'സ്വീറ്റ് പീ' ; യുദ്ധത്തിനിടെയിലും എപ്സ്റ്റീൻ ഫയസിൽ തീ പിടിപ്പിച്ച് മെലാനിയ, ട്രംപ് ഇനി എന്ത് പറയും?

Published : Apr 13, 2026, 09:56 AM IST
Trump and  Melania

Synopsis

ജെഫ്രി എപ്സ്റ്റീനുമായും ഗിസ്ലെയ്നുമായും അടുത്ത ബന്ധമില്ലെന്ന് മെലാനിയ ട്രംപ് വിശദീകരിച്ചു. എപ്സ്റ്റീൻ ഫയലുകളിൽ തന്‍റെ പേരുണ്ടെങ്കിലും താൻ കുറ്റകൃത്യങ്ങളിൽ പങ്കാളിയല്ലെന്നും അതിജീവിതകൾക്ക് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ഗിസ്ലെയ്ൻ 'സ്വീറ്റ് പീ' എന്ന് വിളിച്ചതും വിശദീകരണത്തിന്‍റെ സമയവും പുതിയ വിവാദങ്ങൾക്ക് വഴിവെച്ചേക്കാം.

 

മേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്, ഒരു പക്ഷേ ട്രംപിനെ പോലും വിശ്വാസത്തിലെടുക്കാതെ എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് ഒരു വിശദീകരണ പ്രസംഗം നടത്തി. തന്നെയും എപ്സ്റ്റീനെയും ഗിസ്ലെയ്നെയും കൂട്ടിക്കെട്ടുന്ന നുണകൾ അവസാനിപ്പിക്കേണ്ട സമയമായി എന്നായിരുന്നു അതിന്‍റെ തുടക്കം. തങ്ങൾ സുഹൃത്തുക്കളായിരുന്നില്ല. പക്ഷേ, എപ്സ്റ്റീന്‍റെ വിരുന്നുകളിൽ പങ്കെടുത്തിട്ടുണ്ട്. ട്രംപും താനും. അതിനപ്പുറം ഒന്നുമില്ലെന്നായിരുന്നു ചുരുക്കം. പക്ഷേ, പ്രശ്നം അതല്ല.

'Sweet Pea' -യ്ക്ക് എഴുതിയ കത്തുകൾ

എപ്സ്റ്റീന്‍റെ സഹായി ഗിസ്ലെയ്ൻ, മെലാനിയയ്ക്ക് അയച്ച ഇമെയിലാണ് വിഷയം. അത് എപ്സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ടതാണ്. G -ക്കാണ് ഇമെയിൽ. ഗിസ്ലെയ്ൻ എന്ന് അനുമാനം. JE -യെക്കുറിച്ച് വന്ന ഒരു മാധ്യമ റിപ്പോർട്ടിനെ പ്രശംസിച്ചാണ് ഇമെയിൽ. G ഗിസ്ലെയ്നെങ്കിൽ, JE -ജെഫ്രി എപ്സ്റ്റീനാണ്. അല്ലെന്ന് മെലാനിയ പറയുന്നുമില്ല. 'ലോകം മുഴുവൻ പറന്ന് നടക്കുകയല്ലേ നിങ്ങൾ. പാം ബീച്ച് എങ്ങനെയുണ്ട്? ക്ഷമയില്ല കാത്തിരിക്കാൻ. ന്യൂയോർക്കിലെത്തുമ്പോൾ വിളിക്കൂ. Love, Melania' എന്നാണ് കത്ത്. പാം ബീച്ചെന്നാൽ എപ്സ്റ്റീന്‍റെ കുപ്രസിദ്ധമായ വീട്. എണ്ണമറ്റ കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാക്കിയ സ്ഥലം. താൻ അവിടെയെങ്ങും പോയിട്ടില്ലെന്നാണ് മെലാനിയ പറഞ്ഞത്. ഗീസ്ലെയിന് അയച്ച ഇമെയിൽ വെറുമൊരു പരിചയത്തിന്‍റെ പേരിൽ മാത്രം. ഒരേ സോഷ്യൽ സർക്കിളിൽ ഉണ്ടായിരുന്ന രണ്ട് പരിചയക്കാർ എന്നാണ് ഇപ്പോൾ വിശദീകരിച്ചത്. പക്ഷേ, ഗീസ്ലെയ്ന്‍റെ മറുപടി അതിലുണ്ട്. 'Sweet Pea' എന്നാണ് ഗീസ്ലെയ്ൻ, മെലാനിയയെ വിളിക്കുന്നത്. അത് ചോദ്യചിഹ്നമാണ്.

