Asianet News MalayalamAsianet News Malayalam

സൗന്ദര്യം അളക്കുന്ന സ്‌കെയിലുകള്‍ ആരാണ് ഉണ്ടാക്കിയത്?

ബോഡി ഷെയിമിംഗ് ഉണ്ടാവുന്നത്. അമീറ അയിഷാബീഗം എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം.

Analysing roots of body shaming by Ameera Ayshabeegum part two
Author
Thiruvananthapuram, First Published Jul 9, 2019, 11:55 AM IST

സുന്ദരനായ ചെറുപ്പക്കാരനെ ആകര്‍ഷിക്കാനുള്ള ഒരേ ഒരു വഴിയായി, ഇരുണ്ട, പാടുകള്‍ നിറഞ്ഞ ചര്‍മമുള്ള യുവതിയുടെ മുന്നില്‍ വെളുപ്പെന്ന വശ്യത നല്‍കുന്ന മാന്ത്രിക വടിയുമായി ഉത്പന്നങ്ങള്‍ അണിനിരന്നു. വെളുപ്പ് സ്വാഭാവിക നിറമായും ഇരുളിമ അസാധാരണമായ ഒന്നായും നമ്മുടെ അബോധത്തില്‍ നിരന്നു. കറുത്ത നിറക്കാരിക്കു സുന്ദരനായ പങ്കാളിയെ കിട്ടാനും നല്ല ജോലി നേടാനും വെളുപ്പ് പ്രദാനം ചെയ്യുന്ന ഉല്പന്നത്തിന്റെ സഹായം ആവശ്യമാണെന്ന് വന്നു. കറുത്തവരുടെ ഉള്ളില്‍ സ്വാഭാവികമാണ് അപകര്‍ഷതാ ബോധം എന്ന് ഈ പരസ്യങ്ങള്‍ പ്രതീകാത്മകമായി പറഞ്ഞു വെച്ചു. ശരീരത്തിന്റെ നിറവും ജാതിയും വര്‍ഗ്ഗവും തമ്മിലുള്ള ബന്ധം അവര്‍ണ, അധമ ശരീരങ്ങള്‍ക്ക് എത്തിപിടിക്കേണ്ട ആദര്‍ശശരീരമാതൃകയായി വെളുത്ത ശരീരത്തെ പ്രതിഷ്ഠിച്ചു.

Analysing roots of body shaming by Ameera Ayshabeegum part two

പരമ്പരാഗത കാലം മുതല്‍ക്കേ ഓരോ സംസ്‌കാരത്തിലും വ്യത്യസ്ത സൗന്ദര്യസങ്കല്പങ്ങള്‍ നിലനിന്നിരുന്നു. ആയിരം കപ്പലുകളെ യുദ്ധത്തിനിറക്കിയ ഹെലനും സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കഴുതപ്പാലില്‍ കുളിച്ചിരുന്ന ക്ലിയോപാട്രയും തൊട്ട് നീണ്ടു മെലിഞ്ഞ കഴുത്തിന് വേണ്ടി പിത്തള വളയങ്ങള്‍ കഴുത്തില്‍ ധരിക്കുന്ന മ്യാന്‍മറിലെ പെണ്‍കുട്ടികള്‍ വരെ വ്യത്യസ്ത സൗന്ദര്യസങ്കല്പങ്ങള്‍ പങ്കിടുന്നു. മൊറോക്കോയിലെയും സഹാറയിലെയും മറ്റും സൗന്ദര്യ സങ്കല്പമായിരുന്നു തടിച്ച ശരീരം. അഞ്ചു വയസ്സ് മുതലേ പെണ്‍കുട്ടികളെ അതിനായി നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുന്ന ലെബ്ലോഹ് എന്ന ആചാരം മുമ്പുണ്ടായിരുന്നു. സൗന്ദര്യത്തിനോടുള്ള ആളുകളുടെ ഭ്രമവും ആരാധനയും എത്രയോ കാലമായി നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കുന്നു ഇവ. 

