
എന്റെ തലയില്‍ ഞാന്‍ വര്‍ഷങ്ങളായിട്ട് ചാണകവും വളവും ഇട്ട് വളര്‍ത്തുന്ന പേനുകളാണ്. അവറ്റകള്‍ക്ക് എന്റെ തലയില്‍ നിന്നും നല്ലൊന്നാന്തരം ചുടുചോര കിട്ടുന്നുണ്ട്. ആ പേനുകള്‍ എന്തായാലും ഈ വയസ്സിയുടെ തലയിലേക്ക് പോകില്ല. എനിക്കുറപ്പാണ്!
അമ്മാമ്മയും ഞാനും എനിമീസ് ആയിരുന്നു.
വെക്കേഷനൊക്കെ പോകുമ്പോള്‍ മാത്രം കണ്ടാ മതിയല്ലോ എന്നൊരു സമാധാനമേ ഉണ്ടായിരുന്നുള്ളൂ.
അല്ലെങ്കില് ഒന്നുകില്‍ അമ്മാമ്മയുടെ കത്തിപ്പിടിക്ക് ഞാന്‍ തീരും; അദര്‍വൈസ് എന്റെ ഒലക്കക്ക് അമ്മാമ്മ അല്‍സേഷനില്‍ ആകും. ഞങ്ങളുടെ ഭാഗ്യത്തിന് ഇത് രണ്ടും ഉണ്ടായില്ല.
അമ്മാമ്മയുടെ പേരാണ് അമ്മിണി. എന്റെ പേരാണ് ടുലു. പേരിവിടെ ഒരു വിഷയമല്ല.
ഓരോ വെക്കേഷനും ഞങ്ങളേയും കൊണ്ട് അമ്മ തൃശ്ശൂരിലെ മൈലിപ്പാടത്ത് പോകും. അവിടെയാണ് അമ്മാമ്മയുടെ വീട്. ഞങ്ങള്‍ വരുന്നതും കാത്ത് അമ്മാമ്മ ഇരിക്കുമെങ്കിലും, വന്ന് പത്ത് മിനിറ്റിനുള്ളില്‍ ഞങ്ങളിടി തുടങ്ങും. ?
എന്തിനാ ഇടി എന്ന് ചോദിച്ചാലെനിക്കറിയില്ല. അമ്മാമ്മ ഒരു കാഞ്ഞ വിത്തായിരുന്നു.
അമ്മാമ്മയുടെ വേഷം: വെള്ള ചട്ടയും മുണ്ടും, തോളത്തൊരു തോര്‍ത്തും.
എന്റെ വേഷം: എനിക്ക് തോന്നിയത്.
വയസ്സായത് കൊണ്ട് അമ്മാമ്മ വീട്ടില്‍ ബോഡി ഇടാറില്ല.
(ബോഡി: പണ്ടത്തെ വയസ്സായവര്‍ ബൗസ്സിനടിയിലും ചട്ടക്കുള്ളിലും ഇടുന്ന സാധനം.)
അമ്മാമ്മ ബോഡിയിടാത്തത് കൊണ്ട് അമ്മാമ്മയുടെ ഉമ്പായി വേണമെങ്കില്‍ കഴുത്തിലൂടെ ഷോളാക്കിയിടാനുള്ള വകയുണ്ടായിരുന്നു, നീണ്ട് നീണ്ട്.
അമ്മാമ്മയെ പറ്റി ഒരു രൂപം വായിക്കുന്നവരുടെ മനസ്സില്‍ വരാനാണിത്രയും വര്‍ണ്ണിച്ചത്.
വെക്കേഷന്‍ വരുമ്പോഴാണ് ഞാനും അമ്മയും കെവിനും അമ്മാമ്മയുടെ വീട്ടിലേക്ക് പോകുന്നത്. ഞങ്ങളെ കാത്ത് പിള്ളേരെല്ലാം നോക്കിയിരിക്കുന്നുണ്ടായിരിക്കും.
ഞങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ ചായ കുടിക്കാന്‍ എല്ലാവരും ഒരുമിച്ചിരിക്കുന്ന ഒരാചാരം ഉണ്ടായിരുന്നു.
ചായ മാത്രമേ ആന്റിമാരുണ്ടാക്കി തരൂ. ചായേടെ കൂടെ എന്തെങ്കിലുമൊക്കെ കടിയുള്ളത് അമ്മാമ്മേടെ കസ്റ്റഡിയിലായിരിക്കും. അത് പങ്ക് വെക്കുന്നതും അമ്മാമ്മ ആയിരിക്കും.
മിക്‌സ്ചര്‍, കപ്പ വറുത്തത്, കായ വറുത്തത്. അങ്ങനെയെന്തെങ്കിലുമൊക്കെ ആയിരിക്കും കസ്റ്റഡിയില്‍.
ഞാനടക്കം ആറ് കുട്ടികളാണുള്ളത്. കാണാതിരിക്കുമ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും ഭയങ്കര സ്‌നേഹമാണ്. പക്ഷേ, കണ്ടാല്‍ ഒരുമാതിരി അലമ്പുപിള്ളേരുടെ പോലെയും.
കൂട്ടത്തിലെ മൂത്തവനായ എന്റെ ഒടപ്പെറന്നോന്‍ മാത്രായിരുന്നു വഴക്കൊന്നുമിടാതെ ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കിയിരിക്കുന്നത്.
അത്‌കൊണ്ട് തന്നെ അവന് കുറച്ച് കൂടുതല്‍ തിന്നാന്‍ കിട്ടുമായിരുന്നു.
ഇതിനെല്ലാം അമ്മാമ്മയുടെ കൈയില് കണക്കുണ്ട്. പണ്ടത്തെ ഏഴാം ക്ലാസ്സും ഗുസ്തിയുമാ.
ഒരു ദിവസം ഞങ്ങള്‍ ഒല്ലൂരായിരുന്നപ്പോള്‍ അറിഞ്ഞു, അമ്മാമ്മ വീണ് കൈയൊടിഞ്ഞിട്ട് ഇപ്പോള്‍ ഒരാഴ്ച കഴിഞ്ഞു എന്ന്.
കേട്ടപാടെ കെട്ടും ഭാണ്ഡവും എടുത്ത് ഞാനും അമ്മയും കെവിനും സ്ഥലം വിട്ടു, അമ്മാമ്മയുടെ വീട്ടിലേക്ക്.
വീടെത്തിയപ്പോള്‍ ഞങ്ങളെല്ലാവരും തുള്ളിച്ചാടി. അതങ്ങനെയാ എപ്പോഴും! ഒല്ലൂരില്‍ നിന്ന് മൈലിപ്പാടം എത്തിയാല്‍ പിന്നെ ചാട്ടവും ഓട്ടവും ഒക്കെയാണ്.
' ടീ.. ടീ ജോള്യേ..ഇങ്ങട് വാടീ.'
'ഏഹ്! അതെവിടുന്നാ ഒരു ശബ്ദം?'- അമ്മ ചുറ്റും നോക്കി.
അയ്യോ അമ്മാമ്മ! അതും വീണ് കൈയൊടിഞ്ഞ അമ്മാമ്മ!
ആവേശത്തിന്റെ പുറത്ത് അമ്മാമ്മയെ കാണാന്‍ വന്നതാണെന്ന കാര്യം ഞാന്‍ മറന്നതോ പോട്ടെ,സ്വന്തം മോള്‍ വരെ മറന്നു.
വരി വരിയായി അമ്മാമ്മയുടെ മുറിയില്‍ പോയി. അവിടെ ദേ കട്ടിലില്‍ ഇരിക്കുന്നു അമ്മാമ്മ. ?
