അമേരിക്കൻ ജനപ്രതിനിധി സഭ പ്രസിഡന്‍റിന്‍റെ യുദ്ധാധികാരം പരിമിതപ്പെടുത്തുന്ന പ്രമേയം പാസാക്കി ട്രംപിന് തിരിച്ചടി നൽകി. എന്നാൽ, കുടിയേറ്റ നടപടികൾക്കുള്ള ഐസിഇ ബിൽ പാസാക്കിയതും ആയുധവൽക്കരണ വിരുദ്ധ ഫണ്ട് തടയാതിരുന്നതും അദ്ദേഹത്തിന് വിജയമായി. യുക്രെയ്ൻ ഫണ്ടിന്‍റെ കാര്യത്തിൽ റിപബ്ലിക്കൻ അംഗങ്ങൾ ട്രംപിനെതിരെ നിലപാടെടുത്തു.
അമേരിക്കൻ പ്രസിഡന്‍റിന് ചെറിയൊരു തട്ടുകേട് പറ്റി. യുദ്ധാധികാരം പരിമിതപ്പെടുത്തുന്ന പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. സെനറ്റ് കൂടി പാസാക്കണം. പക്ഷേ, അപ്പോഴും അതൊരു തിരിച്ചടി തന്നെയാണ്. എന്നാൽ മറ്റ് രണ്ട് വിവാദ ബില്ലുകളിൽ ട്രംപിന് അനുകൂലമാണ് തീരുമാനങ്ങൾ. കുടിയേറ്റ നടപടികൾക്കുള്ള ഐസിഇ ബിൽ (ICE Bill) പാസാക്കി. ആയുധവൽക്കരണ വിരുദ്ധ ഫണ്ട് (Anti-Weaponization Fund) തടഞ്ഞതുമില്ല. ഒരു റിപബ്ലിക്കൻ അംഗം മാത്രം അതിനെ എതിർത്ത് വോട്ടു ചെയ്തു. വിചിത്രമായൊരു ഫണ്ടാണ് ആയുധവൽക്കരണ വിരുദ്ധ ഫണ്ട്. ചില വിചിത്ര പ്രശ്നങ്ങൾ കാരണമാവണം ട്രംപ് സർക്കാർ അത് വേണ്ടെന്നുവച്ചു. അതേസമയം യുക്രെയ്ൻ ഫണ്ടിന് അംഗീകാരം നൽകി റിപബ്ലിക്കൻ അംഗങ്ങൾ. പ്രസിഡന്‍റിന്‍റെ വാക്ക് തള്ളിക്കൊണ്ട്.
സ്വന്തം ജനത്തെ കുരുതി കൊടുക്കുന്നു
കോൺഗ്രസിന്‍റെ അനുമതിയില്ലാതെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഇറാനിൽ ആക്രമണം തുടങ്ങിയത്. അന്ന് മുതൽ ഡമോക്രാറ്റ് നിര എതിർപ്പ് പ്രകടമാക്കിത്തുടങ്ങിയിരുന്നു. റിപബ്ലിക്കൻ നിരയിലും അതൃപ്തി കുറവായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കാൻ അവസരങ്ങൾ പലതുണ്ടായിട്ടും ട്രംപ് അതിന് തയ്യാറാകാത്തതും എതിർപ്പിന് ശക്തികൂട്ടി. ഇസ്രയേലിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി സ്വന്തം ജനതയെ കുരുതിക്കൊടുക്കുന്നു എന്നായി ആരോപണം. അതിന്‍റെയെല്ലാം അന്തിമഫലമാണ് യുദ്ധശക്തി പ്രമേയം (War Powers Resolution). പക്ഷേ, സഭയെ പാസാക്കിയുള്ളൂ. സെനറ്റ് കൂടി പാസാക്കണം. എങ്കിലും നിയമപരമായ ബാധ്യതയുണ്ടാവില്ല. എന്നാൽ കൂടി പ്രസിഡന്‍റിന്‍റെ പരമാധികാര പ്രവണതകൾക്ക് അതൊരു തിരിച്ചടിയാണ്, രാഷ്ട്രീയമായി. നാല് റിപബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ പ്രമേയത്തെ പിന്തുണച്ചു.
വൈറ്റ് ഹൌസ് അത് അപ്പാടെ തള്ളിക്കളഞ്ഞു. ഭരണഘടനാ ലംഘനമെന്ന് ആരോപിച്ചു. ഇത് നാലാം തവണയാണ് സഭ പ്രമേയം പരിഗണിക്കുന്നത്. സെനറ്റിൽ ഇത്തരമൊരു പ്രമേയം അവതരിപ്പിച്ചിരുന്നു. പക്ഷേ, വോട്ടിനിട്ടിട്ടില്ല. റിപബ്ലിക്കൻ പാർട്ടിയിലെ ഭിന്നതകളുടെ പ്രകടമായ ഉദാഹരണമാണ് പ്രമേയത്തിന് കിട്ടിയ പിന്തുണയെന്നാണ് നിരീക്ഷണം.

