
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും ഒരു യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്. കഴിഞ്ഞ തവണത്തെ വിലക്ക് പോലെയല്ല ഇത്. നിയമയുദ്ധങ്ങൾ ജയിച്ചേക്കും. ഭരണപരമായ വസ്തുതകൾ കൂടി പരിഗണിച്ചാണ് ഇത്തവണത്തെ വിലക്ക്. ഇളവുകളുണ്ട്. ഫിഫ ലോകകപ്പിനും ഒളിമ്പിക്സിനും ഉൾപ്പടെ.
അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിട്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ. ആകെ 12 രാജ്യങ്ങൾ. പൂർണവിലക്ക് ഇവർക്കാണ്. പിന്നെയും ഏഴ് രാജ്യക്കാർക്ക് ഭാഗിക വിലക്ക്. ആഭ്യന്തര സുരക്ഷ ഉന്നയിച്ചാണ് നടപടി. കൊളറാഡോയിലെ ഇസ്രയേൽ അനുകൂല പ്രകടത്തിന് നേർക്ക് നടന്ന ആക്രമണമാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ. അന്നത്തെ അക്രമകാരി ഈജിപ്ഷ്യനാണ്. ഈജിപ്തുകാർക്ക് പക്ഷേ, വിലക്കില്ല. പലർക്കും പല കാരണങ്ങളാണ് പ്രസിഡന്‍റ് ഉന്നയിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ, Specially Designated Global Terrorist Group -എന്നാണ് വിശേഷണം.
ആഴ്ചകൾക്കുമുമ്പാണ് അമേരിക്കയിലെ അഫ്ഗാനികളുടെ താൽക്കാലിക സംരക്ഷിതാവസ്ഥ (Temporary protected status) അവസാനിപ്പിച്ചത്. അതൊരു നല്ല സൂചനയെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. പക്ഷേ, അഫ്ഗാനികൾ വീസ കാലാവധി കഴിഞ്ഞാലും തിരിച്ച് പോകുന്നില്ലെന്ന പരാതിയാണിപ്പോൾ. ഇറാൻ ഭീകരവാദത്തിന്‍റെ സ്പോൺസർ, ആഗോളതലത്തിൽ. സൊമാലിയ ഭീകരവാദത്തിനുള്ള സുരക്ഷിത താവളം. സർക്കാരിന് നിയന്ത്രണമില്ലാത്ത രാജ്യം എന്ന കുറ്റപ്പെടുത്തലുണ്ട്. ലിബിയയ്ക്കും ഏതാണ്ടത് തന്നെ, ഭീകരവാദം. അമേരിക്കക്ക് തന്നെ സുരക്ഷാ ഭീഷണി. മനുഷ്യാവകാശ ലംഘനങ്ങളും.
ഹെയ്തിയ്ക്കുള്ള പ്രശ്നം, അനധികൃത കുടിയേറ്റം, ക്രിമിനൽസംഘങ്ങൾ, വീസ കാലാവധി ലംഘനം, പിന്നെ സർക്കാരിന് അധികാരങ്ങളില്ലാത്തതും. കോംഗോ, ഗിനിയ തുടങ്ങിയ രാജ്യക്കാർ വീസ കാലാവധി തെറ്റിക്കുന്നത് മാത്രമാണ് ആരോപണം. ചാഡ്, എറിട്രിയ എന്നിവയുമായി വേറെയുമുണ്ട് പ്രശ്നം. അമേരിക്കൻ സൈന്യം പിൻമാറണമെന്ന ചാഡ് ആവശ്യപ്പെട്ടിരുന്നു. എറിത്രിയയോടുള്ള അതൃപ്തി, എത്യോപ്യയിലെ യുദ്ധക്കുറ്റകൃതൃങ്ങളുടെ പേരിലാണ്. മ്യാന്മാറുമായി വീസ ഒരു പ്രശ്നം. പിന്നെ സർക്കാരിന്‍റെ നടപടികൾ.
