ഇറാനിൽ അശാന്തി നിറച്ചു, ട്രംപിന്‍റെ അടുത്ത ലക്ഷ്യം ക്യൂബ ?

Published : May 25, 2026, 12:11 PM IST
Lokajalakam

Synopsis

ക്യൂബയ്ക്ക് എതിരെയുള്ള പോർവിളി ശക്തമാക്കി ട്രംപ്. ഏത് നിമിഷവും ഫ്ലോറിഡയുടെ തെക്കൻ തീരത്ത് മറ്റൊരു യുദ്ധമുഖം തുറന്നേക്കുമെന്ന ആശങ്കയിലാണ് ലോകം.

ഇറാനെതിരെയുള്ള യുഎസ് - ഇസ്രയേൽ യുദ്ധം ഒരിടത്തുമെത്തിയില്ലെന്ന് മാത്രമല്ല, ഇന്നും ലോകത്തിന് തന്നെ ഭീഷണി ആകുകയാണ്. യുദ്ധത്തിന് മുമ്പ് ഇറാൻറെ പ്രോക്സികളെ ഇല്ലാതാക്കുമെന്ന യുഎസിന്‍റെ അവകാശവാദങ്ങൾ പോലും അപ്രസക്തമായി. പഴയ കരുത്തോടെ ഇറാൻറെ പോക്സികൾ തങ്ങളുടെ ശത്രുക്കൾക്ക് നേരെ ആയുധം ഉപയോഗിച്ച് തുടങ്ങി. യുദ്ധത്തിനിടെ ഗൾഫ് മേഖലയിൽ പുതിയ ശത്രുക്കൾ ഉദയം ചെയ്തത് മാത്രം മിച്ചം. പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന അശാന്തി, ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന ഗൾഫ് മേഖലയിലേക്ക് പടർന്നു. അതിനിടെ ട്രംപ് ക്യൂബയ്ക്ക് എതിരെയുള്ള തന്‍റെ പോർവിളി ശക്തമാക്കി. ഏത് നിമിഷവും ഫ്ലോറിഡയുടെ തെക്കൻ തീരത്ത് മറ്റൊരു യുദ്ധമുഖം തുറന്നേക്കുമെന്ന ആശങ്കയിലാണ് ലോകം.

ഇറാനിൽ തുടരുന്ന അശാന്തി

ഇറാനിൽ ഇനിയും ഒരു ധാരണയിലെത്തിയിട്ടില്ല. പാക് സൈനിക മേധാവി ഇറാനിലെത്തി എന്നാണ് അറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലെ ഭിന്നതകൾ എളുപ്പമല്ല സമവായത്തിലെത്തിക്കാനെന്ന് വ്യക്തം. വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ചർച്ച തുടരുന്നു എന്നറിയിക്കുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഇടക്കിടെ ആക്രമണ ഭീഷണി മുഴക്കുന്നുണ്ട്. എന്നിട്ടത് മാറ്റിവയ്ക്കും. 'TACO' (Trump Always Chickens Out) പ്രസിഡന്‍റ് എന്ന പേര് അന്വർത്ഥമാക്കിക്കൊണ്ട്. ഇപ്പോഴത്തെ ഭീഷണി പിൻവലിച്ചത് സൗദി, ഖത്തർ, യുഎഇ തുടങ്ങിയവരുടെ അഭ്യർത്ഥനയനുസരിച്ചാണ്. ഓരോ ഭീഷണിയുടെയും പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ ഡ്രോണുകൾ വീഴും, തിരിച്ചടിക്കില്ല എന്നുറപ്പുള്ളത് കൊണ്ട്. പക്ഷേ, ഈ ശത്രുതയ്ക്ക് ഇറാൻ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് നിരീക്ഷണം. ഇപ്പോഴല്ലെങ്കിലും ഭാവിയിൽ.