പെണ്ണുടല്‍ ഒരു സവിശേഷമായ നിക്ഷേപധനമായി മാറുന്നത് പൊതുസമൂഹത്തിന്റെ സാംസ്‌കാരിക അബോധതലത്തില്‍ രേഖപ്പെടുത്തപ്പെട്ട സ്ത്രൈണതയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ആഗോളവിപണി മുന്നോട്ട് വെക്കുന്ന കച്ചവട ബിംബവും ചേര്‍ന്ന് ഒരു മിശ്രരൂപം ഉടലെടുക്കുമ്പോഴാണ്. സൗന്ദര്യ വിപണിയുടെ ലാഭതാല്പര്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ടതാണ്  ഈ  പരിവര്‍ത്തിത പെണ്ണുടല്‍ സങ്കല്‍പം. ഇങ്ങനെ സവിശേഷമായി സൃഷ്ടിച്ചെടുത്ത ശാരീരിക അളവുകോലുകള്‍ പ്രകാരം വിപണി നിര്‍മിക്കുന്ന പുതിയ സങ്കരമാതൃകയെ സ്വാഭാവികമായ ബിംബമായി അവതരിപ്പിക്കുകയാണ്. അതുവഴി അത് ജനപ്രിയമാക്കപ്പെടുന്നു. സ്വാഭാവികമെന്നോണം വേരോട്ടം നടത്തുന്ന ഈ സങ്കല്‍പ്പങ്ങള്‍ നവലോകത്തെ രക്തരഹിത, നിരായുധ അധിനിവേശ പ്രക്രിയയുടെ ഉപോല്പന്നമാണ് എന്ന് തിരിച്ചറിയുന്നതില്‍ അധിനിവേശപ്രക്രിയക്കെതിരെ പടനയിച്ചവര്‍ പോലും പരാജയപ്പെടുന്നു. 

വര്‍ഗാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട സമൂഹത്തില്‍ സജീവമായുള്ള ഇടപെടലിലാണ്  ശരീരത്തിന്റെ അസ്തിത്വം പൂര്‍ണമാക്കപ്പെടുന്നതെന്നു ബോര്‍ദ്യു  (Pierre Bourdieu) വിവക്ഷിക്കുന്നുണ്ട്. ശരീരം തന്നെ മൂലധനമായി മാറുകയാണ്. ശരീരത്തിന്റെ വിനിമയമൂല്യം പരസ്യങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നു. പരസ്യങ്ങള്‍ ഉല്‍പാദിക്കുന്ന മാതൃകാശരീരങ്ങളെ ഉപഭോക്താക്കള്‍ ആന്തരികവത്കരിക്കുകയും മാനദണ്ഡമായി വെക്കുകയും ചെയ്യുന്നു. ഒരു തരത്തില്‍ സമൂഹത്തിന്റെ സൗന്ദര്യ, ശരീരസങ്കല്പങ്ങളെ നിയന്ത്രിക്കുന്ന ഘടകമായി വിപണികള്‍ മാറുന്നു.

..................................................................................................................................................

സൗന്ദര്യത്തികവ് സ്വന്തമാക്കാന്‍ ഗണ്യമായ സമയവും ഊര്‍ജ്ജവും ലഭ്യമായ വിഭവങ്ങളും പരമാവധി ചിലവഴിക്കാന്‍ പരസ്യങ്ങളും മാധ്യമങ്ങളും സ്ത്രീയെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

..................................................................................................................................................

കോസ്മറ്റിക് വിപണിയുടെ വളര്‍ച്ച
ചുരുക്കി പറഞ്ഞാല്‍,  ഇങ്ങനെ മാധ്യമങ്ങളും സമൂഹവും കോസ്മെറ്റിക് ഇന്‍ഡസ്ട്രിയും കൂടെ പടച്ചെടുത്ത  മാനദണ്ഡങ്ങളാണ് സൗന്ദര്യത്തെ നിര്‍വചിക്കുന്നത്. സ്ത്രീകളുടെ അംഗലാവണ്യ അളവുകോലുകള്‍  പ്രധാനമായും വാണിജ്യോത്പന്നമാണ്. സൗന്ദര്യ വിപണി നിലനില്‍ക്കുന്നതും ലാഭം കൊയ്യുന്നതും ഈ അഴകളവ് സങ്കല്‍പങ്ങളെ മൂലധനമാക്കി നിലനിര്‍ത്തിക്കൊണ്ടാണ്. പരസ്യങ്ങള്‍ വഴി ഈ സൗന്ദര്യ സങ്കല്പങ്ങളെ പൊതുബോധത്തില്‍ രൂഢമൂലമാക്കി നിര്‍ത്തുകയാണ് അവര്‍ ചെയ്തുപോരുന്നത്. അതോടെ സ്ത്രീകളും പെണ്‍കുട്ടികളും ആ സങ്കല്‍പ്പത്തിലേക്കെത്താനുള്ള ഓട്ടം തുടങ്ങുന്നു. ശരീരവലിപ്പം, ഉയരം, തൂക്കം, മുടിയുടെ നിറം, മൂക്കിന്റെ നീളം, തൊലിയുടെ നിറം, പുരികത്തിന്റെ ആകൃതി തുടങ്ങി മാസ് മീഡിയ വാര്‍ത്തു വെച്ച കളങ്ങളിലേക്ക് സ്വന്തം ശരീരത്തെ ഒതുക്കേണ്ട തത്രപ്പാടിലേക്ക് സ്ത്രീകള്‍ എത്തിച്ചേരുന്നു. ഓരോ സ്ത്രീയുടെയും ജീവിതം ഈ സൗന്ദര്യത്തികവ് എത്തിപിടിക്കാനുള്ള സമരം കൂടെയാക്കി മാറ്റുന്നതില്‍ ഈ കോര്‍പ്പറേറ്റ് ഭീമന്മാര്‍ വിജയിച്ചു എന്നാണ് കോസ്മറ്റിക് വിപണിയുടെ വളര്‍ച്ച സൂചിപ്പിക്കുന്നത്.