യെമനിലെ ഹൂതികൾ ശത്രുപക്ഷത്താണ്. അവർക്ക് നേരെയുള്ള സൈനിക നടപടി തുടരുകയാണ് അമേരിക്ക. ചെങ്കടലിലെ കപ്പലുകൾ ഹൂതികൾ ലക്ഷ്യമിട്ടപ്പോൾ തുടങ്ങിയതാണ് അമേരിക്കയുടെ സൈനിക നടപടി. സുഡാനുമായുള്ള ബന്ധം വഷളാണിപ്പോൾ. രാസായുധം പ്രയോഗിച്ചതിന്‍റെ പേരിൽ സർക്കാരിന് ഉപരോധമേർപ്പെടുത്താനും തീരുമാനമുണ്ടായിരുന്നു. ക്യൂബ, വെനിസ്വേല, തുർക്മെനിസ്ഥാൻ, സിയറ ലിയോൺ, ടോഗോ, ബുറുണ്ടി തുടങ്ങിയവക്ക് ഭാഗിക വിലക്കാണ്. അതിൽ ക്യൂബക്ക് മാത്രമാണ് ഭീകരവാദം എന്ന ലേബൽ പതിച്ച് കൊടുത്തിരിക്കുന്നത്. ക്യൂബൻ, വെനിസ്വേലൻ പൗരൻമാരായ 5 ലക്ഷം പേരെ തിരിച്ചയക്കാനുള്ള ട്രംപ് സർക്കാരിന്‍റെ തീരുമാനം ഉണ്ടായിട്ട് അധികമായിട്ടില്ല. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഭാഗിക വിലക്ക്.
LAOS (Laotian Americans) അമേരിക്ക ബന്ധത്തിന് വലിയ കുഴപ്പങ്ങളില്ലാത്തതാണ്. വിയറ്റ്നാം യുദ്ധത്തിനിടെയുണ്ടായ ബോംബിഗ് മാറ്റിനിർത്തിയാൽ സഹകരണം വളരെ മെച്ചപ്പെട്ടതാണ്. പക്ഷേ, പൗരൻമാരെ സ്വീകരിക്കാൻ വിസ്സമ്മതിച്ചു എന്നാണ് ആരോപണം. അതേസമയം ഗ്രീൻ കാർഡുകാർക്കോ, വീസ ഇപ്പോൾത്തന്നെ ഉള്ളവർക്കോ, ഇരട്ടപൗരത്വമുള്ളവർക്കോ ഇത് ബാധകമല്ല. വേറെയും ചില ഇളവുകളുണ്ട്. ഈജിപ്തിന് കിട്ടിയ ഇളവിനും കാരണങ്ങളുണ്ട്. പശ്ചിമമേഷ്യയിലെ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ഈജിപ്ത്. അത് യുകെയിൽ നിന്ന് ഈജിപ്ത് സ്വതന്ത്രമായ കാലത്തേ തുടങ്ങിയതുമാണ്. ഇസ്രയേൽ കഴിഞ്ഞാൽ അമേരിക്ക ഏറ്റവും കൂടുതൽ സൈനിക സഹായം നൽകുന്നത് ഈജിപ്തിനാണ്.
മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കിയത് പോലെയല്ല ഇത്തവണത്തെ ഉത്തരവ്. രാജ്യസുരക്ഷക്കായി എന്തും എന്ന എക്സിക്യൂട്ടിവ് ഉത്തരവ് അടിസ്ഥാനമാക്കിയാണ് കാരണങ്ങൾ നിരത്തുന്നത്. അതുമാത്രവുമല്ല, അമേരിക്കയിലെ കുടിയേറ്റ നിയമങ്ങൾ അവഗണിച്ച് വീസ കാലാവധി ലംഘിക്കുന്നു. ഭീകരവാദമോ, തീവ്രവാദമോ അമേരിക്ക തിരിച്ചയക്കാൻ ശ്രമിച്ച പൗരൻമാരെ സ്വീകരിക്കാൻ വിസ്സമ്മതിച്ച രാജ്യങ്ങൾ... ഇതൊക്കെയാണ് കാരണങ്ങൾ. അതുകൊണ്ട് വിലക്ക് കോടതിയിലും നിലനിൽക്കാനാണ് സാധ്യത.