വടക്കൻ അയർലന്‍റിൽ ആവർത്തിക്കുന്ന കത്തി അക്രമണങ്ങൾ; പ്രതികൾ കുടിയേറ്റക്കാർ

Published : Jun 19, 2026, 09:04 AM IST
Belfast riots

Synopsis

വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ കുടിയേറ്റക്കാരൻ നടത്തിയ ആക്രമണത്തെ തുടർന്ന് കുടിയേറ്റ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. ബാലിമെന, സതാംപ്ടൺ എന്നിവിടങ്ങളിലെ സമാനമായ സംഭവങ്ങളുടെ തുടർച്ച. ഈ സംഭവങ്ങൾ 'ഐറിഷ് ട്രബിൾസ്' എന്നറിയപ്പെടുന്ന പഴയ സംഘർഷങ്ങളെ ഓർമ്മിപ്പിക്കുകയും അയർലൻഡും യുകെയും തമ്മിലുള്ള തുറന്ന അതിർത്തിയായ CTA -യെക്കുറിച്ച് ചർച്ച ഉയർത്തി. 

 

ടക്കൻ അയർലന്‍റിലെ ബെൽഫാസ്റ്റിൽ നടന്ന പ്രതിഷേധം, ഒരു പൊട്ടിത്തെറിയാണ്. 2 വർഷം മുമ്പും ഇതേപോലെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വടക്കൻ അയലന്‍റിലെയും ചില ഭാഗങ്ങളിലായിരുന്നു അന്ന്. 3 പെൺകുട്ടികളെ ഒരു കൗമാരക്കാരൻ കൊന്നതിന്‍റെ ബാക്കിപത്രം. രണ്ടിലെയും പ്രതികൾ കുടിയേറ്റക്കാരാണ്. ഇരകൾ വെളുത്ത വർഗക്കാരും. അടുത്തിടെയുണ്ടായ ഹെൻറി നൊവാകിന്‍റെ കൊലപാതകവും പ്രതിഷേധം ആളിപ്പടരാൻ കാരണമായി.

ഐറിഷ് ട്രബിൾസ്

1969 -ൽ 'ഐറിഷ് ട്രബിൾസ്' (Irish Troubles) എന്നറിയപ്പെടുന്ന അതിക്രമങ്ങൾ നടന്നിട്ടുണ്ട് വടക്കൻ അയർലന്‍റിൽ. അന്ന് പ്രോട്ടസ്റ്റന്‍റുകളും കത്തോലിക്കരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ബ്രിട്ടിഷ് സൈന്യത്തിന്‍റെ പിന്തുണ പ്രോട്ടസ്റ്റന്‍റുകൾക്ക്. ബ്ലഡി സൺഡേ (Bloody Sunday) എന്നറിയപ്പെടുന്ന കൂട്ടക്കൊല അന്ന് ബ്രിട്ടന്‍റെ ചരിത്രത്തിലെ ചോരച്ചുവപ്പിന്‍റെ ഏടാണ്. അത് പക്ഷേ, മറ്റൊന്നായിരുന്നു. കാരണം, അന്നും വീടുകൾ കത്തിച്ചു. കത്തോലിക്കരുടെ വീടുകളായിരുന്നു എന്നുമാത്രം. അന്നത്തെ കനലുകൾ ഇപ്പോഴും അണഞ്ഞിട്ടില്ലെന്നാണ് പൊതുപക്ഷം. പക്ഷേ, ഇപ്പോഴത്തെ കലാപങ്ങൾ മറ്റൊന്നാണ്. കുടിയേറ്റക്കാരാണ് പ്രതികൾ, കുടിയേറ്റ വിരുദ്ധത, ഇസ്ലാമിക വിരുദ്ധത. കലാപങ്ങളുടെ മുഖമുദ്ര അതാണ്.

