
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് ഡോണൾഡ് ട്രംപ് ഒരു അവകാശവാദം പുറപ്പെടുവിച്ചിരുന്നു. പ്രസിഡന്‍റായാൽ ശമ്പളം സ്വീകരിക്കില്ലെന്ന്. ശമ്പളം സ്വീകരിക്കാതെ പറ്റില്ല. നിയമം അങ്ങനെയാണ്. പക്ഷേ, 1 ഡോളർ എടുത്തിട്ട് ബാക്കി സംഭാവനയായി നൽകുകയായിരുന്നു ട്രംപ്. അത് പക്ഷേ, മുമ്പുള്ള പ്രസിഡന്‍റുമാരും ചെയ്തിട്ടുണ്ട്. ഹെർബർട്ട് ഹൂവർ, ജോൺ എഫ് കെന്നഡി എന്നിവർ ട്രംപിന് മുൻപേ തന്നെ ശമ്പളം സംഭാവന നൽകിയവരാണ്. പക്ഷേ, ട്രംപിനെ പോലെ പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് ഇത്രയും പണമുണ്ടാക്കിയ വേറെ പ്രസിഡന്‍റുമാരില്ല. കഴിഞ്ഞ വർഷത്തെ ട്രംപിന്‍റെ വരുമാനം 1.4 ബില്യനാണ്. 2.2 ബില്യൻ വരും സത്യത്തിൽ എന്നാണ് റിപ്പോർട്ടുകൾ. വരുമാന സ്രോതസ് പലവിധമാണ്. ക്രിപ്റ്റോ കറൻസിയുൾപ്പടെ. താൻ ലാഭമുണ്ടാക്കുന്നുണ്ട്, ഓഹരി വിപണി വഴി. എല്ലാവരും ഉണ്ടാക്കുന്നുണ്ടല്ലോ എന്ന അഭിപ്രായ പ്രകടനവും കൂടിയാകുമ്പോൾ, അമേരിക്കയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന പ്രസിഡന്‍റ് എന്ന പേര് കൂടുതൽ പതിയുകയാണ്.
കുടുംബത്തിന് ക്രിപ്റ്റോ കറൻസി സ്ഥാപനം, ട്രംപ് മീം നാണയങ്ങൾ, മാരാലാഗോയിലെ വരുമാനം, ഗോൾഫ് ക്ലബുകളിലെ വരുമാനം അങ്ങനെ പലതാണ് സ്രോതസ്. 927 പേജുള്ള ഡിസ്ക്ലോഷറാണ് ട്രംപ് നൽകിയത്. ക്രിപ്റ്റോ കറൻസി സ്ഥാപനത്തിൽ നിന്ന് 500 മില്യൻ നേടിയെന്നാണ് വെളിപ്പെടുത്തലുകൾ. ഈ സ്ഥാപനം തുടങ്ങിയത് ട്രംപിന്‍റെ മകനും മരുമകനും പിന്നെ ട്രംപിന്‍റെ ഇപ്പോഴത്തെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ മക്കളും കൂടിയാണ്. താൻ അതിന്‍റെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും വരുമാനം തനിക്കല്ലെന്നുമാണ് പ്രസിഡന്‍റിന്‍റെ ഇപ്പോഴത്തെ വാദം. പക്ഷേ, ക്രിപ്റ്റോ സ്ഥാപന ഉടമയായ ചാങ് പെങ് ഷാവോയ്ക്ക് പ്രസിഡൻഷ്യൽ പാർഡൺ നൽകി ട്രംപ്.
ഓഹരി വിപണിയിൽ നിന്ന് താൻ പണമുണ്ടാക്കുന്നു, എല്ലാവരും ഉണ്ടാക്കുന്നില്ലേയെന്ന് പറഞ്ഞത് ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ്. അത് ക്രിപ്റ്റോ കറൻസിയിലെ വരുമാനം. വേറേയുമുണ്ട്, സെലിബ്രേഷൻ നാണയങ്ങൾ അതായത് സ്വന്തം പേരിലെ മീം നാണയങ്ങളിൽ നിന്ന് 635 മില്യൻ, മാരാലാഗോ ക്ലബിൽ നിന്ന് 77 മില്യൻ, ആ വരുമാനത്തിന്‍റെ വഴിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ട്രംപ് നടത്തുന്ന വിരുന്നുകളാണ് പ്രധാന വരുമാന മാർഗം. പ്രസിഡന്‍റിനൊപ്പം ഭക്ഷണം കഴിക്കാൻ പണം കൊടുക്കണം. ലക്ഷങ്ങളാണ് ഒരു പ്ലേറ്റിന്‍റെ വില. ബിസിനസ് മീറ്റുകൾക്കും മറ്റ് ചടങ്ങുകൾക്കും മാരാലാഗോ വേദിയാക്കാൻ ബിസിനസുകാർ തമ്മിൽ മത്സരമാണ്. അതും വരുമാനം. ക്ലബിലെ അംഗത്വത്തിന് 10 ലക്ഷമാണ് ഫീസ്. പ്രസിഡന്‍റാകും മുമ്പ് അത് ഒരു ലക്ഷമായിരുന്നു.