ശക്തി കാട്ടി പ്രോക്സികൾ

ഇറാഖിൽ നിന്നാണ് യുഎഇയിലേക്ക് ഡ്രോണുകൾ പറക്കുന്നത്. ഇറാൻ പോറ്റിവളർത്തുന്ന ഷിയാ സംഘടനയെന്ന് വ്യക്തം. മുന്നറിയിപ്പ് നൽകിയിരിക്കയാണ് യുഎഇ. ഹിസ്ബുള്ളയും സജീവമായി. ഇസ്രയേലിലേക്കാണ് ആക്രമണം എന്ന് മാത്രം. അടിയൊഴുക്കുകൾ ഉണ്ടായിരുന്നെങ്കിലും പുറമേക്ക് ശാന്തമായിരുന്ന മേഖല, സംഘർഷത്തിന്‍റെ മുൾമുനയിലായതിന് നന്ദി പറയേണ്ടത് അമേരിക്കൻ പ്രസിഡന്‍റിനാണ്. ഇസ്രയേലിന്‍റെ സമ്മർദ്ദമാണ് പിന്നിലെങ്കിലും. ട്രംപും - നെതന്യാഹുവും തമ്മിൽ പലതവണ തർക്കം നടന്നു എന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ലോകത്തെ തന്നെ നിശ്ചലമാക്കാൻ കഴിവുള്ള ഹോർമൂസ് ആയുധമാക്കിയിരിക്കുന്നു. അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കാതിരിക്കാനുള്ള ആയുധം. ഏതുവഴിക്കാവും കാര്യങ്ങൾ നീങ്ങുക എന്നിപ്പോഴും വ്യക്തമല്ല.

തുടരുന്ന വധശിക്ഷ

അതേസമയം ഇറാനിൽ വധശിക്ഷകളുടെ എണ്ണം കുത്തനെ കൂടി. ശിരോവസ്ത്രത്തിന്‍റെ പേരിൽ കൊല്ലപ്പെട്ട മഹ്സ അമീനിയ്ക്ക് വേണ്ടി തെരുവിലിറങ്ങിയവർ മുതൽ വധശിക്ഷക്ക് വിധേയരാകുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ. 2025 -ൽ 2,159 വധശിക്ഷകൾ, ഈ വർഷം ഇപ്പോൾ തന്നെ അതിനിരട്ടിയായെന്നാണ് റിപ്പോർട്ട്. 20, 21 വയസുള്ള ചെറുപ്പക്കാരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരിൽ കൂടുതലും.

അതിനിടെ പോളണ്ടിലേക്ക് 5,000 സൈനികരെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. യൂറോപ്പിലെ സൈനിക വിന്യാസം കുറയ്ക്കുമെന്ന പ്രഖ്യാപിത നയത്തിന് വിരുദ്ധം. അതിലെ ആശയക്കുഴപ്പം തീർന്നിട്ടില്ല. എന്തായാലും ഇറാൻ സംഘർഷം കാരണം മകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് ട്രംപിന്‍റെ അറിയിപ്പ്. തികച്ചും സ്വകാര്യമായി നടക്കുന്ന ചടങ്ങിൽ പ്രസിഡന്‍റ് എത്തിയാൽ സ്വകാര്യത നഷ്ടപ്പെടുമെന്നതാണ് കാരണമെന്ന് റിപ്പോർട്ടുകളുണ്ടെന്ന് മാത്രം. ട്രംപ് ജൂനിയർ ആണ് വിവാഹിതനാകുന്നത്.

അശാന്തമാകുന്ന ക്യൂബ

അമേരിക്ക, ക്യൂബയെ ആക്രമിക്കുമോ എന്നതാണ് ഇപ്പോൾ ലോകത്തിന്‍റെ ആശങ്ക. അല്ലെങ്കിൽ തന്നെ ഉപരോധങ്ങളിലൂടെ ക്യൂബയെ വരിഞ്ഞുമുറുക്കിയിരിക്കയാണ് അമേരിക്ക. ട്രംപ് പ്രഖ്യാപിച്ച എണ്ണ ഉപരോധമായിരുന്നു അവസാനത്തെ ആണി. ഇപ്പോൾ ഇരുട്ടിലാണ് ക്യൂബ. വെളിച്ചമില്ല, വാഹനങ്ങൾക്ക് ഇന്ധനമില്ല, പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ദുരിതം. ഒപ്പം ഇപ്പോൾ യുഎസിന്‍റെ ആക്രമണ ഭീഷണിയും ശക്തമാവുകയാണ്.