യുദ്ധശക്തി പ്രമേയം
1973 -ലേതാണ് യുദ്ധശക്തി പ്രമേയം. പ്രസിഡന്‍റുമാരുടെ അധികാരത്തിന് പരിധി നിശ്ചയിക്കാൻ ഉദ്ദേശിച്ചുള്ള നിയമം. കോൺഗ്രസിന്‍റെ അനുമതിയില്ലാതെ സായുധ സംഘർഷത്തിനായി സൈന്യത്തെ അയക്കാൻ കഴിയില്ലെന്ന് നിയമം നിഷ്കർഷിക്കുന്നു. സായുധ സൈന്യത്തിന്‍റെ കമാന്‍റർ ഇൻ ചീഫ് പ്രസിഡന്‍റാണെങ്കിലും യുദ്ധത്തിന് കോൺഗ്രസിന്‍റെ അനുവാദം വേണമെന്ന് ചുരുക്കം. ഫണ്ട് അനുവദിക്കാനും കോൺഗ്രസിനാണ് അധികാരം. സൈന്യത്തെ അയച്ച് 48 മണിക്കൂറിനകം പ്രസിഡന്‍റ് കോൺഗ്രസിനെ വിവരമറിയിച്ചിരിക്കണം. കോൺഗ്രസിന്‍റെ അനുവാദം കിട്ടിയില്ലെങ്കിൽ 60 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം. സൈന്യത്തെ പിൻവലിക്കണം. പിൻമാറ്റത്തിന് 30 ദിവസം കൂടി അനുവദിക്കും.
1950 - '60 -കളിലെ കൊറിയൻ - വിയറ്റ്നാം സംഘർഷങ്ങൾ കോൺഗ്രസിന്‍റെ കടുത്ത എതിർപ്പിന് കാരണമായിരുന്നു. പ്രസിഡന്‍റെ ഹാരി ട്യൂമാനായിരുന്നു കൊറിയയിലെ സൈനിക ഇടപെടലിന് ഉത്തരവിട്ടത്. വിയറ്റ്നാം യുദ്ധത്തിൽ കെന്നഡി, ജോൺസൺ, നിക്സൺ എന്നിങ്ങനെ 3 പ്രസിഡന്‍റുമാർ ഇടപെട്ടു. വിയറ്റ്നാം യുദ്ധത്തിനിടെ കംബോഡിയയിലും അമേരിക്ക ബോംബിട്ടു. അതെല്ലാം കൂടിയാണ് യുദ്ധശക്തി പ്രമേയത്തിന് വഴിതെളിച്ചത്. പ്രസിഡന്‍റ് റിച്ചാർഡ് നിക്സൻ അത് വീറ്റോ ചെയ്തു. വീറ്റോ മറികടന്നാണ് കോൺഗ്രസ് നിയമം നടപ്പിലാക്കിയത്. നിയമം നടപ്പിലായ ശേഷം അധികാരത്തിലുളള പ്രസിഡന്‍റുമാർ 132 റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട് കോൺഗ്രസിൽ. 1991 -ലെ ഗൾഫ് യുദ്ധത്തിലടക്കം.
നിയമം ലംഘിച്ചവർ
പക്ഷേ, നിയമത്തെ വെല്ലുവിളിച്ച പ്രസിഡന്‍റുമാരിൽ ബരാക് ഒബാമയുമുണ്ട്. ലിബിയൻ സൈനിക നടപടിയിലാണത്. എൽസാൽവദോറിലേക്ക് റോണൾഡ് റീഗൻ സൈന്യത്തെ അയച്ചത് നിയമം ലംഘിച്ചാണ്. കൊസോവോയിൽ ബോംബിടാൻ ബിൽ ക്ലിന്‍റൺ ഉത്തരവിട്ടതും നിയമം ലംഘിച്ചാണ്. പക്ഷേ, ലംഘനങ്ങൾ കോടതിയിലെത്തിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
ലംഘനങ്ങൾ തുടരുന്നത് കൊണ്ട് നിയമം അന്നേ വിവാദ കാരണമാണ്. പ്രസിഡന്‍റുമാരും കോൺഗ്രസും തമ്മിൽ നിരന്തരം ഇതിനെച്ചൊല്ലി തർക്കവും പതിവ്. ഏതൊക്കെ സൈനിക നടപടികളിൽ നിയമം ബാധകമാവും എന്നതിനെ ചൊല്ലിയാണ് തർക്കം. പ്രമേയം സെനറ്റിലെത്തുമ്പോൾ എന്താവും എന്ന് വ്യക്തമല്ല. അംഗീകരിച്ചാലും നിയമപരമായ ബാധ്യതയും വ്യക്തമല്ല. അനിശ്ചിതത്വത്തിന്‍റെ ഒരു കാരണം കോൺഗ്രസിന്‍റെ വീറ്റോകൾ തള്ളിക്കൊണ്ടുള്ള 83 -ലെ സുപ്രീംകോടതി ഉത്തരവാണ്.
