
ലഹരി വലയിൽ കുടുങ്ങിയ മലയാള സിനിമ. ലൊക്കേഷനുകളിൽ താരങ്ങൾക്കായി ലഹരി ഇടപാട് നടത്തുന്നത് ആരാണ്? സിനിമാ സെറ്റുകളിലുളളവർ തന്നെ ലഹരി റാക്കറ്റിന്‍റെ ഏജന്റുമാരാണോ? സുന്ദരികളായ യുവതികളെ ഈ ലഹരി ഇടപാടിന് മറയാക്കുന്നുണ്ടോ ? മലയാള സിനിമയിലെ മാർക്കറ്റിങ് വിദഗ്ധയായ റിൻസി മുംതാസ് എന്ന മുപ്പത്തിരണ്ടുകാരിയാണ് ലഹരി ഇടപാടിന് ഏറ്റവുമൊടുവിൽ പിടിയിലായത്. ഈ അന്വേഷണം ഇനി ചെന്നെത്തുക സിനിമാ മേഖലയുടെ ആരുടെ മടയിലേക്കാണ്. കേസ് ഡയറി പരിശോധിക്കുന്നു.
ഇക്കഴിഞ്ഞ ജൂലൈ 9 ബുധനാഴ്ച. സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശ വ്യാപക പണിമുടക്ക് നടക്കുന്ന ദിവസം. പതിവ് തിരക്കൊഴിഞ്ഞ കൊച്ചി നഗരം. വൈകിട്ട് മൂന്നര കഴിഞ്ഞു. അടുത്ത മഴയ്ക്കായി ആകാശത്ത് കാർമേഘം കൂടുകൂട്ടുന്നു. കാക്കാനട് സീ പോർട് എയർപോർട് റോഡിൽ ഇൻഫോപാർക് എക്സ്പ്രസ് വേയ്ക്കടുത്ത് ആരുടെയും കണ്ണിൽപെടാതെ രണ്ട് വാഹനങ്ങൾ ഇടവഴി കയറി നിന്നു. ബൊലേറോയും പിന്നൊരു ടാക്സി കാറും. രണ്ട് വാഹനങ്ങളിലായി അവർ ഏഴുപേർ. ലഹരി ഇടപാട് പിടികൂടാൻ കൊച്ചി സിറ്റി പൊലീസിന്‍റെ കീഴിലുള്ള ഡാൻസാഫ് സംഘം. എസ്ഐ ആൽബി എസ് പുതുക്കാട്ടിലിന്‍റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലീസുകാർ. അവരിൽ രണ്ട് പേർ ബൊലേറോയിൽ നിന്ന് പുറത്തേക്കിറങ്ങി. എക്സ്പ്രസ് വേയിലുടെ വരുന്ന വാഹനങ്ങളിലൂടെ കണ്ണുകൾ പരതി. ഇരുപത് മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും. അവരെക്കടന്ന് ഒരു ബൈക്ക് വേഗത്തിൽ ഓടിച്ച് പോയി. നമ്പർ തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇടവഴിയിൽ നിന്ന് തങ്ങളുടെ വാഹനങ്ങൾ പുറത്തേക്കെടുത്ത് പിന്നാലെയെത്തി. മുന്നിലുള്ള ബൈക്ക് യാത്രികന് യാതൊരു സംശയവും തോന്നാത്തവിധം നിശ്ചിത അകലം പാലിച്ച് പിൻതുടർന്നു. സെസ് ജംങ്ഷനും കടന്ന് ബൈക്ക് ഈച്ചമുക്കിലെത്തി. പിന്നെ ഇടതോട്ട് തിരിഞ്ഞ് തുതിയൂർ റോഡിലേക്ക് കയറി. പൊലീസ് വാഹനങ്ങൾ പിന്നാലെയെത്തി. പാലച്ചുവട് ജംങ്ഷൻ എത്തും മുമ്പ് ബൈക്ക് വലത്തോട്ട് തിരിഞ്ഞ് ഇടറോഡിലേക്ക് കയറി. അത് ചെന്നുനിന്നത് വമ്പൻ ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിൽ. ഡിഡി ഗോൾഡൻ ഗേറ്റ്.