ബാലിമെന കലാപം

2024 -ൽ യോഗ നൃത്ത പരീശിലന കേന്ദ്രത്തിൽ 17 -കാരനായ അക്രമി കുത്തി വീഴ്ത്തിയ പെൺകുട്ടികളിൽ മൂന്ന് പേർ മരിച്ചു. അതും 6, 7, 9 വയസുള്ള പെൺകുട്ടികൾ. ടെയ്‌ലർ സ്വിഫ്റ്റ് (Taylor Swift) പ്രമേയമായ നൃത്ത പരിശീലനമാണ് നടന്നത്. സ്വിഫ്റ്റ് കുറച്ച് കാലമായി തീവ്രവലതുപക്ഷ ഗൂഢാലോചനക്കഥകളുടെ ഇഷ്ട വിഷയമായിരുന്നു. 17 -കാരന്‍റെ പ്രകോപനം അതായിരുന്നു എന്നാണ് നിഗമനം. 2025 -ൽ ബാലിമെന (Ballymena) -യിലായിരുന്നു കലാപം. റോമാ വംശജരായ ആൺകുട്ടികൾ, ലൈംഗീകാതിക്രമത്തിന് ഇരയാക്കിയത് കൗമാരക്കാരിയായ ബ്രിട്ടിഷ് വംശജയെ. അതോടെ സോഷ്യൽ മീഡിയയിൽ ആഹ്വാനങ്ങൾ ഉയ‍ർന്നു. റോമ വംശജർക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. ചില സായുധ സംഘങ്ങളുടെ സാന്നിധ്യവും അന്ന് സംശയിക്കപ്പെട്ടു. ഇത്തവണത്തെതും.

സതാംപ്ടൺ കലാപം

2025 ഡിസംബറിൽ ഹെൻറി നൊവാകിന്‍റെ കൊല അരങ്ങേറിയത് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ്. പ്രതി സിഖ് വംശജനായ വിക്രം ദിഗ്വ. ഹെന്‍റിയെ സിഖുകാരുടെ കൃപാൺ കൊണ്ട് കുത്തിവീഴ്ത്തിയ അക്രമി, തന്നെയാണ് ആക്രമിച്ചതെന്ന് പരാതിപ്പെട്ടു. കുത്തേറ്റതറിയാതെ പൊലീസ് നൊവാക്കിനെ വിലങ്ങുവച്ചു. പിന്നീടാണ് സത്യം പുറത്തുവന്നത്. വംശീയ അധിക്ഷേപം ഉന്നയിച്ചു ദിഗ്വ. നില നിന്നില്ല. പൊലീസിന്‍റെ നിരുത്തരവാദപരമായ പെരുമാറ്റവും കടുത്ത പ്രതിഷേധത്തിന് വഴിവച്ചു. അമേരിക്കൻ വൈസ്പ്രസിഡന്‍റിന്‍റെ കണ്ടെത്തൽ, കുടിയേറ്റക്കാരുടെ അധിനിവേശമാണ് ഇതിനെല്ലാം കാരണമെന്നായിരുന്നു. അത് ചെറുത്തു ഡൗണിങ് സ്ട്രീറ്റ്. കുടിയേറ്റ വിരുദ്ധത അന്നും ആളിക്കത്തി.

ബെൽഫാസ്റ്റ് കലാപം

ബെൽഫാസ്റ്റിലും ഇപ്പോൾ സംഭവിച്ചത് അതുതന്നെയാണ്. സുഡാനി പൗരനായ ഹാഡി അലോഡിഡ് ആണ് എൻഎച്ച്എസ് ജീവനക്കാരനെ കത്തികൊണ്ട് വരഞ്ഞത്. ഒരു കണ്ണ് നഷ്ടപ്പെട്ടു 40 -കാരനായ സ്റ്റീഫൻ ഒഗിൽവിക്ക്. മുഖത്തും ശരീരത്തിലും ആഴമേറിയ മുറിവുകളും. ദൃക്സാക്ഷികൾ പ്രതിയെ വളഞ്ഞു. പൊലീസിനെ അറിയിച്ചു. വളരെ പെട്ടെന്ന് അതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതോടെ കലാപാഹ്വാനവും പ്രത്യക്ഷപ്പെട്ടു. പലയിടത്തായി ജനം ഒത്തുകൂടി. കടകളും വ്യവസായ സ്ഥാപനങ്ങളും അടയ്ക്കാൻ ആഹ്വാനം വന്നു. റോഡുകൾ ഉപരോധിക്കാനും. പിന്നെ അക്രമം തുടങ്ങി. മാസ്കിട്ട് കറുത്ത വസ്ത്രം ധരിച്ച ജനക്കൂട്ടം ഇറങ്ങി. വാഹനങ്ങളും കുടിയേറ്റക്കാരുടെ സ്ഥാപനങ്ങളും വീടുകളും കത്തിച്ചു. കലാപം കത്തിപ്പടർന്നു.

