
സിറിയയിൽ പിന്നെയും ഏറ്റുമുട്ടൽ നടന്നു. സിറിയൻ സൈന്യവും കുർദ്ദിഷ് സൈന്യമായ സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസും തമ്മിലാണ്. ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയതാണ്. ലംഘനം പതിവാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. അങ്ങനെയെങ്കിൽ സിറിയ വീണ്ടും പോർക്കളമാകും. എസ്ഡിഎഫ് (Syrian Democratic Forces) ചില്ലറക്കാരല്ല.
സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസ് എന്ന എസ്ഡിഎഫിനെയാണ് അസദിനെതിരായ ആഭ്യന്തര കലാപത്തിൽ അമേരിക്ക പിന്തുണച്ചത്. കുർദ്ദുകളുടെ സൈന്യം, ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധർ, സിറിയയുടെ വടക്ക് കിഴക്കൻ മേഖല അവരുടെ അധീനതയിലാണ്. കൂടുതലും വൈപിജി (Yekîneyên Parastina Gel - People's Defense Units) എന്ന കുർദ് സംഘടനയിലെ അംഗങ്ങൾ.
വൈപിജിയെ തുർക്കി പ്രസിഡന്‍റ് എർദോഗന് പോലും പേടിയാണ്. തുർക്കിയിലെ കുർദ്ദ് സംഘടനയായ പികെകെയുടെ (Kurdistan Workers' Party) ഒരു വിഭാഗമാണ് വൈപിജിയെന്നാണ് എർദോഗന്‍റെ ആരോപണം. പികെകെയെ ഭീകരവാദ സംഘടനയായി തുർക്കി മുദ്രകുത്തിയതാണ്. രണ്ടുകൂട്ടരെയും ഇല്ലാതാക്കാൻ എർദോഗൻ ആവുന്നത്ര ശ്രമിച്ചിരുന്നു. വൈപിജിയെ ലക്ഷ്യമിട്ടാണ് അതിർത്തി കടന്ന് ആക്രമണങ്ങൾ പതിവാക്കിയത്. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ അനുയായികളോട് ആയുധം താഴെവയ്ക്കാൻ ആവശ്യപ്പെട്ടു. ജയിലിലുള്ള പികെകെ നേതാവ് ഒക്ലാൻ. അപ്പോഴും പക്ഷേ, സിറിയയിലെ സിഡിഎഫ് മയപ്പെട്ടില്ല. ആദ്യം അവരെ ഇല്ലാതാക്കാനാണ് അഹ്മദ് അൽ ശരാ സർക്കാർ ശ്രമിച്ചതെന്നാണ് ആരോപണം. പിന്നെ എന്തായാലും സമവായത്തിന്‍റെ വഴി തേടി. അങ്ങനെ ധാരണയായി, അവരുടെ അധീനതയിലുള്ള വടക്കുകിഴക്ക് സർക്കാരിന്‍റെ അധീനതയിലാക്കാൻ രൂപരേഖയായി. സമാധാനം കൈവന്നുവെന്ന് സിറിയക്കാരും ആശ്വസിച്ചു. പക്ഷേ, കനലുകൾ കെട്ടിട്ടില്ലെന്ന് ഇപ്പോഴത്തെ ആക്രമണം സൂചിപ്പിക്കുന്നു.
കുർദുകളുമായി ധാരണയിലൊപ്പിട്ടത് അഹ്മദ് അൽ ഷരാ എന്ന മുൻ അൽഖ്വയിദ നേതാവിന്‍റെ തന്ത്രപരമായ തീരുമാനമാണ്. അൽഖ്വയിദ പ്രതിഛായ തിരുത്താനുള്ള ശ്രമം. അമേരിക്കയുമായും ഇസ്രയേലുമായും നല്ല ബന്ധമുള്ള കുർദ്ദുകളെ കൈയിലെടുത്താൽ അത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടൽ. ഇപ്പോഴും അത് തെറ്റിയോയെന്ന് പറയാറായിട്ടില്ല. എസ്ഡിഎഫ് നിയന്ത്രണത്തിലെ മേഖലകൾ സൈന്യം ആക്രമിച്ചുവെന്നാണ് ആരോപണം. പ്രതിരോധ വകുപ്പ് മറിച്ച് പറയുന്നു.
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോഴും സജീവമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അമേരിക്ക സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ലക്ഷ്യമിട്ടത് ഐഎസ് കേന്ദ്രങ്ങളെയെന്നാണ് അറിയിപ്പ്. ഡിസംബർ 13 -ന് നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു ദ്വിഭാഷിയും മരിച്ചിരുന്നു.
രാജ്യത്തിപ്പോഴും അമേരിക്കൻ സൈനികർ തുടരുന്നുണ്ട്. ഇപ്പോഴും സിറിയയുടെ തെക്ക് ശേഷിക്കുന്ന ഐഎസിനെ നേരിടുകയാണ് ദൗത്യം. ജോർദാനടക്കമുള്ള രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളുമാണ്. ആക്രമണത്തിൽ ജോർദാനും പങ്കെടുത്തിരുന്നു.
