സാറിന് ഓര്‍മ്മയുണ്ടാവുമോ ആ ദിവസം?

By Nee EvideyaanuFirst Published Apr 4, 2019, 4:15 PM IST
Highlights

ഓരോരുത്തരുടെ പേരുകള്‍ വിളിച്ച് ഉത്തരക്കടലാസ് ഒന്നൊന്നായി നല്‍കി. ഓരോ പേരുകള്‍ കഴിയും തോറും എന്റെ നെഞ്ചിടിപ്പ് കൂടി. ഇനി ഒരു കാത്തിരിപ്പില്ല. 'അടുത്തത്.

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

നേര്‍ത്ത കിരണങ്ങള്‍ താണ്ടി മസാനഗുഡിയിലെ കുന്നും മലയും കവര്‍ന്നതിനിടെ വഴിയോരത്ത് സാറിനെപ്പോലെ ഒരാള്‍. 

അദ്ദേഹത്തെ ഓര്‍ക്കുന്നുണ്ടോ? ഉണ്ട്  

ഒത്ത ഉയരം, ചൂണ്ടോട് ചേര്‍ന്നു നില്‍ക്കുന്ന കട്ടി മീശ, നീളമുള്ള ഷര്‍ട്ട്, കഷണ്ടി. 

ഹൈസ്‌കൂളിലെ എന്റെ മലയാളം അധ്യാപകന്‍. സുരേഷ് കുമാര്‍ സര്‍! 

പത്താംതരത്തിലെ കൊല്ല പരീക്ഷ അടുത്തതോടെ ഞായറാഴ്ച ക്ലാസുകള്‍ സുരഭിലമായി. 

നെയ്മിനുങ്ങുന്ന ചൂരല്‍ വടി സദാ പിന്നിലൊളിപ്പിച്ച് സാര്‍ സ്‌കൂള്‍ വരാന്തകളിലൂടെ റോന്തുചുറ്റും.

മോഡല്‍ പരീക്ഷ കഴിഞ്ഞിരിക്കുന്നു.

'ഞായറാഴ്ച പത്തുമണിക്ക് സ്‌പെഷ്യല്‍ ക്ലാസുണ്ട്.' സാര്‍ കണ്ണുരുട്ടി പറഞ്ഞു. 

തറവാട് വീടിന് മുന്നില്‍ നീണ്ടുകിടക്കുന്ന വിശാലമായ പാടത്ത് കളിക്കളം ഒരുങ്ങിയിട്ടുണ്ട്.  ഞായറാഴ്ച ദിവസങ്ങളില്‍ സൂര്യന്‍ പ്രകൃതിയെ തട്ടി തലോടുമ്പോള്‍ തന്നെ ആളുകള്‍ എത്തിത്തുടങ്ങും. പത്തായത്തിനടയില്‍ സൂക്ഷിച്ചുവെച്ച നിധിശേഖരങ്ങളായ കുറ്റിയും കോലും പന്തുമെടുത്ത് പാടത്തേക്കിറങ്ങി.

ആവേശം അലതല്ലി. സ്‌പെഷ്യല്‍ ക്ലാസ് മറന്നുപോയിരിക്കുന്നു.

കളി കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോള്‍ സമയം പത്ത് ഓടി തുടങ്ങിയിട്ടുണ്ട്. ചന്തിക്ക് വീഴുന്ന  ചൂരലിന്റെ അടയാളം മനസ്സില്‍ തെളിഞ്ഞു. കൈകാലുകള്‍ നനയുന്നതിന് മുന്ന് തന്നെ കുളി അവസാനിപ്പിച്ചു.

തേങ്ങ മുക്കിയ പത്തിലും അയിലക്കറിയും ടേബിളില്‍ നിന്ന് നോക്കിയിരിക്കുന്നുണ്ട്. 