അലോഡിഡിന്‍റെ ദുരൂഹ യാത്രകൾ

അലോഡിഡ് എന്ന അക്രമി വടക്കൻ അയ‍ർലന്‍റിലെത്തിയത് 2023 -ലാണ്. അഭയത്തിന് അപേക്ഷ നൽകി. അത് കിട്ടിയത് സെപ്തംബറിൽ. അനധികൃത കുടിയേറ്റക്കാരനല്ലെന്ന് ചുരുക്കം. കൃത്യമായ കണക്കുമില്ല. സുഡാനി അഭയാർത്ഥികൾക്ക് റെഫ്യൂജി പദവി കിട്ടാൻ എളുപ്പവുമാണ്. പക്ഷേ, പാരിസിൽ നിന്ന് അയർലന്‍റിൽ, പിന്നെ വടക്കൻ അയർലന്‍റിൽ. അതിൽ പകുതി പക്ഷേ, പരിശോധനകൾ വെട്ടിച്ചാണ്. CTA (Common Travel Area) എന്നൊരു തുറന്ന അതിർത്തിയുണ്ട് അയർലന്‍റിൽ നിന്ന് യുകെയിലേക്ക്. അതായത് വടക്കൻ അയർലന്‍റിലേക്ക്. ഈ യാത്രാവഴി ഒരുപാട് അഭയാർത്ഥികളും സ്വീകരിക്കുന്നതാണെന്ന് പറയപ്പെടുന്നു. അത് അനധികൃതവുമാണ്.

CTA എന്ന തുറന്ന അതിർത്തി

ഈ അതിർത്തി അടയ്ക്കണമെന്ന ആവശ്യം മുമ്പും ഉയ‍ർന്നിട്ടുണ്ട്. പക്ഷേ, 1998 -ലെ Good Friday ധാരണയുടെ ഭാഗമായി തുറന്നതാണ് ഈ അതിർത്തി. വടക്കൻ അയർലന്‍റിലെ ട്രബിൾസ് കാലത്തെ സംഘർഷം അവസാനിപ്പിച്ച ധാരണയാണത്. അടച്ചാൽ ധാരണയെ തള്ളിപ്പറയുന്നത് പോലെയാവും. ഇരുകൂട്ടരും തമ്മിലെ ബന്ധത്തെ തന്നെ അത് ബാധിച്ചേക്കും. രാഷ്ട്രീയകക്ഷികളെ സംബന്ധിച്ച് ആത്മഹത്യാപരം. 2019 -ൽ ധാരണ പുതുക്കിയതുമാണ്. ബ്രെക്സിറ്റ് ചർച്ചകളുടെയും ഭാഗമാണ്. ഡബ്ലിനിലും ഈ അതിർത്തി സെൻസിറ്റിവാണ്. പക്ഷേ കണക്കനുസരിച്ച്, 2024 -ൽ മാത്രം ഈ അതിർത്തി വഴി 17,000 -ത്തോളം അഭയാർത്ഥികൾ ബ്രിട്ടനിലെത്തിയിട്ടുണ്ട്. അടയ്ക്കുന്നത് അസാധ്യം. എന്നാൽ, നിയന്ത്രണം നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.

ബെൽഫാസ്റ്റിലെ പൊലീസും രാഷ്ട്രീയ നേതാക്കളും സമാധാന ആഹ്വാനങ്ങൾ ആവർത്തിക്കയാണ്. തൽകാലം പൊട്ടിത്തെറികളില്ല. പക്ഷേ, എപ്പോൾ വേണമെങ്കിലും സ്ഥിതി വഷളാകാം. കുടിയേറ്റക്കാ‍ർ ഭീതിയിലാണ്. കത്തിയാക്രമണത്തെ ഭീകരവാദമായി പൊലീസ് കണക്കാക്കുന്നില്ല. പക്ഷേ, കുടിയേറ്റ വിരുദ്ധത പടരുന്നത് തടയാൻ കഴിഞ്ഞിട്ടില്ല നേതാക്കൾക്കും പൊലീസിനും.

 

PREV
Read more Articles on
click me!

Recommended Stories

പ്രാതിനിധ്യ സംവരണത്തിൽ കത്തി പാക് അധിനിവേശ കശ്മീർ, അതും തെരഞ്ഞെടുപ്പ് കാലത്ത്!
നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ മദ്യത്തിൽ നിന്നും ചൈനീസ് മദ്യ ചരിത്രം കണ്ടെത്തി ഗവേഷകർ