Opinion: വേഷവും കോലവും കൊണ്ട് അപരനെ അളക്കുന്ന വൃത്തികെട്ട മനസ്സ്!

By Speak UpFirst Published May 25, 2022, 6:20 PM IST
Highlights

വേഷവും കോലവും കൊണ്ട് അപരന്റെ അറിവും യോഗ്യതയും മഹിമയും  സാമ്പത്തിക സ്ഥിതിയും അളക്കുന്ന ഒരു വൃത്തികെട്ട  മനസ്സ് നമുക്ക് ചുറ്റുമുള്ള ബഹുഭൂരിപക്ഷത്തിലും ഉറങ്ങിക്കിടക്കുന്നുണ്ട്- റഫീസ് മാറഞ്ചേരി എഴുതുന്നു
 

കാലമങ്ങിനെയാണ് ഓര്‍മ്മകളെ മണ്ണുമൂടുക മാത്രമല്ല കോലം മാറ്റി വരയ്ക്കുക കൂടി ചെയ്യും. വേഷവും കോലവും കൊണ്ട് അപരന്റെ അറിവും യോഗ്യതയും മഹിമയും  സാമ്പത്തിക സ്ഥിതിയും അളക്കുന്ന ഒരു വൃത്തികെട്ട  മനസ്സ് നമുക്ക് ചുറ്റുമുള്ള ബഹുഭൂരിപക്ഷത്തിലും ഉറങ്ങിക്കിടക്കുന്നുണ്ട്.

...............................

Read More : ശരീരങ്ങള്‍ക്ക് മാര്‍ക്കിടാന്‍ നിങ്ങളെ ആരാണ് ഏല്‍പ്പിച്ചത്?

...............................

 

അലച്ചിലുകള്‍ കാരണം ശരീരം തളരുകയും എ സി ഇല്ലാത്ത ജോലി സ്ഥലം ആകാരത്തില്‍ കാര്‍വണ്ണമേറ്റുകയും ചെയ്ത കാലം. 

ഒരു സഹൃദയന്റെ ശുപാര്‍ശയിലാണ് പല രാജ്യങ്ങളില്‍ പല പല ശാഖകളുള്ള പ്രമുഖ സ്ഥാപനത്തില്‍ മുഖാമുഖത്തിന് ചെന്നത്. ഷേവ് ചെയ്ത്, പ്രസന്നവദനനായാണ് ഇന്റര്‍വ്യൂവിന് ചെന്നത്. എല്ലാ കണ്ണാടികളും എല്ലാവര്‍ക്കും  കാണിച്ചു തരിക ആത്മ വിശ്വാസമായിരിക്കും എന്നു പറയും പോലെ വിശ്വാസത്തോടെ കാത്തിരുന്നു. യോഗ്യതയേക്കാള്‍ ശുപാര്‍ശയിലാണ് വിശ്വാസം. 

പക്ഷെ കാത്തിരിപ്പ് നീണ്ടുനീണ്ടു പോയി. പതിയെ വിശ്വാസം നേര്‍ത്തു നേര്‍ത്തു വന്നു. ഒടുവിലത് മറവി മൂടിപ്പോയി.

പിന്നീട് മറ്റൊരു ജോലിയില്‍ പ്രവേശിച്ച കാലത്ത് ആ സഹൃദയനെ വീണ്ടും കണ്ടുമുട്ടി. ആ സമയത്താണ് അന്നത്തെ ഇന്റര്‍വ്യൂവിന്റെ ഫലമറിഞ്ഞത്. 'നിന്റെയാ കോലവും നിറവുമൊന്നും ശരിയായില്ല' എന്നാണ് അയാള്‍ മനസ്സില്ലാ മനസ്സോടെ പറഞ്ഞത് പിന്നെ ദുര്‍മേദസ് കയറിത്തുടങ്ങിയ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് ''നീ ഇപ്പോള്‍ ആളാകെ മാറിയല്ലോ'' എന്നും പറഞ്ഞു. 

കാലമങ്ങിനെയാണ് ഓര്‍മ്മകളെ മണ്ണുമൂടുക മാത്രമല്ല കോലം മാറ്റി വരയ്ക്കുക കൂടി ചെയ്യും. വേഷവും കോലവും കൊണ്ട് അപരന്റെ അറിവും യോഗ്യതയും മഹിമയും  സാമ്പത്തിക സ്ഥിതിയും അളക്കുന്ന ഒരു വൃത്തികെട്ട  മനസ്സ് നമുക്ക് ചുറ്റുമുള്ള ബഹുഭൂരിപക്ഷത്തിലും ഉറങ്ങിക്കിടക്കുന്നുണ്ട്.

