
പലസ്തീന് അംഗീകാരം എന്ന ആശയത്തിന് പിന്തുണ കൂടുന്നുണ്ട്. പക്ഷേ, അതിർത്തികളില്ലാത്ത സർക്കാരിന്, അധികാരങ്ങൾ ഇല്ലാത്ത പലസ്തീനാണെന്ന് മാത്രം. രാജ്യമായി അംഗീകരിക്കാമെന്ന് ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ലെന്നാണ് പലസ്തീൻകാരുടെ തന്നെ അഭിപ്രായം. എങ്കിലും അതൊരു വെറും ആഹ്വാനം അല്ലാതെ, പ്രവർത്തികമാക്കുന്നതിലേക്ക് ഒരു ചുവടായി, ഫ്രാൻസും സൗദി അറേബ്യയും നേതൃത്വം നൽകിയ യുഎൻ കോൺഫറൻസ് മാറി. ഇസ്രയേലിന്റെ നടപടികളോട് അമേരിക്കയിലുൾപ്പടെ ജനവികാരം എതിരാവുന്നു എന്നാണ് റിപ്പോർട്ട്.
ബ്രിട്ടൻ, ഫ്രാൻസ്, കാനഡ പലസ്തീനെ രാജ്യമായി അംഗീകരിക്കാമെന്ന് അറിയിച്ച രാജ്യങ്ങളുടെ എണ്ണം കൂടുന്നുണ്ട്. സെപ്തംബർ എന്നൊരു സമയപരിധിയാണ് ബ്രിട്ടനടക്കം മുന്നോട്ടുവച്ചിരിക്കുന്നത്. ഇസ്രയേലിന് മേൽ സമ്മർദ്ദം തന്നെയാണ് ലക്ഷ്യം. എതിർപ്പുകളുമുണ്ട്. ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ, മോചനം കിട്ടിയവർ ഇവരെല്ലാം എതിർക്കുന്നു. ഭീകരവാദത്തിനുള്ള അംഗീകാരം എന്നാണവരുടെ വാദം.
ബ്രിട്ടന്‍റെ കുറ്റബോധം
ബ്രിട്ടൻ പണ്ട് പലസ്തീൻ വിട്ട് പോയത് രണ്ട് രാജ്യമെന്ന യുഎൻ അംഗീകൃത പരിഹാരം നടപ്പാക്കാതെയാണ്. 1922 മുതൽ 1948 വരെയാണ് ബ്രിട്ടൻ പലസ്തീൻ ഭരിച്ചത്. '48 -ൽ ഇസ്രയേൽ നിലവിൽ വന്നു. പക്ഷേ, പലസ്തീനുണ്ടായില്ല. പരസ്പരം അംഗീകരിക്കാനുള്ള വിമുഖതയായിരുന്നു ഒരു കാരണം. അതിന്റെ കുറ്റബോധം കൊണ്ടാവണം, തങ്ങൾ ഉത്തരവാദിത്വത്തിൻ്റെ ഭാരം പേറുന്നുവെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. ഡേവിഡ് ലാമി, ബാൽഫോർ പ്രഖ്യാപനം (Balfour Declaration 1917) ഉദ്ധരിച്ചു. പലസ്തീനിൽ ജൂതവംശജർക്കായി ഒരു രാജ്യമെന്ന ആശയത്തിന് ബ്രിട്ടൻ പിന്തുണ ഉറപ്പിച്ചത് ബാൽഫോർ പ്രഖ്യാപനത്തിലാണ്. പലസ്തീനിലെ ജൂതരല്ലാത്ത സമൂഹങ്ങളുടെ അവകാശങ്ങൾ ഹനിക്കുമെന്ന് അതിനർത്ഥമില്ലെന്നും ലാമി ഓർമ്മിപ്പിച്ചു. പ്രഖ്യാപനത്തിൽ അങ്ങനെയൊന്നില്ലെന്ന് ഇടക്കിടെ ഇസ്രയേൽ ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും ബ്രിട്ടൻ വ്യവസ്ഥകൾ മുന്നോട്ടുവച്ചിട്ടുണ്ട്. അടുത്ത ആറാഴ്ചക്കകം, അതായത് സെപ്തംബറിനകം വെടിനിർത്തി, വെസ്റ്റ് ബാങ്ക് അധിനിവേശവും നിർത്തിയില്ലെങ്കിൽ പലസ്തീന് അംഗീകാരം എന്നാണ് കെയ്ർ സ്റ്റാമർ അറിയിച്ചിരിക്കുന്നത്. പക്ഷേ, അത് ഇസ്രയേലിൽ നിന്ന് പ്രതീക്ഷിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ബ്രിട്ടന്റെ അംഗീകാരം ഉറപ്പായി.
