
OPEN AI -യുടെ പരീക്ഷണ എഐ മോഡൽ പരീക്ഷണശാല വിട്ട് മറ്റൊരു കമ്പനിയുടെ യഥാർത്ഥ പ്രൊഡക്ഷൻ സിസ്റ്റം ഹാക്ക് ചെയ്ത് കയറി, സൈബർ സുരക്ഷാ ടെസ്റ്റ് കടന്നു കൂടാനും ശ്രമിച്ചു. കമ്പനി തന്നെ തുറന്നു പറഞ്ഞതാണിത്. മനുഷ്യന്‍റെ നിയന്ത്രണം ഭേദിച്ച് സ്വന്തമായി ചിന്തിക്കാൻ തുടങ്ങുന്ന എഐ മോഡലുകൾ സിനിമകളിൽ മാത്രമല്ലെന്ന് തെളിയുകയാണ്. ഒരു വൈറസ് പരീക്ഷണശാലയിൽ നിന്ന് പുറത്തു കടക്കുന്നതുപോലെ എന്നാണ് ഉപമ. പക്ഷേ, എത്രമാത്രം വിശ്വാസയോഗ്യം എന്നതാണ്. സാം അൾട്ട്മാൻ തന്നെ അതിൽ കമന്‍റും ചെയ്തിട്ടുണ്ട്. സൈബർ സെക്യൂരിറ്റി പ്രശ്നമാണോ, എഐ മോഡലുകളുടെ ശക്തിയെന്ന മാർക്കറ്റിംഗ് തന്ത്രമാണോ അതോ കുത്തക പിടിച്ചെടുക്കാനുള്ള വഴിയാണോ എന്നത് ചിന്ത്യം.
ഹാക്കിംഗിലെ മിടുക്ക് പരിശോധിക്കുകയായിരുന്നുവെന്നും സാധാരണയുള്ള സുരക്ഷാ നിയന്ത്രണങ്ങൾ ഓഫായിരുന്നു എന്നുമാണ് വിശദീകരണം. എന്നാൽ, അറിവില്ലാതിരുന്ന സുരക്ഷാ പിഴവ് ഉപയോഗിച്ചാണ് എഐ ഏജന്‍റുകൾ പുറത്തുകടന്നത് എന്നും പറയുന്നുണ്ട്. ഹഗ്ഗിംഗ് ഫേസ് (Hugging Face) എന്ന കമ്പനിയുടെ സർവറാണ് ഹാക്ക് ചെയ്തത്. ഹഗ്ഗിംഗ് ഫേസ് ആണിത് ആദ്യം തിരിച്ചറിഞ്ഞത്. OPEN AI -യും ചില വ്യത്യാസങ്ങൾ ശ്രദ്ധിച്ചിരുന്നു. അങ്ങനെ രണ്ടുകൂട്ടരും ബന്ധപ്പെട്ടു. ഇപ്പോൾ പിഴവ് പരിഹരിക്കാനുള്ള ശ്രമത്തിലാണ്. അതിന്‍റെ മറുവശമാണ് പക്ഷേ പ്രശ്നം. എഐയിൽ ചൈന വളരെ മുന്നോട്ടാണ്. DEEPSAKE മുമ്പത് തെളിയിച്ചതുമാണ്. ഇപ്പോൾ ചൈനയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച KIMIK3 അമേരിക്കൻ എഐ കമ്പനികളെ ഞെട്ടിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്. കുത്തക കൈവിട്ടുപോകാതിരിക്കാൻ നിയന്ത്രണങ്ങൾ കൊണ്ടുവരികയാവാം ചിലപ്പോൾ ഈ ഹാക്ക് വിവാദത്തിന്‍റെ ലക്ഷ്യമെന്ന് സംശയമുണ്ട് നിരീക്ഷകർക്ക്.
അതിനിടയിലാണ് എഐ ഡേറ്റാസെന്‍ററുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തിൽ ആശങ്ക കൂടിവരുന്നത്. ഊർജത്തിന്‍റെയും വെള്ളത്തിന്‍റെയും അമിത ഉപയോഗം, പുറത്തുവിടുന്ന വിഷമാലിന്യം, വേണ്ടിവരുന്ന അപൂർവ ധാതുക്കൾ... എല്ലാംകൂടി ലോകത്തെ വളരെ വേഗം വിഷലിപ്തമാക്കുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയിലടക്കം പ്രാദേശിക എതിർപ്പുകൾ കൂടിവരികയാണ്. പല പദ്ധതികളും വേണ്ടെന്നുവച്ചു. അല്ലെങ്കിൽ തടഞ്ഞു. സ്ഥാപിച്ചു കഴിഞ്ഞ ചെറിയ പട്ടണങ്ങളിലെ വെള്ളം ഉപയോഗശൂന്യമായെന്നാണ് ടൈംസ് റിപ്പോർട്ട്. 2030 -ഓടെ വെള്ളം ഇവിടെയൊക്കെ ദുർലഭമാകുമെന്നും. അമേരിക്കയിലെ 42 സംസ്ഥാനങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. അതിന് രാഷ്ട്രീയ കക്ഷി ഭേദമില്ലാതാനും. ആശങ്കയും അനിഷ്ടവും വ്യാപകമാണ്. അടിസ്ഥാനമില്ലാത്ത ആശങ്കകൾ എന്നാണ് AI വ്യവസായികളുടെ പക്ഷം.