ബൈക്കിന് പിന്നാലെ
പതിവ് താമസക്കാരനെപ്പോലെ ബൈക്ക് യാത്രികനായ യുവാവ് ഗേറ്റ് കടന്ന് അകത്തേക്ക് പോയി. ഡാൻസാഫ് സംഘം അഞ്ച് മിനിറ്റ് കാത്തുനിന്നു. പിന്നെ മഫ്തിയിലുളള ഓരോരുത്തരും ഫ്ലാറ്റ് സമുച്ചയത്തിന്‍റെ കോമ്പൗണ്ടിലേക്ക് നടന്നുകയറി. സമയം നാലേകാലോടടുക്കുന്നു. മുറ്റത്ത് കളിക്കുന്ന കുട്ടികളെ മറികടന്ന് അവർ സെക്യൂരിറ്റി ക്യാബിനിലെത്തി. ബൈക്കിലെത്തിയ യുവാവ പോയ വഴിയന്വേഷിച്ചു. ഒന്നാം ടവറിലെ പന്ത്രണ്ടാം നിലയിലുള്ള J 1122 അപ്പാർട്മെന്‍റിലേക്ക്. ആരാണ് നിങ്ങളെന്ന് സെക്യരിറ്റി ജീവനക്കാരൻ ചോദിക്കും മുമ്പേതന്നെ മഫ്തിയിലുള്ള പൊലീസ് ലിഫ്ടിനടുത്തെത്തിയിരുന്നു. പന്ത്രണ്ടാം നിലയിൽ ലിഫ്ടിറങ്ങുമ്പോൾ J 1122 അപ്പാർട്മെന്‍റിൽ തങ്ങളെ കാത്തിരിക്കുന്നതെന്തെന്ന് അവർക്ക് യാതൊരൂഹവും ഉണ്ടായിരുന്നില്ല.
ഫ്ലാറ്റിലെ പരിശോധന
ഡാൻസാഫ് സംഘത്തിലുളള എഎസ്ഐ രഞ്ജിത് കുമാർ കോളിങ് ബെല്ലിൽ വിരലമർത്തി. അൽപനേരം അനക്കൊമൊന്നുമുണ്ടായില്ല. വീണ്ടും ബെല്ലടിക്കാൻ ഒരുങ്ങുമ്പോഴാണ് ചെറുപ്പക്കാരൻ വാതിൽ തുറന്നത്. തങ്ങൾ പിന്തുടർന്നെത്തിയ ആൾതന്നെയാണ് വാതിൽക്കല്ലെന്ന് വേഷം കൊണ്ട് അവര്‍ തിരിച്ചറിഞ്ഞു. ആരാണെന്ന് ചോദ്യമുയരും മുമ്പേ പൊലീസ് സംഘം ഫ്ലാറ്റിനുള്ളിലേക്ക് ഇരച്ചു കയറി. യുവാവിനോട് സോഫയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. പൊലീസാണ് തങ്ങളെന്ന് എസ്ഐ ആൽബി അറിയിച്ചു. ഫ്ലാറ്റ് പരിശോധിക്കാനെത്തിയതാണെന്ന് എഎസ്ഐ ഷാജി മോൻ പറഞ്ഞതോടെ യുവാവൊന്നു പതറി. എന്താണ് പേരെന്ന് ചോദിച്ചു. യാസർ അറാഫാത്ത്. 34 വയസ്. കോഴിക്കോട് കല്ലായി സ്വദേശി. എന്താണ് ജോലി. ബിസിനസ് എന്ന് മറുപടി. രണ്ട് പൊലീസുകാർ അയാളെ സോഫയിൽ നിന്ന് എഴുനേൽപ്പിച്ച് ഭിത്തിയോട് ചേർത്തുനിർത്തി, ദേഹപരിശോധന നടത്തി. ഇല്ല, ഒന്നുമില്ല. ഈ സമയത്താണ് സുന്ദരിയായൊരു യുവതി അകത്തേ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവന്നത്. പൊലീസുകാർ പരസ്പരം നോക്കി. തങ്ങളന്വേഷിച്ചിരുന്ന രണ്ടാമത്തെയാളെന്ന് അവരുടെ കണ്ണുകൾ പറയാതെ പറഞ്ഞു.