ഇറാൻ യുദ്ധത്തിലെ നാണക്കേട് തീർക്കാൻ ട്രംപ് കാണുന്ന വഴിയാണ് ക്യൂബ എന്ന് പറയുന്നവരുണ്ട്. പക്ഷേ, ട്രംപ് പണ്ടേ ക്യൂബയെ ഉന്നമിട്ടതാണ്. ഒബാമയുടെ കാലത്തുണ്ടായ ധാരണയിൽ നിന്ന് പിൻമാറി. ആദ്യത്തെ ഊഴത്തിൽ തന്നെ ട്രംപ് ഇളവുകൾ പിൻവലിച്ചു. അമേരിക്കയ്ക്ക് പൊതുവേ ക്യൂബയെപ്പോലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോട് താൽപര്യമില്ലെന്നത് മറ്റൊരു വിഷയം. ചരിത്രമറിഞ്ഞാലേ ഇപ്പോഴത്തെ കടുപ്പിക്കലിന്‍റെ അർത്ഥവും മനസിലാകൂ. 1823 -ൽ പ്രസിഡന്‍റ് ജെയിംസ് മൺറോ രൂപീകരിച്ച 'Monroe Doctrine' നടപ്പാക്കുകയാണ് ട്രംപ് എന്ന് പറയാം വേണമെങ്കിൽ.

Monroe Doctrine

യൂറോപ്പിനെ തള്ളുക, സ്വന്തം ഗോളാർദ്ധത്തിലെ സ്വാധീനം വർദ്ധിപ്പിക്കുക. ലാറ്റിൻ അമേരിക്കയിലുൾപ്പടെ. ദൂരെയുള്ള വിദേശ ശക്തികളെ അതായത് യൂറോപ്പിനെ വേണ്ടെന്നുവയ്ക്കുക. അന്ന് പക്ഷേ, ബ്രിട്ടന്‍റെ സൈനിക ശക്തി അമേരിക്കക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് നടപ്പാക്കിയുമില്ല. പിന്നീട് പലപ്പോഴും അമേരിക്ക ഈ നയം നടപ്പാക്കി. ആ വഴിയാണ് ട്രംപിന്‍റെ സഞ്ചാരം എന്നും വിശദീകരിക്കാം.

ക്യൂബൻ ചരിത്രം

പക്ഷേ, ക്യൂബ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമാകുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നു. 1823 -ൽ അന്നത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, ക്യൂബയെ വിശേഷിപ്പിച്ചത് 'മരത്തിൽ നിന്ന് വീണുപോയ ആപ്പിൾ' എന്നാണ്. അത് തിരിച്ചെത്തുമെന്ന പ്രതീക്ഷയും വ്യക്തമാക്കി. അതിന് മുമ്പ് സ്പാനിഷ് കോളനിയായിരുന്ന ക്യൂബയെ വിലയ്ക്ക് വാങ്ങാൻ അമേരിക്ക പലതവണ ശ്രമിച്ചു. അക്കാലത്ത് തന്നെ അമേരിക്കയായിരുന്നു ക്യൂബയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി. കയറ്റുമതി രംഗം അമേരിക്കൻ വ്യവസായികളുടെ സ്വന്തമായി. പക്ഷേ, 1898 -ൽ അമേരിക്കൻ കപ്പലായ യുഎസ്എസ് മെയിനിൽ (USS Maine) വൻസ്ഫോടനമുണ്ടായി. ദുരൂഹമെന്ന് കണക്കാക്കപ്പെട്ട സ്ഫോടനം. 250 -ലേറെ അമേരിക്കൻ നാവികർ കൊല്ലപ്പെട്ടു. അതോടെ അമേരിക്ക ഇടഞ്ഞു. ക്യൂബയെ മോചിപ്പിക്കാൻ സ്പെയിനുമായി യുദ്ധം തുടങ്ങി. സ്പെയിൻ തോൽവി സമ്മതിച്ചു. ധാരണയിൽ ഒപ്പിട്ടു. പക്ഷേ, പിന്നെ അമേരിക്കൻ സൈന്യം ക്യൂബയിൽ നിലയുറപ്പിച്ചു. പിൻവാങ്ങണമെങ്കിൽ ഏഴു വ്യവസ്ഥകളുമായി പ്ലാറ്റ് ഭേദഗതി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ പരമാധികാരം വെട്ടിച്ചുരുക്കി. അമേരിക്കയുടെ അനുവാദമില്ലാതെ ഭൂമി കൈമാറ്റം പോലും പാടില്ലെന്നായി.

