാനുള്ള തിരക്കിലായിരുന്നു സിസ്റ്റര്‍. പെട്ടെന്ന് ഒന്ന് കാണണമെന്നുള്ളൊരു മോഹം എന്റെയുള്ളില്‍ പതഞ്ഞു പൊങ്ങി. 'ഒന്ന് കാണിച്ച് തരുമോ' എന്ന ചോദ്യത്തിലെ യാചനയുടെ സ്വരം തിരിച്ചറിഞ്ഞത് കൊണ്ടാവണം അവര്‍ അനുവാദത്തിനായി ഡോക്ടറെ കാണാന്‍ പോയത്. എന്റെ വയറ്റില്‍ കിടന്ന് ചവിട്ടിക്കളിച്ചവനാണ്. ചിലപ്പോള്‍ അനങ്ങാതെ കിടന്ന് എന്നെ പേടിപ്പിച്ചവനാണ്. ആറുമാസം കൊണ്ട് ഞങ്ങള്‍ തമ്മിലുണ്ടായ ബന്ധത്തിന്റെ കെട്ടുറപ്പ് മറ്റൊരാള്‍ എങ്ങിനെ അറിയാനാണ്. കുറച്ച് കഴിഞ്ഞ് അവരെത്തി. കുഞ്ഞിനെ ഒരു താലത്തില്‍ കിടത്തിയിട്ടുണ്ട്. ഒന്നേ നോക്കിയുള്ളൂ. അത്രമേല്‍ സുന്ദരമായൊരു മുഖം അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ല.

പ്രിയപ്പെട്ട സിസ്റ്റര്‍, നിങ്ങളെവിടെയാണ്?

അതിനിടയില്‍ പ്‌ളാസന്റ പുറത്തേക്ക് വരാത്തതിനാല്‍ അവരെനിക്ക് അനസ്‌തേഷ്യ നല്‍കുകയാണെന്ന പറഞ്ഞു. ബോധം വരുമ്പോള്‍ നേര്‍ത്ത വെളിച്ചമുള്ള ശീതികരിച്ചൊരു മുറിയിലാണ് ഞാന്‍. ആയാസപ്പെട്ട് കണ്ണ് തുറക്കുമ്പോള്‍ ഉണര്‍ന്നോ എന്നൊരു അലിവിന്റെ സ്വരം. നെറ്റിയിലൊരു നേര്‍ത്ത തലോടല്‍. വെള്ളവസ്ത്രത്തില്‍ ഒരു മാലാഖ അരികിലിരിക്കുന്നു. അവരെന്തൊക്കെയോ പറയുന്നുണ്ട്. ''ഇന്നലെ അബോധാവസ്ഥയില്‍ വയലന്റായത് ഓര്‍മ്മയുണ്ടോ.പിന്നെയും അനസ്‌തേഷ്യ നല്‍കേണ്ടിവന്നു.ആ കുഞ്ഞ് എങ്ങിനെ ജീവിക്കാനാണ്. ഇന്‍േറണല്‍ ഓര്‍ഗന്‍സൊന്നും വളര്‍ന്നിട്ടില്ല.ദൈവം തന്നത് അവനെടുത്തെന്ന് കരുതൂ''...

നെറ്റിയിലേക്ക് പാറിവീണ മുടിയിഴകള്‍ ഒതുക്കി അത്രമേല്‍ സ്‌നേഹസാന്ദ്രമായൊരു തലോടല്‍ കൊണ്ട് എന്റെയുള്ളിലെ ആര്‍ത്തിരമ്പുന്ന നൊമ്പരക്കടലിനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച് തീപിടിച്ചൊരു തെരുവിലെ മഞ്ഞുവീഴ്ച പോലെ അവര്‍ സംസാരിച്ച് കൊണ്ടേയിരുന്നു...