ചട്ടയും മുണ്ടും ഉടുത്ത് ഐശ്വര്യത്തോടെ ഇരുന്ന അമ്മാമ്മ, ഒരു നൈറ്റിക്കുള്ളില്‍ കയറി ഡൊറോത്തി മദാമ്മ ആയി ഇരിക്കുന്നു. കൈയില്‍ പ്ലാസ്റ്ററും!
'ഈ ക്ടാവെന്തൂട്ടിനണ് ചിരിക്കണേ?'- അമ്മാമ്മ മുഖം വക്രിച്ചു.
'പിന്നല്ലാണ്ട്! ചിരി വന്നിട്ടന്നെ ചിരിക്കണത്.'- ഞാനും കോക്കിരി കാണിച്ചു.
'വന്നൂ, തൊടങ്ങീ രണ്ടെണ്ണോം.- അപ്പാപ്പന്റെ വക ഒരു കമന്റ്. അമ്മ അതിന് ചാടിക്കേറി ലൈക്കും ഇട്ടു.
ഓ! അവര് അമ്മേം മോളും കൂടെ രഹസ്യങ്ങള്‍ പറയുന്നിടത്ത് എനിക്കെന്താ കാര്യം.
ഞാനാ മുറിയില്‍ നിന്നും സ്‌കൂട്ടായി, അപ്പുറത്തെ വാതിലില്‍ കൂടി കേറി കട്ടിലിന്റടിയില്‍ കേറി ഒളിച്ചിരുന്നു. എന്താ പറയുന്നത് എന്നറിയണമല്ലോ.
അമ്മാമ്മയുടെ കട്ടിലിന്റെ അടിയിലുള്ള സകല പാറ്റക്കും പല്ലിക്കും എട്ട്കാലിക്കും വരെ എന്നെ അറിയാം. ആ കട്ടിലിന്റെ അടിയിലിരുന്നാണ് ഞാനും ഉണ്ണിയും കൂടെ ഈര്‍ക്കില് വെച്ച് അമ്മാമ്മയുടെ ഉമ്പായിയില്‍ കുത്താറുള്ളത്.
കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുന്ന അമ്മാമ്മ, കണ്ണ് തുറക്കാതെ തന്നെ കണ്ണ് പൊട്ടിപ്പോകുന്ന രണ്ട് തെറിയങ്ങോട്ട് പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് തൃപ്തിയാകും.
ആ വീട്ടിലെ അസത്ത് ക്ടാവായിരുന്നു ഞാന്‍. എന്നെ കണ്ടാല്‍ തന്നെ അവിടെയുള്ളവര്‍ക്ക് ചൊറിഞ്ഞ് വരുമായിരുന്നു. എന്താണോ എന്തോ!
ഒരു ദിവസം എല്ലാവരും കൂടെ സംസാരിച്ചിരിക്കുന്നതിന്റെ ഇടയില്‍ അമ്മാമ്മ പറഞ്ഞു.
'ട്യേ പിള്ളേരേ, ഒരാഴ്ച്യായി തല നനച്ചിട്ട്. പേന്‍ണ്ടെന്നാ തോന്നണേ. കടിച്ചിട്ടൊരു സൊയ്‌രോല്ല്യ. ഒന്നീരിത്തന്നേരീ.'
'ഞാനീരിത്തരില്ല്യാട്ട. എനിക്കറപ്പാ പേനെ കൊല്ലണത്.' - ഞാന്‍ വേഗം പറഞ്ഞു.
'നെന്റെ തലേത്തെ പേനന്ന്യണ് എന്റേല്‍ക്ക് കേറ്യേക്കണേട്ട്‌റീ. ഔ! എന്താ ക്ടാവിന്റൊരു വര്‍ത്താനം.'
