മടുത്തുപോയ ജീവിതത്തിലിരുന്നൊരാൾ 'Stay' എന്നുള്ളിൽ പച്ചകുത്തുന്നു

Published : Apr 23, 2026, 02:30 PM IST
 ulmarangal

Synopsis

ഉള്‍മരങ്ങള്‍ റിനി രവീന്ദ്രന്‍ എഴുതുന്ന കോളം. മടുത്തുപോയ ജീവിതത്തിലിരുന്നൊരാൾ 'Stay' എന്നുള്ളിൽ പച്ചകുത്തുന്നു.

'നിന്റെ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നതെന്താ?'

കൗതുകത്തോടെ ചോദിച്ചതിന് അവന്റെ മറുപടി ഇങ്ങനെയായിരുന്നു, അത് 'Stay' എന്നാണ്. ജീവിതത്തോട് പൊരുതിക്കൊണ്ടിരിക്കുന്നൊരാൾക്ക് തന്നോടുതന്നെ പറയാൻ കഴിയുന്ന ഏറ്റവും മനോഹരമായ വാക്ക്!

പോവരുതെന്ന് പറഞ്ഞിട്ടും പോകുന്നു കാലം, അതിവേ​ഗത്തിലോടുന്നു നേരം. പെറ്റിക്കോട്ടിട്ട് പാറിപ്പറന്നു നടന്ന അഞ്ച് വയസുകാരി പതിനഞ്ചുകാരിയും ഇരുപത്തിയഞ്ചുകാരിയും മുപ്പത്തിയഞ്ചുകാരിയുമൊക്കെയാവുന്നു. പോവരുതെന്ന് പറഞ്ഞിട്ടും പോകുന്നത് കാലം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന മനുഷ്യരും കൂടിയാണ്. ചോരുന്നത് ആത്മധൈര്യമാണ്. 'Stay' എന്ന് പറയുന്നത് മറ്റൊരാളോട് കൂടി മാത്രമല്ല, മടുത്തുപോകുന്ന നേരങ്ങളിൽ അവരവരോട് കൂടിയാണ്.

ഒരു റീൽ കാണുകയായിരുന്നു, അതിലെ ചോദ്യമിതാണ്; 'നിങ്ങൾ മരിച്ചുപോകുമ്പോൾ ആ ശവകുടീരത്തിനരികിൽ ഏറ്റവുമധികം നേരമിരിക്കാൻ പോകുന്നത് ആരായിരിക്കും? അങ്ങനെയോർക്കുമ്പോൾ ആരുടെ മുഖമാണ് മനസിലാദ്യം കടന്നുവരുന്നത്?'

ഏറ്റവുമടുത്ത കൂട്ടുകാരിയാണ് ആ റീൽ അയച്ചുതന്നത്. 'നിന്റെ ശവകുടീരത്തിനരികിൽ ഏറ്റവുമധികം നേരം ഇരിക്കാൻ പോകുന്നൊരാൾ, അതെന്തായാലും ഞാനായിരിക്കില്ല, കാരണം നിനക്കുമുമ്പ് തന്നെ ഞാൻ മരിച്ചുപോവുമല്ലോ?' പാതി തമാശയായി ഒരു മറുപടി ടൈപ്പ് ചെയ്യുന്നു. പാതി കാര്യമാണ്, അത് ടൈപ്പ് ചെയ്തില്ല; 'നീയില്ലാത്ത ലോകം, ബോറായിരിക്കും, ജീവിക്കാൻ തോന്നാത്തത്രയും ബോറ്'. ക്രിഞ്ച്!

പോകരുതെന്ന് ഉള്ളിലെത്ര നിലവിളിച്ചിട്ടും ഒരാൾ ജീവിതത്തിൽ നിന്നും എന്നേക്കുമായി ഇറങ്ങിപ്പോയി. ഇനി കാണുമോയെന്നോ, മിണ്ടുമോയെന്നോ ഒന്നുമുറപ്പില്ലാത്തവിധം. എന്നാലും, അയാളില്ലാത്ത ലോകം! ഒരുൾക്കിടിലത്തോടെ തിരിച്ചറിയുന്നു; അങ്ങനെയൊരു ലോകം ദുഃസ്സഹമാണ്. ആ ഉൾക്കിടിലത്തോടെ എന്നേക്കുമായി അയാളോട് ക്ഷമിക്കുന്നു. കൂടെയിരുന്ന കാലങ്ങൾക്ക് നന്ദി. നിന്നെയും ആ ഓർമ്മകളെയും തന്ന കാലത്തിനും നന്ദി.