ചിതറിക്കിടക്കുന്ന രാജ്യം
പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നുവെന്ന് പറയുമ്പോഴും അതിർത്തികളില്ലാത്ത ചിതറിക്കിടക്കുന്നൊരു പ്രദേശമാണ് പലസ്തീൻ. രാജ്യം എന്നത് സങ്കൽപ്പം മാത്രമാണ്. സൈന്യമില്ല, തലസ്ഥാനവുമില്ല. പലസ്തീൻ ഭരിക്കുന്ന പലസ്തീൻ അഥോറിറ്റിക്ക് എല്ലായിടത്തും അധികാരവുമില്ല. വെസ്റ്റ്ബാങ്കിൽ ഇസ്രയേലിന്‍റെ അധിനിവേശം, ഗാസയിൽ ഹമാസ്. കുഴഞ്ഞുമറിഞ്ഞൊരു ചുഴിയാണ് പലസ്തീൻ പ്രശ്നം.
വലിയ ചുവടുവെപ്പ്
യുകെയുടെ തീരുമാനം പ്രതിപക്ഷത്തിന്‍റെയും സ്വന്തം അണികളുടെയും സമ്മർദ്ദ ഫലമാണ്. രാജ്യമായി അംഗീകരിക്കുമ്പോൾ മാറ്റമൊന്നും വരില്ലെങ്കിലും അതൊരു വലിയ ചുവടാണ്. യുഎന്നിന്‍റെ 193 അംഗങ്ങളിൽ 147 -ഉം പലസ്തീനെ അംഗീകരിച്ചവരാണ്. പക്ഷേ, ജി 7 രാഷ്ട്രങ്ങളോ, പ്രമുഖ യൂറോപ്യൻ യൂണിയൻ അംഗങ്ങളോ ഉണ്ടായിരുന്നില്ല. ഇപ്പോഴതല്ല സ്ഥിതി. ഇസ്രയിലേന് കനത്ത തിരിച്ചടിയാണത്. യുകെയും ഫ്രാൻസും അംഗീകാരവുമായി മുന്നോട്ട് പോയാൽ യുഎൻ സുരക്ഷാ സമിതിയിലെ നാലംഗങ്ങളുടെ അംഗീകാരമാവും പലസ്തീന്. അമേരിക്ക അതിലൊറ്റക്കാവും. പല അമേരിക്കൻ പ്രസിഡന്റുമാരും രണ്ട് രാജ്യമെന്ന പരിഹാരം അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, ഡോണൾഡ് ട്രംപ് വ്യത്യസ്തനാണ്. അമേരിക്കയുടെ പിന്തുണയില്ലാതെ രണ്ട് രാജ്യമെന്ന പരിഹാരം നടപ്പാകാനും ബുദ്ധിമുട്ടാകും.
എതിർപ്പ് പ്രകടിപ്പിച്ച് യുഎസ്
അതേസമയം അമേരിക്ക, പലസ്തീൻ ഉദ്യോഗസ്ഥർക്ക് വീസ നൽകില്ലെന്ന് അറിയിച്ച് കഴിഞ്ഞു. പലസ്തീൻ അഥോറിറ്റി, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നിവർക്കാണ് ഉപരോധം. യുഎൻ കോൺഫറൻസ് വിളിച്ചുകൂട്ടിയ ഫ്രഞ്ച് - സൗദി നടപടിക്കുള്ള തിരിച്ചടിയെന്ന് വേണമെങ്കിൽ വായിക്കാം. ഭീകരവാദത്തിന് പിന്തുണ നൽകുന്നു എന്നാണ് ആരോപണം.