പ്രസിഡന്‍റിനൊപ്പം ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുമെന്നുള്ളപ്പോൾ അതൊക്കെ ചെറുതാണ്. സ്വാധീനവും അധികാരവും ഇഷ്ടമുള്ളവർക്ക്. ഗോൾഫ് ക്ലബുകൾ പലതുണ്ട് ട്രംപിന്. സ്വന്തം ക്ലബുകളിലേ കളിക്കാനും പോകാറുള്ളു. ഓരോന്നിൽ നിന്നും കിട്ടിയത് 30 മില്യൻ വീതം. കളിക്കാൻ പോകുമ്പോൾ ഗോൾഫ് കാർട്ടുകൾ വേണം, പോർട്ടബിൾ ടോയ്ലറ്റുകൾ വേണം ഇതൊക്കെ വാടക്കയ്ക്ക് എടുക്കും. ഇതൊക്കെ ക്ലബുകൾക്കാണ്. ഫലത്തിൽ കിട്ടുന്നത് പ്രസിഡന്‍റിനും. പോക്കുവരവിന്‍റെ ചെലവ്, സുരക്ഷാ ചെലവ്. എല്ലാം ജനങ്ങളുടെ നികുതിപ്പണം. പോരാത്തതിന് ഒരു കൂട്ടം സ്വന്തം ബ്രാൻഡഡ് വസ്തുക്കൾ ഇറക്കിയിട്ടുണ്ട് ട്രംപ്. സ്വന്തം പേരിലെ വാച്ച്, ബൈബിൾ, പെർഫ്യൂമുകൾ, ഗിറ്റാറുകൾ വിറ്റുകിട്ടുന്ന പണവും ട്രംപിന്. സ്വന്തം പേരും ഇങ്ങനെ വിൽക്കാറുണ്ട്, പല സംരംഭങ്ങൾക്കും. ബ്രാൻഡുകൾക്കും. അതിന്‍റെ വരുമാനം വേറെ. ചില നിയമയുദ്ധങ്ങളിൽ നിന്നുള്ള വരുമാനവുമുണ്ട്. അതൊക്കെ ട്രംപ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്രസിഡൻഷ്യൽ ലൈബ്രറിക്ക് വേണ്ടിയാണ് എന്നു പറയുന്നു വൈറ്റ് ഹൗസ്.
(മാരാ-ലാഗോ ക്ലബ്)
ട്രംപിന്റെ മുൻഗാമികളിൽ പലർക്കും ഉണ്ടായിരുന്നു ബിസിനസുകൾ. പലതരത്തിൽ വരുമാനമുണ്ടാക്കിയവരും ഉണ്ട്. ലിൻഡൺ ബി ജോൺസന്‍റെ ഭാര്യക്ക് റേഡിയോ സ്റ്റേഷൻ ഉണ്ടായിരുന്നു. ഒരു കപ്പലണ്ടി ഫാമുണ്ടായിരുന്നും കാർട്ടറിന്. അത് വിറ്റിട്ടാണ് അധികാരത്തിലേറിയത്. പക്ഷേ, സഹോദരൻ ഒരു ബിയർ ബ്രാൻഡിന്‍റെ പ്രമോട്ടറായിരുന്നു. ഹണ്ടർ ബൈഡന് യുക്രെയ്നിൽ നിന്ന് വരുമാനമുണ്ടായിരുന്നു. അത് ട്രംപ് വിവാദമാക്കിയതുമാണ്.
എന്നാൽ, ഹാരി ട്രൂമാൻ സ്ഥാനമൊഴിഞ്ഞത് സൈനിക പെൻഷൻ മാത്രമായാണ്. മാസം 113 ഡോളർ. ഒരുതരത്തിലെ കോർപ്പരേറ്റ് റോളുകളും വേണ്ടെന്നായിരുന്നു ട്രൂമാന്‍റെ തീരുമാനം. ജോർജ് ഡബ്ല്യു ബുഷ് എണ്ണക്കമ്പനിയുടെ ബോർഡംഗമായിരുന്നു. അച്ഛന്‍റെ പ്രസിഡൻസി കാലത്ത്. പക്ഷേ, പ്രസിഡന്‍റായപ്പോൾ സ്വത്തുക്കൾ (ഒരു ബ്ലൈൻഡ് ട്രസ്റ്റിലേക്ക് മാറ്റി.
പൊതുവേ പ്രസിഡന്‍റുമാർ കോർപ്പറേറ്റ് ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കാറാണ് പതിവ്. ക്രിപ്റ്റോ കറൻസി 'തട്ടിപ്പ്' എന്ന് പണ്ട് പറഞ്ഞിട്ടുള്ള ട്രംപ്, സ്വന്തം നാണയമിറക്കി, കമ്പനിയും തുടങ്ങി. അതിൽ ഏറ്റവും കൂടുതൽ നിക്ഷേപിച്ചിരിക്കുന്നത് സൗദി അറേബ്യയാണെന്നത് ഓർത്തിരിക്കേണ്ട കാര്യം. സൗദിയിലെ വ്യവസായിയുമായി റിയൽ എസ്റ്റേറ്റ് രംഗത്തും ലാഭം കൊയ്യുകയാണ് ട്രംപും കുടുംബവും. വിയറ്റ്നാമിലെ ഗോൾഫ് കോർട്ടാണ് മറ്റൊന്ന്. വിദേശത്ത് ബിസിനസ് ചെയ്യില്ല എന്നായിരുന്നു ആദ്യ ഊഴത്തിൽ ട്രംപിന്‍റെയും കുടുംബത്തിന്‍റെയും ഉറപ്പ്. മരുമകൻ ജാരെഡ് കുഷ്നെർ പശ്ചിമേഷ്യൻ വെൽത്ത് ഫണ്ടിൽ നിന്ന് കോടികൾ കൈപ്പറ്റിയിട്ടുണ്. ട്രംപിന്‍റെ ഉപദേശകനാണ് താനും. ഇതൊന്നും 'കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റ്' അല്ല എന്നാണ് ട്രംപിന്‍റെയും വൈറ്റ് ഹൗസിന്‍റെയും വാദം. ഇനി ഉണ്ടെങ്കിലും താനാ നിയമത്തിന്‍റെ പരിധിയിലല്ല എന്നോർമ്മിപ്പിക്കുന്നു പ്രസിഡന്റ്.