250 -ാം പിറന്നാൾ ആഘോഷം; എല്ലാം പ്രസിഡന്‍റ് തീരുമാനിച്ചു, 'അതുകൊണ്ട് മാത്രം' പലരും വിട്ട് നിന്നു

Published : Jul 07, 2026, 10:44 AM IST
America’s 250th birthday

Synopsis

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തിപരമായ നേട്ടമാക്കി മാറ്റാൻ ശ്രമിക്കുന്നത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ട്രംപിന്റെ ഈ നടപടികൾ, പ്രസിഡന്റിന്റെ അധികാരപരിധിയെക്കുറിച്ചുള്ള ചരിത്രപരമായ ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.  

 

മേരിക്ക ജൂബിലിയാഘോഷിക്കുകയാണ്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ 250 -ാം വ‌ർഷം. പലതരം ചിന്തകളാണ് അമേരിക്കയിൽ. ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ. അധികാരത്തിന്‍റെ എല്ലാ പരിധികളും ലംഘിക്കുന്ന പ്രസിഡന്‍റാകുകയാണോ ട്രംപ് എന്ന ചിന്ത. അധികാരപരിധി എത്രവരെയാകാം എന്ന ചിന്ത.

ഞാൻ, ഞാൻ മാത്രം

ഇതിനെക്കുറിച്ചൊന്നും ആകുലപ്പെടാതെ, രാജ്യത്തിന്‍റെ 250 -ാം വർഷം സ്വന്തം വിജയമോ, സ്വന്തം മുഖമോ ആക്കിയെടുക്കാൻ ശ്രമിക്കുന്നു പ്രസിഡന്‍റ്. അതാണ് പരാതി, അല്ലെങ്കിൽ ആശങ്ക. അതിന്‍റെ പ്രതിഷേധം ചിലയിടത്തെങ്കിലും പ്രകടമാവുന്നുണ്ട്. അതിനിടെ റഷ്മോറിൽ സ്വന്തം മുഖം പതിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്‍റ്. തൽകാലം ബിൽ പാസായിട്ടില്ലെങ്കിലും ശ്രമം ഉപേക്ഷിച്ചിട്ടില്ല.

ട്രംപ് റാലി, പാട്ട് വേണ്ട

National Mall -ലെ പ്രധാന ആഘോഷം 'ട്രംപ് റാലി'യായി പ്രഖ്യാപിച്ചു പ്രസിഡന്‍റ്. സംഗീത പരിപാടിയാണ് പതിവ്. പക്ഷേ, ട്രംപിന്‍റെ ആഘോഷത്തിൽ നിന്ന് പ്രശസ്തരായ പലരും പിൻമാറിയതോടെ അതുപേക്ഷിച്ചു. പകരം ട്രംപ് തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു 'Freedom House' എന്ന സംഘടനയുടെ വക്താവ്. ഫ്രീഡം ഹൗസ് തന്നെ വിവാദ വിഷയമാണ്. 10 വർഷം മുമ്പ് കോൺഗ്രസ് ഫണ്ട് നൽകി, പക്ഷഭേദമില്ലാതെ രൂപീകരിച്ച 'America 250' എന്ന സംഘടനയാണ് പരിപാടികൾ തീരുമാനിക്കേണ്ടിയിരുന്നത്. പക്ഷേ, ട്രംപിന് താൽപര്യമുള്ള പരിപാടികൾ ഉൾക്കൊള്ളിക്കാൻ വൈറ്റ് ഹൗസ് മറ്റൊരു സംഘടന രൂപീകരിച്ചു.