സാറാ ഗ്രോഗന്‍ 'ബോഡി ഇമേജ്: അണ്ടര്‍സ്റ്റാന്‍ഡിങ് ബോഡി ഡിസാറ്റിസ്ഫാക്ഷന്‍ ഇന്‍ മെന്‍, വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍' എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ, 1600-കളിലെ റൂബെന്‍സിന്റെ പെയിന്റിങ്ങുകളിലെ മദാലസരൂപ സങ്കല്‍പങ്ങള്‍ തുടങ്ങി ഇന്നത്തെ പേലവ സുകുമാരഗാത്ര ആരാധന വരെയുള്ള സ്ത്രീ ശരീരത്തിന്റെ പരിപൂര്‍ണമായ ലാവണ്യബോധം വിജയകരമായ മാര്‍ക്കറ്റിംഗിന്റെ പരിണതി ആയിരുന്നു. പരസ്യങ്ങളില്‍  ഫോട്ടോ എഡിറ്റിംഗ് സാങ്കേതികവിദ്യ കൊണ്ട് സൃഷ്ടിച്ചെടുത്ത  സുന്ദരികളായ മോഡലുകളുടെ അയഥാര്‍ത്ഥ പ്രതിബിംബങ്ങളുടെ നിരന്തരമായ ഉപയോഗം സൗന്ദര്യം എന്നത് ജന്മസിദ്ധമല്ലെന്നും അക്ഷീണമായ പരിശ്രമത്തിലൂടെ, സൗന്ദര്യ വര്‍ദ്ധകോല്‍പ്പന്നങ്ങളിലൂടെ, സര്‍ജറിയിലൂടെ, ഡയറ്റിങ്ങിലൂടെ എല്ലാം ഏറെക്കുറെ സൃഷ്ടിച്ചെടുക്കാന്‍ കൂടെ കഴിയുന്നതാണെന്നുള്ള ധാരണ ഉണ്ടാക്കി. ഈ സൗന്ദര്യത്തികവ് സ്വന്തമാക്കാന്‍ ഗണ്യമായ സമയവും ഊര്‍ജ്ജവും ലഭ്യമായ വിഭവങ്ങളും പരമാവധി ചിലവഴിക്കാന്‍ പരസ്യങ്ങളും മാധ്യമങ്ങളും സ്ത്രീയെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

..................................................................................................................................................

ഓരോ സ്ത്രീയുടെയും ജീവിതം ഈ സൗന്ദര്യത്തികവ് എത്തിപിടിക്കാനുള്ള സമരം കൂടെയാക്കി മാറ്റുന്നതില്‍ ഈ കോര്‍പ്പറേറ്റ് ഭീമന്മാര്‍ വിജയിച്ചു

..................................................................................................................................................

