Column: ഓര്‍മ്മകളിലേക്ക് ഏറെ വൈകിയൊരു യാത്ര, അവിടെ പൊടിമണ്ണ് പുതച്ചുറങ്ങുന്നുണ്ട് അവന്‍!

Published : Oct 03, 2025, 05:38 PM IST
column on music and memory by Sharmila C Nair

Synopsis

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം | Paattorma A column on Music love and memory by Sharmila C Nair 

അപ്പച്ചിയുടെ വീട്ടിലേക്കെന്ന് കള്ളം പറഞ്ഞായിരുന്നു അവളന്ന് വീട്ടില്‍ നിന്നിറങ്ങിയത്. അനുവാദമില്ലാതെ ഒരു കാര്യവും ചെയ്യാത്ത അവളുടെ ശീലത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ലല്ലോയെന്ന് ഓര്‍ത്തപ്പോള്‍ കഷ്ടം തോന്നി. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരോര്‍മ്മ തേടിയാണ് ഞങ്ങളുടെ ഈ യാത്ര. യാത്രയിലുടനീളം ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല, യാന്ത്രികമായി അവള്‍ വഴി പറഞ്ഞു കൊണ്ടിരുന്നതല്ലാതെ.

കഴിഞ്ഞ മാസം പാലക്കാട്ടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വന്ദേഭാരതില്‍ വച്ചാണ് കുറേ നാള്‍ക്കിപ്പുറം അവളെ വീണ്ടും കാണുന്നത്. അവള്‍ നാട്ടില്‍ വന്ന് തിരിച്ചു പോവുകയായിരുന്നു. പാട്ടോര്‍മ്മ വായിക്കുമ്പോഴെല്ലാം അവള്‍ പറയാറുണ്ട്, 'ഒരിയ്ക്കല്‍ ഞാനും ഒരു കഥ പറയാം.'

കഥ പറയാന്‍ ഇതിലും നല്ല അവസരം ഇല്ലാന്ന് ഞാന്‍ പറയുമ്പോള്‍ അവള്‍ പറഞ്ഞു;

'ദുരന്തകഥയാണ്. കേട്ടുകേട്ട് മൂഡോഫാവരുത്. പറയാനാവാതെ പോയൊരനുരാഗത്തിന്റെ കഥ.'

'ഇല്ല, പറഞ്ഞോളൂ' എന്നായി ഞാന്‍. അവള്‍ പറഞ്ഞു തുടങ്ങി.

'എനിയ്ക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തൊരു പാട്ടുണ്ട്. ഏതെന്ന് പറയാമോ?'

കുറച്ച് നാള്‍ മുമ്പ് ഞാനൊരു പാട്ട് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തപ്പോള്‍ എനിയ്ക്കീ പാട്ട് ഇഷ്ടമല്ലെന്ന് അവള്‍ പ്രൈവറ്റ് ചാറ്റില്‍ പറഞ്ഞതോര്‍മ്മ വന്നു. ആദ്യമായാണ് ഒരാള്‍ ആ പാട്ട് ഇഷ്ടമല്ലാന്ന് പറഞ്ഞ് കേട്ടത്. അതുകൊണ്ട് തന്നെ അത് ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിരുന്നില്ല.

'ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയില്‍
പ്രേമസംഗീതമായ് നീ പുറത്തു വന്നു..'

ഭാസ്‌ക്കരന്‍ മാഷിന്റെ സംവിധാനത്തില്‍ 1970 സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തിയ 'സ്ത്രീ ' എന്ന ചിത്രത്തിലെ മനോഹര ഗാനം. ഭാസ്‌ക്കരന്‍ മാഷിന്റെ കാവ്യാത്മക വരികള്‍. ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതം. യേശുദാസിന്റെ പ്രണയാര്‍ദ്ര ആലാപനം. ബേഗഡയുടെ മാധുര്യം.

'മനോഹരമെന്നല്ല, മധുരം എന്നാണ് പറയേണ്ടത്.' ഞാനത് പറയുമ്പോള്‍ 'അതെ' എന്നവള്‍ തലയാട്ടി. എന്നിട്ട് ഒരു ദീര്‍ഘ നിശ്വാസത്തോടെ കഥയിലേക്ക് ചുവടുവെച്ചു.