ക്യൂബൻ വിപ്ലവം

ഗ്വണ്ടനാമോ ബേ നാവികാസ്ഥാനമാക്കി. 1902 വരെ അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന ക്യൂബ 1902 -ൽ റിപ്പബ്ലിക്കായി. ടോമസ് എസ്ട്രാഡ പാമ ആദ്യത്തെ പ്രസിഡന്‍റായി. പക്ഷേ, അമേരിക്കയ്ക്ക് എപ്പോൾ വേണമെങ്കിലും രാജ്യകാര്യങ്ങളിൽ ഇടപെടാനുള്ള അധികാരവും നാവികാസ്ഥാനവും നിലനിന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയാരോപിച്ച് സർക്കാരിനെതിരെ പ്രതിപക്ഷം കലാപം തുടങ്ങി. എസ്ട്രാഡ രാജിവച്ചു, അമേരിക്ക ഇടപെട്ടു. അമേരിക്കൻ പ്രതിനിധി ഗവർണറായെത്തി. 1909 -ൽ ക്യൂബൻ റിപ്പബ്ലിക്ക് പിന്നെയും നിലവിൽ വന്നു. പിന്നെ പലർ അധികാരത്തിലെത്തിയെങ്കിലും നിലനിന്നില്ല. പക്ഷേ, സമ്പദ്‍രംഗം മെച്ചപ്പെട്ടു. പഞ്ചസാര ക്യൂബയുടെ സമ്പദ്‍രംഗം താങ്ങിനിർത്തി.

1952 -ൽ സൈനികനായിരുന്ന ബാറ്റിസ്റ്റ അധികാരം പിടിച്ചെടുത്തു. പരിഷ്കരണങ്ങൾ കൊണ്ടുവന്നു ബാറ്റിസ്റ്റ. പക്ഷേ, പഞ്ചസാരക്കയറ്റുമതിയിലെ നിയന്ത്രണം വിപ്ലവത്തിന് തുടക്കമിട്ടു. ഫിഡൽ കാസ്ട്രോയും ചെ ഗുവേരയും (CHE GUEVERA) ഗറില്ലാസംഘം രൂപീകരിച്ചു. ആഭ്യന്തരയുദ്ധമായി മാറാൻ അധികം താമസിച്ചില്ല. 1958 -ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചത് ബാറ്റിസ്റ്റയുടെ നോമിനിയാണ്. പിന്നാലെ കലാപം രൂക്ഷമായി. 1959 -ൽ ബാറ്റിസ്റ്റ പലായനം ചെയ്തു. ബാറ്റിസ്റ്റ സർക്കാരിനെതിരായ കാസ്ട്രോ നയിച്ച ജൂലൈ 26 -ന്‍റെ മുന്നേറ്റമാണ് ബാറ്റിസ്റ്റയുടെ വീഴ്ചക്ക് വഴിവച്ചത്.

കമ്മ്യൂണിസ്റ്റ് സർക്കാരും അഭയാർത്ഥികളും

ജനുവരിയിൽ പുതിയ സർക്കാർ നിലവിൽ വന്നു. കാസ്ട്രോ പ്രധാനമന്ത്രിയായി. പിന്നെ പ്രസിഡന്‍റും. കാസ്ട്രോ സർക്കാരിനെ അംഗീകരിച്ച ആദ്യരാജ്യങ്ങളിലൊന്നായി അമേരിക്ക. കാസ്ട്രോ അമേരിക്ക സന്ദർശിച്ചു. പക്ഷേ, ദേശസാൽക്കരണവും മറ്റ് പരിഷ്കരണങ്ങളും അമേരിക്കയ്ക്ക് അനിഷ്ടമായി. ബന്ധം പിന്നീട് വഷളായി. ശത്രുതയായി. കാസ്ട്രോ, സോവിയറ്റ് യൂണിയനോട് അടുത്തു. അമേരിക്ക, കാസ്ട്രോ സർക്കാരിനെ അട്ടിമറിക്കാൻ പല ശ്രമങ്ങൾ നടത്തി. 'Bay of Pigs' എന്നറിയപ്പെട്ട ക്യൂബൻ അഭയാർത്ഥികളുടെ മുന്നേറ്റം വരെ. പക്ഷേ, എല്ലാം പരാജയപ്പെട്ടു.