അതിജീവിതകൾക്ക് നീതി വേണം

തനിക്കെതിരെ പരക്കുന്ന എല്ലാ കഥകളും മെലാനിയ ഓരോന്നായി പരാമർശിച്ചു. തന്നെയും ട്രംപിനെയും പരിചയപ്പെടുത്തിയത് എപ്സ്റ്റീൻ എന്ന് മൈക്കൽ വുൾഫ് എഴുതിയത് മെലാനിയ തള്ളിക്കളഞ്ഞു. 1998 -ൽ നടന്ന ന്യൂയോർക്ക് സിറ്റി പാർട്ടിയിൽ വച്ചാണ്, താൻ ട്രംപിനെ പരിചയപ്പെട്ടത് എന്നാണ് മെലാനിയയുടെ വിശദീകരണം. 2000 -ത്തിലാണ് എപ്സ്റ്റീനെ പരിചയപ്പെട്ടതെന്നും. തനിക്ക് എപ്സ്റ്റീന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും കോടതി രേഖകളിൽ തന്‍റെ പേരില്ലെന്നും താൻ ഒന്നിലും പങ്കാളിയല്ലെന്നും മെലാനിയ വിശദീകരിച്ചു. കോൺഗ്രസാണ് ഇനി പ്രവർത്തിക്കേണ്ടതെന്നും എപ്സ്റ്റീൻ ഒറ്റയ്ക്കായിരുന്നില്ലെന്നും ഇരകൾക്ക് നീതി കിട്ടാൻ അതിജീവിതകൾക്ക് പരസ്യമായി മൊഴി നൽകാൻ അവസരമൊരുക്കണമെന്നും മെലാനിയ കൂട്ടിച്ചേർത്തു. ധീരമായ നടപടി. പക്ഷേ, വാക്കുകളിൽ ഒതുക്കരുത് എന്നൊക്കെ പ്രതികരണം വന്നിട്ടുണ്ട്.

എല്ലാം നിഷേധിച്ചു, പക്ഷേ...

തന്നെയും എപ്സ്റ്റീനെയും കൂട്ടിക്കെട്ടുന്ന പരാമർശങ്ങൾ പിൻവലിപ്പിച്ചിട്ടുണ്ട് മെലാനിയ Harper Collins Publishers, The Daily Beast, ഡമോക്രാറ്റിക് നയതന്ത്രജ്ഞൻ ജെയിംസ് കാർവില്ലെ ഇവരൊക്കെ ആ പട്ടികയിലാണ്. ട്രംപിനെയും തന്നെയും പരിചയപ്പെടുത്തിയത് എപ്സ്റ്റീനെന്ന് എഴുതിയ മൈക്കൽ വുൾഫിനെതിരെ 1 ബില്യന്‍റെ നഷ്ടപരിഹാര ഭീഷണി മുഴക്കിയതോടെ വുൾഫ് കേസ് കൊടുത്തിരുന്നു. അത് കോടതിയിലാണ്.

പ്രസിഡന്‍റ് ഇനിയെന്ത് പറയും?

പക്ഷേ, ഇതൊക്കെ എന്തിനിപ്പോൾ വിശദീകരിച്ചുവെന്ന ചോദ്യം ശേഷിക്കുന്നു. എന്തായാലും തെരഞ്ഞെടുത്ത സമയം തെറ്റിപ്പോയി എന്നത് വ്യക്തം. ട്രംപിനോ വൈറ്റ് ഹൗസിനോ അറിയില്ലായിരുന്നു ഈ വിശദീകരണത്തിന്‍റെ വിഷയമെന്തെന്ന്. അതും വിചിത്രം. 'എപ്സ്റ്റീൻ വിവാദം ഡമോക്രാറ്റിക് തട്ടിപ്പ്' എന്ന് പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചതാണ് പ്രസിഡന്‍റ്. അറ്റോർണി ജനറൽ പാം ബോണ്ടിയെ പുറത്താക്കിയത് തന്നെ എപ്സ്റ്റീൻ വിവാദം കൈകാര്യം ചെയ്തതിലെ പിഴവുകൾക്കാണ്. ഇറാൻ യുദ്ധം തുടങ്ങിയതോടെ അതിലേക്കായി ജനശ്രദ്ധ എന്നുറപ്പായിരുന്നു. പക്ഷേ, ഇനി കാര്യങ്ങൾ പിന്നെയും മറിഞ്ഞുവീഴും. മെലാനിയയുടെ വിശദീകരണം ചർച്ചയാവുമെന്ന് ഏതാണ്ടുറപ്പാണ്. യുദ്ധത്തിൽ താത്കാലിക ശമനമുണ്ട്. അതിനിടെ വീണ്ടും എപ്സ്റ്റീൻ വിവാദം ഉയർന്നാൽ അത് പ്രതിരോധിക്കാൻ പ്രസിഡന്‍റ് പാടുപെടും. റിപബ്ലിക്കൻ പാർട്ടിയും.

വിചാരണ തടവുകാരനായിരിക്കെ 2019 -ൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എപ്സ്റ്റീൻ എന്ന ലൈംഗികകുറ്റവാളിയെ. സഹായി ഗീസ്ലെയ്ൻ ജയിലിലാണ്. 20 വർഷത്തെ തടവ്. ഇപ്പോഴത്തെ ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചുമായി നടത്തിയ സംഭാഷണത്തിന് ശേഷം ഗീസ്ലെയ്നെ നിയന്ത്രണങ്ങൾ കുറഞ്ഞ ജയിലിലേക്ക് മാറ്റിയിരുന്നു. പ്രസിഡൻഷ്യൽ മാപ്പ് കിട്ടണമെന്നാണ് ഗീസ്ലെയ്ന്‍റെ ആവശ്യം.

 

PREV
Read more Articles on
click me!

Recommended Stories

കോടതിമുറിക്കുള്ളില്‍ ഒരു അരുംകൊല; സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം!
ഇറാൻ യുദ്ധത്തിലെ പാക് നയതന്ത്രം; കുരുക്ക് മുറുക്കുമോ അതോ അഴിക്കുമോ?