..............................

Read More: സൗന്ദര്യം അളക്കുന്ന സ്‌കെയിലുകള്‍ ആരാണ് ഉണ്ടാക്കിയത്?

.................................

 

ഓഫീസുകളില്‍, യാത്രകളില്‍, സത്കാരങ്ങളില്‍, ആഘോഷ വേളകളില്‍, ആരാധനാലയങ്ങളില്‍ അങ്ങിനെ ആ വേര്‍തിരിവുകള്‍ക്ക് പ്രത്യേക ഇടങ്ങളൊന്നുമില്ല. ഒരിക്കലെങ്കിലും ആ ചവിട്ടുകളേല്‍ക്കാത്തവര്‍ വിരളമായിരിക്കും. അതിന് ആധുനികമെന്നോ പുരാതനമെന്നോ കാല വ്യത്യാസമില്ല. വിദ്യാഭ്യാസ യോഗ്യതകളും ബിരുദ വലിപ്പങ്ങളും സ്ഥാനമാനങ്ങളും പുരോഗമന ചിന്തകളുമൊക്കെ എത്ര വലുതാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവജ്ഞയുടെയും കൊണ്ടു നടക്കുന്ന  മേനിയുടെയും ഒരംശം ഉറങ്ങിക്കിടപ്പുണ്ടാവും. മരണ ശേഷം നമ്മെ കാര്‍ന്നു തിന്നാനുള്ള പുഴുക്കള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് തന്നെ വളര്‍ന്നുവരുമെന്നും പെരുകുമെന്നും പറയും പോലെ മനുഷ്യത്വത്തിനും സമഭാവനയ്ക്കും മരണം സംഭവിക്കുമ്പോള്‍ ഉള്ളില്‍ വെറുപ്പിന്റെ പുഴുക്കള്‍ വളര്‍ന്നു തുടങ്ങുന്നതാവും. അതിന് വളരാനുള്ള മാലിന്യങ്ങള്‍ ദയ വറ്റിയ കണ്ണുകളിലെ കാഴ്ച്ചകള്‍ വിളമ്പിക്കൊടുക്കും.

വിദേശ നാണ്യത്തില്‍ നിലനില്‍ക്കുന്ന നട്ടെല്ലിന്റെ ബലത്തിലിരുന്നു കൊണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുള്ള  വാട്ട്‌സ്ആപ്പ് പ്രചാരണം ഷെയര്‍ ചെയ്യാന്‍ വിരലുകളനങ്ങുന്നതും വേര്‍തിരിവിന്റെ മറ്റൊരു ഇനം. അറബിയുടെയും സായിപ്പിന്റെയും സ്‌നേഹത്തണലിലിരുന്നും ആ വേര്‍തിരിവ് തോന്നുന്നുവെങ്കില്‍ ആ ഇനത്തിന്റെ  മുഖം ഭീകരം. നമ്മുടെ നിയമത്തിലും ചട്ടങ്ങളിലും നടപ്പാക്കേണ്ട ചുമതലകളിലും വ്യവസ്ഥകളിലും കാണാത്ത ന്യൂനത സ്വന്തം രാജ്യത്തെ തന്നെ ദേശത്തിലും ഭാഷയിലും വേഷത്തിലും കാണുന്നവര്‍!

................................

Read More : ആണ്‍നോട്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന പെണ്ണുടല്‍ സങ്കല്‍പ്പങ്ങള്‍

...............................

 

ഓരോ നോവും പേടി മാറാനുള്ള മരുന്നുകളാണെന്നത് വെറുമൊരു വാക്ക് മാത്രമല്ല, പ്രത്യേകിച്ചും വിവേചനത്തിന്റെ ചവിട്ടേറ്റവര്‍ക്ക്.  

നോവുകളങ്ങിനെ തഴമ്പുകള്‍ തീര്‍ക്കും, ഇനിയുള്ള ചവിട്ടുകള്‍ക്ക് ശക്തിയേറിയാലും വീണ്ടും ഇഴഞ്ഞു നീങ്ങും. ഒന്ന് മറ്റൊന്നിനോട് പറഞ്ഞു നോവിന്റെ ഭാരമിറക്കും. പലതിലൊന്നെങ്കിലും സ്വപ്നങ്ങളുടെ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി പറന്നു നീങ്ങുമ്പോള്‍ ചവിട്ടിയരച്ച കാലുകളില്‍ മാറ്റത്തിന്റെ വേരുകള്‍ ചിതല്‍ പടര്‍ത്തിയിട്ടുണ്ടാവും!

click me!