സോവിയറ്റ് യൂണിയനാണ് ക്യൂബയിൽ രഹസ്യമായി ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചതും ലോകം ഒരു ആണവയുദ്ധത്തിലേക്കെന്ന ഭീഷണിയുയർന്നതും. 'Cuban Missile Crisis' എന്നറിയപ്പെട്ട പ്രതിസന്ധി അവസാനിച്ചത് ആണവ പോ‍‍‍ർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ പിൻവലിക്കാൻ സോവിയറ്റ് യൂണിയൻ സമ്മതിച്ചതോടെയാണ്. പകരം തുർക്കിയിൽ നിന്ന് അമേരിക്കയും മിസൈലുകൾ പിൻവലിച്ചു. ഇതിനിടെ കാസ്ട്രോയുടെ ഏകാധിപത്യ രീതികളിൽ പ്രതിഷേധിച്ച് വലിയൊരു വിഭാഗം അമേരിക്കയിലേക്ക് കുടിയേറി. 1993 -ൽ കാസ്ട്രേോയുടെ മകളടക്കം. കാസ്ട്രോ പലായനം അനുവദിച്ചു. അതിനിടെയാണ് വെനിസ്വേലൻ നേതാവ് ഹ്യൂഗോ ഷാവേസുമായി സൗഹൃദം സ്ഥാപിച്ചത്. ഇരുകൂട്ടരും പകരത്തിന് പകരം എന്ന രീതിയിൽ പരസ്പരം സഹായിച്ചു. 2006 -ൽ കാസ്ട്രോ അധികാരം താൽകാലികമായി സഹോദരൻ റൗളിനെ ഏൽപ്പിച്ചു. അധികാരത്തിൽ നിന്ന് പിൻമാറുന്നുവെന്ന് പിന്നീട് പ്രഖ്യാപനം വന്നു. 2016 -ൽ കാസ്ട്രോ വിടവാങ്ങി. പിന്നെ രാജ്യത്തെ നയിച്ചത് റൗൾ കാസ്ട്രോയാണ്.

ആടിയുലഞ്ഞ ബന്ധം

സോവിയറ്റ് യൂണിയന്‍റെ തകർച്ചയാണ് ക്യൂബയേയും തളർത്തിത്തുടങ്ങിയത്. അന്ന് അമേരിക്ക ക്യൂബയിലേക്ക് സഹായമെത്തിക്കാൻ സ്വകാര്യ സന്നദ്ധ സംഘടനകളെ അനുവദിച്ചിരുന്നു. പക്ഷേ, അധികകാലം അതൊന്നും നീണ്ടില്ല. ശത്രുതയ്ക്കും സഹകരണത്തിനുമിടയിൽ പെൻഡുലം പോലെ ആടിക്കൊണ്ടിരുന്നു ആ ബന്ധം.

ക്യൂബയിലെ പ്രതിസന്ധിക്കാലത്ത് അമേരിക്കയിലേക്കുള്ള പലായനം അനുവദിച്ചിട്ടുണ്ട് കാസ്ട്രോ. പലതവണ. അമേരിക്കയും അനുകൂലമായി പ്രതികരിച്ചു ചിലപ്പോഴൊക്കെ. '84 -ൽ വർഷം 20,000 ക്യൂബൻ കുടിയേറ്റക്കാരെ സ്വീകരിക്കാമെന്ന് സമ്മതിച്ചു. 1994 -ലും നടന്നു ഒരു പലായനം. കിട്ടിയ തടിക്കഷ്ണങ്ങൾ ചേർത്തുകെട്ടി കടൽ കടക്കാൻ ശ്രമിച്ചു ജനങ്ങൾ. പലായനത്തിനിടെ കടലിൽ വച്ച് മരിച്ചത് ഒരു ലക്ഷത്തോളം പേരാണ്. അടുത്ത വർഷം പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ കുടിയേറ്റ നയത്തിൽ ചില മാറ്റങ്ങൾ വരുത്തി. അത് ക്യൂബക്കാർക്ക് തിരിച്ചടിയായിരുന്നു. ചിലപ്പോൾ സഹകരണവും ചിലപ്പോൾ ശത്രുതയുമായി അങ്ങനെ തുടർന്നു അമേരിക്കൻ - ക്യൂബൻ ബന്ധം.