എണ്‍പതുകളുടെ ഒടുവിലാണ്. അന്നവള്‍ പ്രീഡിഗ്രിക്ക് പഠിയ്ക്കുന്നു. അവന്‍ ഡിഗ്രി രണ്ടാം വര്‍ഷം. തന്നിലേയ്ക്ക് ചുരുങ്ങി നടന്നൊരു നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി ആയിരുന്നവള്‍. അവനെയെന്നല്ല ആരെയും പ്രണയിക്കാനുള്ള ധൈര്യമില്ല. അവനോ? എഴുത്തിലും പാട്ടിലും അഭിനയത്തിലുമൊക്കെ കോളേജ് നിറഞ്ഞ് നിന്നിരുന്നവന്‍.

അന്നൊരു ബുധനാഴ്ച. പെട്ടെന്നാണ് അവന്‍ അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

'എനിക്ക് തന്നെ ഇഷ്ടമാണ്. മറുപടി ഇപ്പോള്‍ പറയേണ്ട. നാളെ ഈ സമയത്ത് ഞാന്‍ വരും. അപ്പോള്‍ പറഞ്ഞാല്‍ മതി.' എന്ത് പറയണമെന്നറിയാതെ അവള്‍ നില്‍ക്കുമ്പോള്‍ അവന്‍ തിരിഞ്ഞു നോക്കാതെ നടന്നു പോയി.

അവളുടെ കാതുകളിലപ്പോള്‍ തലേന്ന് ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് അവന്‍ പാടിയ ഗാനമായിരുന്നു. അവള്‍ ഹാളിലെത്തുമ്പോള്‍ അവന്‍ ചരണത്തിലെത്തിയിരുന്നു. അക്കാലത്ത് അവള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത ഗാനമായിരുന്നു അത്. താളമടിക്കാന്‍ പോലും ആസ്വാദകര്‍ മറന്നുപോവുന്ന അനശ്വര ഗാനം.

 

 

മാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ
ഗാനനിര്‍ഝരി കേട്ടു തരിച്ചു നിന്നു
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍
താളമടിക്കാന്‍ പോലും മറന്നു പോയി.

ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍...'

പാടുന്നതിനിടയില്‍ ഇടയ്‌ക്കൊക്കെ അവന്‍ അവളെ നോക്കുന്നതുപോലെ അവള്‍ക്ക് തോന്നി. കോളേജിലെ അറിയപ്പെടുന്ന കലാകാരനായ അവന് അവളോട് തോന്നിയ ഇഷ്ടം എന്തായിരുന്നിരിക്കും. എത്ര ആലോചിച്ചിട്ടും അവള്‍ക്കത് മനസിലായില്ല. നാളെ അവനോട് എന്ത് പറയണമെന്നോര്‍ത്തപ്പോള്‍ അവള്‍ അടിമുടി വിറച്ചു. അത്രയ്ക്ക് കര്‍ശനക്കാരായിരുന്നു അവളുടെ വീട്ടുകാര്‍. വീടൊരു സ്‌കൂളും അച്ഛനൊരു ഹെഡ്മാസ്റ്ററുമാണെന്ന് അവള്‍ തമാശയ്ക്ക് ചിന്തിക്കാറുണ്ട്. നാല് പെണ്‍മക്കളില്‍ മൂത്തവളായിരുന്നു അവള്‍.

'നിന്നെ കണ്ടുവേണം ഇളയിതുങ്ങള്‍ പഠിക്കാന്‍. അത് ഓര്‍മ്മവേണം.'

ഓരോ ദിവസവും റിക്കോര്‍ഡ് ചെയ്തു വച്ചതുപോലെ അമ്മ ഓര്‍മ്മിപ്പിക്കും. ഇത് കേട്ട് കേട്ട് ആ പ്രീഡിഗ്രിക്കാരി ടീനേജ് കൗതുകങ്ങള്‍ ഉള്ളിലൊതുക്കി ഒരു വല്ല്യേച്ചി പട്ടം അണിഞ്ഞു തുടങ്ങിയിരുന്നു.

