ഇറാൻറെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരം ഒരു വിജയാഘോഷമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, ടെഹ്റാൻ നഗരം നിശബ്ദമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ഖമനേയിയുടെ മകൻ മുജ്തബയുടെ അസാന്നിധ്യവും, പട്ടിണിയും വിലക്കയറ്റവും മൂലം സാധാരണക്കാർക്കിടയിലുള്ള പ്രതിഷേധവും ഈ സാഹചര്യത്തിന് പിന്നിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെബ്രുവരി 28 -ന് കൊല്ലപ്പെട്ട ഇറാന്‍റെ അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങ് ഇറാൻ ഒരു വിജയാഘോഷമാക്കി മാറ്റി. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംസ്കാരച്ചടങ്ങ്. ഇറാഖിലും ഇറാനിലും ചടങ്ങുകൾ. അമേരിക്കയുടെ സ്വാതന്ത്ര്യദിന വാർഷികത്തലേന്ന് ശവപേടകം ആദ്യമായി ജനങ്ങൾക്ക് മുന്നിലെത്തിച്ചു. 3 കോടി ജനം പങ്കെടുക്കുമെന്നാണ് അറിയിപ്പ്. പക്ഷേ, ടെഹ്രറാൻ നഗരം നിശബ്ദമായിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഖൊമൈനിയുടെ സംസ്കാരച്ചടങ്ങ് കാലത്തെ ടെഹ്റാനല്ല ഇന്ന്.

മുജ്തബയുടെ ആസാന്നിധ്യം

ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മോസ്കിലാണ് ശവപേടകം എത്തിച്ചത്. മൂന്നുദിവസം പൊതുദർശനം. ഇറാഖിലെ ഷിയാ നഗരങ്ങളായ കർബലയിലും നജാഫിലും പൊതുദർശനമുണ്ടാകും. ഖമനേയിയ്ക്കൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളും പൊതുദർശനത്തിനായി എത്തിച്ചിരുന്നു. 14 മാസം പ്രായമുള്ള കൊച്ചു മകളുടെയടക്കം. IRGC -യുടെ കമാൻഡർമാരും പ്രസിഡന്‍റുമാരും ആദരാഞ്ജലിയർപ്പിച്ചു. 40 ദിവസത്തെ യുദ്ധത്തിന്‍റെ ആസൂത്രകനായിരുന്ന ജനറൽ അഹ്മദ് വാഹിദിയും എത്തി. പക്ഷേ, മുജ്തബ വിട്ടുനിന്നു. ആക്രമണം സംശയിച്ചാണെന്നാണ് റിപ്പോർട്ട്. ചർച്ചകൾക്കിടെ മധ്യസ്ഥരെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നത് അതിന് തൊട്ടുമുമ്പാണ്. എന്തായാലും മുജ്തബയെ കണ്ടില്ല.

'വീഴ്ത്തണം ചോര'

പടിഞ്ഞാറൻ നേതാക്കളെ ഇറാൻ ക്ഷണിച്ചില്ല. ശനിയാഴ്ച തുടങ്ങുന്ന ചടങ്ങുകൾ അവസാനിക്കുന്നത് വ്യാഴാഴ്ച. നേതാവിനും ഇറാന്‍റെ വിപ്ലവത്തിനും അഭിവാദ്യമ‍ർപ്പിക്കാൻ എത്തൂവെന്നാണ് ജനങ്ങളോടുള്ള ആഹ്വാനം. നേതാക്കളുടെ സന്ദേശങ്ങളും വിപ്ലവവീര്യം ഓ‍ർമ്മിപ്പിക്കാൻ ശ്രമിച്ചുകൊണ്ടുള്ളതായിരുന്നു. പ്രതികാരവും. ചോര വീഴ്ത്തണമെന്ന ഇറാന്‍റെ വാക്കുകൾ ലോകം മുഴുവൻ മുഴങ്ങണമെന്ന് ആഹ്വാനം ചെയ്തു സ്പീക്കറും ചർച്ചകളുടെ മധ്യസ്ഥനുമായ മുഹമ്മദ് ഖലിബാഫ്.

'ഖമനേയിക്ക് മരണം'

ഷിയാകളുടെ നേതാവായിരുന്ന അലിയുടെ രക്തസാക്ഷിത്വം ആചരിക്കുന്ന മാസത്തിലാണ് ഖമനേയിയുടെ സംസ്കാരവും. പക്ഷേ, ടെഹ്റാനിലെ തെരുവുകളും വീടുകളും ഒഴിഞ്ഞു എന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ട്. യുദ്ധത്തിന് മുമ്പ് നടന്ന പ്രതിഷേധത്തിൽ 'ഖമനേയിക്ക് മരണം' എന്ന മുദ്രാവാക്യങ്ങൾ ഉയ‍ർന്നിരുന്നു. ഖമനേയി കൊല്ലപ്പെട്ടപ്പോൾ വീടുകൾക്കുള്ളിൽ ആഘോഷത്തിന്‍റെ ശബ്ദം കേട്ടൂവെന്ന് ടെഹ്‍റാനിലെ താമസക്കാർ തന്നെയാണ് പറഞ്ഞതും.

ഇപ്പോൾ വലിയൊരു പങ്കും നഗരം വിട്ടതായാണ് റിപ്പോർട്ട്. ഖമനേയിയ്ക്ക് ചരിത്രം കുറിക്കുന്ന യാത്രയയപ്പ് നൽകാൻ ഒരുങ്ങുന്ന അധികൃതർ, സ‍ർക്കാരിന്‍റെ നിർദ്ദേശം അനുസരിക്കാൻ തയ്യാറുള്ള അണികളെ എത്തിക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഒന്നരക്കോടിയോളം പേർക്ക് വാഹനവും ഭക്ഷണവും താമസവും എല്ലാം സ‍ർക്കാർ ഒരുക്കിയിരുന്നു.

പട്ടിണി, പ്രതിഷേധം

പക്ഷേ, വിലക്കയറ്റം കാരണം രാജ്യത്തെ സാധാരണക്കാർ പട്ടിണിയുടെ വക്കതെത്തി നിൽക്കുമ്പോൾ ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് എന്ന ചോദ്യവുമുയർന്നു. തിരക്കിനിടയിൽ പെട്ട് ഞെരുങ്ങി മരിക്കാൻ താൽപര്യമില്ല എന്നുള്ളതുകൊണ്ടും ചിലർ നഗരം വിട്ടു. ഖൊമൈനിയുടെ സംസ്കാരച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് ശവമഞ്ചത്തിന് മുകളിലെ വസ്ത്രം വരെ മാറിപ്പോയിരുന്നു. പക്ഷേ, സർക്കാർ അനുകൂലികൾക്ക് അതൊന്നും വിഷയമല്ല. രാജ്യം ഇതുവരെ കാണാത്തത്ര പങ്കാളിത്തവും വിട നൽകലുമാണ് അവരുടെ ലക്ഷ്യം.