ഭക്ഷണ വിതരണവും ജിഎച്ച്എഫും
ഗാസയിൽ ഇപ്പോൾ മാനുഷിക പ്രതിസന്ധിയെന്ന വാക്കുപോലും അപ്രസക്തമായിരിക്കുന്നു. കൊടുംപട്ടിണിയും മരണങ്ങളും പതിവ് കഥ. പോഷകാഹാര കുറവ് മൂലം എല്ലും തോലുമായ ജീവൻ്റെ തുടിപ്പ് മാത്രം ബാക്കിയുള്ള കുഞ്ഞുങ്ങൾ മനസ് മരവിക്കുന്ന കാഴ്ചയാണ്. സഹായമെത്തുന്നുണ്ട്. വേണ്ടതിന്‍റെ നാലിലൊന്ന് മാത്രം.
എയർഡ്രോപ് ചെയ്യുന്ന സഹായത്തിൽ എതിർപ്പാണ് ഗാസക്കാർക്ക്. അതുവീഴുമ്പോൾ കൈയൂക്കുള്ളുവൻ കാര്യക്കാരൻ എന്നതാണ് അവസ്ഥ. പരസ്പരം തള്ളിവീഴ്ത്തി അത് സ്വന്തമാക്കാനുള്ള ഓട്ടം ആത്മാഭിമാനം തകർക്കുന്നുവെന്ന് പറയുന്നു, അമ്മമാർ. കിട്ടുന്നതിൽ റെഡിമെയ്ഡ് ഭക്ഷണമില്ലാതാനും. പാചകം ചെയ്യാൻ ഇന്ധനവുമില്ല. പിന്നെ ആശ്രയം ജിഎച്ച്എഫ് (Gaza Humanitarian Foundation) എന്ന സഹായവിതരണകേന്ദ്രമാണ്. അവിടേക്ക് പോയാൽ ജീവനോടെ തിരിച്ചുവരുമെന്ന് ഉറപ്പുമില്ല. പക്ഷേ, കുഞ്ഞുങ്ങളുടെ മുഖം കണ്ട് വെറുതേയിരിക്കാനും പറ്റില്ല. രണ്ടും കൽപ്പിച്ചുള്ള പോക്കാണ് പിന്നെ. ചില കുടുംബങ്ങളിൽ സ്ത്രീകൾ മാത്രമേയുള്ളൂ. പുരുഷൻമാരെല്ലാം കൊല്ലപ്പെട്ടു. തങ്ങൾ മാത്രമേയുളളൂ കഞ്ഞുങ്ങൾക്ക് എന്ന പൂർണ ബോധത്തോടെയാണ് അവരും ജിഎച്ച്എഫിലേക്ക് പോകുന്നത്. വെടിവയ്പ്പ് എല്ലാ ദിവസവും ഉണ്ട്. വെടിവയ്ക്കുന്നത് ഹമാസാണെന്നും അല്ല ഇസ്രയേലാണെന്നും പരസ്പരം തർക്കവും. അതിനുപുറമേയാണ് കിട്ടുന്നത് തട്ടിയെടുക്കാനെത്തുന്നവർ. പകൽ മുഴുവൻ കാത്തുനിന്ന് കൈയിൽ കിട്ടുന്നത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുക്കും പിന്നെ വെറുംകൈയോടെ തിരികെ കുഞ്ഞുങ്ങളുടെ അടുത്തേക്ക്.
പണ്ട്, യുഎന്നിന്‍റെ 400 സഹായ വിതരണ കേന്ദ്രങ്ങളുണ്ടായിരുന്ന ഗാസയിൽ ഇന്ന് ജിഎച്ച്എഫ് കേന്ദ്രങ്ങൾ നാലെണ്ണം മാത്രം. ദിവസം 500 ട്രംക്ക് സഹായം എത്തണം ഗാസയിൽ എന്നുപറയുന്നു യുഎൻ. ഇപ്പോഴെത്തുന്നത് 100 എണ്ണമാണ്. ചാരിറ്റി കിച്ചനുകളിലെ തിരക്ക് അനിയന്ത്രിതം. കിട്ടുന്ന ഒരു പാത്രം സൂപ്പ് എട്ടും പത്തും കുട്ടികളുള്ള കുടുംബങ്ങൾക്ക് മതിയാവുകയുമില്ല.