എന്റെ തലയില്‍ ഞാന്‍ വര്‍ഷങ്ങളായിട്ട് ചാണകവും വളവും ഇട്ട് വളര്‍ത്തുന്ന പേനുകളാണ്. അവറ്റകള്‍ക്ക് എന്റെ തലയില്‍ നിന്നും നല്ലൊന്നാന്തരം ചുടുചോര കിട്ടുന്നുണ്ട്. ആ പേനുകള്‍ എന്തായാലും ഈ വയസ്സിയുടെ തലയിലേക്ക് പോകില്ല. എനിക്കുറപ്പാണ്!
ഞാനെന്റെ തലയിലൂടെ അരുമയായി തഴുകി കൊണ്ട് ചിന്തിച്ചു.
എന്റെ പൊന്നോമന പേന്‍ കുഞ്ഞുങ്ങള്‍!
'എന്റെ തലേല്‍ത്തെ പേന്വോളങ്ങനെ പോവൊന്നുല്ല്യ.'
'അത് ശര്യാട്യപ്പോ. അവറ്റോള് പോണെങ്കില് നീ ചാവേണ്ടി വരും'-
എന്നോട് ശത്രുതയുള്ള ഒരു അങ്കിള്‍ എന്തോ വലിയ തമാശ പോലെ പറഞ്ഞിട്ട് തനിയെ ഇരുന്ന് ചിരിക്കാന്‍ തുടങ്ങി.
ഞാന്‍ മുഖം വെട്ടിച്ച് ഒരിരിപ്പിരുന്നു. ഹും!
'അമ്മക്ക് ഞാനീരിത്തരാട്ട അമ്മേ.'
സ്വന്തം അമ്മയോടുള്ള സ്‌നേഹം വായയില്‍ കൂടെ ഒഴുകി വന്നപ്പോള്‍ അമ്മ പറഞ്ഞതാണത്. ഔ! ഇത്രയും സ്‌നേഹമൊക്കെ ഇത്രയും നാള്‍ എവിടായിരുന്നോ എന്തോ..!??
എന്ത് പണ്ടാരമെങ്കിലും ആവട്ടെ, മുടി ചീകല്‍ ഉദ്യമത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു.
പിറ്റേ ദിവസം, അമ്മാമ്മയും മോളും കൂടെ പരിപാടി തുടങ്ങി. ഞങ്ങള്‍ പിള്ളേര്‍ കാഴ്ച കാണാന്‍ വന്ന് നിരന്നു.
ആദ്യം ജഡ പിടിച്ച മുടിയൊക്കെ ശരിയാക്കി, ഒരു പേന്‍ ചീര്‍പ്പ് വെച്ച് ചീകാന്‍ തുടങ്ങി.
'ഹൗ! പത്ക്കനെ ഈരെടീ. എനിക്ക് വേദനയെട്ക്ക്ണ്ട്.'
അത് വരെ ചീര്‍പ്പ് തൊടാത്ത മുടിയില്‍ ചീര്‍പ്പ് തൊട്ടതും, പേനുകള്‍ എല്ലാം കൂടി ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ തുടങ്ങി.
അമ്മാമക്ക് തല ചൊറിച്ചിലോട് ചൊറിച്ചില്‍! ?
'അമ്മയൊന്നനങ്ങാണ്ടിരിക്ക്ണ്ടാ? എനിക്കീരാന്‍ പറ്റണില്ല്യാന്ന്.'
'നീയെന്തൂട്ട് തേങ്ങ്യണെന്റെ തലേല് ചെയ്‌തേക്കണേ? എനിക്കിത്ര കടിയൊന്നുണ്ടാര്‍ന്നില്ല്യലോ.'- അമ്മാമ്മയിലെ സംശയരോഗി പുറത്ത് ചാടി.
'ദേനാ നിങ്ങടെ ചീപ്പും കോപ്പും. ഒന്നീരിത്തരാന്‍ വന്നപ്പോ അതിനും കുറ്റണ്. അല്ല പിന്നെ!' - അമ്മയിലെ ഭ്രാന്തിയും പുറത്ത് വന്നു.