സൗന്ദര്യ ഭാവനകള്‍
ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഓരോ കാലഘട്ടത്തിലും നിലനിന്നു പോന്ന സൗന്ദര്യ സങ്കല്പങ്ങള്‍ക്കനുസരിച്ചു സ്വന്തം ശരീരത്തെ മെരുക്കിയെടുക്കാന്‍ സ്ത്രീകള്‍ ശ്രമിച്ചിരുന്നതായി മനസിലാക്കാം. പാശ്ചാത്യ സംസ്‌കാരത്തില്‍ ഇച്ഛിക്കുന്ന 'അവര്‍ ഗ്ലാസ് ശരീരആകൃതി' വരുത്താന്‍  കോര്‍സ്റ്ററി ധരിക്കുന്നത് മുതല്‍  ഒരു നൂറ്റാണ്ട് മുമ്പുവരെ ചൈനയില്‍ ഉണ്ടായിരുന്ന ഫുട് ബൈന്‍ഡിങ് സമ്പ്രദായം വരെ ഇതിനു ഉദാഹരണങ്ങളാണ്. തറവാടിത്തത്തിന്റെയും ആഢ്യതയുടെയും സ്ത്രൈണതയുടെയും സൗന്ദര്യത്തിന്റെയും കാമനയുടെയും പ്രതീകമായ ലോട്ടസ് ഫീറ്റ് സ്വന്തമാക്കാനുള്ള യാതനകള്‍ ആധുനിക കാലത്ത് ഡയറ്റ് മന്ത്രങ്ങള്‍ക്കും കോസ്മെറ്റിക് സര്‍ജറിക്കും വഴി മാറി എന്ന് മാത്രം. കോളനിവത്കരണാനന്തരം  വളരെ കൃശമായ പെണ്‍ശരീരം യൂറോപ്യന്‍ സൗന്ദര്യ മാതൃകയില്‍ നിന്ന്  ആഗോള സൗന്ദര്യ മാനദണ്ഡമായി പരിണമിക്കുകയുണ്ടായത്. സാമ്രാജ്യത്വ ശക്തികളുടെ സാംസ്‌കാരിക മൂല്യങ്ങളും മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങളും  ആണ് പിന്നീട് ലോക സൗന്ദര്യ വിപണിയെ നിയന്ത്രിച്ചത്. 

സാമൂഹികമായും സാമ്പത്തികമായും അധീശത്വവും മൂലധനവും കയ്യാളുന്നവരുടെ ഭാവനകള്‍ പൊതുവായ ശരീരസങ്കല്പങ്ങളെ ഭരിക്കാന്‍ തുടങ്ങി. 'വെളുത്ത സുന്ദരി' എന്ന യൂറോപ്യന്‍മിത്ത് മറ്റെല്ലാ സൗന്ദര്യ സങ്കല്പങ്ങളെയും അധീനതയിലാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബാര്‍ബി ഡോളുകള്‍ ആഗോള വിപണി കീഴടക്കിയതോടെ ഈ സൗന്ദര്യ ഭാവനകള്‍ ഇതര നിറക്കാരില്‍ അധമ ബോധം സൃഷ്ടിക്കുന്ന ഒന്നായിമാറി. പാശ്ചാത്യര്‍ അല്ലാത്തവരില്‍ ഉടലെടുത്ത ഈ ആത്മവിശ്വാസക്കുറവാണ് ഫെയര്‍നെസ് ഉല്‍പ്പന്ന വിപണിക്ക് അനന്ത സാധ്യതകള്‍ തുറന്നിട്ടത്. പാശ്ചാത്യ സംഭാവന ആയ 'വിളറിയ തൊലി'യോടുള്ള ഈ അമിതാരാധന ഏഷ്യന്‍ ജനതയിലും വ്യാപകമായി. ഇരുണ്ട തൊലിയെ വെളുപ്പിക്കുന്ന, പ്രകാശമാനമാക്കുന്ന ക്രീമുകള്‍ക്കും മറ്റു ഉത്പന്നങ്ങള്‍ക്കും വേണ്ടിയുള്ള ഓട്ടത്തിലായി ഏഷ്യന്‍ ജനത. സ്ത്രീ സൗന്ദര്യത്തിന്റെ മാനദണ്ഡമായി മാത്രമല്ല കുലീനതയുടെയും പ്രഭുത്വത്തിന്റെയും കൂടെ അടയാളമായി ഇത് മാറി. ഈ അതിഭ്രമം മുതലെടുക്കാന്‍ ഏഷ്യന്‍ കോസ്മെറ്റിക് വിപണികള്‍ക്ക് കഴിയുകയും ചെയ്തു. 