യുഎസ് അന്വേഷണം
ജിഎച്ച്എഫ് കേന്ദ്രങ്ങളിലെ വെടിവയ്പ് തുടർക്കഥയായതോടെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്രയേലിലെത്തി, ജിഎച്ച്എഫ് കേന്ദ്രങ്ങൾ സന്ദർശിച്ചു. 1,000 പേരാണ് ഇതിനകം ജിഎച്എഫ് കേന്ദ്രങ്ങളിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്ന് യുഎൻ അറിയിക്കുന്നു. ജിഎച്ച്എഫ് അത് നിഷേധിക്കുന്നു. വിശന്നൊടുങ്ങുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ കണ്ടിട്ടാണ് ട്രംപ്, വിറ്റകോഫിനെ അയച്ചത്. കാര്യങ്ങൾ മനസിലാക്കിയ ശേഷം സഹായ വിതരണ കേന്ദ്രം ഉടൻ സ്ഥാപിക്കുമെന്നാണ് ട്രംപിന്റെ വാക്ക്.
യുഎൻ സഹായം ഹമാസ് തട്ടിയെടുക്കുന്നു എന്നാരോപിച്ചാണ് ഇസ്രയേൽ അമേരിക്കൻ സഹായത്തോടെ ജിഎച്ച്എഫ് കേന്ദ്രങ്ങൾ സ്ഥാപിച്ചത്. അത് മേയിൽ. പക്ഷേ, അങ്ങനെയൊരു തട്ടിയെടുക്കലില്ലെന്നാണ് അമേരിക്കയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. അതിന്‍റെ അടിസ്ഥാനത്തിലാണ് വിറ്റ്കോഫിന്റെ സന്ദർശനം. പക്ഷേ, വെറും ഫോട്ടോ ഓപ് (Photo op) എന്ന് പരിഹസിച്ചു ഹമാസ്. ഭിക്ഷക്കാരല്ല, ഭക്ഷണമല്ല ഗാസയിൽ അവർക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്നും.
ഫ്രാൻസിന്‍റെ പ്രതിസന്ധി
അതിനിടയിൽ ഗാസയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് നിർത്തിവച്ചു ഫ്രാൻസ്. ആദ്യം ഫ്രഞ്ച് പൗരത്വമുള്ളവരെയും അവരുടെ ആശ്രിതരെയുമാണ് ഒഴിപ്പിച്ചിരുന്നത്. പിന്നെ, പലസ്തീനികളെയും ഒഴിപ്പിച്ചുതുടങ്ങി. പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികളായി പിന്നെ. അതിലൊരു വിദ്യാർത്ഥി സമൂഹ മാധ്യമത്തിലിട്ട പോസ്റ്റ് വിവാദമായി. ജൂതരുടെ വംശഹത്യക്ക് ആഹ്വാനവും ഹിറ്റ്ലറെ അഭിനന്ദിച്ച് കൊണ്ടുള്ള വീഡിയോകളുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കമെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയാണ്. അവരെ കോളജിൽ നിന്ന് പുറത്താക്കി. ഉടൻ രാജ്യത്ത് നിന്നും പുറത്താക്കുമെന്നും ഫ്രാൻസ് അറിയിച്ചു. തിരികെ ഗാസയിലേക്കാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിദ്യാർത്ഥിയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായ ശേഷമേ ഇനി ഒഴിപ്പിക്കൽ തുടങ്ങൂ എന്നുമറിയിച്ചു. ഒഴിപ്പിക്കുന്നതിന് മുമ്പ് വിദ്യാർത്ഥിയെ കുറിച്ച് അന്വേഷിച്ചതിൽ പിഴവ് പറ്റി എന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി തന്നെ വ്യക്തമാക്കിയത്. ഇതുവരെ എത്തിച്ചവരെക്കുറിച്ചും സമഗ്രാന്വേഷണത്തിനാണ് നീക്കം.