തിരിച്ചടിയും വിജയവും
സെനറ്റ് യുക്രെയ്ൻ ഫണ്ട് പാസാക്കി. അത് ട്രംപിന് തിരിച്ചടിയാണ്. പക്ഷേ, ICE ഫണ്ടും പാസാക്കി. അത് വിജയവും. കുടിയേറ്റ വിരുദ്ധ നടപടികൾക്കായി 70 ബില്യന്‍റെ ഫണ്ടാണ് പാസാക്കിയത്. ഡമോക്രാറ്റുകൾ പിന്തുണച്ചില്ല. വിവാദങ്ങൾ കാരണം ഫണ്ടിന് അംഗീകാരം കിട്ടിയിരുന്നില്ല.

ആയുധവൽക്കരണ വിരുദ്ധ ഫണ്ട്
ആയുധവൽക്കരണ വിരുദ്ധ ഫണ്ട് തടയാതെയാണ് ഐസിഇ ഫണ്ട് പാസാക്കിയത്. വിചിത്രമായൊരു ഫണ്ട്. തന്നെ അനുകൂലിക്കുന്നവർക്കുള്ള പ്രസിഡന്‍റിന്‍റെ സമ്മാനമെന്ന് പറയേണ്ടിവരും. എന്തെങ്കിലും തരത്തിലെ അനീതികൾക്ക് വിധേയരാവർക്ക് നഷ്ടപരിഹാരം. പ്രത്യേകിച്ച്, ബൈഡൻ സർക്കാരിന്‍റെ കാലത്ത്. അതിൽ ജനുവരി ആറിന്‍റെ കാപ്പിറ്റോൾ കലാപത്തിലെ പ്രതികളും ഉൾപ്പെടും. 'ഗ്രേറ്റ് മെൻ' എന്നാണ് പ്രസിഡന്‍റ് അവരെ വിശേഷിപ്പിക്കുന്നത് തന്നെ. 1.8 ബില്യനാണ് ഫണ്ട്. ഈ ഫണ്ട് ഒരു ഡീലാണ്. തന്‍റെ നികുതിവിവരങ്ങൾ ചോർന്നതിന്‍റെ പേരിൽ ഇന്‍റേണൽ റെവന്യൂ സർവ്വീസിനെതിരെ ഫയൽ ചെയ്ത 10 ബില്യന്‍റെ നഷ്ടപരിഹാരക്കേസ് ട്രംപ് പിൻവലിച്ചു. അതിനുപകരമാണീ നഷ്ടപരിഹാര ഫണ്ട്. ആയുധവൽക്കരണ വിരുദ്ധ ഫണ്ടെന്ന് (Anti-Weaponization Fund) പേരുമിട്ടു. ജനത്തിന്‍റെ നികുതിപ്പണമാണ് കലാപകാരികൾക്കും വെളുത്തവരുടെ ആധിപത്യത്തിനായി വാദിക്കുന്നവർക്കുമായി വീതിച്ച് കൊടുക്കാൻ പോകുന്നതെന്ന് ഡമോക്രാറ്റുകൾ ആരോപിച്ചു. 90 പേർ അതിനെതിരായി പ്രമേയം കൊണ്ടുവന്നിരുന്നു. പ്രയോജനമുണ്ടായില്ല. റിപബ്ലിക്കൻ അംഗങ്ങൾ എതിർത്തെങ്കിലും വോട്ട് ചെയ്തില്ല.
പക്ഷേ, അതിലൊരു തമാശയുണ്ട്. ട്രംപിനെ വിമർശിച്ചതിന്‍റെ പേരിൽ നിയമക്കുരുക്കിലകപ്പെട്ടവർക്കും അതിന് അപേക്ഷിക്കാം. ട്രംപ് ക്രിമിനൽ കേസിൽ പെടുത്താൻ ശ്രമിച്ച എഫ്ബിഐ മുൻ ഡയറക്ടർ ജെയിംസ് കോമിനും അപേക്ഷിക്കാം. അപേക്ഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു കോമി. ട്രംപിന്‍റെ അഭിഭാഷകനായിരുന്ന, ഒടുവിൽ ട്രംപിനെതിരായി മൊഴികൊടുത്ത മൈക്കൽ കോഹനും അപേക്ഷിക്കാമെന്നായി. എന്തായാലും ഒടുവിൽ, സർക്കാർ ഫണ്ട് വേണ്ടെന്നുവച്ചു.
ട്രംപിന്‍റെ നികുതി!
തെരഞ്ഞെടുപ്പിൽ വിജയിച്ച വർഷം, 2016 -ൽ ട്രംപ് നികുതിയായി നൽകിയത് വെറും 750 ഡോളറാണെന്നും അതിനുമുമ്പുള്ള 15 വർഷത്തിൽ 10 വർഷവും നികുതിയേ നൽകിയില്ലെന്നുമുള്ള വിവരമാണ് ചോർന്നത്. ചോർത്തിയെന്ന് കുറ്റം സമ്മതിച്ചയാളിന് 5 വർഷത്തെ തടവും കിട്ടി. റവന്യൂ വകുപ്പിനെതിരായി ട്രംപ് കേസ് കൊടുത്തു. ആ കേസിലും ഇപ്പോൾ ഡീലുണ്ടായി.