സിറിയയിലെ അവസ്ഥ സത്യത്തിൽ എന്ത് എന്നതിൽ വിരുദ്ധ റിപ്പോർട്ടുകളാണ് വരുന്നത്. അസദ് കാലത്തെ കുപ്രസിദ്ധ തടവറകൾ ഇപ്പോൾ കഫേകളും തിയേറ്റർ പഠനകേന്ദ്രങ്ങളുമായി രൂപം മാറിയെന്ന് റിപ്പോർട്ട് ചെയ്തത് റോയിട്ടേഴ്സാണ്. പക്ഷേ, സ്ഥീരികരിക്കാനായിട്ടില്ലെന്ന അടിക്കുറിപ്പോടെയാണ് റിപ്പോർട്ടുകൾ. അതേസമയം റോയിട്ടേഴ്സിന്‍റെ അന്വേഷണ റിപ്പോർട്ട് മറ്റൊന്നാണ്. അസദിന്‍റെ തടവറകൾ ഇപ്പോഴും തടവറകൾ തന്നെയായി തുടരുന്നു.
മുമ്പ് അസദ് വിരുദ്ധരായിരുന്നെങ്കിൽ, ഇപ്പോഴവയിൽ നിറയെ അസദ് അനുകൂലികളാണെന്നാണ് റിപ്പോർട്ട്. സിറിയയിലെ കശാപ്പുശാലകൾ എന്നറിയപ്പെട്ട തടവറകൾ ഷരാ സർക്കാരിന്‍റെ അധികാരമേൽക്കലോടെ ഒഴിച്ചതാണ്. പക്ഷേ, അധികവും നിറഞ്ഞു കഴിഞ്ഞുവെന്നും പീഡനമടക്കമുള്ള ക്രൂരതകൾ പഴയതിലും തീവ്രമായി തുടരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. പകരം വീട്ടലാണ്. അസദിന്‍റെ ന്യൂനപക്ഷ മതവിഭാഗമായ അലവൈറ്റുകൾ, ദ്രൂസുകൾ, അസദിന്‍റെ ഉദ്യോഗസ്ഥർ, സൈനികർ എല്ലാവരും ഇന്ന് ഈ തടവറകളിലാണ്. വിചാരണയില്ല. തലവെട്ടിക്കൊല്ലലും പതിവ്.
ഈ തടവറകൾ ഇനിയുണ്ടാകില്ലെന്ന് 2024 ഡിസംബറിൽ അഹ്മദ് അൽ ഷരാ പ്രതിജ്ഞയെടുത്തിരുന്നു. പക്ഷേ, അതിനുശേഷം ഇതുവരെ, ഒരു വർഷത്തിനകം, 28 -ഓളം തടവറകൾ നിലനിൽക്കുന്നുവെന്ന് റോയിട്ടേഴ്സിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. സുരക്ഷയുടെ പേരിൽ തടവിലാക്കുന്നവരുടെ റെക്കോർഡ് പോലുമില്ല. കുറ്റാരോപണവുമുണ്ടാകാറില്ല. മരണങ്ങൾ പലപ്പോഴും കുടുംബങ്ങളറിയാറുമില്ലെന്നാണ് റിപ്പോർട്ട്. പഴയതിലും മോശമാണ് തടവുകാരുടെ അവസ്ഥ. കിടക്കാനുള്ള സ്ഥലം പോലുമില്ലെന്ന് മുൻ തടവുകാർ പറയുന്നു.
ദമാസ്കസിലെ ആദ്ര ജയിലിൽ (Adra Prison) 3,500 തടവുകാരുണ്ടെന്നാണ് സർക്കാർ കണക്ക്. പക്ഷേ, എല്ലായിടത്തേയും കണക്കുകൾ അങ്ങനെ കിട്ടില്ല. അസദിന്‍റെ കാലത്ത് ജയിലുദ്യോഗസ്ഥരുടെ അഴിമതി കുപ്രസിദ്ധമായിരുന്നു. അതിപ്പോഴുമുണ്ടെന്നാണ് തടവുകാരുടെ അനുഭവ സാക്ഷ്യം. കുടുംബത്തെ കാണണമെങ്കിൽ പണം കൊടുക്കണം. മോചനത്തിന് വില കൂടും. സാധാരണക്കാർക്ക് വേറെ ഉന്നത സൈനികോദ്യോഗസ്ഥർക്ക് വേറെ. പണം കൊടുത്താലും മോചനം ഉറപ്പുമില്ല. തല്ലിക്കൊന്നിട്ട് ശരീരം വിട്ടുകൊടുക്കുന്നതും പതിവ്. കുടുംബം പരാതിപ്പെട്ടാൽ അവരെ കള്ളക്കേസിൽ പെടുത്തും. ഈ അന്വേഷണ വിവരങ്ങൾക്ക് തെളിവായി വാർത്താ ഏജൻസിചിത്രങ്ങളും പുറത്തുവിട്ടു. പക്ഷേ, പലതിനും തെളിവില്ല. പറഞ്ഞ് കേൾക്കുന്നത് മറ്റ് പലതുമായി ഒത്തുനോക്കിയാണ് റിപ്പോർട്ട്.
മനുഷ്യാവകാശ സംഘടനകളും ഇതൊക്കെ ശരിവയ്ക്കുന്നു. തങ്ങളുടെ ആൾക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവംബറിൽ അലവൈറ്റുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഫലം കണ്ടതായി റിപ്പോർട്ടില്ല. ഇതൊക്കെ സത്യമെങ്കിൽ അസദിന്‍റെ സിറിയയോളം തന്നെ മോശമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് വിചാരിക്കേണ്ടിവരും. ഷരാ സർക്കാരിന് ഭരണം നടപ്പാക്കാനായോവെന്നും സംശയിക്കണം. റിപ്പോർട്ടിൽ പറയുന്നത്ര അരാജകത്വമാണ് രാജ്യത്തെങ്കിൽ, പഴയ കലാപക്കനലുകൾ അണയില്ല.