"നിങ്ങളാര്? എന്താണീ ചെയ്യുന്നത് ?" യുവതിയുടെ മുഖത്ത് അമ്പരപ്പും ദേഷ്യവും. അവർ പൊലീസുകാർക്കടുത്തേക്ക് പാഞ്ഞെത്തി. "റാഫയെ എന്തിനാണ് പിടിച്ചുവെച്ചിരിക്കുന്നത്. നിങ്ങളാരാണ്". യുവതി പകപ്പോടെ ചോദിച്ചു. പൊലീസെന്ന് എസ്ഐ ആൽബിയുടെ മറുപടി. തങ്ങൾ ഈ ഫ്ലാറ്റ് പരിശോധിക്കാൻ വന്നതാണ്. ബുദ്ധിമുട്ടുണ്ടാക്കരുത്." മറുപടിയിയിൽ യുവതിയൊന്നു പകച്ചു. "എന്താണ് നിങ്ങളുടെ പേര്?" എസ് ഐ സുധീർ ബാബു ചോദിച്ചു. "റിൻസി മുംതാസ്" യുവതി മറുപടി നൽകി. നാടെവിടെയാണ്? ഇവിടെയെന്ത് ചെയ്യുന്നു? കോഴിക്കോട്, ഫാറൂഖ്. എന്ന് റിൻസ് മുംതാസിന്‍റെ മറുപടി. മലയാള സിനിമയിലെ മാർക്കറ്റിങ് സ്പെഷലിസ്റ്റാണ്
"നിങ്ങൾ അകത്തെ മുറിയിൽ പോയി ഇരിക്കൂ. യാതൊരു കാരണവശാലും ഫോൺ ഉപയോഗിക്കരുത്." എസ്ഐ ആൽബി യുവതിയോട് കർക്കശ സ്വരത്തിൽ പറഞ്ഞു. വനിതാ പൊലീസുകാരെ വിളിച്ച് വരുത്താനും ഒപ്പമുളളവരോട് ആവശ്യപ്പെട്ടു. അപ്പോൾ സമയം അഞ്ച് മണിയോടടുത്തിരുന്നു. പൊലീസ് സംഘം ഫ്ലാറ്റിൽ വിവിധയിടങ്ങളിലായി പരിശോധന തുടങ്ങി. ഹാളിലും കിടപ്പമുറിയിലും അലമാരയിലും ബാത്റൂമിലും ഓരോരുത്തരായി അരിച്ചുപെറുക്കി. റിൻസി മുംതാസിന്‍റെ മുറിയിൽ നിന്ന് സ്വർണത്തിലും ഡയമണ്ടിലും തീർത്ത ചില ആഭരണങ്ങൾ കിട്ടി.
തെരച്ചിൽ തുടരുന്നതിനിടെയാണ് സിവിൽ പൊലീസ് ഓഫീസർ മനോജ് സോഫയിലേക്കൊന്ന് ശ്രദ്ധിച്ചത്. യാസർ ആറാഫാത്തിനെ ആദ്യം പിടിച്ചിരുത്തിയതിന് തൊട്ടടുത്തായി മഞ്ഞയും പച്ചയും ചുവപ്പും നിറമുള്ള GUCCI എന്നെഴുതിയ ചെറിയൊരു ബാഗ്. സാധാരണ സിനിമാ സെറ്റുകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവുകൾ അരയിൽ കെട്ടുന്നത് പോലൊന്ന്. മനോജ് അതെടുത്ത് എസ്ഐ ആൽബിയ്ക്ക് നീട്ടി. ഉദ്യോഗസ്ഥൻ ഉദ്യോഗത്തോടെ അത് തുറന്നു. അതിനുളളിൽ കുറച്ച് സിപ് ലോക് കവറുകൾ. അതിനുള്ളിലെ വലിയൊരുകവറെടുത്ത് തുറന്നപ്പോഴാണത് കണ്ടത്. രാസലഹരിയായ എംഡിഎംഎ. ചില ഒഴിഞ്ഞ കവറുകളും ബാഗിനുള്ളിൽ ഉണ്ടായിരുന്നു. പരിശോധനയിൽ 20.55 ഗ്രാം എന്ന് ബോധ്യപ്പെട്ടു.