അന്ന് രാത്രി മുഴുവന്‍ അവള്‍ക്ക് ഉറങ്ങാനായില്ല. അവനെ അവള്‍ക്കിഷ്ടമായിരുന്നു. ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു കാരണവുമില്ല. അവളുടെ ക്ലാസിലെ പലര്‍ക്കും അവനോട് ആരാധനയാണ്. സകലകലാ വല്ലഭനായിട്ടും അതിന്റെ ഭാവമൊന്നുമില്ലാതെ നിശബ്ദമായി നടക്കുന്ന ഒരാള്‍. അവന്റെ ആ ഒതുക്കമായിരുന്നു അവളെ ആകര്‍ഷിച്ചത്. എങ്കിലും താന്‍ മറുപടി പറയില്ലാന്ന് അവള്‍ ഉറപ്പിച്ചു. കുറച്ച് നാള്‍ കഴിയുമ്പോള്‍ അയാളാ ചിന്ത ഉപേക്ഷിച്ചോളുമെന്ന് അവള്‍ കരുതി. താന്‍ കാരണം ഇളയിതുങ്ങള്‍ക്ക് വഴിതെറ്റാന്‍ പാടില്ലല്ലോ. അപ്പോഴും എന്തോ ഒരു വൈഷമ്യം മനസിനെ മഥിച്ചിരുന്നു.

ആ കഥ കേട്ടിരിക്കെ അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്ന് വെറുതേ ഓര്‍ത്തു. വരാലിനെപ്പോലെ വഴുതിമാറിയിരുന്ന എന്റെ സ്വഭാവം ഓര്‍ത്തപ്പോള്‍ ചിരിവന്നു. അന്നേരമാണ് അവളുടെ ഫോണ്‍ റിംഗ് ചെയ്തത്. അവള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ സ്‌പോട്ടിഫൈയില്‍ ആ ഗാനത്തിനായി തിരഞ്ഞു. അവള്‍ക്കിഷ്ടമില്ലാത്തതിനാല്‍ ഞാന്‍ ഹെഡ്‌സെറ്റ് വച്ച് കേള്‍ക്കുകയായിരുന്നു.

''ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
എന്‍ മനോമുകുരത്തില്‍ വിരുന്നുവന്നു
ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിന്‍ കീഴില്‍
മധ്യാഹ്നമനോഹരി മയങ്ങിടുമ്പോള്‍
മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും

സുന്ദരവാസന്ത ശ്രീയെന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികില്‍ വന്നൂ '

കോളേജ് ഇടനാഴിയില്‍ പിറ്റേന്ന് കണ്ടുമുട്ടുന്ന അവളേയും അവനേയും മനസ്സില്‍ സങ്കല്പിച്ചു. മുഗ്ദാനുരാഗത്തിന്റെ പാനപാത്രം അവള്‍ സ്വീകരിച്ചിരിക്കുമോ? ബാക്കി കേള്‍ക്കാന്‍ എനിക്ക് ധൃതിയായി.

ഫോണ്‍ കട്ട് ചെയ്ത് അവള്‍ കഥ തുടര്‍ന്നു.

'' പിറ്റേന്ന് രാവിലെ കോളേജ് നടയില്‍ ബസിറങ്ങുമ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു. ഒന്നും പറയാതിരുന്നാല്‍ സമ്മതമായി അയാള്‍ തെറ്റിദ്ധരിക്കോ. എന്നാല്‍ കോളേജ് ഗേറ്റിലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. ഗേറ്റില്‍ കരിങ്കൊടി. എല്ലായിടത്തും ഫ്‌ലക്‌സ് വച്ചിരിക്കുന്നു. ചിരിക്കുന്ന അവന്റെ ചിത്രം. തല കറങ്ങുന്നതുപോലെ തോന്നി. ക്ലാസിലെത്തിയപ്പോഴാണറിഞ്ഞത് ആക്‌സിഡന്റായിരുന്നു. ബസില്‍ നിന്നിറങ്ങി അടുത്ത ബസിനായി റോഡ് ക്രോസ് ചെയ്യവേ എതിരേവന്ന കെ. എസ്. ആര്‍.ടി.സി ബസിടിച്ചിടുകയായിരുന്നു. കോളേജ് മുഴുവന്‍ ദുഃഖത്തിലായി.

