നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ മദ്യത്തിൽ നിന്നും ചൈനീസ് മദ്യ ചരിത്രം കണ്ടെത്തി ഗവേഷകർ

Published : Jun 17, 2026, 12:40 PM IST
Chinese brewing techniques

Synopsis

നൂറ്റാണ്ടുകൾക്ക് മുൻപ് ചൈനീസ് യോദ്ധാക്കൾ ഉപയോഗിച്ചിരുന്ന മദ്യത്തിന്‍റെ രഹസ്യക്കൂട്ടുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ക്വിൻ രാജ്യത്ത് നിന്നും ലഭിച്ച തുറക്കാത്ത മദ്യക്കുപ്പിയിൽ നടത്തിയ പഠനങ്ങൾ, ചാമയും ഗോതമ്പും ബാർലിയും ഉപയോഗിച്ചുള്ള പുരാതന നിർമ്മാണ രീതികളിലേക്ക് വെളിച്ചം വീശുന്നു.

 

ചൈനയിലെ പുരാതന ഭരണാധികാരികളും യോദ്ധാക്കളും നുകർന്നിരുന്ന മദ്യത്തിന്‍റെ തനത് രുചിക്കൂട്ടുകൾ നൂറ്റാണ്ടുകൾക്ക് ശേഷം ശാസ്ത്രലോകം പുറത്തെടുക്കുന്നു. മദ്യ നിർമ്മാണത്തിന് പതിനായിരത്തിലധികം വർഷത്തെ പാരമ്പര്യമുള്ള ചൈനയിൽ, 'വാറിംഗ് സ്റ്റേറ്റ്സ്' (Warring States) കാലഘട്ടത്തിലെ ക്വിൻ രാജ്യത്ത് നിന്നും കണ്ടെടുത്ത തുറക്കാത്ത ഒരു മദ്യക്കുപ്പിയാണ് ഇപ്പോൾ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്നത്. സാധാരണയായി പുരാതന അവശിഷ്ടങ്ങളിൽ കാണാറുള്ള രാസവസ്തുക്കളുടെ നേർത്ത അടയാളങ്ങൾക്ക് പകരം, ഈ കുപ്പിയിൽ ദ്രാവകം അതേപടി അവശേഷിച്ചിരുന്നു എന്നതാണ് ഗവേഷകരെ അത്ഭുതപ്പെടുത്തിയത്. ഇത് പുരാതന ചൈനക്കാരുടെ സങ്കീർണ്ണമായ മദ്യനിർമ്മാണ രഹസ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

ഈ കണ്ടെത്തലുകളിൽ ഏറ്റവും ശ്രദ്ധേയം ബിസി 475-221 കാലഘട്ടത്തിലെ ക്വിൻ (Qin) രാജ്യത്ത് നിന്നും ലഭിച്ച, ഇതുവരെ തുറക്കാത്ത ഒരു മദ്യക്കുപ്പിയാണ്. സാധാരണയായി ഇത്തരം പഴയ അവശിഷ്ടങ്ങളിൽ രാസവസ്തുക്കളുടെ ചെറിയ അടയാളങ്ങൾ മാത്രമാണ് കാണാറുള്ളത്. എന്നാൽ, ഈ കുപ്പിയിൽ നിറയെ മദ്യമുണ്ടായിരുന്നു! ഇത് പുരാതന പാനീയത്തിന്‍റെ കൂട്ടുകളെക്കുറിച്ച് കൃത്യമായി പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചു.

ചേരുവകളും സാങ്കേതിക വിദ്യയും

ശാസ്ത്രജ്ഞർ ഈ പാനീയത്തിൽ 24 തരം രാസഘടകങ്ങൾ കണ്ടെത്തി. ചാമ (മില്ലറ്റ്), ഗോതമ്പ്, ബാർലി എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കിയതെന്ന് ഇതിലൂടെ വ്യക്തമായി. മദ്യം പുളിപ്പിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന 'ക്വു' (qu) എന്ന പ്രത്യേക കൂട്ടിനെക്കുറിച്ചും ഈ പഠനത്തിൽ പറയുന്നുണ്ട്. ധാന്യങ്ങളും വെള്ളവും ചേർത്ത് പൂപ്പൽ പിടിച്ച ഈസ്റ്റ് (mouldy yeast) ഉപയോഗിച്ച് മദ്യം തയ്യാറാക്കുന്ന രീതിയാണിത്. കൃത്യമായ അളവുകളോടെ മദ്യമുണ്ടാക്കാനുള്ള മികച്ച സാങ്കേതികവിദ്യ അക്കാലത്തുണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പുരാതന ചൈനയിൽ രണ്ട് രീതിയിലാണ് മദ്യം ഉണ്ടാക്കിയിരുന്നതെന്ന് ഗവേഷകർ പറയുന്നു.