അതും പറഞ്ഞ് അമ്മ ചവിട്ടിത്തുള്ളി മുറിക്ക് പുറത്ത് പോയി.
ഞങ്ങള്‍ അമ്മാമ്മയെ നോക്കിയപ്പോള്‍, കട്ടിലില്‍ 'മൊട്ടക്കച്ചോടത്തിന് നഷ്ടം വന്ന പോലെ' അമ്മാമ ഇരിക്കുന്നു.
മുടിയാണെങ്കില്‍ രണ്ട് വശത്തേക്കും പകുത്തിട്ട്, മാന്തി മാന്തി ചറ പറ ആയ മുടിയും, കൈയിലെ പ്ലാസ്റ്ററും, നൈറ്റിയും എല്ലാം കൂടെ ഒരു ഫിലോമിന ലുക്ക്.
അപ്പോഴാണ് എനിക്കാ ഐഡിയ തോന്നിയത്.??
അമ്മാമയുടെ നല്ലതിന് വേണ്ടി എന്ന് ഞാന്‍ കരുതിയതും, എന്റെ നാശത്തിനാണെന്ന് ഞാനറിയാതെ പോയതും ആയ ആ നശിച്ച ഐഡിയ!
ഞാന്‍ അമ്മാമയുടെ അടുത്ത് പോയിരുന്നു.
'അമ്മാമേ, അമ്മ പോണെങ്കില് പോട്ടങ്ങട്. ഞാനില്ലേ ഇവടെ'
'നെന്റെ തള്ളക്ക് പറ്റാത്തതണ് ഇപ്പ നീയ്യ് ചെയ്യാമ്പോണേ. ഒന്നെണീറ്റ് പോയേരീ അവടന്ന്.' - സര്‍വ്വത്ര പുച്ഛത്തോടെ അമ്മാമ്മ പറഞ്ഞു.
അമ്മാമയുടെ വിശ്വാസം നേടിയെടുക്കേണ്ടത് എന്റെ അഭിമാനത്തിന്റെ കൂടെ പ്രശ്‌നമായി മാറി അപ്പോഴേക്കും. കാരണം, നേരത്തേ പറഞ്ഞ ആ തെണ്ടിപ്പിള്ളേര്‍ ഇതിനൊക്കെ സാക്ഷികളായിരുന്നു.
'അമ്മാമേ, ഞാന്‍ മുടി ഈരണ കാര്യൊന്നല്ല പറയണേ. നമുക്കേയ് ഈ മുടിയങ്ങടാ വെട്ട്യാലാ? കൈയൊടിഞ്ഞോണ്ട് ഇനിപ്പോ ഈരാനൊന്നും അമ്മാമക്ക് പറ്റില്ല്യല്ലോ. അപ്പോ വെട്ടണതല്ലേ നല്ലത്?'
'നീയാള് കൊള്ളാല ക്ടാവേ' എന്ന മട്ടില്‍ അമ്മാമ എന്നെ നോക്കി, എന്നിട്ട് ചിരിച്ചു.
'ശര്യണ്‌ല്ലേ. ഈ മുട്യാ വെട്ട്യാ പിന്നെ പേനുംണ്ടാവില്ല, ചൂടും സംഭ്രമോം ഒക്കെ കൊറയേം ചെയ്യും.'- അമ്മാമ എഗ്രീഡ്.??
ആദ്യമായിട്ടാണ് എന്റെ ഒരു അഭിപ്രായം മാനിക്കപ്പെടുന്നത്. അല്ലെങ്കില് ഞാനെപ്പോഴും ചക്കമൊളഞ്ഞീന്‍ ആണ്. ?
'ചക്കക്ക് മൊളഞ്ഞീനില്ലാതെ പറ്റേമില്ല, എന്നാ തിന്നാനൊട്ട് കൊള്ളേമില്ല!'?
മുടിവെട്ടാനുള്ള സാമഗ്രികള്‍ ഒക്കെയെടുത്ത് ഞാന്‍ ഒരു ബാര്‍ബറി ആയി.