ബരാക് ഒബാമ അധികാരത്തിലെത്തിയതോടെയാണ് മാറ്റം വന്നത്. നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. എംബസികൾ തുറന്നു. 1928 -ന് ശേഷം ക്യൂബ സന്ദർശിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റായി ബരാക് ഒബാമ. പക്ഷേ, ട്രംപ് അധികാരത്തിലെത്തിയതോടെ കഥ മാറി. 2017 -ൽ തന്നെ നിയന്ത്രണങ്ങൾ നിലവിൽ വന്നു. വ്യാപാര ഉപരോധവും. അമേരിക്കൻ എംബസി ഉദ്യോഗസ്ഥർക്ക് നേരെ ദുരൂഹമായ സോണിക് ആക്രമണം നടന്നത് അക്കാലത്താണ്. ഉപരോധങ്ങളും യാത്രാനിയന്ത്രണങ്ങളും കൂടി. അധികാരമൊഴിയും മുമ്പ് ക്യൂബയെ ഭീകരവാദ രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടുമുൾപ്പെടുത്തി ട്രംപ്. ജോ ബൈഡൻ അതിൽ പലതും പിൻവലിച്ചു. ഇളവുകളും നൽകി. പക്ഷേ, ട്രംപിന്‍റെ രണ്ടാമൂഴത്തോടെ എല്ലാം പുനസ്ഥാപിച്ചു.

റൗളിനെതിരെ കുറ്റപത്രം

ഇപ്പോൾ, അമേരിക്ക മുൻ പ്രസിഡന്‍റ് റൗൾ കാസ്ട്രോയ്ക്കെതിരെ കുറ്റപത്രവും നൽകിയിരിക്കുന്നു. കൊലപാതകമടക്കമാണ് കുറ്റങ്ങൾ. 1996 -ൽ രണ്ട് വിമാനങ്ങൾ വെടിവച്ചിട്ടതിലാണ് കുറ്റപത്രം. 30 വർഷം മുമ്പ് നടന്ന സംഭവം. ഫ്ലോറിഡ തീരത്തിനടുത്ത് രണ്ട് ചെറുവിമാനങ്ങളാണ് ക്യൂബൻ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. മിയാമിയിലെ ക്യൂബൻ സംഘടനയായ 'Brothers to the Resue' -വിന്‍റെതായിരുന്നു വിമാനങ്ങൾ. നാലുപേർ മരിച്ചു. അതിൽ 3 പേർ അമേരിക്കൻ പൗരൻമാരായിരുന്നു. ക്യൂബയിൽ ലഘുലേഖകൾ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ദൗത്യം. തങ്ങളുടെ വ്യോമമേഖല ലംഘിച്ചത് കൊണ്ടാണ് വെടിവച്ചിട്ടതെന്നാണ് ക്യൂബയുടെ വിശദീകരണം. മുന്നറിയിപ്പുകൾ അവഗണിച്ചെന്നും. എന്തായാലും അതോടെ അപ്പോഴത്തെ പ്രസിഡന്‍റായിരുന്ന ബിൽ ക്ലിന്‍റൺ ഉപരോധങ്ങൾ ശക്തമാക്കി. അന്ന് റൗൾ കാസ്ട്രോയായിരുന്നു പ്രതിരോധമന്ത്രി. 2021 -ൽ അധികാരമൊഴിഞ്ഞ റൗൾ കാസ്ട്രോക്ക് ഇന്ന് 94 വയസുണ്ട്.

വെനിസ്വേലൻ അനുഭവം

റൗൾ കാസ്ട്രോ അമേരിക്കയിലെത്തും വിചാരണക്കായി എന്നാണ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്‍റെ അവകാശവാദം. പരിഹസിക്കാൻ കഴിയില്ല. കാരണം, വെനിസ്വേലൻ നേതാവ് മദൂറോയ്ക്ക് മേലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയിരുന്നു അമേരിക്ക. മദൂറോയെയും ഭാര്യയെയും കടത്തിക്കൊണ്ട് പോയത് അതിന് ശേഷമാണ്.

കുറ്റപത്രം നൽകിയ നടപടി അപലപിച്ചു ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് മിഗ്വൽ ഡിയസ് കെനൽ. രാഷ്ട്രീയ നടപടി, ക്യൂബക്കെതിരായ സൈനിക നടപടിക്ക് ന്യായീകരണം കണ്ടെത്തുകയാണ് എന്ന് ആരോപിച്ചു. സൈനിക നടപടി അബദ്ധമാകുമെന്ന് മുന്നറിയിപ്പും നൽകി. ക്യൂബയിലെ ജനങ്ങളും തങ്ങൾക്കൊപ്പമുണ്ടാകും എന്നറിയിച്ചു. ഹവാനയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ പ്രതിഷേധങ്ങൾ പതിവ് കഥയായിരിക്കുന്നു. സാധാരണക്കാരും വെടിവയ്ക്കാൻ പരിശീലിക്കുന്നു. അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങിയാൽ രാജ്യം ഒറ്റക്കെട്ടാവും എന്ന് ചുരുക്കം.