വെളുത്ത സുന്ദരി സങ്കല്‍പം മറ്റെല്ലാ നിറക്കാരെയും വിരൂപരാക്കി ചിത്രീകരിക്കുന്ന വിധത്തിലേക്ക് ചുരുങ്ങിപ്പോയി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സൗന്ദര്യ നിലവാരം നിശ്ചയിക്കല്‍ വിപണികള്‍ ഏറ്റെടുത്തതോടെ പെണ്ണുടലുകള്‍ക്കു മേല്‍ ഹിംസാത്മകമായ ഒരു നിയന്ത്രണം കൂടെ വന്നു. സൗന്ദര്യ ഉല്‍പ്പന്നങ്ങളുടെയെല്ലാം പരസ്യങ്ങളില്‍, കറുത്ത നിറത്തിന്റെ പേരില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവള്‍ക്ക് വെളുക്കാന്‍ വേണ്ട മാര്‍ഗം നിര്‍ദേശിക്കുന്ന ഒരു കൂട്ടുകാരിയെ കാണാം. സമൂഹത്തിനു അസ്വാഭാവികതകളില്ലാതെ സ്വീകരിക്കാന്‍ പറ്റുന്ന ചേരുവയായി. ആത്മവിശ്വാസം വീണ്ടെടുത്തവളുടെ ചിരി നമ്മുടെ സൗന്ദര്യ വേവലാതികള്‍ക്കു പരിഹാര ഫോര്‍മുലയായി. 

സുന്ദരനായ ചെറുപ്പക്കാരനെ ആകര്‍ഷിക്കാനുള്ള ഒരേ ഒരു വഴിയായി, ഇരുണ്ട, പാടുകള്‍ നിറഞ്ഞ ചര്‍മമുള്ള യുവതിയുടെ മുന്നില്‍ വെളുപ്പെന്ന വശ്യത നല്‍കുന്ന മാന്ത്രിക വടിയുമായി ഉത്പന്നങ്ങള്‍ അണിനിരന്നു. വെളുപ്പ് സ്വാഭാവിക നിറമായും ഇരുളിമ അസാധാരണമായ ഒന്നായും നമ്മുടെ അബോധത്തില്‍ നിരന്നു. കറുത്ത നിറക്കാരിക്കു സുന്ദരനായ പങ്കാളിയെ കിട്ടാനും നല്ല ജോലി നേടാനും വെളുപ്പ് പ്രദാനം ചെയ്യുന്ന ഉല്പന്നത്തിന്റെ സഹായം ആവശ്യമാണെന്ന് വന്നു. കറുത്തവരുടെ ഉള്ളില്‍ സ്വാഭാവികമാണ് അപകര്‍ഷതാ ബോധം എന്ന് ഈ പരസ്യങ്ങള്‍ പ്രതീകാത്മകമായി പറഞ്ഞു വെച്ചു. ശരീരത്തിന്റെ നിറവും ജാതിയും വര്‍ഗ്ഗവും തമ്മിലുള്ള ബന്ധം അവര്‍ണ, അധമ ശരീരങ്ങള്‍ക്ക് എത്തിപിടിക്കേണ്ട ആദര്‍ശശരീരമാതൃകയായി വെളുത്ത ശരീരത്തെ പ്രതിഷ്ഠിച്ചു.

..................................................................................................................................................

സുന്ദരനായ ചെറുപ്പക്കാരനെ ആകര്‍ഷിക്കാനുള്ള ഒരേ ഒരു വഴിയായി, ഇരുണ്ട, പാടുകള്‍ നിറഞ്ഞ ചര്‍മമുള്ള യുവതിയുടെ മുന്നില്‍ വെളുപ്പെന്ന വശ്യത നല്‍കുന്ന മാന്ത്രിക വടിയുമായി ഉത്പന്നങ്ങള്‍ അണിനിരന്നു.

..................................................................................................................................................

നമ്മുടെ ഭാഷയിലെ കറുപ്പും വെളുപ്പും
കറുപ്പ് വെളുപ്പ് ദ്വന്ദ്വം തെറ്റ് ശരി, സൗന്ദര്യം വൈരൂപ്യം എന്നീ ദ്വന്ദ്വങ്ങളെ കൂടെ ദ്യോതിപ്പിക്കുന്ന സംജ്ഞകളായി നമ്മുടെ ഭാഷയിലും ബോധത്തിലും കുടിയേറി പാര്‍ത്തിട്ടുണ്ട്. ലളിതമായി പറഞ്ഞാല്‍ നമ്മുടെ ഭാഷാ പ്രയോഗങ്ങള്‍ വരെ ഈ വെളുപ്പ് കറുപ്പ് ബോധത്തെ ഊട്ടി ഉറപ്പിക്കുന്ന തരത്തില്‍ ആണ്.