നടന്നും ഓടിയും നടന്നും സ്‌കൂള്‍ മുറ്റത്തേക്ക് പാഞ്ഞടുത്തു. വേനല്‍ ചൂടിനൊപ്പം തെളിഞ്ഞ വിയര്‍പ്പ് കുപ്പയത്തെ ഒട്ടിപ്പിടിച്ചിട്ടുണ്ട്. 

ഊര്‍ജ്ജതന്ത്രത്തിന് ഒന്നര മാര്‍ക്കാണ്. രസതന്ത്രത്തിന് നാല്, കണക്കിനോ? 

ക്ലാസ് മുറിയുടെ പുറത്തു നിന്ന് അകത്തേക്ക് നോക്കി. സാര്‍ ഹെഡ്മാഷിനൊപ്പം ഘോരമായ സംസാരത്തിലാണ്. 

അരമണിക്കൂറോളം വൈകിയിട്ടുണ്ട്. 

സംസാരം നിര്‍ത്തി ഹെഡ്മാഷ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സാര്‍ എന്നെ അകത്തേക്ക് വിളിച്ചു. 

വാച്ചിലേക്ക് നോക്കി. കണ്ണുകള്‍ ചുവന്നിരിക്കുന്നു.

'നിന്നാല്‍ മതി. ഉത്തര കടലാസും പിറകെ വരുന്നുണ്ട്'-ഭീഷണിയാണ്. 

മഹാ ഉഴപ്പന് ചുറ്റും സഹതാപത്തിന്റെ കണ്ണുകള്‍ നീണ്ടു.

ഓരോരുത്തരുടെ പേരുകള്‍ വിളിച്ച് ഉത്തരക്കടലാസ് ഒന്നൊന്നായി നല്‍കി. ഓരോ പേരുകള്‍ കഴിയും തോറും എന്റെ നെഞ്ചിടിപ്പ് കൂടി. 

ഇനി ഒരു കാത്തിരിപ്പില്ല. 'അടുത്തത്.

പേര് ഉറക്കെ വിളിച്ചതും പതിഞ്ഞ സ്വരത്തില്‍ സാറിനരികില്‍ തലതാഴ്ത്തി ഞാന്‍ നിന്നു.

'സര്‍' 

സാര്‍ പേജുകള്‍ തിരിച്ചും മറിച്ചും നോക്കി.

ഊര്‍ജ്ജതന്ത്രത്തിന് ഒന്നര മാര്‍ക്കാണ്. രസതന്ത്രത്തിന് നാല്, കണക്കിനോ? 

സഹതാപക്കണ്ണുകള്‍ ചുറ്റിലും സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിച്ചു. കൈകാലുകള്‍ കൂട്ടിയിടിച്ചു.

ഉത്തരക്കടലാസ് ഉയര്‍ത്തിക്കൊണ്ട് സാര്‍ വിശ്വവിഖ്യാതമായ ആ പ്രഖ്യാപനം നടത്തി.

'നാല്‍പതില്‍ നാല്‍പ്പത്' 

അമ്പരപ്പോടെ എന്റെ തല പതിയെ ഉയര്‍ന്നു.

ഓരോ ഉത്തരങ്ങളും തിരഞ്ഞെടുത്ത് സാര്‍ പ്രശംസകള്‍ കൊണ്ട് മൂടി. 

ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ഉള്ളിലെ ഭയം കണ്ണീരായി പൊടിഞ്ഞു. 

സര്‍വ്വ ഉഴപ്പന് അതില്‍പരം എന്ത് ആനന്ദം! 

ബസ്സ് പതിയെ മസാനഗുഡിയിലെ കുന്നിന്‍ ചെരുവുകളിലേക്ക് ചലിച്ചു തുടങ്ങി. 

സാറും മിഞ്ഞിമാഞ്ഞു.

പാതി തുറന്നിട്ട ജനല്‍ചില്ലയിലൂടെ പ്രകൃതിയിലേക്ക് ഞാന്‍ കണ്ണോടിച്ചിരുന്നു.

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!