കുറച്ച് കഴിഞ്ഞപ്പോള്‍ ബോഡി കോളേജില്‍ കൊണ്ടുവന്നു. പക്ഷേ കാണാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല. അനുശോചനയോഗത്തില്‍ എല്ലാവരും അവനെ വാഴ്ത്തിപ്പാടി. തലേന്ന് അവന്‍ പറഞ്ഞ വാചകം എന്റെ ചെവിയില്‍ മുഴങ്ങുന്നത് പോലെ. കുറേ നാള്‍ വല്ലാത്ത ഡിപ്രഷനായിരുന്നു. ഊണിലും ഉറക്കത്തിലും തിരിഞ്ഞു നോക്കാതെ നടന്നുനീങ്ങിയ അവന്റെ രൂപം. പിന്നെ സ്റ്റേജില്‍ നിന്നീ പാട്ട് പാടുന്ന അവന്‍. ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. പ്രീഡിഗ്രിക്ക് തോറ്റുപോവുമെന്നു തന്നെ ഞാന്‍ കരുതി. ഭാഗ്യത്തിന് രക്ഷപ്പെട്ടു. വിധി വീണ്ടും അതേ കോളേജില്‍ തന്നെ എന്നെ എത്തിച്ചു. കോളേജ് തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമൊന്നും എനിക്കില്ലല്ലോ. ചേര്‍ക്കുന്നിടത്ത് പഠിക്കുക. വിയോജിച്ചുകൊണ്ട് യോജിക്കുന്ന മഹത്തായ ജനാധിപത്യ രീതിയായിരുന്നല്ലോ എന്റെ വീട്ടില്‍. എല്ലാ വര്‍ഷവും യൂണിയന്‍ അവന്റെ അനുസ്മരണം നടത്തി. ജീവിച്ചിരുന്നെങ്കില്‍ വലിയൊരു കലാകാരനായേനെ.''

'അവന്‍ ഇതൊക്കെ ഓര്‍ത്തായിരിക്കോ അന്ന് റോഡ് ക്രോസ് ചെയ്തിരിക്കുക. അവന്‍ മരിച്ചില്ലായിരുന്നെങ്കില്‍ ഈ കഥയുടെ അവസാനം എന്താവുമായിരുന്നു?' എന്റെ ചോദ്യം കേട്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞു.

'' നമുക്കിവിടെ നിര്‍ത്താം. അതൊന്നും ഓര്‍ക്കാന്‍ വയ്യ.' എന്നിട്ടാത്മഗതമെന്നോണം അവള്‍ പറഞ്ഞു, 'മറന്നിട്ടല്ലേ ഓര്‍ക്കാന്‍. ഇപ്പോഴും ആ മുഖം ഓര്‍മ്മയിലുണ്ട്. ചിലപ്പോഴൊക്കെ ഈ ചോദ്യം ഞാനെന്നോട് തന്നെ ചോദിക്കാറുണ്ട്. ഒരു പക്ഷേ.. വേണ്ട....സില്‍വിയ പ്ലാത്ത് പറഞ്ഞതുപോലെ ''ഒന്ന് വിശ്രമിച്ചാല്‍ ഉള്ളിലേക്കൊന്ന് നോക്കിയാല്‍ ഭ്രാന്ത് പിടിക്കും...'

ട്രെയിന്‍ കോട്ടയം അടുക്കുന്നു. അവള്‍ക്കിറങ്ങാറായി. എന്റെ ചോദ്യത്തിനുള്ള ഉത്തരം ഒരു പക്ഷേയില്‍ ഒതുക്കി അവള്‍ ബൈ പറഞ്ഞിറങ്ങുമ്പോഴും എന്റെ മനസ് ആ കഥയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഷൊര്‍ണൂര്‍ എത്തുന്നത് വരെ പല പ്രാവശ്യം ഞാനാ ഗാനം കേട്ടു. ആ ഗാനം കേള്‍ക്കുമ്പോള്‍ മുമ്പൊന്നും തോന്നിയിട്ടില്ലാത്ത വേദനയുടെ മൂടുപടം വന്ന് മനസ്സ് മൂടുന്നു. ഏതോ ഒരുള്‍പ്രേരണയാല്‍ ഞാനവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.