1. മുളപ്പിച്ച ധാന്യങ്ങൾ അഥവാ മാൾട്ട് (nie) ഉപയോഗിച്ച്.

2. പൂപ്പൽ പിടിച്ച ധാന്യങ്ങളോ സസ്യങ്ങളോ (qu) ഉപയോഗിച്ച്

'ക്വു' (Qu) രീതിയും ബൈജുവും

​ചൈനീസ് മദ്യ നിർമ്മാണത്തിന്‍റെ പ്രധാന അടിസ്ഥാനമായ ഈ 'ക്വു' രീതി ഇന്നും ചൈനയിൽ പ്രചാരത്തിലുണ്ട്. ചൈനയിലെ ഏറ്റവും പ്രശസ്തവും വീര്യമേറിയതുമായ 'ബൈജു' (baijiu) എന്ന മദ്യം ഉണ്ടാക്കുന്നത് ഇങ്ങനെയാണ്. ചോളം പോലുള്ള 'സോർഗം' എന്ന ധാന്യം ചേർത്ത് രണ്ട് - മൂന്ന് മാസം പുളിപ്പിച്ച ശേഷമാണ് ഇത് വാറ്റിയെടുക്കുന്നത്. ഇതിൽ 60 മുതൽ 70 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടാകും. കമ്പനികൾ കൃത്രിമമായി ഉണ്ടാക്കുന്ന ഈസ്റ്റിന് പകരം തികച്ചും സ്വാഭാവികമായ ചേരുവകൾ ഉപയോഗിക്കുന്നത് കൊണ്ടാണ് ഈ മദ്യത്തിന് പ്രത്യേക രുചി ലഭിക്കുന്നത്.

'നീ' (Nie) രീതിയും 'ലി' പാനീയവും

മറ്റൊരു പഠനത്തിൽ, ചൈനയിലെ ഒരു പഴയകാല സൈനിക ഉദ്യോഗസ്ഥന്‍റെ കല്ലറയിൽ നിന്ന് ബിസി 206 - എഡി 220 കാലത്തെ ഒരു 'മാൾട്ട് ബിയർ' ഗവേഷകർ കണ്ടെത്തി. 'ലി' (li) എന്നറിയപ്പെടുന്ന, ബിയർ പോലുള്ള ഈ പാനീയം ഗോതമ്പ് മുളപ്പിച്ചുണ്ടാക്കിയ മാൾട്ട് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ​മുളപ്പിച്ച ധാന്യപ്പൊടി ചോറും വെള്ളവും ചേർത്ത് പുളിപ്പിച്ചെടുക്കുന്ന 'നീ' (nie) എന്ന രീതിയാണിത്. കട്ടികൂടിയതും, മണ്ണിന്‍റെ മണമുള്ളതുമായ ഈ പാനീയത്തിന് വീര്യം വളരെ കുറവാണ്. എന്നാൽ 1700 -കളിൽ തന്നെ ഈ രീതി നാട്ടിൽ നിന്ന് ഇല്ലാതായി. ​എന്തായാലും, പുരാതന പാനീയങ്ങളിലെ ഓർഗാനിക് ആസിഡുകൾ, അന്നജം, ഈസ്റ്റ് എന്നിവയെക്കുറിച്ചുള്ള ഈ പുതിയ പഠനങ്ങൾ ചൈനക്കാരുടെ പഴയകാല മദ്യരുചികളെയും ചരിത്രത്തെയും വ്യക്തമായി മനസ്സിലാക്കാൻ ശാസ്ത്രലോകത്തെ ഏറെ സഹായിക്കുന്നുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

യുഎസ് - ഇറാൻ സമാധാന ഉടമ്പടിക്ക് ധാരണ പക്ഷേ, ഇസ്രയേൽ?
കളഞ്ഞുപോയ ഫുട്ബോൾ ലോകകപ്പ് കണ്ടെത്തിയ 'പിക്ക്ബിൾസ്'; 1966 -ലെ വിചിത്രമായ മോഷണക്കഥ!