ചോദ്യം ചെയ്യല്‍
വൈകിട്ട് ആറ് മണിയോടെയാണ് യാസർ അറാഫാത്തിനെയും റിൻസി മുംതാസിനെയും പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങിയത്. രണ്ട് പേരെയും ഫ്ലാറ്റിനുള്ളിലെ രണ്ട് മുറികളിലാക്കി വിവരങ്ങൾ തേടി. മലപ്പുറത്ത് നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് യാസർ അറാഫാത്തിന്‍റെ മൊഴി. കൊച്ചിയിൽ വിവിധയിടങ്ങളിൽ എത്തിച്ച് വൻ വിലയ്ക്ക് മറിച്ചു വിൽക്കുകയായിരുന്നു. ഇൻഫോപാർക്കിലെ ചില ടെക്കികളും സിനിമാക്കാരും അടക്കം സ്ഥിരം കസ്റ്റമേഴ്സ് ഉണ്ടായിരുന്നു. ലഹരി ഇടപാടിൽ റിൻസി മുംതാസിന്‍റെ പങ്കാളിത്തം എന്താണ് ? പൊലീസ് തിരക്കി. റിൻസി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് അറാഫാത്തിന്‍റെ മറുപടി. നിങ്ങൾ തമ്മിലുള്ള ബന്ധമെന്താണ്? സീനിയർ സിപിഒ മധുസുദനൻ ചോദിച്ചു. ഞങ്ങൾ സുഹൃത്തുക്കളാണ്. കൊച്ചിയിൽ വരുമ്പോൾ റിൻസിക്കൊപ്പമാണ് താമസം.
തൊട്ടടുത്ത മുറിയിൽ മുപ്പത്തിരണ്ടുകാരിയായ റിൻസിയെയും വനിതാ സിപിഒ എഎസ്ഐ പ്രീതയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ലെന്നായിരുന്നു റിൻസിയുടെ ആദ്യ മറുപടി. യാസർ അറാഫാത്തതിന്‍റെ ഇടപാടുകളിൽ തനിക്ക് യാതൊരു പങ്കാളിത്തവുമില്ല. എന്നാൽ, തൊട്ടടുത്ത മുറിയിൽ യാസർ അറാഫാത്ത് നൽകിയ മൊഴി പൊലീസ് ആവർത്തിച്ചതോടെ റിൻസിക്ക് ഉത്തരം മുട്ടി. രാത്രി എട്ട് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് ഇരുവരെയും കൊണ്ട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിൽ നിന്നും ഇറങ്ങി.
പോലീസെത്തിയ വഴി
കൊച്ചിയിൽ സിനിമാ മാർക്കറ്റങ് സ്ട്രാറ്റജിസ്റ്റായ റിൻസി മുംതാസിലേക്കും യാസർ അറാഫാത്തിലേക്കും പൊലീസ് എത്തിയതെങ്ങനെയാണ്. കഴിഞ്ഞ ജൂലൈ 9 -ന് കൊച്ചിയുടെ ആകാശത്ത് കാർമേഘങ്ങൾ വലവിരിച്ച സന്ധ്യയിൽ ഇരുവരിലേക്കും പൊലീസ് വട്ടമിട്ടിറങ്ങിയത് എങ്ങനെയാണ്? അതിന് പിന്നിൽ ആഴ്ചകൾക്ക് മുമ്പത്തെ മറ്റൊരു സംഭവമുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വയനാട്ടിൽ നിന്ന് ഒരു ലഹരി ഇടപാടുകാരൻ അവിടുത്തെ പൊലീസിന്‍റെ വലയിലാകുന്നത്. സംസ്ഥാനത്തിന്‍റെ അതിർത്തി കടന്നെത്തുന്ന കൊക്കെയിനും എംഡിഎംഎയും അടങ്ങുന്ന ലഹരി മരുന്ന് കേരളത്തിന്‍റെ വിവിധയിടങ്ങളിൽ ഇടനിലക്കാർക്ക് വിൽക്കുന്നത് ഇയാളായിരുന്നു. ഈ വയനാട് സ്വദേശിയുടെ ഫോൺ പൊലീസ് അന്ന് വിശദമായി പരിശോധിച്ചു. ആ ഫോണിൽ നിന്നാണ് റിൻസി മുംതാസിന്‍റെ നമ്പർ കിട്ടിയത്. അറസ്റ്റിലായ വ്യക്തിയുമായി റിൻസി ആഴ്ചകളോളം നടത്തിയ വാട്സാപ് ചാറ്റുകൾ സത്യത്തിൽ പൊലീസിനെ ഞെട്ടിച്ചു കളഞ്ഞു. കൊക്കെയ്ൻ ഇടപാടിനെക്കുറിച്ചുള്ള ചാറ്റുകൾ, ലഹരിക്കച്ചവടത്തിൽ തനിക്ക് കിട്ടാനുളള പണത്തെക്കുറിച്ചുള്ള തർക്കങ്ങൾ, എംഡിഎംഎ ഇടപാടിനെക്കുറിച്ചുളള വിവരങ്ങൾ. അങ്ങനെയാണ് റിൻസിയും യാസർ അറാഫാത്തും കൊച്ചി സിറ്റി പൊലീസിന്‍റെ റഡാറിലെത്തുന്നത്. ഇവരുടെ ഓരോ നീക്കങ്ങളും ഡാൻസാഫ് സംഘം ആഴ്ചകളായി നിരീക്ഷിക്കുകയായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് കാക്കനാട് സീ പോർട്ട് എയർ പോർട്ട് റോഡിലെ എക്സ്പ്രസ് വേയിൽ പൊലീസ് അന്ന് വൈകുന്നരം കാത്തുനിന്നത്.
റിൻസി മുംതാസ്
ആരാണ്, റിൻസി മുംതാസ് എന്ന 32 -കാരി. മലയാള സിനിമയിൽ അവർ ആരാണ്? എങ്ങനെയാണ് കൊച്ചിയിൽ എത്തിയത്? ആരാണ് ലഹരി മരുന്നിന് ഇടനിലക്കാരിയായത്? സിനിമയിലെ ആർക്കൊക്കെ കൊക്കെയ്നും എംഡിഎംഎയും എത്തിച്ചിരുന്നു?
അറസ്റ്റിലായതിന്‍റെ തൊട്ടടുത്ത ദിവസം പുലർച്ചെ രണ്ട് മണി മുതൽ റിൻസി മുംതാസ് തന്‍റെ ജീവിതം പൊലീസിനോട് പറഞ്ഞു തുടങ്ങി. പുറം ലോകത്തിന് താനൊരു സിനിമാ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റാണ്. മാർക്കോ, മന്ദാകിനി, ബ്രൊമാൻസ്, പ്രിൻസ് ആന്‍റ് ഫാമിലി അടക്കം അടുത്തകാലത്തിറങ്ങിയ നിരവധി സിനിമകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. യു ട്യൂബ് വ്ലോഗറാണ്. ഇൻസ്റ്റാ ഇൻഫ്ലുവൻസറാണ്. പക്ഷേ, റീലിലുള്ള റിൻസിയല്ല റിയൽ റിൻസി. താൻ മറ്റൊരാളാണ്.
കോഴിക്കോട് ഫാറൂഖിലെ ബിസിനസ് കുടുംബത്തിലാണ് ജനിച്ചത്. സഹോദരങ്ങളുണ്ട്. പഠിക്കാൻ അത്യാവശ്യം മിടുക്കിയായിരുന്നു. എറണാകുളത്തെ കോളജിൽ പഠിച്ചിട്ടുണ്ട്. ഏഴ് വർഷം മുമ്പായിരുന്നു വിവാഹം. ഒന്നര വർഷം കഴിഞ്ഞപ്പോൾ മകനുണ്ടായി. പക്ഷേ, വിവാഹത്തിന്‍റെ ആദ്യ കാലങ്ങൾക്ക് ശേഷം ഭർത്താവുമായി ഒത്തുപോകാനായില്ല. ഇനി ഒരുമിച്ചില്ലെന്ന് തീരുമാനിച്ചത് അങ്ങനെയാണ്. കുഞ്ഞിനെ കോഴിക്കോട് തന്‍റെ വീട്ടിലാക്കി. സ്വന്തം കാലിൽ നിൽക്കണമെന്ന് തോന്നി. അങ്ങനെയാണ് ഒരു പാട് സുഹൃത്തുക്കളുണ്ടായിരുന്ന കൊച്ചിയിലേക്ക് വണ്ടികയറിയത്. തന്‍റെ കുടുംബ സുഹൃത്തായിരുന്നു ഫ്ളാറ്റിൽ ഒപ്പമുണ്ടായിരുന്ന യാസർ അറാഫാത്ത്.