ഒരു മനുഷ്യനും മറ്റൊരു മനുഷ്യനുമായി കരാറൊന്നുമില്ല. സ്വതന്ത്രരായ ജീവികൾ. അതേസമയം, വികാരജീവികളും. പോകരുതേ, പോകരുതേ എന്ന് ഉള്ളിൽ നിലവിളിച്ചുകൊണ്ട് തന്നെ ഒരാളോട് 'പോയ്ക്കൊള്ളൂ, തിരിഞ്ഞുനോക്കാതെ, പറ്റുമെങ്കിൽ ഒരോർമ്മയും ബാക്കിവയ്ക്കാതെ' എന്ന് അനുവാദം നൽകുന്നു. ചുട്ടുപൊള്ളുന്ന വേനലുകളിൽ പൊടിമണ്ണ് പൊങ്ങിപ്പാറിയ നിരത്തിലൂടെ, മഞ്ഞുപെയ്യലുകളിൽ വിഷാദമിറ്റിച്ച് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ, പേമാരികളിൽ വെള്ളം കുത്തിയൊഴുകുന്ന പച്ചപിടിച്ച വഴികളൂടെ, അയാളുടെ ഓർമ്മകൾക്ക് പിന്നാലെ നിർത്താതെ പായുന്ന മനസിനെ അടക്കി നിർത്തുന്നു.

നിൽക്കൂ, ഒരിത്തിരി നേരം കൂടി ഒപ്പം, ഒരിത്തിരി കാലം കൂടി ഒപ്പം... എത്ര പറയണമെന്ന് കരുതിയാലും പറയാതെ പോകുന്ന വാക്കുകൾ. ചിലപ്പോൾ പറയാനാവാത്ത നിസ്സഹായത.

അമ്മമ്മയുടെ അവസാന ദിവസങ്ങളിൽ ഞങ്ങളെല്ലാവരും അടുത്തുണ്ടായിരുന്നു. ശോഷിച്ചുകൊണ്ടിരുന്നതെങ്കിലും കരുത്തേറിയ ആ കൈകളിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞതേയില്ല,

'എനിക്ക് നിങ്ങളെയെത്ര ഇഷ്ടമാണെന്നോ?

ഭയവും വേദനയും മാത്രം ബാക്കിയായേക്കുമായിരുന്ന എന്റെ കുട്ടിക്കാലത്തെ നിങ്ങളെത്രയെത്ര നിറങ്ങൾ കൊണ്ട് നിറച്ചിരുന്നെന്നോ?

നിങ്ങളുടെ ചേർത്തുപിടിക്കലുകളിലുണ്ടായിരുന്ന, സ്നേഹത്തിന്റെ ചൂടൊന്നും വേറൊരിടത്തും ഞാൻ അനുഭവിച്ചിട്ടില്ലല്ലോ?'

ഞാനൊന്നും പറഞ്ഞില്ല, ഞങ്ങളാരും ഒന്നും പറഞ്ഞിട്ടുണ്ടാവില്ല. 'ഒരുപാട് സ്നേഹമാണ്' എന്ന്, 'പോകരുതേ' എന്ന് ആരെങ്കിലും അവരോട് എന്നെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ?

രോ​ഗം നൽകിയ കഠിനമായ വേദനകളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും അവരെ മോചിപ്പിക്കേണമേ എന്ന് ഉള്ളിൽ കരഞ്ഞിരുന്നു. അപ്പോഴും, പോകല്ലേ എന്ന്, സ്നേഹത്തിന്റെ ഈ ഇത്തിരിയിടം കൂടി ശൂന്യമാക്കിയിടല്ലേ എന്ന് എത്രയാവർത്തി ഉള്ളം പൊള്ളിയിരുന്നു. ജീവിതം മതിയാക്കിപ്പോയ അച്ഛനോടും പറയാനായിരുന്നില്ല, 'പോകരുത്, ബാക്കിയുള്ള കാലം എന്നെ വേദനകളിൽ തളച്ചിടരുത്...' കാലം അനിശ്ചിതത്വങ്ങളുടെ എത്രയെത്ര കവിതകൾ രചിക്കാനിരിക്കുന്നു!

*'ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ,

നീയെന്നണിയത്ത് തന്നെ നിൽക്കൂ'

- എന്ന് എത്രവട്ടം, എത്ര പേരോട് പറയാൻ തോന്നിക്കാണണം. 'പോട്ടെ' എന്ന് പറഞ്ഞൊരാൾ നടന്നു നീങ്ങുമ്പോൾ 'പോകരുത്, കുറച്ചുനേരം കൂടി എനിക്കൊപ്പം ഇരുന്നുകൂടേ' എന്ന്, 'കൈകൾ ചേർത്തുപിടിച്ചുകൂടേ' എന്ന്, 'ഒന്നുകൂടിയമർത്തി കെട്ടിപ്പിടിച്ചുകൂടേ' എന്ന് എത്രവട്ടം?

രാത്രിയിൽ ലോകം വിട്ടുപോയൊരാളുടെ കൂടെ അന്നത്തെ വൈകുന്നേരം കുറച്ചധികനേരം കൂടി ഇരിക്കാനാവാത്തതിനാൽ പൊട്ടിപ്പൊട്ടിക്കരയുന്നൊരാളോട് ഒരാശ്വാസവാക്ക് പോലും പറയാനായില്ല. മരിച്ചുപോയൊരാളുടെ ശവകുടീരത്തിൽ മാത്രമല്ല, ജീവിച്ചിരിക്കുന്നൊരാൾക്കൊപ്പവും, മരിച്ചുജീവിക്കുന്നൊരാൾക്കൊപ്പവും ഏറെ നേരമിരിക്കേണ്ടതുണ്ട് നാമെന്ന് മരിച്ചുപോയൊരാൾ തന്നെ ഓർമ്മയിൽ വന്ന് പറഞ്ഞിട്ടു പോകുന്നുണ്ടാകണം.

'മ്യൂസിയം ഓഫ് ഇന്നസെൻസി'ൽ (The Museum of Innocence) ഓർഹൻ പാമുക് എഴുതിവച്ചൊരു ജീവിതമുണ്ട്, ഫ്യൂസനെ പിരിയേണ്ടി വന്നതിനുശേഷം കെമാലിന് ജീവിക്കേണ്ടി വന്നൊരു ജീവിതം. 'Stay' എന്നയാൾ പറഞ്ഞേയില്ല. വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ടുമുട്ടുമ്പോഴേക്കും അവളുടെ ജീവിതം മാറിയിരുന്നു. അവളോടൊരിക്കൽ പോകരുതേ എന്ന് പറയാത്തതിനാൽ, നിൽക്കൂ എന്ന് പിടിച്ചുനിർത്താത്തതിനാൽ മാത്രം രൂപപ്പെട്ടതാണ് പിന്നീടുള്ള അയാളുടെ അലച്ചിലുകൾ, അതിലെ വിങ്ങലുകൾ. അവളെ വെറുതെ കാണുന്നതിൽ പോലുമുള്ള ആനന്ദങ്ങൾ...

(മ്യൂസിയം ഓഫ് ഇന്നസെന്‍സ് സീരീസില്‍ നിന്നും)

ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ 'കോളറാ കാലത്തെ പ്രണയ' (Love in the Time of Cholera)ത്തിൽ 51 വർഷങ്ങൾ ഫ്ലോറന്റിനോ അരിസ ജീവിക്കുന്ന ജീവിതവും വേറെയല്ല. ഫെർമിന ഡാസയെന്ന അയാളുടെ നിത്യകാമുകി. അവർ അയാളുടെ ജീവിതത്തിൽ നിന്നിരുന്നെങ്കിൽ ആ അലച്ചിലുമില്ല! അനേകം സ്ത്രീകളോട് ബന്ധം പുലർത്തുമ്പോഴും ഉള്ളിൽ അയാൾ അവളെ മാത്രം ചുമന്നു. പോകാതിരുന്നെങ്കിലെന്ന് എത്രയെത്ര പ്രാവശ്യം അയാളുരുകി!

മടുത്തുമടുത്തു ജീവിക്കുന്നൊരാൾ കയ്യിൽ പച്ചകുത്തിയിരിക്കുന്നു, Stay. അതയാൾ അയാൾക്ക് തന്നെ നൽകുന്ന വാക്കാണ്. 'ഞാനാകുന്നൊരെന്റെ കുഞ്ഞേ, ഞാൻ നിന്നെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നു'വെന്ന് പലയാവർത്തി തന്നോടുതന്നെ പറയുന്നു. ആ വാക്കുകൾ അയാളുടെ പ്രാർത്ഥനയാകുന്നു.