കുടിയേറിയവർ

അമേരിക്കയിൽ ജീവിക്കുന്ന ക്യൂബക്കാരുടെ കണ്ണിൽ പക്ഷേ, കാസ്ട്രോ കുറ്റവാളിയാണ്. കാസ്ട്രോ കുടുംബം രാജ്യം സ്വന്തമാക്കി തകർത്തു എന്നാണാരോപണം. കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര ട്രൈബ്യൂണൽ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ചിലിയിലെ ജനപ്രതിനിധിസഭയും അതേ ആവശ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചു.

ശ്വാസം മുട്ടി ക്യൂബ

അതേസമയം ക്യൂബയിൽ മാനുഷിക പ്രതിസന്ധി രൂക്ഷമാവുകയാണ്. വെളിച്ചമില്ല, ഇന്ധനമില്ല, പാചകത്തിന് വഴിയില്ല. മെക്സിക്കോ, ക്യൂബയിൽ എണ്ണയെത്തിച്ചിരുന്നു. പക്ഷേ, അമേരിക്കയുടെ ഭീഷണി കാരണം അത് നിർത്തിവച്ചു. അവശ്യസാധനങ്ങൾ മാത്രമാണ് ഇപ്പോൾ മെക്സിക്കോ എത്തിക്കുന്നത്. അന്താരാഷ്ട്ര വിമാന സർവീസുകൾക്കും ഇന്ധന ക്ഷാമത്തിൽ മുന്നറിയിപ്പ് നൽകി ക്യൂബ. ട്രക്കുകൾ വഴിയുള്ള മാലിന്യ ശേഖരണവും വഴിമുട്ടി. ഹവാനയിലടക്കം മാലിന്യക്കൂമ്പാരങ്ങളാണ് തെരുവുകളിൽ. ക്യൂബയ്ക്ക് ശ്വാസംമുട്ടുകയാണ്. ധാരണയ്ക്ക് തയ്യാറാകൂ ഇല്ലെങ്കിൽ അടുത്ത നടപടി എന്നാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ അന്ത്യശാസനം. ചർച്ചകൾ നടക്കുന്നു എന്ന് പറഞ്ഞിരുന്നു ക്യൂബ. പക്ഷേ, അതുകൊണ്ട് പ്രയോജനമില്ല.

ക്യൂബ അമേരിക്കയ്ക്ക് ഭീഷണിയാണെന്നാണ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന. ഫ്ലോറിഡയിലെ ക്യൂബൻ കുടിയേറ്റക്കാരുടെ മകനാണ് റൂബിയോ എന്നതും ഓർക്കണം. പ്രശ്നങ്ങൾ വഷളാക്കുന്നത് റൂബിയോ എന്നാണ് ക്യൂബയുടെയും ആരോപണം. ഇതിനിടെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ മേധാവി റാറ്റ് ക്ലിഫ് ക്യൂബയിലെത്തിയിരുന്നു. റൗളിന്‍റെ ചെറുമകൻ അടക്കമുള്ളവരുമായി ചർച്ച നടത്തി. 10 മില്യന്‍റെ സഹായം വാഗ്ദാനം ചെയ്തു. പക്ഷേ, അമേരിക്ക ആവശ്യപ്പെടുന്ന പരിഷ്കരണങ്ങൾ നടപ്പാക്കണം. തൊട്ടുപിന്നാലെയാണ് റൗൾ കാസ്ട്രോക്കെതിരായ കുറ്റപത്രം തയ്യാറായത്. സമ്മർദ്ദ തന്ത്രമാണോ, മറ്റെന്തിനോ ഉള്ള ഒരുക്കുകൂട്ടലാണോ അമേരിക്കൻ പ്രസിഡന്‍റിന്‍റെ മനസിലെന്ന് മാത്രം വ്യക്തമല്ല.

 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ക്കാരന്‍ രാജന്‍ നായര്‍, ബോംബെ അധോലോകം അടക്കിവാണ മലയാളി; ചോട്ടാ രാജന്റെ ബോസ്!
യുദ്ധമുഖത്ത് ആധിപത്യമുറപ്പിച്ച് യുക്രെയ്ൻ ഡ്രോണുകളും റോബോട്ടുകളും, പരാജയം നേരിട്ട് റഷ്യൻ സൈന്യം