അധിക വരുമാനം
ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു മാർക്കറ്റിങ് സ്ഥാപനത്തിൽ സ്ട്രാറ്റജിസ്റ്റായി ജോലിക്ക് കയറി. തന്‍റെ വ്ലോഗുകളും ഇൻസ്റ്റാ റീൽസുമൊക്കെ സ്ഥാപനത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ, ചില പ്രശ്നങ്ങളെത്തുടർന്ന് അധികകാലം അവിടെ പിടിച്ചു നിൽക്കാനായില്ല. അങ്ങനെയിരിക്കെയാണ് കൊച്ചിയിലെ പ്രമുഖ സിനിമാ മാർക്കറ്റിങ് സ്ഥാപനമായ ഒബ്റോയിലേക്ക് എത്തുന്നത്. റിന്‍സി അവിടെ ജീവനക്കാരായിയിരുന്നില്ല. എന്നാൽ, സ്ഥാപനത്തിന്‍റെ എല്ലാമായിരുന്നു. അടുത്ത കാലത്ത് സൂപ്പർ ഹിറ്റായ പല സിനിമകളുടെയും മാർക്കറ്റിങ്ങിന് താൻ പരീക്ഷിച്ച വ്യത്യസ്ഥ ശൈലികൾ ഫലം കണ്ടു. സ്ഥാപനത്തിനും അതിഷ്ടപ്പെട്ടു. മാസ ശമ്പളമായിരുന്നില്ല തനിക്ക്. ഒരു പ്രോജക്ടിന് ഇത്ര രൂപ എന്ന നിലയിലായിരുന്നു പ്രതിഫലം. അൻപതിനായിരം മുതൽ എഴുപതിനായിരം വരെ ശരാശരി പ്രതിമാസം കിട്ടിയിരുന്നു.
19,000 രൂപ വാടകയ്ക്കാണ് ഡിഡി ഗോൾഡന്‍ ഗേറ്റ് (DD golden gate) അപ്പാർട്മെന്‍റ് സമുച്ചയത്തിൽ താമസിച്ചിരുന്നത്. ഈ പണം കൊണ്ട് ജീവിതച്ചെലവ് മുന്നോട്ട് പോയില്ല. അങ്ങനെയാണ് അധിക വരുമാനത്തിന് വഴി തേടിയത്. യാസർ അറാഫാത്താണ് എല്ലാത്തിനും മുന്നിൽ നിന്നത്. തനിക്കയാളെ വലിയ വിശ്വാസമായിരുന്നു. അങ്ങനെയാണ് ലഹരി വിൽപ്പനയിലേക്കിറങ്ങിയത്. താനായി നേരിട്ടാർക്കും ലഹരി എത്തിച്ചിട്ടില്ല. എന്നാൽ, യാസർ അറാഫാത്തിന്‍റെ ഇടപാടുകളിൽ നേരിട്ടും അല്ലാതെയും ഇടപെട്ടിട്ടുണ്ട്. താൻവഴി സിനിമാ മേഖലയിലെ ചിലർക്കൊക്കെ കൊക്കോയിനും എംഡിഎംഎയും കൈമാറിയിട്ടുണ്ട്. താൻ പ്രവർത്തിച്ച സിനിമകളിലെ തന്നെ സാങ്കേതിക പ്രവർത്തകരായിരുന്നു അവരിൽ പലരും.
