പാക് അധിനിവേശ കശ്മീരിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം രൂക്ഷമായി. വിലക്കയറ്റത്തിനെതിരെ തുടങ്ങിയ സമരം, നിയമസഭയിലെ സീറ്റ് സംവരണത്തിലെ തർക്കങ്ങളിലേക്ക് വഴിമാറിയതോടെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയും സംഘർഷം വ്യാപിക്കുകയുമായിരുന്നു. ഈ രാഷ്ട്രീയ പ്രതിസന്ധി അന്താരാഷ്ട്ര തലത്തിലും ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.
പാക് അധിനിവേശ കശ്മീരിൽ പിന്നെയും നടന്നു പ്രതിഷേധം. 16 പേർ മരിച്ചു. പ്രതിഷേധിച്ചത് ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC - Jammu Kashmir Joint Awami Action Committee) എന്ന കൂട്ടായ്മയാണ്. അവരുടെ നേതാക്കൾ അറസ്റ്റിലുമായി. 2023 -ലാണ് പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധങ്ങൾ പതിവാകാൻ തുടങ്ങിയത്. ഇപ്പോഴത്തെ പ്രകോപനം നിയമസഭയിലെ സീറ്റ് സംവരണത്തിൽ സുപ്രീംകോടതിയുടെ ഉത്തരവാണ്. ജൂലൈ 27 -നാണ് POK (Pakistan-occupied Kashmir) -യിൽ അടുത്ത തെരഞ്ഞെടുപ്പ്. അതിന് മുന്നോടിയായി ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം.
സീറ്റ് സംവരണത്തിലെ പാളിച്ചകൾ
1974 -ലെ ഭരണഘടനയനുസരിച്ച് POK സ്വയംഭരണ പ്രദേശമാണ്. പ്രധാനമന്ത്രി, പ്രസിഡന്‍റ്, അസംബ്ലി, കോടതി എല്ലാമുണ്ട്. പക്ഷേ, പ്രതിരോധം വിദേശനയം, കറൻസി, വാർത്താ വിനിമയം എന്നിവ പാകിസ്ഥാന്‍റെ കീഴിൽ. 53 സീറ്റുള്ള POK അസംബ്ലിയിൽ 33 അംഗങ്ങളെ മാത്രമേ പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാൻ പറ്റൂ. ബാക്കിയുള്ള സീറ്റുകളിൽ 12 എണ്ണം അഭയാർത്ഥികൾക്കാണ്. ജമ്മുകശ്മീരിൽ നിന്നെത്തി പാകിസ്ഥാന്‍റെ മറ്റ് മേഖലകളിൽ ജീവിക്കുന്നവർക്ക് മാത്രം. POK -യിൽ താമസിക്കുന്ന അഭയാർത്ഥികൾക്ക് ഈ സംവരണം ബാധകമല്ല. പിന്നെ 5 സീറ്റ് സ്ത്രീകൾക്കാണ്. ഒരെണ്ണം മതപണ്ഡിതർക്ക്. ഒരെണ്ണം വിദേശത്ത് ജീവിക്കുന്ന കശ്മീരികൾക്ക്. ഒരെണ്ണം ടെക്നോക്രാറ്റുകൾക്ക്. ഇതിലെ 12 അഭയാർത്ഥി സീറ്റുകളിൽ പോളിംഗ് നടക്കുന്നത് POK -ക്ക് പുറത്താണ്.
പാക് സൈന്യത്തിന്‍റെ ഇടപെടലെന്ന് ആരോപണം
ഇവിടെ, ആരോപണം സൈന്യത്തിനെതിരാണ്. അവർക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റാനാണ് ഈ സംവരണം എന്നാണ് ആരോപണം. അതുമാത്രമല്ല എതിർപ്പിന് കാരണം. പോളിംഗ് പുറത്താണെങ്കിലും ചെലവ് വഹിക്കേണ്ടത് POK -യാണ്. തെരഞ്ഞെടുക്കപ്പെടുന്നത് പുറത്ത് നിന്നുള്ളവർ. അവർക്കുള്ള ഫണ്ടും POK തന്നെ വഹിക്കണം. ഈ സംവരണം വേണ്ട എന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.
സ്വാതന്ത്ര്യം ലഭിച്ച 1947 -ലാണ് പ്രശ്നത്തിന്‍റെ തുടക്കം. ജമ്മുകശ്മീരിൽ നിന്നെത്തി കുറേപ്പേർ. 65 -ൽ പിന്നെയും എത്തി കുറേപ്പേർ. POK -യിലല്ല ഇവരാരും താമസമാക്കിയത്. അവർക്കായി സീറ്റുകൾ മാറ്റിവച്ച്, പുറത്ത് പോളിംഗ് നടത്തുന്നത് 1974 -ൽ തുടങ്ങിയ രീതിയാണ്. കശ്മീർ വിഷയത്തിൽ തങ്ങളുടെ നയം വ്യക്തമാക്കുന്ന തീരുമാനം എന്നാണ് സർക്കാർ പക്ഷം. അതുകൊണ്ട് സംവരണം എടുത്ത് കളയാൻ പറ്റില്ലെന്നും.