പഞ്ച പുച്ഛം അടക്കി നില്‍ക്കുന്ന തെണ്ടിപ്പിള്ളേര്‍ മേലനങ്ങാതെ അവിടെത്തന്നെ നിന്നു.
'അതെങ്ങന്യാ, അവറ്റോള്‍ക്ക് അമ്മാമോട് സ്‌നേഹല്ല്യാലോ!'
ഞാന്‍ അമ്മാമ്മയെ ഒരു കസേരയില്‍ ഇരുത്തി. പുറത്ത് കൂടെ ഒരു തോര്‍ത്ത് വിരിച്ചിട്ടു.
'കണ്ണീക്കണ്ട' സിനിമകളിലെ ബാര്‍ബര്‍മാരെ മനസ്സാ നമിച്ച് കൊണ്ട് ഞാന്‍ വര്‍ക്ക് തുടങ്ങി.
ആദ്യം കുറച്ച് വെള്ളമെടുത്ത് 'തൊളസി'ത്തറേല് തെളിക്കുന്നത് പോലെ അമ്മാമ്മയുടെ മുടിയില് തെളിച്ചു.
വെള്ളം കാണാതിരുന്ന തലയില്‍ നിന്നും ഒരു വല്ലാത്ത മണം വരാന്‍ തുടങ്ങിയപ്പോഴാണ് ചെറുതായി പണി പാളിയ മണം എനിക്കും വന്നത്.
'എന്തേരീ വെട്ടണില്ല്യേ' - മൂക്ക് പൊത്തി വടിപോലെ നിന്നിരുന്ന എന്നോട് അമ്മാമ ചോദിച്ചു.
ഇത്ര വരെ എത്തിച്ചിട്ട് ഇനി വെട്ടാതിരുന്നാല്‍ തള്ള എന്നെ വെച്ച് പൊറുപ്പിക്കില്ല. നാടടച്ച് നാണം കെടുത്തും. പോരാത്തതിന് നാണമില്ലാത്ത കസിന്‍സും മുറിയില്‍ ഉണ്ട്.
എന്തേലും വരട്ടെ, വെട്ടുക തന്നെ എന്ന് വിചാരിച്ച് ഒരു തുണി കൊണ്ട് എന്റെ മുഖവും വായയും അടച്ച്, പറമ്പിലെ പുല്ലരിയുന്നത് പോലെ കത്രിക അമ്മാമയുടെ തലയില്‍ കൂടെ ഓടിക്കളിച്ചു.
മുറിയില്‍ കത്രികയുടെ ശബ്ദം മാത്രം! ക്ലിങ് പ്ലിങ് ചില്‍ ചില്‍??.
ഫൈനലി...!
സംഭവം സക്‌സസ്!
കംപ്ലീറ്റ് മുടിയും ഞാന്‍ വെട്ടിക്കളഞ്ഞു.
ഹാവൂ! ഞാന്‍ നടു നിവര്‍ത്തി അമ്മാമ്മയുടെ മുന്നിലേക്ക് പോയി, എങ്ങനെയുണ്ടെന്ന് കാണാന്‍.
കണ്ടതും ഞാന്‍ ഞെട്ടി വിറച്ച് പോയി.
പെറ്റ തള്ള സഹിക്കൂല! എന്നിട്ടാണോ ഈ തള്ള! അയ്യോ! ഇന്നിവിടെ വെടിക്കെട്ട് നടക്കും.
'ആഹ! സൂപ്പറായിണ്ടല്ലോ അമ്മാമേ. വാവ്'- ഞാനെന്റെ ഞെട്ടല്‍ കാണിക്കാതെ പറഞ്ഞു.
'അത്യാ? ഞാന്നോക്കട്ടെന്നാല്. ടാ ഉണ്ണ്യേ, നീയാ അല്‍മാരീടെ അവ്ടന്ന് ആ കൈയില് പിടിക്കണ കണ്ണാടി എട്‌ത്തോണ്ട് വന്നേരാ.'