വിട്ടുകൊടുക്കുമ്പോഴും മാറി നടന്നുപോകുമ്പോഴും മറ്റൊരാളോട് ഉള്ളിൽ 'പോകരുതേ' എന്ന് കരയുന്നത് ഒരു മനുഷ്യന്റെ ദൗർബല്ല്യം. മനുഷ്യനായിപ്പോയതിന്റെ ദൗർബല്ല്യം. സ്നേഹവും കനിവും ഉള്ളിലുണ്ടായിപ്പോയതിന്റെ ബാക്കി. എല്ലാത്തിനെയും ഉപേക്ഷിച്ചിട്ടും വേദനിക്കാതിരിക്കാൻ നാം മനുഷ്യരല്ലേ, ദൈവമല്ലല്ലോ? ദൈവത്തിനത് സാധ്യമാണോ?

എല്ലാ ലോകവും ചുറ്റിലും പൊട്ടിത്തകർന്ന് പോകുമ്പോഴും 'പോകരുത്' എന്ന് 'പ്ലീസ് സ്റ്റേ' എന്ന് സ്വയം പറയുന്നതോ? അത് ഒരാളുടെ കരുത്ത്.

കുന്നിൻമുകളിൽ നിന്നും കാണാറുള്ള സൂര്യോദയം

രാത്രികാലങ്ങളിൽ കടൽ കാണുമ്പോഴുള്ള തിരകളുടെ വേറിട്ട താളം.

തീവണ്ടി മുന്നോട്ടോടുമ്പോൾ, പിന്നോട്ടുമറയുന്ന പച്ചവയലിലെ വെള്ളക്കൊറ്റികൾ.

ആരുടെയോ വീട്ടുമുറ്റമെങ്കിലും, മതിലിലേക്ക് പടർന്നുപിടിച്ചിരിക്കുന്നൊരു കടുംറോസ് ബോ​ഗൺവില്ലാക്കൂട്ടം.

കടുപ്പത്തിലൊരു ചായ.

ഹെഡ്‍സെറ്റിൽ നിന്നും നമ്മുടെ കാതുകളിലേക്ക് മാത്രം വീഴുന്ന സം​ഗീതം.

മടുത്തുപോകുമ്പോഴും പറയൂ, വിഷാദമൂകമെങ്കിലും പറയൂ, ഈ ലോകം നമ്മുടേത് കൂടിയല്ലേ?

സ്വതവേ തെളിഞ്ഞുനിന്നൊരു വർഷകാലത്തെ പകലിന് ശേഷം കറുത്തിരുണ്ടൊരു സന്ധ്യവരുന്നു, കാർമേഘം പോലെ മനസിലേതോ പുരാതനദുഃഖങ്ങൾ ഉറഞ്ഞുകൂടുന്നു. എന്നിട്ടും പറയുന്നു, നിൽക്കൂ... ഇത്തവണ കൂടി, ഇത്തവണ കൂടി...

Stay ഒരു നിലവിളിയാകുന്നു,

Stay മനസ്സിലടച്ചുവച്ച രഹസ്യമുറിയാകുന്നു

Stay ഒറ്റയ്ക്ക് കരഞ്ഞുതീർത്ത രാത്രികളുടെ ശേഷിപ്പാകുന്നു

Stay നാളെ എന്നൊരു പ്രതീക്ഷയാകുന്നു

Stay ഒരു പ്രോമിസാകുന്നു, വാക്ക്!

അതിനാൽ, അതിനാൽ മാത്രം Pls Stay…

 

* സഫലമീയാത്രയിലെ വരികൾ -എൻ. എൻ കക്കാട്

PREV
Read more Articles on
click me!

Recommended Stories

ചുവന്ന തെരുവിലെ ജീവിതങ്ങള്‍; അവിടെ പുളഞ്ഞുനടന്ന രക്തദാഹിയായ കൊലയാളി; യേഡ ഗോപാല്‍!
'സ്വീറ്റ് പീ' ; യുദ്ധത്തിനിടെയിലും എപ്സ്റ്റീൻ ഫയസിൽ തീ പിടിപ്പിച്ച് മെലാനിയ, ട്രംപ് ഇനി എന്ത് പറയും?