റിന്‍സിയുടെ സിനിമാ ലോകം
കൊച്ചിയിലെ ഒരു യുവ നടിയ്ക്ക്, സംവിധായകന് അടക്കം ലഹരി മരുന്ന് കൈമാറിയിട്ടുണ്ട്. യാസർ അറാഫാത്തായിരുന്നു എല്ലാം ക്രമീകരിച്ചിരുന്നത്. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയമുണ്ടായിരുന്നു. അത് യാസർ അറാഫാത്തിനോട് പറഞ്ഞിരുന്നു. അയാളാണ് ഇൻഫോപാർക്കിലേതടക്കം ടെക്കികൾക്ക് കൊക്കെയ്നും എംഡിഎംഎയും എത്തിച്ചിരുന്നത്. മൂന്ന് വർഷമായി ഈ ഇടപാടുകളിൽ പങ്കാളിയായിട്ട്.
തൊട്ട് പിന്നാലെ റിൻസി മുംതാസിനെ പൊലീസ് പരിശോധിച്ചു. ലഹരി ഇടപാട് സംബന്ധിച്ച് റിൻസിയുമായി വയനാട് സ്വദേശി നടത്തിയ ചാറ്റുകൾ പൊലീസിന്‍റെ കൈവശമുണ്ടായിരുന്നു. എന്നാൽ, റിൻസിയുടെ ഫോണിൽ അയാളുടെ നമ്പർ പോലും ഉണ്ടായിരുന്നില്ല. അതായത് ആഴ്ചകൾക്ക് മുമ്പ് വയനാട് സ്വദേശി പിടിക്കപ്പെട്ടതോടെ അന്വേഷണം എപ്പോൾ വേണമെങ്കിലും തന്നിലേയ്ക്കെത്തുമെന്ന് ഭയന്ന യുവതി ചാറ്റുകളടക്കം ഡിലീറ്റ് ചെയ്തെന്നാണ് പൊലീസ് കരുതുന്നത്.
റിൻസി അറസ്റ്റിലായത് മലയാള സിനിമാ ലോകത്തെ ഒട്ടാകെ ഞെട്ടിച്ചു. ഫിലിം മാർക്കറ്റിങ് രംഗത്തെ അടുത്ത കാലത്തെ ഏറ്റവും മിടുക്കിയായ സ്ട്രാറ്റജിസ്റ്റെന്നാണ് അവരെക്കുറിച്ച് ഇൻഡസ്ട്രിയ്ക്ക് അറിയാവുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളുടേതടക്കം ചിത്രങ്ങളിൽ ഭാഗമായി. ഒപ്പം പ്രവർത്തിച്ചിരുന്ന ഒബ്സ്ക്യൂറയിലെ സഹപ്രവർത്തകർക്കും റിൻസി ലഹരി ഇടപാടിന്‍റെ കണ്ണിയായിരുന്നെന്ന് വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും നന്നായി പെരുമാറിയിരുന്നു. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ മിടുക്കിയായിരുന്നു. സിനിമയുടെ സ്വഭാവമനുസരിച്ച് അതിന്‍റെ മാർക്കറ്റിങ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ മിടുക്കിയായിരുന്നു. എന്നാൽ, തനിക്ക് ചില അസുഖങ്ങളുണ്ടെന്നും വർഷങ്ങളായി അതിനുളള ചികിസ്തയിൽ ആണെന്നുമാണ് റിൻസി സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്.
അറിയാന്‍ ബാക്കിയുള്ളത്
ഇനി അറിയാനുളളത് ഇതാണ്. യുവ നായികയ്ക്കും സംവിധായകനും അപ്പുറത്ത് മലയാള സിനിമയിലെ ആർക്കൊക്കെ റിൻസി ലഹരിമരുന്ന് എത്തിച്ചിട്ടുണ്ട്. ഇരുവരുടെയും മൊഴികൾക്കപ്പുറം എന്തൊക്കെ തെളിവുകൾ സമാഹരിക്കാൻ കൊച്ചി സിറ്റി പൊലീസിന് കഴിയും. ലഹരി മരുന്നിലെ സാമ്പത്തിക ഇടപാടുകൾക്ക് എന്ത് തെളിവാണുള്ളത്? റിൻസിയെ കൊണ്ട് തന്നെ പറയിപ്പിക്കാനാണ് പൊലീസിന്‍റെ ഇനിയുളള ശ്രമം.