അമ്മാമ അതിയായ സന്തോഷത്തോടെ തെണ്ടിസെറ്റിലെ ഇളയവനോട് പറഞ്ഞു.
ഞാനത് കേട്ട് പിന്നേയും ഞെട്ടി.
'അതില്ലേയ്, അമ്മാമ ആദ്യം പോയി തലേം മേലും ഒക്കൊന്ന് കഴുക്. ഈ വെട്ടിയ മുടിയൊക്ക പോട്ടങ്ങട് മേത്ത്ന്ന്. അപ്പോ നല്ല സുഖോം കിട്ടും.'
ഉണ്ണി കണ്ണാടി ആയി വരുമ്പോഴേക്കും ഞാന്‍ അമ്മാമയെ പിടിച്ച് ബാത്ത്‌റൂമിലേക്ക് നടത്തി.
അമ്മാമയെ കണ്ട ഹോളിലിരുന്ന മുതിര്‍ന്നവര്‍ അന്തം വിട്ട് വായയും പൊളിച്ചിരുന്നിട്ട് ശേഷം 'ക ക ക ക' എന്ന് ചിരിക്കാന്‍ തുടങ്ങി.
'അയ് അമ്മ മുടി വെട്ട്യാ? അസ്സലായിണ്ടല്ലാ.'- അമ്മയുടെ കണ്‍ട്രി ബ്രദര്‍ ആണത് പറഞ്ഞത്.
'ഈ ക്ടാവ് വെട്ടിത്തന്നതണ്. നല്ല സുഖംണ്ടിപ്പോ. ഞാനൊന്ന് പോയി നനച്ചിട്ട് വരാം.'- അമ്മാമ ആദ്യമായി എന്നെ സ്‌നേഹത്തോടെ നോക്കി പറഞ്ഞു.
ഇതിനിടയില്‍ കണ്ണാടിയും പൊക്കിപ്പിടിച്ച് വന്ന ഉണ്ണിയെ കത്രികപ്പൂട്ടിട്ട് ഞാനൊരു മുറിയില്‍ അടച്ചു. ?
മെല്ലെ മെല്ലെ നടക്കുന്നതിനിടയില്‍ മുറിയുടെ മൂലക്കിരുന്ന വലിയ അലമാരയില്‍ അമ്മാമയുടെ കണ്ണുടക്കി.
സ്വന്തം രൂപം കണ്ട് കണ്ണടിച്ച് പോയ അമ്മാമ എന്റെ നേരെ കീ കൊടുത്തത് പോലെ തിരിഞ്ഞു.
സ്വാഭാവികം??
പക്ഷേ, എന്റെ പൊടി പോലും അവിടെയുണ്ടായിരുന്നില്ല. ഞാനാരാ മോള്‍!
അതും സ്വാഭാവികം!
അവിടുന്ന് ഞാന്‍ മതില് ചാടി ഒന്നുമറിയാത്തത് പോലെ അപ്പുറത്തെ വീടിനുള്ളില്‍ കേറി ടി.വി കാണാനിരുന്നു.
ആ വീട്ടിലുള്ളവര്‍ മുഴുവനും തല്ലുകൊള്ളികള്‍ ആയിരുന്നത് കൊണ്ട് ഞാനവരുടെ പിറക്കാതെ പോയ മകള്‍ ആയിരുന്നു.
രാത്രി ആയിട്ടും ഞാന്‍ തിരിച്ച് ചെല്ലാതായപ്പോള്‍ മതിലിനപ്പുറത്ത് നിന്ന് സൈറണ്‍ മുഴങ്ങി.