'കാക്ക കുളിച്ചാല്‍ കൊക്കാകുമോ?', 'കാക്കയ്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞ്' എന്ന് തുടങ്ങി പറ്റിക്കുന്നവനും കള്ളക്കണ്ണുള്ളവനും എല്ലമായി കാക്കകളെ കാണുന്ന കവിതകള്‍ നമ്മള്‍ ഏറ്റുപാടുമ്പോള്‍ വരെ കറുപ്പിനോടുള്ള നമ്മുടെ മനോഭാവം വെളിവാക്കപ്പെടുന്നുണ്ട്. വെളുത്തിരിക്കുന്ന കൊക്കുകള്‍ ആണ് സൗന്ദര്യത്തിനുടമകള്‍ എന്ന് പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍ പറയാതെ പറഞ്ഞു വെക്കുന്നുണ്ട്. കൊക്കുകള്‍ ആകാനുള്ള വ്യഗ്രത നമ്മുടെ ഓരോ കുഞ്ഞുമനസില്‍ വരെ നാം അറിയാതെ പാകുന്നുണ്ട്.

നമ്മുടെ ദൈനം ദിന സംഭാഷണത്തില്‍ എത്രയോ വട്ടം നമ്മള്‍ കേട്ടതും പറഞ്ഞതുമായ സംഭാഷണ ശകലങ്ങള്‍ ഓര്‍ത്തെടുക്കുക. 'കറുത്തിട്ടാണെങ്കിലും നല്ല മുഖ ലക്ഷണമുണ്ട്' 'എന്ത് പറ്റി ആകെ കറുത്ത് പോയല്ലോ', 'ഓ എന്നാ പറയാനാ ആകെ ഓട്ടപ്പാച്ചിലായിരുന്നു ആകെ കരുവാളിച്ചു പോയി', 'ഇങ്ങനെ വെയില് കൊണ്ടാല്‍ കറുത്ത് പോകുംട്ടാ' ഇങ്ങനെയൊക്കെ വളരെ സ്വാഭാവികമായി നമ്മള്‍ പറയുന്നുണ്ടെങ്കില്‍ കാക്കയും കറുത്തവരും നമ്മുടെ സൗന്ദര്യസങ്കല്പങ്ങളില്‍ നിന്ന് 'കടക്കു പുറത്ത്‌' എന്ന് പറഞ്ഞു നാം ഓടിച്ചവരാണ്. അതിലേക്ക് നമ്മളെ എത്തിച്ചത് നിര്‍ഭാഗ്യവശാല്‍ നമ്മുടെ ക്ലാസ്സ്മുറികളും കൂടെയാണ്.

എളുപ്പമല്ല ഈ കറുപ്പിനോടുള്ള ഭയത്തില്‍ നിന്ന് പുറത്തു കടക്കല്‍. തൊലിയുടെ നിറം കഴിവിനെയും കഴിവുകേടിനെയും സൂചിപ്പിക്കുന്ന രീതിയിലേക്ക് നമ്മള്‍ കാലങ്ങള്‍ക്ക് മുന്നേ എത്തിയതാണ്. നമ്മുടെ ബ്യുട്ടി മിത്തുകളുടെ രൂപീകരണവും പ്രചാരണവും സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും സംരക്ഷണികളുടെയും പരസ്യമായും സാഹിത്യ സിനിമ മാധ്യമങ്ങളിലൂടെയും കൃത്യമായി നമ്മുടെ ചിന്താമണ്ഡലത്തില്‍ വേരൂന്നി കഴിഞ്ഞിരിക്കുന്നു. ബ്യുട്ടി പാര്‍ലറില്‍ പോകാതെ മേക്കപ്പ് നല്‍കുന്ന കോണ്‍ഫിഡന്‍സ് ഇല്ലാതെ സമൂഹത്തെ അഭിമുഖീകരിക്കാന്‍ വിമുഖത കാണിക്കുന്ന ഒരു പറ്റം മനുഷ്യരെ ആണ് നാം പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായ രീതിയില്‍ പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുമ്പോള്‍, അറിഞ്ഞോ അറിയാതെയോ വെളുപ്പിനെ പ്രകീര്‍ത്തിക്കുമ്പോള്‍ നമ്മളും കറുപ്പിനെതിരായ പോരാട്ടത്തില്‍ പങ്കു ചേരുകയാണ്.

(അവസാന ഭാഗം നാളെ)

ഭാഗം ഒന്ന്: ശരീരങ്ങള്‍ക്ക് മാര്‍ക്കിടാന്‍ നിങ്ങളെ ആരാണ് ഏല്‍പ്പിച്ചത്?

.............................................................

(കടപ്പാട്: സംഘടിത മാസിക)

Follow Us:
Download App:
  • android
  • ios