അതാണ് Freedom House. അതോടെ ഗായകരെല്ലാം പിൻവാങ്ങി. തെറ്റിദ്ധരിച്ചാണ് സമ്മതിച്ചത് എന്ന് ഗായിക മാർട്ടിന മക്ബ്രൈഡ് പോസ്റ്റുമിട്ടു. പിൻമാറിയവരെ പ്രസിഡന്‍റ് പരിഹസിച്ചു. 'അവരാരും വേണ്ട, താനായിരിക്കും പരിപാടിയുടെ ആകർഷണം' എന്നും പ്രഖ്യാപിച്ചു. 'പാട്ടൊന്നും ആർക്കും കേൾക്കണ്ട, ബോറടിപ്പിക്കും. ഒക്കെ റദ്ദാക്കൂ' എന്നായിരുന്നു അന്നത്തെ പോസ്റ്റ്. പക്ഷേ, ട്രംപ് പരിപാടികളിൽ പതിവായി എത്താറുള്ള ചിലരൊക്കെ ഇത്തവണയും ഉണ്ട്. റാലി പ്രധാനം. അതിൽ സൈനിക ബാൻഡുകൾ പ്രസിഡന്‍റിനിഷ്ടമുള്ള പാട്ടുകൾ അവതരിപ്പിച്ചു. കരിമരുന്ന് പ്രകടനത്തിൽ ഗിന്നസ് റെക്കോർഡാണ് ലക്ഷ്യം. 1976 -ലെ കരിമരുന്ന് പ്രകടനം കാണാൻ 10 ലക്ഷം പേരെത്തിയിരുന്നു. അന്നത്തെ പ്രസിഡന്‍റ് ജെറാർഡ് ഫോർഡിന്‍റെ പ്രസംഗം കേൾക്കാനെത്തിയ വേറെയും 10 ലക്ഷം.

അധികാര പരിധിയിൽ തർക്കം മുറുകുന്നു

'Freedom House 250' ആണ് ട്രംപിന്‍റെ പിറന്നാളാഘോഷം സംഘടിപ്പിച്ചത്. വൈറ്റ് ഹൗസ് പുൽത്തകിടിയിൽ ഒരു 'UFC Fight Night'. മിക്സഡ് മാർഷ്യൽ ആർട്സ് പ്രകടനം. ഇതെല്ലാം കാരണം ആഘോഷ പരിപാടികൾ തന്നെ പലതായിരുന്നു. പല സംസ്ഥാനങ്ങളും ട്രംപിന്‍റെ ആഘോഷത്തിൽ പങ്കെടുത്തില്ല. അധികാര പരിധികൾ ലംഘിക്കുന്ന പ്രസിഡന്‍റാണെങ്കിലും ട്രംപിനെ ഇപ്പോഴും അനുകൂലിക്കുന്നു റിപബ്ലിക്കൻ അംഗങ്ങൾ. സ‍ർക്കാരും നയങ്ങളും ഉടച്ചുവാർക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ട്രംപ് പാലിക്കുന്നു എന്നാണ് അവരുടെ പക്ഷം. പക്ഷേ, അമേരിക്കൻ ജനത ആ വഴിക്കല്ല ചിന്തിക്കുന്നത്. ജനപ്രീതി ഇപ്പോൾ 40 ശതമാനമേ ഉള്ളു പ്രസിഡന്‍റിന്. അധികാര പരിധി ലംഘിക്കാൻ ശ്രമിക്കുന്ന ആദ്യത്തെ പ്രസിഡന്‍റല്ല ട്രംപ് എന്ന് ന്യായികരിക്കുന്ന വിദഗ്ധരുമുണ്ട് മറ്റൊരു പക്ഷത്ത്. പണ്ടേ അധികാരത്തിന്‍റെ പരിധി പണ്ടേ തർക്ക വിഷയമായിരുന്നു, സ്ഥാപക നേതാക്കൾക്കിടയിൽ. അത്തരം ചർച്ചകളൊക്കെ അക്കാലത്ത് നടന്നത് മേരിലൻഡിലെ അന്നാപോളിസിലുള്ള മിഡിൽടൺ ടാവേണിലാണെന്നാണ് പറയപ്പെടുന്നത്. അവിടെയുമുണ്ട് ഇപ്പോൾ അഭിപ്രായ ഭിന്നതകൾ. ട്രംപിയൻ നയങ്ങളിലാണെന്ന് മാത്രം. അധികാര പരിധിയിലും.

 

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലയെന്ന യുഎസ് മുന്നറിയിപ്പുകൾക്കിടെ, ഇറാനിൽ ഖമനേയിയുടെ സംസ്കാര ചടങ്ങ്, നഗരം വിട്ട് ജനവും
ഉഷ്ണതരംഗത്തിൽ ഉരുകുന്ന യൂറോപ്പ് ; എയർകണ്ടീഷൻ കിട്ടാനില്ല, ഉയരുന്ന ചൂടും മരണങ്ങളും