എന്റെ വിളി പ്രതീക്ഷിച്ചതുപോലെ ആദ്യ റിംഗില്‍ത്തന്നെ അവള്‍ ഫോണെടുത്തു.

എന്നെ ഞെട്ടിക്കുന്നതായിരുന്നു അവളുടെ പ്രതികരണം.

'നമുക്കൊന്ന് അവന്റെ വീട്ടില്‍ പോയാലോ. എന്റെ അപ്പച്ചിയുടെ വീടിനടുത്താണ് ആ വീട്. ആ അസ്ഥിമാടത്തിനരികില്‍ അല്പനേരം നില്‍ക്കണം. എന്റെ ഉത്തരത്തിനായി അവന്റെ ആത്മാവ് അലയുകയല്ലേന്നൊരു തോന്നല്‍.'

വിശ്വാസി അല്ലാഞ്ഞിട്ടും ഞാനും ആ വഴിക്ക് തന്നെ ചിന്തിച്ചു. ലോജിക്കിനൊന്നും സ്ഥാനമില്ലാത്ത ചില സന്ദര്‍ഭങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടല്ലോ.

'വീടെത്തി' അവളുടെ ക്ഷീണിച്ച ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി. ഇത്രയും യാന്ത്രികമായി ഞാന്‍ കാറോടിച്ച സന്ദര്‍ഭമുണ്ടായിട്ടില്ല. മുഷിഞ്ഞ സാരിയുടുത്ത ഒരു സ്ത്രീ മുറ്റത്ത് നില്‍പുണ്ട്.

'അവന്റെ ചേച്ചിയായിരിക്കണം.' അവള്‍ പറഞ്ഞു.

ഞങ്ങളെ കണ്ടതും അവര്‍ അടുത്തേയ്ക്ക് വന്നു. അവന്റെ പഴയ കൂട്ടുകാരികളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ അമ്മയ്ക്കരികിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ രണ്ടു പേരുണ്ടായിരുന്നിട്ടും അവളുടെ കൈകള്‍ കൂട്ടി പിടിച്ച് ആ അമ്മ കരഞ്ഞു. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറവും മകന്റെ മരണം ഇന്നലെയെന്നപോലെ ആ അമ്മ മനസ്സിനെ നീറ്റുന്നതുപോലെ തോന്നി.

അകത്തു നിന്നും ചേച്ചി നാരങ്ങാ വെള്ളവുമായി എത്തി. ശരിയ്ക്കും ഞങ്ങള്‍ക്കത് ആവശ്യമായിരുന്നു. തൊണ്ട വരളുന്നുണ്ടായിരുന്നു. കുടിക്കുന്നതിനിടയില്‍ അവനെ അടക്കം ചെയ്ത സ്ഥലം കാണണമെന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. ചേച്ചിക്കൊപ്പം ആ തെങ്ങിന്‍ ചോട്ടില്‍ നില്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകളും നിറഞ്ഞു. അവള്‍ എന്റെ കൈയ്യില്‍ മുറുകെ പിടിച്ചു. ആ കൈകള്‍ വല്ലാതെ തണുത്തിരുന്നു.

'അല്പം നീങ്ങി നില്‍ക്കൂ. തേങ്ങ കരിഞ്ഞിരിക്കുവാണ്. കാറ്റടിച്ചാല്‍ വീഴും. ഈ തെങ്ങില്‍ ആളെ കയറ്റാന്‍ അമ്മ സമ്മതിക്കില്ല.' ചേച്ചി അതു പറഞ്ഞതും ഒരു കുളിര്‍ കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി. ചേച്ചി പറഞ്ഞതുപോലെ തെങ്ങില്‍ നിന്നും ഒരു തേങ്ങ വീണു. അവള്‍ കുനിഞ്ഞാ തേങ്ങയെടുക്കുമ്പോള്‍ എന്റെ മനസ്സില്‍ വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിതയിലെ അവസാന വരികളായിരുന്നു.

''ഒരു തൈകുളിര്‍ക്കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു..'

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്