പ്രതിഷേധങ്ങൾ മുമ്പും
POK -യിൽ പ്രതിഷേധങ്ങൾ പുത്തരിയല്ല. 2023 -ലെ പ്രതിഷേധം വൈദ്യുത നിരക്കിലും സബ്സിഡി ഗോതമ്പ് കിട്ടാതെ ആയതിലും ആയിരുന്നു. മംഗ്ലാ അണക്കെട്ടുണ്ട്. അത് കെട്ടാൻ വേണ്ടി പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ചതാണ്. എന്നിട്ടും ഉയർന്ന നിരക്ക് എന്തിനെന്നായിരുന്നു ചോദ്യം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിഒകെയിൽ പ്രതിഷേധം ശക്തമായത്. 2024 -ലെ പ്രതിഷേധത്തെത്തുടർന്ന് ആശ്വാസ നടപടികൾ പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ പ്രതിഷേധവും തുടങ്ങിയത് വിലക്കയറ്റത്തിനും വൈദ്യുതി നിരക്കിലും നികുതി നയത്തിനും എതിരായി. ജെഎഎസിയുടെ നേതൃത്വത്തിലെ പ്രതിഷേധം പക്ഷേ, സംവരണത്തിലേക്ക് തിരിഞ്ഞു, രാഷ്ട്രീയ കെടുകാര്യസ്ഥതയും വിഷയമാണ്. അതടിച്ചമർത്താൻ സർക്കാർ ശ്രമിച്ചതോടെ കാര്യങ്ങൾ വഷളായി. കൂട്ടക്കൊല എന്നാണ് ജെഎഎസിയുടെ ആരോപണം.
ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റി
2023 -ലാണ് ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റി എന്ന ജെഎഎസി രൂപമെടുത്തത്. വ്യാപാരികളും ടെക്നോക്രാറ്റുകളും സാധാരണക്കാരും അംഗങ്ങളായ സംഘടന. ഷൗക്കത്ത് നവാസ് മിർ (Shaukat Nawaz Mir) ആണ് നേതാവ്. ഇപ്പോഴത്തെ പ്രതിഷേധത്തോടെ ജെഎഎസിയെ ഭീകരവാദ വിരുദ്ധ ചട്ടത്തിൻ കീഴിലാക്കി പ്രാദേശിക സർക്കാർ. രാജ്യത്തെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നാണ് ആരോപണം.
ജിൽജിത് - ബാൾട്ടിസ്ഥാൻ
തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ജിൽജിത്-ബാൾട്ടിസ്ഥാനിലും (Gilgit-Baltistan) പ്രതിഷേധങ്ങൾ നടന്നിരുന്നു. രണ്ട് പ്രദേശത്തെയും പൊതുപ്രശ്നം വികസനമില്ലായ്മയാണ്. സാമ്പത്തിക പ്രതിസന്ധി കടുത്തത്, പ്രാതിനിധ്യം മറ്റൊന്ന്. ജിൽജിത് - ബാൾട്ടിസ്ഥാനിൽ ഷിയാ ഭൂരിപക്ഷമാണ്. വംശീയ സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. പ്രവിശ്യാ അധികാരം നൽകിയിട്ടില്ല ഈ മേഖലയ്ക്ക്. പൗരാവകാശങ്ങളും കുറവ്. പാകിസ്ഥാന്‍റെ ഭാഗമാകണമെന്ന ആവശ്യമുണ്ട്. പാകിസ്ഥാൻ വഴങ്ങാത്തത് അഭിപ്രായ വോട്ടെടുപ്പ് പേടിച്ചാണെന്നാണ് റിപ്പോർട്ട്. ചൈനയ്ക്ക് ഇവിടത്തെ സംഘർഷം സമാധാനക്കേടാണ്. കാരണം, ചൈനയുടെ പാക് - ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് ഇവിടം വഴിയാണ്. അത് മറ്റൊരു കഥ.
POK -യിലെ പ്രശ്നങ്ങളിൽ ഇന്ത്യക്കുള്ള ആശങ്കയും ചെറുതല്ല. ബ്രിട്ടനിലെ എംപിമാരും ആഭ്യന്തര സെക്രട്ടറിക്ക് കത്തെഴുതി. അറസ്റ്റുകളിലും സംഘർഷത്തിലും ആശങ്ക പ്രകടമാക്കിക്കൊണ്ട്. ഇന്‍റർനെറ്റും മൊബൈൽ സർവീസും തടസ്സപ്പെട്ടെന്നും ബ്രിട്ടനിലെ കശ്മീരികൾക്ക് പിഒകെയിലുള്ള ബന്ധക്കളുടെ വിവരങ്ങൾ അറിയാൻ കഴിയുന്നില്ലെന്നും കത്തിലുണ്ട്. പക്ഷേ, സന്ദർശകരെ പോലും നിരുൽസാഹപ്പെടുത്തിയിരിക്കയാണ് പ്രാദേശിക സർക്കാർ.