'ടീ ടുല്വോ മര്യാദക്ക് നീ ഇങ്ങ്ട് വന്നോട്ടാ. മണി എത്ര്യായീന്നാ വിചാരം? നാണല്ല്യെടി നിനക്ക് കണ്ടോടം നെരങ്ങി നടക്കാന്‍? ഇന്നിങ്ങ്ട് വാടീ നീയ്യ്. കാണിച്ചരണ്ട്രീ.' - അപ്പാപ്പനാണ് അലറുന്നത്.
ഈ അപ്പാപ്പനും ആളത്ര വെടിപ്പൊന്നുമല്ല. പുറത്ത് പറയാന്‍ പറ്റാത്ത പല കഥകളും ഉണ്ടെന്നാണ് കേള്‍വി.
അദ്യത്തെ സൈറണ്‍ കഴിഞ്ഞ് രണ്ടാമത്തെയും മുഴങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു. വീണ്ടും മതില്‍ ചാടി, മുറ്റത്തുള്ള ചെമ്പക മരത്തിന്റെ താഴെ ഒളിച്ചിരുന്ന് വീട്ടിനകത്തെ സംസാരം ശ്രദ്ധിച്ചു.
അനക്കമൊന്നും കേള്‍ക്കാത്തത് കൊണ്ട് ഞാന്‍ ചെന്ന് അകത്ത് കയറി, ചുറ്റും നോക്കി ആശ്വാസത്തോടെ ശ്വാസം വലിച്ച് വിട്ടു. ??
'അമ്മാമേ ദേ ടുലു വന്നേക്കണു. വേഗം വായോ'- തെണ്ടിപ്പേള്ളേരുടെ ശബ്ദം.
ലൈറ്റ് ഓണായതും പെട്ടെന്ന് ഞാനൊരു പ്രതിമ ആയി മാറി.
ഡൊറോത്തി മദാമ്മ അതാ മുന്‍പില്‍, ഒരു കൈയില്‍ പ്ലാസ്റ്ററും മറ്റേ കൈ തലയിലും! തലയുടെ കാര്യം പിന്നെ പറയുകയും വേണ്ട!?
'നിനക്കെന്തണ്ട്യേ എന്നോടിത്ര പൗശന്യം'- അമ്മാമ വായ തുറന്നു.
'പൗശന്യം' എന്ന വാക്ക് ജീവിതത്തിലന്ന് വരെ കേള്‍ക്കാതിരുന്ന ഞാന്‍ ഒരു സെക്കന്റിന് ആകെ വല്ലാതായി പോയി.'
ഇനി വല്ല തെറിയെങ്ങാനും...!
'ദേ ഒര്മാതിരി വൃത്തികേട് പറഞ്ഞാല്ണ്ടല്ല, അമ്മാമ്യാണ്‌ന്നൊന്നും ഞാനാ നോക്കില്യാട്ട'
ഞാന്‍ അവിടെ കണ്ട ഒരു ഗ്ലാസ്സ് വലിച്ചെറിഞ്ഞു നിലത്തേക്ക്.
സംഗതി ഏറ്റു.
അമ്മാമ പേടിച്ചു.
ഞാനും പേടിച്ചു.
തല്ക്കാലത്തേക്ക് ഞാന്‍ രക്ഷപ്പെട്ട് കിടന്നുറങ്ങാന്‍ പോയപ്പോള്‍ ഞാന്‍ എന്നോട് പറഞ്ഞു.
'അല്ല, എന്തിന്റെ കേടായിരുന്നു എനിക്ക്'
ഇതൊന്നും പോരാഞ്ഞിട്ട്, മരിക്കുന്നത് വരെ എന്നെ കണ്ടാല്‍ അമ്മാമ പറഞ്ഞ് കൊണ്ടിരുന്നു.
'ഹും അവള്‍ടൊരു 'പൗശന്യം', അസത്ത്.'
Note: നിങ്ങള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കഠിനമായ ടോര്‍ച്ചറിങ്ങ് ഞാനിതിന്റെ പേരില്‍ ഏറ്റ് വാങ്ങിയിട്ടുണ്ട്.