ഇടയ്ക്ക് മയങ്ങിയും പിന്നെയും തെളിഞ്ഞും ബോധാബോധങ്ങള്‍ക്കിടയില്‍ ഞാന്‍ സഞ്ചരിച്ചപ്പോഴൊക്കയും അലിവിന്റെ ആള്‍രൂപമായി അവരെന്നെ തൊട്ട് തലോടിക്കൊണ്ടേയിരുന്നു.അത്രമേല്‍ കരുതലോടെ, മൃദുവായി, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അന്നോളമെന്നെ ആരുമങ്ങിനെ തലോടിയിരുന്നില്ല. ആശുപത്രിയിലെ പതിനഞ്ച് ദിവസവും കട്ടിലില്‍ ഒരേ കിടപ്പ് കിടന്ന് വേദനിച്ചപ്പോഴൊക്കെയും ബാം പുരട്ടി തലോടി ഉറക്കമൊഴിഞ്ഞ് അടുത്തിരുന്ന ഉമ്മയുടെ കരുതലും സ്‌നേഹവും മറന്നല്ല ഇത് പറയുന്നത്. ആ  നിമിഷത്തെ സങ്കടക്കടലില്‍ മറ്റാരും കൂട്ടില്ലാത്ത പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ അലിവിന്റെ ആ ആള്‍രൂപം ഇല്ലായിരുന്നെങ്കില്‍ ഞാനെന്താകുമായിരുന്നു എന്നെനിക്കറിയില്ല. പുലര്‍ച്ചെ അവരെന്നെ തട്ടിവിളിച്ച്, പോവുകയാണ്, ഡ്യൂട്ടിക്ക് വേറെ ആളെത്തിയിട്ടുണ്ട്, അവരെ ഏല്‍പ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് എന്റെ മുഖം കൈവെള്ളയിലൊന്ന് ചേര്‍ത്ത് പിടിച്ച് യാത്ര പറയാതെ നേര്‍ത്തൊരു തെന്നല്‍ പോലെ മാഞ്ഞു പോയി.
    
ആശുപത്രിയിലെ സന്ദര്‍ശകരുടെ ബഹളത്തില്‍, കല്ലിച്ച് കിടക്കുന്ന സങ്കടത്തെ നിസ്സംഗത നിറഞ്ഞൊരു പുഞ്ചിരിയാക്കുന്ന യജ്ഞത്തില്‍  അവരെ പിന്നെ ഓര്‍ത്തില്ലെന്നതാണ് സത്യം. വീട്ടിലെത്തിയതില്‍ പിന്നെ ആ രാത്രിയുടെ ഭീകരത ഓര്‍ക്കുമ്പോഴൊക്കെ ഒരു കുളിര്‍കാറ്റായി അവരുടെ തലോടലിന്റെ തണുപ്പെത്തും. അവരെയൊന്ന് കാണണമെന്ന്  തോന്നും. അരണ്ട വെളിച്ചത്തിലെ അവ്യക്തമായൊരു മുഖമല്ലാതെ ഓര്‍ത്ത് വെക്കാന്‍ ഒരു പേര് പോലും ചോദിച്ചില്ലല്ലോയെന്ന് സങ്കടപ്പെടും.

ജോലിയുടെ കര്‍ത്തവ്യബോധത്തിനുമപ്പുറം ആരുമല്ലാത്തൊരു പെണ്‍കുട്ടിയെ ഒരു രാത്രി മുഴുവന്‍ ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച് അവരെന്റെയുള്ളില്‍ തീര്‍ത്ത ആ സ്‌നേഹക്കടലുണ്ടല്ലോ അതെന്നും അവര്‍ക്ക് വേണ്ടി തിരയടിച്ച് കൊണ്ടേയിരിക്കും.പ്രിയപ്പെട്ട സിസ്റ്റര്‍, നിങ്ങളെവിടെയാണ്? സ്‌നേഹത്തിന്റെ, കരുതലിന്റെ നന്മ മരമായി നിങ്ങളേതൊക്കെ ഹൃദയങ്ങളില്‍ ഇത്‌പോലെ പടര്‍ന്ന് പന്തലിച്ചിട്ടുണ്ടാവും?

click me!